ADVERTISEMENT
wild-travel

ശബരി ചിത്രരചന പരിശീലിച്ചിട്ടില്ല. മുപ്പത്തൊൻപതു വയസ്സിനിടെ ഒരു ചിത്രം പോലും വരച്ചിട്ടില്ല. എങ്കിലും ചിത്രകാരനെന്ന് അവകാശപ്പെടാൻ യോഗ്യതയുള്ള ഒരുകൂട്ടം ഫ്രെയിമുകൾ ശബരിയുടെ കയ്യിലുണ്ട്. ഫോട്ടോയാണോ പെയിന്റിങ്ങാണോ എന്നു തിരിച്ചറിയാൻ പറ്റാത്ത വിധം ലെൻസിൽ പതിഞ്ഞ ചിത്രങ്ങളുടെ പശ്ചാത്തലം കാടാണ്, ദൃശ്യം കാട്ടു മൃഗങ്ങൾ.

wild-travel4

കലാപരമായ രൂപങ്ങൾ നിഴൽ വിരിച്ചു നിൽക്കുന്ന ഫ്രെയിമുകളിൽ ക്ലാരിറ്റിയല്ല, കഥകളാണ് വിഷയം. ഫോട്ടോയുടെ സിംഗിൾ പോയിന്റിൽ പല നിറങ്ങൾ നിറയുന്നതു ഭാഗ്യം കടാക്ഷിച്ചിട്ടല്ല; ക്ഷമയുടെ നെല്ലിപ്പലക താണ്ടിയുള്ള വലിയ കാത്തിരിപ്പിന്റെ ഫലമാണത്.

wild-travel2

വന്യമൃഗങ്ങളുടെ ഫോട്ടോ എടുക്കാൻ കാടു കയറുന്ന ഒരാളെ പരിചയപ്പെടുത്താൻ ആമുഖം ആവശ്യമില്ല. ഫോട്ടോഗ്രഫിയുടെ പഴകിപ്പതിഞ്ഞ വഴികളിൽ നിന്നു ക്യാമറ മാറ്റി പിടിച്ചപ്പോഴാണ് ശബരിയുടെ ചിത്രങ്ങൾക്ക് ഇൻട്രൊഡക്‌ഷൻ വേണ്ടി വന്നത്. അദൃശ്യമായ ക്യാൻവാസിന്റെ അച്ചടക്കത്തിലേക്ക് കാട്ടുമൃഗങ്ങളുടെ നിഴലിനെ ഫോട്ടോയുടെ രൂപത്തിൽ പകർത്തിയെഴുതിയ ആദ്യത്തെ മലയാളി എന്ന വിശേഷണം ശബരിയുടെ പേരിൽ സധൈര്യം കുറിച്ചിടാം.

wild-travel1

വെള്ളം നിറഞ്ഞു മനോഹരമായി നിൽക്കുന്ന കബനി അണക്കെട്ടിനു ചുറ്റും നടന്ന ശബരിയെ ആകർഷിച്ചത് പരന്ന മൺതിട്ടയാണ്. മൺകൂനയ്ക്കു മുകളിൽക്കൂടി ഒരു കൊമ്പനാന നടന്നു വരുന്ന ദൃശ്യം മനസ്സിൽ കണ്ട് മൂന്നു ദിവസം കബനിയിൽ തങ്ങി. രണ്ടു രാവും മൂന്നു പകലും കഴിഞ്ഞിട്ടും ആ വഴിക്ക് ആന വന്നില്ല. എന്നെങ്കിലുമൊരിക്കൽ അവിടെയൊരു ആന വരുമെന്ന പ്രതീക്ഷയിൽ പിന്നെയും അഞ്ചു തവണ കബനിയിലേക്കു പോയെങ്കിലും ആ ചിത്രം സ്വപ്നമായി ശേഷിച്ചു.

പിന്നീട് ചിന്നാറിലും നെയ്യാറിലും പറമ്പിക്കുളത്തും നാഗർഹോളയിലും യാത്ര കഴിഞ്ഞെത്തിയ സമയത്ത് വീണ്ടും ശബരി കബനിയിൽ പോയി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പരന്നു കിടക്കുന്ന പുൽമേടിലേക്ക് കണ്ണുനട്ടിരുന്നപ്പോൾ അതാ വരുന്നു ആന. ചെവികൾ വീശി തലയെടുപ്പോടെ കുന്നിനു മുകളിലേക്കുകയറിയ കൊമ്പനെ ശബരി തലങ്ങും വിലങ്ങും ലെൻസിൽ പകർത്തി. ലളിത കലാ അക്കാദമിയിൽ നിന്നു മികച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ ശബഊരിയെ തേടി എത്തിയത് ഇത്തരം കാത്തിരിപ്പുകളിലൂടെയാണ്.

അബസ്ട്രാക്ട് ഫോട്ടോ

മഞ്ചേരി എളംകൂർ സ്വദേശി തെയ്യുണ്ണിയുടെയും ജാനകിയുടെയും മകൻ – ശബരി. ചരിത്രത്തിൽ ബിരുദം നേടിയ ശേഷം സംസ്ഥാന വെറ്ററിനറി വകുപ്പിൽ ലൈവ് സ്റ്റോക് ഇൻസ്പെക്ടറായി ജോലിക്കു കയറിയപ്പോഴും ഫോട്ടൊഗ്രഫിയിലുള്ള കമ്പം കൈവിട്ടില്ല. സ്കൂളിൽ പഠിക്കുന്ന കാലത്തു കൂട്ടുകാരോടൊപ്പമുള്ള യാത്രകളുമായപ്പോൾ കാനന പ്രേമം വിട്ടു പോകാതായി. സാക്ഷരതാ മിഷനുമായി നെടുങ്കയത്തും അകംപാടം ഊരിലും ആദ്യമായി ചെന്നു കയറിയപ്പോൾ പേരുപോലും ഇല്ലാത്ത ആദിവാസികളെയാണു ശബരി കണ്ടത്. കാട്ടിൽ ജീവിക്കുന്ന മനുഷ്യരൂപികളുടെ ചിത്രം പകർത്താൻ അന്നു സ്വന്തമായി ക്യാമറ ഉണ്ടായിരുന്നില്ല. യൂത്ത് ഹോസ്റ്റൽ അസോസിയേഷനി ൽ അംഗത്വമെടുത്തതും ഹരി എന്ന തൃശൂരുകാരന്റെ ക്യാമറ കടം വാങ്ങി യാത്ര തുടങ്ങിയതും 2008ൽ.

കുടജാദ്രിയിലേക്കായിരുന്നു ആദ്യ യാത്ര. ബന്ദിപ്പുർ, മുതുമല, പറമ്പിക്കുളം, വയനാട്, ചിന്നാർ, മൂന്നാർ, നാഗർഹോള എന്നിവിടങ്ങളിലൂടെ അതൊരു തുടർ പ്രയാണമായി. വനം വ കുപ്പ് നടത്താറുള്ള വന്യജീവി കണക്കെടുപ്പിൽ പങ്കെടുത്തതാണ് കാടിന്റെ അകംപൊരുളിലേക്ക് ചെല്ലാൻ അവസരം നൽകിയതെന്നു ശബരി പറയുന്നു.

‘‘2012ൽ നെല്ലിയാമ്പതിയിൽ പോയ സമയത്ത് വലിയൊരു പക്ഷിയെ കണ്ടു. ഞാൻ അതിന്റെ കുറെ ഫോട്ടോ എടുത്തു. അവിടെ ഉണ്ടായിരുന്ന തമിഴ്നാട്ടുകാരായ ഒരു സംഘം, അത് ഫാൽക്കൺ പക്ഷിയാണെന്നു പറഞ്ഞു. കോഴിക്കോട് സർവകലാശാലയിലെ പ്രഫസർ സുബൈറിനെ ചിത്രം കാണിച്ചപ്പോൾ അദ്ദേഹം അത് എല്ലാ മാധ്യമങ്ങളിലേക്കും അയയ്ക്കാൻ നിർദേശിച്ചു. പത്തു വർഷത്തിനിടെ കേരളത്തിൽ ഫാൽക്കൺ പക്ഷിയുടെ സാന്നിധ്യം എ ന്ന വിശേഷണത്തോടെ ആ ചിത്രം അച്ചടിച്ചു വന്നു.’’ അമ്മയുടെ പേരു മേൽവിലാസമാക്കി, ശബരി ജാനകി എന്നൊരു പുതിയ ഫൊട്ടോഗ്രഫർ അന്നു പിറന്നു. കാട്ടിലേക്കു പോകാൻ കൂട്ടിന് കാനൺ 1100 സെക്കൻഡ് ഹാൻഡ് ക്യാമറ വാങ്ങി. കടുവയും കരടിയും മാനും കാട്ടുപോത്തും പക്ഷികളുമായി ചിത്രയാത്ര തുടർന്നു.

‘‘നാഗർഹോളയിൽ സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് കാട്ടുപോത്തുകൾ മേയുന്നതു കണ്ടു നിൽക്കുകയായിരുന്നു ഞാനും സുഹൃത്ത് ഷെബീറും. കാട്ടു യാത്രികനും പരിചയക്കാരനുമായ പ്രതാപ് ജോസഫ് പറഞ്ഞു തന്ന തന്ത്രങ്ങളിൽ ക്യാമറാ പരീക്ഷണം നടത്തുകയായിരുന്നു ഞാൻ. ഈ സമയത്ത് കാട്ടു പോത്തിന്റെ തലയ്ക്കു മുകളിൽക്കൂടി കിന്നരി പരുന്തുകൾ പറന്നു. നിലത്തിരുന്നും കിടന്നും ആ ദൃശ്യം ക്യാമറയിൽ പകർത്തി. ചിത്രം പെയിന്റിങ് പോലെ മനോഹരം. അന്നു മുതൽ ‘അബ്സ്ട്രാക്ട്’ ഫോട്ടോകളിൽ ശ്രദ്ധിച്ചു തുടങ്ങി.’’ ഒരു സ്ഥലം കാണുമ്പോൾ അതിനെ പെയിന്റിങ് പോലെ സങ്കൽപിച്ച് ഫോട്ടോ എടുക്കുന്ന രീതിയിലേക്കു മാറിയതിനെ കുറിച്ച് ശബരി പറയുന്നു.

പക്ഷികളുടെ കണക്കെടുപ്പിനായി മുതുമല വനത്തിൽ കയറിയപ്പോഴാണ് ശബരിയുടെ ലെ ൻസിൽ കടുവയുടെ കണ്ണുകൾ പതിഞ്ഞത്. ‘‘രാവിലെ മുതൽ ഉച്ചവരെ നടന്നു ക്ഷീണിച്ച് ക്യാംപിൽ വിശ്രമിക്കുന്ന സമയത്ത് കാട്ടിൽ ഒരു ശബ്ദകോലാഹലം. കിളികൾ കൂട്ടത്തോടെ പറന്നുയർന്നു. കുരങ്ങുകൾ പരക്കം പാഞ്ഞു. വാച്ച്മാനെയും കൂട്ടി മുറ്റത്തിറങ്ങി


യപ്പോൾ രണ്ടു കടുവകൾ. ഞാനറിയാതെ നിലവിളിച്ചു. അതുകേട്ട് കടുവകൾ കുറ്റിക്കാടിനുള്ളിലേക്കു പതുങ്ങി. പേടിയുടെ നിഴലിൽ 10 മീറ്റർ അകലെ നിന്നാണു ക്ലിക്ക് ചെയ്തതെങ്കിലും റിയൽ അബ്സ്ട്രാക്ട് ഫോട്ടോ കിട്ടി.’’ 

(ചിത്രങ്ങൾ :ശബരി ജാനകി)

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com