ഗുഡല്ലൂർ–ഗുണ്ടൽപേട്ട് വഴി രണ്ടു കടുവാസങ്കേതങ്ങളിലെ കാനനസൗന്ദര്യം ആസ്വദിക്കാം

sancharam
SHARE

യാത്രാവഴി തന്നെ യാത്രാലക്ഷ്യവുമാകുന്ന അപൂർവം ഇടങ്ങളേയുള്ളൂ. അതിൽ ആദ്യത്തേതാണ് ഗുഡല്ലൂർ–ഗുണ്ടൽപേട്ട് വഴി. രണ്ടു കടുവാസങ്കേതങ്ങളിലെ കാനനസൗന്ദര്യം, രണ്ടു വനഗ്രാമങ്ങളുടെ ശാന്തത, രണ്ടു സംസ്ഥാനങ്ങളുടെ സംസ്കാരവൈവിധ്യം എന്നിവ ടിക്കറ്റെടുക്കാതെ ആസ്വദിക്കാൻ ഈ വഴിയിലൂടെ വണ്ടിയോടിച്ചാൽ മാത്രം മതി. നീലഗിരിത്തട്ടിലെ തമിഴ്പട്ടണമാണു ഗൂഡല്ലൂർ. നിലമ്പൂരിൽനിന്നു സുന്ദരമായ നാടുകാണിച്ചുരം കയറിയെത്തിയാൽ തേയിലത്തോട്ടങ്ങളുടെ നാട്. ഊട്ടിയുടെ കവാടമായ ഗൂഡല്ലൂരിലെ തണുപ്പാസ്വദിച്ച് മൈസൂർ റോഡിലേക്കു തിരിഞ്ഞാൽ ആദ്യം, കടുവാസങ്കേതമായ മുതുമലയുടെ കവാടത്തിലെത്താം.

മഴയിൽ കുളിർത്തും തളിർത്തും നിൽക്കുകയാണു റോഡരികുകൾ. കാട്ടിൽ 30 കിലോമീറ്റർ വേഗമേ പാടുള്ളു എന്നറിയാമല്ലോ. ഉർവശീശാപം ഉപകാരം എന്നോർത്താൽ മതി. കുറഞ്ഞ വേഗത്തിൽ കാട്ടിലേക്കു കണ്ണോടിച്ച് മാൻകൂട്ടത്തിന്റെ ജാഗ്രതയും ആനകളുടെ അലസതയും കരടികളുടെ കൂർമതയും അറിയാം.

കാട്ടുപോത്തുകൾ നിങ്ങളെ നോക്കുക പോലുമില്ല. 18 കിലോമീറ്റർ മുതുമലയുടെ കാഴ്ചകൾ കണ്ടു ഡ്രൈവ് ചെയ്യാം. തെപ്പക്കാട് എന്ന മുക്കവലയിലാണ് വനംവകുപ്പിന്റെ ഓഫിസ്. വലത്തോട്ടു തിരിഞ്ഞാൽ മസിനഗുഡി വനഗ്രാമത്തിലേക്കും ഊട്ടിയിലേക്കും പോകാം. വലതുവശത്തൊരു ചെറുനദി.

അതിനപ്പുറം മുതുമലയിലെ കുംകിയാനകളുടെ താവളമാണ്. വനംവകുപ്പിന്റെ കീഴിലുള്ള ആനകളാണ് കുംകികൾ. മുതുമലയിൽ ഒരുദിനം തങ്ങിയാൽ ഈ കാഴ്ചകളൊക്കെ വിശദമായി കാണാം. തെപ്പക്കാടുനിന്ന് നേരേ പോകുമ്പോൾ നാലുകിലോമീറ്റർ കൂടി തമിഴ്നാടിന്റെ കാട്. പിന്നെ, കർണാടകയുടെ ബന്ദിപ്പുർ കടുവാസങ്കേതം. മുതുമലയുടെ കാടിനോളം പച്ചപ്പില്ലിവിടെ. അതുകൊണ്ടുതന്നെ കാഴ്ചകൾ കൂടും. ഇവിടെയും വാഹനം നിർത്തരുത്.

മുതുമല, ബന്ദിപ്പുർ, നാഗർഹോളെ, വയനാട് വനമേഖല ഒന്നിച്ചാണ്. മൂന്നു സംസ്ഥാനങ്ങളിലായി എന്നുമാത്രം. ലോകത്തിലെ ഏറ്റവും കടുവകളുള്ള ഏക മേഖലയാണിത്. 382 കടുവകളെ കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്. കാടുകഴിഞ്ഞാൽ ഗുണ്ടൽപേട്ട് ഗ്രാമം. വനഗ്രാമമെന്നോ കാർഷികഗ്രാമമെന്നോ വിളിക്കാം. സൂര്യകാന്തിപ്പൂക്കൾ ചിരിച്ചു വരവേൽക്കും. ഉൾച്ചുവപ്പുമായി തണ്ണിമത്തനുകൾ ദാഹം തീർക്കാനായി കാത്തുനിൽക്കും. ഗുണ്ടൽപേട്ടിൽനിന്ന് ഗോപാൽസ്വാമിബേട്ട അമ്പലത്തിലേക്കുള്ള വഴിയിലൂടെയുള്ള ഡ്രൈവും അവിസ്മരണീയമാകും. ഈ സഞ്ചാരം കഴിഞ്ഞാൽ അടുത്തുള്ള മൈസൂരിലേക്കോ, ഊട്ടിയിലേക്കോ രാവുറങ്ങാൻ ചെല്ലാം. 

ശ്രദ്ധിക്കേണ്ടത്: കാട്ടിൽ വാഹനം നിർത്തരുത്, വാഹനത്തിൽനിന്ന് ഇറങ്ങരുത്. സെൽഫി എടുക്കരുത്.മൃഗങ്ങൾക്ക് ആഹാരം ഇട്ടുകൊടുക്കരുത്.ഹോൺ മുഴക്കരുത്. അമിത വേഗമരുത്.

താമസം: മുതുമല കടുവാസങ്കേതത്തിനുള്ളിലെ കോട്ടേജുകൾ, ഡോർമിറ്ററികൾ. ബുക്കിങ്ങിനായി സന്ദർശിക്കേണ്ട വെബ്സൈറ്റ്  mudumalaitigerreserve.com  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA