ഒരു യാത്രയിൽ രണ്ടു ദേശീയോദ്യാനങ്ങൾ കാണണോ?

Gudalur-trip1
SHARE

ഒരു യാത്രയിൽ രണ്ടു ദേശീയോദ്യാനങ്ങൾ കാണണോ… ട്രെക്കിങ് ഇല്ലാതെത്തന്നെ ആനകളെയും മാനുകളെയും തൊട്ടടുത്തു കാണണോ… പത്തുപൈസ കൊടുക്കാതെ കൊടുംകാട്ടിലൂടെ സ്വന്തം വാഹനമോടിച്ചുപോകണോ… ഈ വഴിയിലേക്കു വരിക.

ഗൂഡല്ലൂരിൽനിന്നു ഗുണ്ടൽപേട്ട് എത്തുന്നതുവരെയാണ് ഈ നാഷനൽ പാർക്കുകളും കാടും. ഗൂഡല്ലൂരിന്റെ തണുപ്പിനെ വെറുതെവിട്ട് ഞങ്ങൾ കാട്ടിലേക്കു വണ്ടിയോടിച്ചു.  കാട് വരണ്ടുണങ്ങിയിട്ടുണ്ടെന്നു കവാടത്തിലെ മരച്ചില്ലകൾ സൂചിപ്പിച്ചു. എങ്കിലും കാട്ടുമൃഗങ്ങൾക്ക് കുറവുണ്ടാകില്ലെന്നു ഗാർഡ് പറഞ്ഞു.  ഇതുവരെ പോന്ന വനപാതകൾക്കു വ്യത്യസ്തമായി റബറൈസ്ഡ് ആണ് റോഡ്. ഇത്തവണ മാനുകൾ മാത്രമാണു ദർശനം തന്നത്.

Gudalur-trip5

ഇരട്ടകളാം കാടുകൾ

ഒരു കാടിനെ രണ്ടു സംസ്ഥാനങ്ങൾ സ്വന്തമാക്കുമ്പോൾ പേരിൽ മാത്രമാണു വ്യത്യാസമുണ്ടാകുന്നത്. ഐഡന്റിറ്റിക്കൽ ട്വിൻസ് എന്നു പറയാം ബന്ദിപ്പൂരിനെയും മുതുമലയെയും. കൂടുതൽ പച്ചപ്പ് സഹ്യപർവതത്തോടു ചേർന്നു കിടക്കുന്ന മുതുമലയ്ക്കാണെന്നു കാണാം. മുതുമല നാഷനൽ പാർക്കിന്റെ ആസ്ഥാനം തെപ്പക്കാടിലാണ്. മോയാർ നദിക്കിപ്പുറത്തായി കെട്ടിടങ്ങൾ. വച്ചുപിടിപ്പിച്ചതുപോലെ പുല്ലുകൾ. നിർഭയരായി വിഹരിക്കുന്ന മാനുകളും കാട്ടുപോത്തുകളും മയിലുകളും. ഈ മയിലുകളിലൊന്ന് സന്ദർശകർക്കു നല്ല കൊത്തുവച്ചു കൊടുക്കാറുണ്ടെന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥൻ നിതീഷ് പറയുന്നു.

സഫാരിക്കിറങ്ങാം

നിതീഷിനെ കണ്ട് സെൽവൻ ലോഡ്ജിലെ താമസം ബുക്ക് ചെയ്ത് പുറത്തിറങ്ങുമ്പോൾ സഫാരിയ്ക്കായുള്ള ബസ് തയാർ. മുൻ സീറ്റിൽ കയറിയിരുന്നു.

Gudalur-trip4

ക്യാമറ ഒരുക്കിവച്ചു. മുന്നേ പോയ ടീം മൂന്നു കടുവകളെ കണ്ടുവെന്നു വിളിച്ചുപറഞ്ഞു. ആ പ്രതീക്ഷയിലാണു കാടുകയറിയത്. ഒരു പിടിയാന ബസിനെ വലംവച്ച് തൊട്ടടുത്തുകൂടി  കടന്നുപോയി. (ആനയുടെ ആക്രമണത്തിൽ മരിച്ച  നാഗർഹോളയിലെ ഫീൽ‍ഡ് ഡയറക്ടറെയാണ് സത്യായിട്ടും ഓർമ വന്നത്). പിന്നെ കുറേയേറെ ആനകളെയും കണ്ടു ട്രക്കിങ് മതിയാക്കി. 

മോയാർ നദിയോരത്ത് താമസം

തെപ്പക്കാട്ടിലെ താമസം വനംവകുപ്പിന്റെ  സെൽവൻ ലോഡ്ജിൽ ആയിരുന്നു. മോയാർ നദിയുടെ തീരത്ത്, തെപ്പക്കാട്ടിലെ കുംകിയാനകളുടെ ചങ്ങലകിലുക്കം കേട്ട്, നീരാട്ട് കണ്ട് താമസിക്കാം. രാത്രിയിൽ പുറത്തിറങ്ങരുത് എന്നു കർശനനിർദേശമുണ്ടായിരുന്നു.

Gudalur9 (1)

സംഗതി വേറൊന്നുമല്ല, വന്യമൃഗങ്ങളുടെ സാമിപ്യം തന്നെ. രാത്രി ഇരതേടാനിറങ്ങിയ ഏതെങ്കിലും വന്യമൃഗങ്ങൾ ഓഫീസിനടുത്തെത്തിയാൽ വിളിക്കാമെന്ന് നിതീഷ് ഉറപ്പുനൽകി. ആഹാരം തൊട്ടടുത്തുള്ള കാന്റീനിൽ ലഭിക്കും. ആദിവാസി ചേട്ടൻമാരും ചേച്ചിമാരുമാണ് ആഹാരം തയാറാക്കുന്നത്. ഊട്ടിയിലേക്കുള്ള കവാടമാണ് തെപ്പക്കാട്.

Gudalur-trip6

ഗൂഡല്ലൂരിൽനിന്ന് ഊട്ടിയിലേക്കു രണ്ടു വഴികളുണ്ട്. അതിൽ കാട്ടിലൂടെ പോകണമെങ്കിൽ മുതുമല– തെപ്പക്കാട് എത്തണം. തെന്നിന്ത്യയിലെതന്നെ ഏറ്റവും രസകരമായി ഡ്രൈവ് ചെയ്യാവുന്നത് ഈ വഴികളിലൂടെയാണ്. പണ്ടിവിടെ ഊട്ടിറോഡിൽ പാലമുണ്ടായിരുന്നില്ല ഈ പുഴ കടക്കാൻ കുട്ടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു തെപ്പക്കാട് എന്ന പേരുവന്നത്. തെപ്പ എന്നാൽ കുട്ടവഞ്ചി എന്നാണത്രേ. പാലം വന്നിട്ടും തെപ്പക്കാട് പാലക്കാടായില്ല. സെൽവൻ ലോഡ്ജിൽനിന്ന് ഏഴുമണിക്ക് ഇറങ്ങി.

മീറ്റർ കൺസോളിൽ രാവിലെയുള്ള തണുപ്പ് 12 ഡിഗ്രി എന്നു കാണിക്കുന്നു. മസിനഗുഡി വനഗ്രാമത്തിലൂടെ ശാന്തമായ യാത്ര. കള്ളിമുൾച്ചെടികൾക്കും വരണ്ട കാടുകൾക്കും ഇടയിൽനിന്നു മാനുകൾ തലപൊക്കി നോക്കുന്നുണ്ട്.  മോയാർ നദി കഴിഞ്ഞാൽ പിന്നെ മസിനഗുഡി റേഞ്ച് ആണ്. ഫയർലൈനുകൾ തീർത്തയിടങ്ങളിൽ ഒട്ടേറെ മൈനകൾ. പക്ഷികൾ. ആനക്കൂട്ടങ്ങൾ ഇടയ്ക്കിടെ കാണാം. മസിനഗുഡിയിലെ വനഗ്രാമറിസോർട്ടുകളിൽ താമസിക്കാം.

Gudalur-trip2

ഇനി ബന്ദിപ്പൂരിലേക്ക്

ഇതുവരെ തമിഴ്നാടിന്റെ കാടായിരുന്നു. ഇനി കുറച്ചുദൂരം ഗുണ്ടൽപേട്ടിലേക്കുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്താൽ തമിഴ്നാട്-കർണാടക അതിർത്തിയായി. പരിശോധന കർശനമൊന്നുമല്ല. ഒരതിർത്തി ഗേറ്റ് ഉണ്ടെന്നേ ഉള്ളൂ. സംഗതി അതേ കാടുതന്നെ. മുതുമലയിൽ കുറച്ചുകൂടി പച്ചപ്പുണ്ടെന്ന വ്യത്യാസം മാത്രം. ആനകൾ ചെക്ക് പോസ്റ്റിന്റെ അടുത്തും കൂട്ടം കൂടിനിൽപ്പുണ്ട്. മാനുകൾക്കും പഞ്ഞമില്ല. ഈ വഴിയിലൂടെ പോകുന്പോൾ പലയിടത്തും ഇറങ്ങാൻ തോന്നും. ആനനീരാട്ടുകൾ കാണും. പക്ഷേ, ഇറങ്ങരുത്. പടമെടുക്കരുത്. ബന്ദിപ്പൂർ ടൈഗർ റിസർവിന്റെ ഓഫീസിനടുത്തു കുറേ കാട്ടുനായ്ക്കൾ. പക്ഷേ, പടമെടുക്കാൻ വണ്ടിനിർത്തിയാൽ പണികിട്ടുമെന്നറിയാവുന്നതുകൊണ്ട് സങ്കടത്തോടെ വണ്ടി വിട്ടു. അലസമായി ഡ്രൈവ് ചെയ്തു പോകാൻ ഏറ്റവും നല്ലയിടങ്ങളിലൊന്നാണ് ഈ റൂട്ട്. രണ്ടു സംസ്ഥാനങ്ങളിലൂടെ, കൊടുംകാടു കണ്ട് യാത്ര ചെയ്യാൻ വേറെവിടെ പറ്റും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA