ഗുജറാത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്ന്, വേലവാദാർ എന്ന ഇന്ത്യയിലെ സാവന്ന!

Velavadar-National-Park4
SHARE

സ്വർണവർണമെന്നോ ഇളംമഞ്ഞ എന്നോ പൊൻകതിരിന്റെ നിറമെന്നോ നിങ്ങളുടെ ഭാവനാവിലാസം പോലെ വിളിക്കാവുന്ന, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന, ഒട്ടും ഹരിതാഭമല്ലാത്ത പുൽമേട്. വിശാലമായ ആ പ്രദേശത്ത് വളരെ വിരളമായി ചില കുറിയ മരങ്ങൾ. അതിനിടയിൽ ആർത്തുല്ലസിക്കുന്ന സ്കൂൾക്കുട്ടികളുടെ കൂട്ടംപോലെ മേഞ്ഞുനടക്കുന്ന മാൻകൂട്ടം. ‌നാഷനൽ ജിയോഗ്രാഫിക് ചാനലിൽ ആഫ്രിക്കൻ പുൽമേടുകൾ പശ്ചാത്തലമാകുന്ന ഏതെങ്കിലും പ്രോഗ്രാമിലെ ദൃശ്യമല്ല ഇത്.

Velavadar-National-Park5

നമ്മുടെ ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായൊരു ദേശീയോദ്യാനത്തിൽ ഏതു സഞ്ചാരിക്കും വന്യജീവി ഫൊട്ടോഗ്രാഫർക്കും പ്രകൃതിയെ ആസ്വദിക്കുന്നവർക്കും ഒക്കെ മനം നിറയെ കാണാനാകുന്ന ഒന്നാണിത്. അതാണ് ഗുജറാത്തിലെ വേലവാദാർ കൃഷ്ണമൃഗ ദേശീയോദ്യാനം (Velavadar Blackbuck National Park). ദേശീയോദ്യാനം എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന പകിട്ടുകളൊന്നുമില്ലാതെ, അധികമാരും കേട്ടിട്ടുതന്നെയില്ലാത്ത വേലവാദാർ അവിടെത്തുന്ന സഞ്ചാരികൾക്ക് നൽകുന്നത് ഇന്ത്യയിൽ മറ്റെങ്ങും കാണാൻ കിട്ടാത്ത കുറേ കാഴ്ചകളാണ്. 


പുറംലോകമറിയാത്ത ദേശീയോദ്യാനം

ഗുജറാത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണ് വേലവാദാർ ദേശീയോദ്യാനം എന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാകില്ല. ഗുജറാത്തുകാരനായ എന്റെ ഡ്രൈവർ പോലും ഈ സ്ഥലത്തെക്കുറിച്ച് കേട്ടിരുന്നില്ല എന്നതായിരുന്നു സത്യം. ദേശീയപാതയിൽനിന്നും ബ്ലാക്ക്ബക്ക് പാർക്കിലേക്കുള്ള വഴി തിരിഞ്ഞാൽ നേരേ പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ മതി, ദേശീയോദ്യാനത്തിന്റെ കവാടത്തിലെത്തും. വേനൽക്കാലം തുടങ്ങാൻ പോകുന്നു എന്നറിയിക്കും വിധം ഉഷ്ണം നിറഞ്ഞതായിരുന്നു ആ പകൽ. ചൂടുതട്ടി വാടിക്കിടക്കുന്ന പുൽമൈതാനം. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ധാരാളം കൃഷ്ണമൃഗങ്ങൾ. 

Velavadar-National-Park3

ഈ പുൽമൈതാനം പണ്ടൊരുകാലത്ത് ഭവ്നഗർ മഹാരാജാവിന്റെ സ്വകാര്യവേട്ട മൈതാനമായിരുന്നു. മഹാരാജാവ് തന്റെ ചീറ്റപ്പുലിയെയും കൂട്ടി ഇവിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടാനിറങ്ങുന്ന ദൃശ്യം എന്റെ മനസ്സിലേക്കോടിയെത്തി. ഇന്നിപ്പോൾ, രാജാവുമില്ല ചീറ്റയുമില്ല. കൃഷ്ണമൃഗങ്ങൾ മാത്രം ബാക്കി.

Velavadar-National-Park1

സൗരാഷ്ട്ര മേഖലയിലെ ഭാൽ പ്രദേശത്ത് 1976 ൽ ആണ് ഈ ദേശീയോദ്യാനം നിലവിൽ വന്നത്. ഇപ്പോൾ 34.08 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിലുള്ള  ഈ പ്രദേശം ഖംബട് ഉൾക്കടലിന്റെ സമീപവുമാണ്. ദേശീയോദ്യാനത്തിന്റെ മുഖ്യകവാടത്തിൽ സന്ദർശകർ തങ്ങളുടെ പേരും മറ്റ് വിശദാംശങ്ങളും കൊടുക്കണം. അതിനുശേഷം അകത്തേക്കു കടത്തിവിടും. ഞങ്ങൾ താമസത്തിനായി മുൻകൂർ ബുക്കു ചെയ്തിരുന്ന കാലിയാർ ഭവൻ എന്ന വനംവകുപ്പ് ഗസ്റ്റ്ഹൗസിലേക്കായിരുന്നു പോയത്.  ഇതുകൂടാതെ ഇവിടെ മറ്റൊരു ലക്ഷ്വറി ഹോട്ടൽ മാത്രമെയുള്ളു. അതാകട്ടെ പണച്ചിലവുള്ളതുമാണ്. വനംവകുപ്പ് അതിഥി മന്ദിരം മുൻകൂട്ടി ബുക്കു ചെയ്താണ് ഞങ്ങളെത്തിച്ചേർന്നത്. അതിനായി ഭവ്നഗർ അസിസ്റ്റന്റ് കൺസർവേറ്ററെ ഫോണിൽ ബന്ധപ്പെട്ടശേഷം പണം ഡിഡി ആയി അയച്ചുകൊടുത്തിരുന്നു. 

അതല്ലെങ്കിൽ ഭവ്നഗറിൽ താമസിച്ചശേഷം ഒരു പകൽ യാത്ര നടത്തിയാലും ദേശീയോദ്യാനത്തിലെത്താം. എന്നാൽ ഇവിടുത്തെ വന്യജീവികളുടെയും സസ്യജാലത്തിന്റെയും ഒരു നല്ല അനുഭവം കിട്ടാനായി വനംവകുപ്പ് ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്നതാണ് നല്ലത്. 


പുൽമേട്ടിലെ കാഴ്ചകൾ

നല്ല വൃത്തിയും വെടിപ്പുമുള്ളതാണ് കാലിയാർ ഭവൻ. ചെക്ക് ഇൻ ചെയ്തശേഷം സായാഹ്നത്തോടെ ആദ്യസഫാരിക്കിറങ്ങി. വെയിലിന്റെ ചൂടിന് അല്പശമനം കണ്ടുതുടങ്ങിയതോടെ മൃഗങ്ങളെ കാണാനാകും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. ഇവിടെ സഫാരിക്ക് പ്രത്യേക വണ്ടികളൊന്നും ഇല്ല. നമ്മൾതന്നെ വണ്ടി (6 പേരിൽകൂടുതൽ കയറുന്നതാകാൻ പാടില്ല) വാടകയ്ക്കെടുക്കുകയേ നിവൃത്തിയുള്ളു. അല്പദൂരം മുന്നോട്ടു പോയപ്പോൾത്തന്നെ കൃഷ്ണമൃഗങ്ങളെ പറ്റംപറ്റമായി കാണാനായി. ഇവയിൽ പുരുഷവർഗത്തിൽപ്പെട്ടവ നല്ല നീളവും, ഒരു സ്ക്രൂവിലെന്നപോലെ വെട്ടുകളും നാല് അ‍ഞ്ച് വളവുകളും ഒക്കെയുള്ള കൊമ്പോടു കൂടിയവയാണ്. ഇവ തവിട്ടു നിറത്തോടു കൂടിയവയാണെങ്കിലും വയറിനടിവശം വെളുപ്പ് നിറമാണ്. സ്ത്രീ വർഗത്തിൽപെട്ട കൃഷ്ണമൃഗങ്ങൾക്ക് കൊമ്പുകളില്ല. 

Velavadar-National-Park

മുന്നോട്ടു നീങ്ങവെ, വിശാലമായ കായൽപരപ്പിൽ കാണപ്പെടുന്ന പച്ചത്തുരുത്തുപോലെ, ആ പുൽമേട്ടിലെ ഒറ്റപ്പെട്ട ഒരു മരത്തണലിൽ കയറിനിൽക്കുന്ന ഒരു കൃഷ്ണമൃഗത്തെ കാണാനായി. മറ്റൊരിടത്ത് തലയെടുപ്പോടെ ചുറ്റുപാടും വീക്ഷിച്ചു നിൽക്കുന്ന ഒരു കൊമ്പന്റെ ചുറ്റും നിന്ന് പരിസരം മറന്ന് പുല്ലു തിന്നുന്ന മൂന്നു നാലു പെൺകൃഷ്ണമൃഗങ്ങളടങ്ങിയ മറ്റൊരു കൂട്ടത്തെയും കാണാനായി. വേറൊരിടത്ത് രണ്ട് പേർ പരസ്പരം കൊമ്പുകോർക്കുന്നതും കാണാനായി. ഇവയ്്ക്കെല്ലാമുപരിയാണ് ‘നിങ്ങൾ വന്നോ, ഞങ്ങളെ കണ്ടോ, പൊയ്ക്കോ’ എന്ന ഭാവത്തിൽ, മറ്റൊന്നും ശ്രദ്ധിക്കാതെ പുൽമേട്ടിൽ മേഞ്ഞു നടക്കുന്നവ. 

സഫാരി കുറച്ചുദൂരം ചെന്നപ്പോഴേക്കും കൃഷ്ണമൃഗങ്ങൾക്കിടയിൽ കരിനീലനിറമുള്ള, ഉറച്ചശരീരപ്രകൃതിയുള്ള ചിലരെക്കൂടി കാണാനായി. അതാണ് നീലഗായ് അഥവാ നീലക്കാള. ഏഷ്യൻ ആന്റിലോപുകളിൽ ഏറ്റവും വലുതാണ് ഇവ. കുറ്റിച്ചെടികളും ചെറിയ മരങ്ങളുമുള്ള പ്രദേശങ്ങളാണ് ഇവയുടെ വാസസ്ഥാനം. പുരുഷ–സ്ത്രീ നീലഗായ്കളടങ്ങിയ ഒരു കൂട്ടമാണ് ഞങ്ങൾക്കു കാണാൻ സാധിച്ചത്. 


വീണ്ടും കൃഷ്ണമൃഗങ്ങൾ വലുതും ചെറുതുമായ കൂട്ടങ്ങളായി ആ പുൽമേടുകളിൽ  അലസമലസം നടക്കുന്നത് കണ്ടുകൊണ്ട് ഞങ്ങൾ മുന്നോട്ടു പോയി. താമസിയാതെ പടിഞ്ഞാറു ചായുന്ന സൂര്യന്റെ പ്രകാശത്തിൽ അവിടമാകെ സ്വർണ്ണപ്രഭാമയമായി. ആ ദൃശ്യം പ്രകൃതിക്കു മാത്രം ചാലിച്ചെടുക്കാനാകുന്ന ഒരു നിറക്കൂട്ടിൽ രൂപപ്പെട്ടതായിട്ടാണ് അനുഭവപ്പെട്ടത്.  സൂര്യാസ്തമയത്തോടെ അന്നത്തെ സഫാരി അവസാനിപ്പിച്ച് ഞങ്ങൾ വനംവകുപ്പിന്റെ മന്ദിരത്തിലേക്ക് മടങ്ങി. അവിടുത്തെ സൂക്ഷിപ്പുകാരായ ദമ്പതിമാർ തയ്യാറാക്കിത്തന്ന വിഭവസമൃദ്ധമായ ഗുജറാത്തി വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് ആ ദിവസത്തിനു ഞങ്ങൾ വിരാമമിട്ടു. 

പ്രഭാതസഫാരി


പിറ്റേന്നു രാവിലെ 6 മണിക്ക് റസ്റ്റ് ഹൗസ് സൂക്ഷിപ്പുകാരൻ ഒരു കപ്പ് ചായയുമായി വന്ന് വിളിച്ചുണർത്തി, 6.30ന് കാടുകാണാൻ ഇറങ്ങണം. അതാണ് കൃഷ്ണമൃഗങ്ങളുടെ സമയമത്രേ! കൃഷ്ണമൃഗങ്ങളിൽ ആണുങ്ങൾ ശക്തമായ പ്രാദേശികത കാത്തുസൂക്ഷിക്കുന്നവരാണ്. അവർ ഓരോരുത്തരും സ്വന്തമായൊരു വിഹാരപ്രദേശംതന്നെ കാത്തുസൂക്ഷിക്കും. അതിലേക്കു മറ്റു പുരുഷന്മാരെയൊന്നും പ്രവേശിപ്പിക്കില്ല. മാത്രമല്ല ആ പ്രദേശം സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകും. മണിക്കൂറിൽ 80 കി മീ വരെ വേഗതയിൽ ഓടാൻ സാധിക്കുന്ന ഇവ ഇന്ത്യയിൽ കാണപ്പെടുന്ന ആന്റിലോപ്പുകളിൽ ഏറ്റവുമധികം വേഗത്തിലോടുന്നവയാണ്.  പ്രഭാതത്തിലെ നനുത്ത അന്തരീക്ഷത്തിൽ ഇവയുടെ കളിതമാശകളും ഓട്ടവും കണ്ടുനിൽക്കുന്നത് തികച്ചും ആഹ്ലാദകരംതന്നെ.

ഇന്ത്യയിൽ ദേശീയോദ്യാന പദവി ലഭ്യമായ ഏക ഉഷ്ണമേഖലാ പുൽമേടാണ് വേലവാദാർ. ഇവിടെ നാലു തരത്തിലുള്ള ആവാസവ്യവസ്ഥകൾ––പുൽമേട്, കുറ്റിക്കാട്, ഓരുനിലം (ഉപ്പുള്ള മണ്ണ്), വേലിയേറ്റഭൂമി––കാണാനാകും. കൃഷ്ണമൃഗങ്ങളും നീലഗായ്‌യും മാത്രമല്ല ഇവിടുത്തെ മൃഗങ്ങൾ. വിവിധതരം കുറുക്കന്മാരും കഴുതപ്പുലിയും കാട്ടുപന്നിയും ഒക്കെ ഇവിടുത്തെ അന്തേവാസികളായിട്ടുണ്ട്.. 

വേലവാദാർ പക്ഷിനിരീ്ക്ഷകരുടെ പറുദീസ കൂടിയാണ്. ഫ്ലാമെംഗോ, പെലിക്കൻ, സ്പൂൺബിൽ, ഡാർട്ടൺ, ഹെറോൺ, പരുന്തുകൾ തുടങ്ങി ഒട്ടേറെ പക്ഷികളുടെ ചേക്കേറൽ നടക്കുന്ന ഒരു പ്രദേശം കൂടിയാണ്.‌ ശൈത്യകാലത്ത് പരുന്തുകളുടെ ഇഷ്ടപ്രദേശങ്ങളിലൊന്നുമാണ് ഇവിടം. 

സൂര്യോദയത്തിനു പിന്നാലെ തന്നെ ചൂടുരശ്മികൾ ഭൂമിയിലേക്കെത്താൻ തുടങ്ങി. പ്രഭാതസഫാരി ഈ സമയത്തോടെ അവസാനിപ്പിക്കുകയാണ് പതിവ്. മൃഗങ്ങളും ഇനി ഏതെങ്കിലും തണലിനടിയിലേക്ക് മടങ്ങും. വേലവാദാർ നിങ്ങൾ പ്രതീക്ഷിക്കുന്ന ശരാശരി വിനോദസഞ്ചാരകേന്ദ്രത്തിന്റെ അത്രപോലും വന്നു എന്നുവരില്ല സൗകര്യങ്ങളുടെ കാര്യത്തിൽ. എന്നാൽ ഇവിടെ കാണാൻകിട്ടുന്ന കാഴ്ചകളുടെ കാര്യത്തിൽ അതിവിടെ വന്നു കണ്ടറിഞ്ഞാൽ മാത്രമേ വിശ്വസനീയമാകു എന്ന തരത്തിലുള്ളതും. അത്രമാത്രം സമൃദ്ധവും വിശാലവുമായ അനുഭവങ്ങളാണ് ഇവിടെ കിട്ടുന്നത്, അപ്പോൾ നമ്മുടെ സുഖങ്ങളല്പം കുറഞ്ഞാലെന്ത്? 


എത്തിച്ചേരുന്നവിധം

വിമാനമാർഗം ഭവ്നഗറാണ് ഏറ്റവുമടുത്ത എയർപോർട്.  (റോഡ് മാർഗം 52 കി.മീ.)  എന്നാൽ അഹമദാബാദിലേക്ക് പ്രധാന മെട്രോനഗരങ്ങളിൽനിന്നെല്ലാം കൂടുതൽ വിമാനങ്ങളുണ്ട്. അഹമദാബാദ് 160 കി.മീ. അകലെയാണ്. റയിൽമാർഗം ഏറ്റവുമടുത്തുള്ള റയിൽവേ സ്റ്റേഷൻ ഭവ്നഗറാണ്. ധോല റയിൽവേ േസ്റ്റഷനിൽനിന്നും ഇവിടേക്കെത്താൻ സാധിക്കും. റോഡ്മാർഗം വലഭിപുർ ആണ് ഏറ്റവുമടുത്ത ബസ് സ്റ്റേഷൻ. അഹമദാബാദിൽനിന്നും ഭവ്നഗറിൽനിന്നും റോഡ്മാർഗം ബന്ധിപ്പിച്ചിട്ടുണ്ട്. 

താമസം വളരെ പരിമിതമായ താമസസൗകര്യങ്ങളേ വേലവാദാറിൽ ഉള്ളു. വനംവകുപ്പിന്റെ റസ്റ്റ് ഹൗസ് വളരെ ചുരുങ്ങിയ ചിലവിൽ താമസിക്കാം ഇവിടെ എസി, നോൺ എസി മുറികൾ ഉണ്ട്. കൂടാതെ വലിയ സംഘങ്ങൾക്ക് ആവശ്യമെങ്കിൽ ഡോർമിറ്ററി സൗകര്യവും ലഭ്യമാണ്.


ഭക്ഷണംസാധാരണ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണുന്നതുപോലെ ആകർഷകമായ റസ്റ്ററന്റുകളൊന്നും ഇവിടെ ഇല്ല. ഭക്ഷണം വരുന്നവഴി ദേശീയപാതയിൽനിന്നും മേടിച്ചു കൊണ്ടുവരികയോ അവിടെപ്പോയി കഴിക്കുകയോ ചെയ്യണം. ഫോറസ്റ്റ് റസ്റ്റ് ഹൗസിൽ താമസിക്കുന്നവർക്ക് ഗ്രാമീണരായ ദമ്പതികൾ പാചകം ചെയ്തുതരുന്ന ലളിതമായ സസ്യാഹാരം ലഭിക്കും. നോൺവെജിറ്റേറിയൻ ഭക്ഷണം വിളമ്പാറില്ല.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA