ADVERTISEMENT

ആദ്യമേ പറയട്ടെ. കാട്ടിലെന്താണ് കാണാനുള്ളത് എന്നു ചോദിക്കുന്നവർക്കുള്ളതല്ല ഗവിയിലേക്കുള്ള യാത്ര. കാട് കരളാണെന്ന കരുതലോടെ വേണം ആ യാത്ര തുടങ്ങാൻ. ഏറ്റവും ശുദ്ധമായ അന്തരീക്ഷവായുവുള്ള ഇന്ത്യയിലെ രണ്ടാമത്തെ പട്ടണമായി പത്തനംതിട്ടയെ സ്ഫുടം ചെയ്തെടുത്തതിൽ അവിടുത്തെ കാടുകൾക്ക് കാര്യമായ പങ്കുണ്ട്. കലർപ്പില്ലാത്ത ആ കാടിന്റെ ഹൃദയത്തിലൂടെ ഗവിയിലേക്കുള്ള പാത തണൽവിരിച്ചുകിടക്കുന്നു.

Gavi route

അല്പം ഉയരത്തിലിരുന്ന് ആധികാരികമായി കാട് കാണേണ്ടവർക്ക് യാത്ര ബസ്സിലാക്കാം. പത്തനംതിട്ട കെ.എസ്.ആർ.ടി.സ് സ്റ്റാൻഡിൽനിന്ന് രാവിലെ 6.30 നും ഉച്ചയ്ക്ക് 12.30 നും ഗവി വഴി കുമളിയിലേക്ക് ബസ്സുണ്ട്. അതുപോലെ തിരിച്ചും. സ്വന്തം വാഹനങ്ങളിൽ പോകണമെന്നുള്ളവർ മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്ത് രാവിലെ എട്ടരയ്ക്കുമുമ്പ് ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്പോസ്റ്റിലെത്തി പാസ് എടുക്കണം. മഴക്കാടിനുള്ളിലൂടെയുള്ള 90 കിലോമീറ്ററോളം വരുന്ന കാനനപാത ആരംഭിക്കുന്നത് ആങ്ങമൂഴിയിൽനിന്നാണ്.

gavi-gif

പത്തനംതിട്ടയിൽനിന്ന് സീതത്തോടുവഴി ആങ്ങമൂഴിയിലെത്താം. ‘നരൻ’ സിനിമയിലെ മുള്ളങ്കൊല്ലി മട്ടിൽ മഞ്ഞുപുതച്ചുകിടക്കുന്ന ചെറിയൊരു ഗ്രാമമാണത്. കക്കാട്ടാറിന്റെ കരയിലുള്ള ആങ്ങമൂഴിയങ്ങാടിയിൽ ഇന്നലെകളിലെ രുചികൾ നാക്കിലെത്തിക്കുന്ന നല്ല നാടൻ ഭക്ഷണം കിട്ടും. അല്പം മാറിയാണ് ഫോറസ്റ്റ് ചെക്പോസ്റ്റ്. ഒരു ദിവസം മുപ്പതു വണ്ടികൾക്കേ പാസ് കിട്ടൂ. അതിനാൽ കഴിയുന്നത്ര രാവിലെയെത്തണം.

തിരക്ക് അധികമായാൽ യാത്രയ്ക്ക് അനുവാദം കിട്ടിയില്ലെന്നുവരാം. വൈകിട്ട് 5 മുതൽ രാവിലെ 8 വരെ കാട്ടിനുള്ളിൽ വാഹനങ്ങൾക്ക് നിരോധനമാണ്. പാസെടുത്ത് കാട്ടിനുള്ളിലേക്കു കയറിയാൽ ഗതാഗതക്കുരുക്ക്, ഹോണടി തുടങ്ങിയ ‘നാട്ടാചാര’ങ്ങളൊക്കെ നാം മറക്കും. കാർ സ്റ്റീരിയോയിലെ എഫ്.എം സ്‌റ്റേഷനുപകരം ഏതുനിമിഷവും കാറിനുമുന്നിലെത്തിയേക്കാവുന്ന ആനയെയും ക്ലോസ് റേഞ്ചിലൊരു കാട്ടുപോത്തിനെയും പേരറിയാക്കൊമ്പിലെ മലയണ്ണാനെയും കരിങ്കുരങ്ങിനെയും സിംഹവാലനെയുമൊക്കെ മനസ്സുകൊണ്ട് ട്യൂൺ ചെയ്യും. വൻമരങ്ങൾക്കു മുകളിലൂടെ പറക്കുന്ന വേഴാമ്പലിന്റെ മലമുഴക്കത്തിനായി ചെവിയോർക്കും. ഭാഗ്യമേറെയുള്ളവർക്ക് അയ്യപ്പന്റെ കാട്ടിൽ പുലിദർശനം പോലും കിട്ടിയേക്കാം.

Gavi--Kerala2

ആങ്ങമൂഴി കഴിഞ്ഞാൽ കൊച്ചാണ്ടി, വള്ളക്കടവ്, ഗവി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ വാഹനം തുറന്ന് പരിശോധിക്കുന്ന ചെക്പോസ്റ്റുകളുണ്ട്. കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പികളുടെ വരെ കണക്കെടുക്കും. കാടല്ലാതെ മറ്റൊരു ലഹരിയും കടത്താൻ ശ്രമിക്കരുത്. പിടിവീഴും. കൊച്ചാണ്ടിയിലെ ചെക്ക്പോസ്റ്റ് പിന്നി‌‍ട്ട് കനമേറിവരുന്ന കാട്ടുവഴികളിലെ നിശ്ശബ്ദവളവുകൾ വീശിയെടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകമോർക്കുക. ഏതുനിമിഷവും അവൻ എതിരെവരാം. ആനയല്ല, ആനവണ്ടി! വെളുപ്പിന് കുമളിയിൽനിന്ന് ആങ്ങമൂഴി വഴി പത്തനംതിട്ടയിലേക്കുവരുന്ന കെ.എസ്.ആർ.ടി.സി ബസ്. ഒരേയൊരു ആനവണ്ടിയും ഏതാനും ഫോറസ്റ്റ്–കെഎസ്ഇബി ജീപ്പുകളും മാത്രമേ കാനനപാതയിലുടനീളം നമുക്കെതിരെ വരൂ. കാരണം, ഈ പാത ‘വൺവേ’യാണ്. ആങ്ങമൂഴിയിൽനിന്ന് ഗവിയിലേക്കുള്ള വണ്ടികൾ കുമളിവഴി കാടിറങ്ങണം. പോയവഴിയിലൂടെ മടങ്ങാൻ സന്ദർശകർക്ക് അനുവാദമില്ല. ഇത്രയേറെ ദൂരം ഒരു വണ്ടിയും എതിരെ വരാതെ ശുദ്ധവായു ശ്വസിച്ച്, കാടിന്റെ സംഗീതമാസ്വദിച്ച് ഡ്രൈവ് ചെയ്യാൻ പറ്റിയ പാത കേരളത്തിൽ മറ്റെവിടെ കാണും...?

അണക്കെട്ടുകളുടെ സ്വന്തം പാത

ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി എന്നിങ്ങനെ അഞ്ച് ഡാമുകളുണ്ട് ഗവി റൂട്ടിൽ. ആദ്യ ചെക്പോസ്റ്റ് പിന്നിട്ട് ഏതാനും കിലോമീറ്ററുകൾ കഴിഞ്ഞാൽ മൂഴിയാർ ഡാം കണ്ടുതുടങ്ങും. കഴിഞ്ഞ വർഷം അണക്കെട്ടിലെ ജലാശയത്തിൽ മുങ്ങാങ്കുഴിയിട്ട് മദിച്ചുകിടന്ന മരക്കുറ്റികൾ ഇപ്പോൾ പാദം നനച്ചുനിൽപാണ്. ഒരു ഭാഗം മുഴുവൻ വെള്ളമില്ലാത്ത പാറപ്പരപ്പുമാത്രമായി കരിനീലിച്ചുകിടക്കുന്നു. 

അപ്പർ മൂഴിയാർ പിന്നിട്ട് മുന്നോട്ടുപോകുമ്പോൾ കാട്ടുപൊന്തയിലൂടെ മലയിറങ്ങിപ്പോകുന്ന പടുകൂറ്റൻ പെരുമ്പാമ്പുകൾ പോലെ മൂന്ന് പെൻസ്‌റ്റോക്ക് പൈപ്പുകൾ കാണാം. നെറ്റ്‌വർക്ക് അശേഷമില്ലെങ്കിലും സന്ദർശകരുടെ ഫോണിന് ഈ വ്യൂ പോയിന്റിലെത്തുമ്പോൾ പിടിപ്പതു പണിയായിരിക്കും.

മൂഴിയാർ കെഎസ്ഇബി ഓഫിസിനോടുചേർന്നുള്ള ക്യാന്റീനിൽവച്ച് കാശിയെ കണ്ടു. നാൽപതിലേറെ വർഷങ്ങളായി വൈദ്യുതിബോർഡിന്റെ കരാർ ജീവനക്കാരനാണ് തെങ്കാശി സ്വദേശിയായ കാശി. ദിവസവും കക്കി ഡാമിന്റെ ജലനിരപ്പ് അളന്ന് മൂഴിയാർ പവർ ഹൗസ് കൺട്രോൾ റൂമിൽ എത്തിക്കുകയാണ് ജോലി. ഇപ്പോൾ ബസിലാണ് യാത്രയെങ്കിലും മുപ്പതു വർഷത്തോളം സൈക്കിളിലായിരുന്നു പോക്കുവരവ്. കക്കി ഡാമിലെ പൊലീസ് ക്വാർട്ടേഴ്ിനുസമീപമുള്ള താമസസ്ഥലത്തുനിന്ന് കടുവയും കരടിയും ആനയും പുലിയുമൊക്കെ സ്വൈരവിഹാരം നടത്തുന്ന കാട്ടിനുള്ളിലൂടെ ദിവസവും 15 കിലോമീറ്റർ സൈക്കിളോടിച്ച് മൂഴിയാറിലേക്കും വൈകിട്ട് തിരികെ കക്കിയിലേക്കും. ഇക്കാലം കൊണ്ട് കാശി കാണാത്ത മൃഗങ്ങളില്ല. കാശിയെ കണ്ട് മൃഗങ്ങളും മൃഗങ്ങളെ കണ്ട് കാശിയും പരസ്പരബഹുമാനത്തോടെ വഴിമാറിപ്പോകും.

മൂഴിയാർ പിന്നിട്ട് മലകയറിയെത്തുന്നത് കക്കി അണക്കെട്ടിലേക്കാണ്. കേരളത്തിലെ നീളമേറിയ ഡാമുകളിലൊന്നാണ് കക്കി. ഭംഗിയിൽ ഇടുക്കിയോളം വരും. എന്നാൽ, കക്കി ജലാശയത്തിലിപ്പോൾ വെള്ളമല്ല, കഴിഞ്ഞ വർഷം റാന്നി പട്ടണത്തെ പ്രളയത്തിൽ മുക്കിയതിന്റെ പശ്ചാത്താപമാണ് ഖനീഭവിച്ചുകിടക്കുന്നതെന്നുതോന്നും. എപ്പോൾ വേണമെങ്കിലും പെയ്തുപോയേക്കാവുന്ന മേഘങ്ങൾ ഡാമിനുമീതെ വിങ്ങിപ്പൊട്ടിനിൽപുണ്ട്. 

ഡാമിനുമീതെ മലമുകളിലായി പഴയൊരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കാണാം. വെള്ളം കുറവെങ്കിലും ഭംഗിയൊട്ടും കുറയാത്ത ആനത്തോട്, കൊച്ചുപമ്പ അണക്കെട്ടുകളിലേക്കാണ് ഇനിയുള്ള യാത്ര. ഇടവപ്പാതിയാലും കർക്കിടകത്താലും ചതിക്കപ്പെട്ട് വരണ്ടുകിടക്കുന്ന ഡാമുകൾ പത്തനംതിട്ട–ഗവി പാതയിലെ സങ്കടക്കാഴ്ചയാണ്.

വള്ളക്കടവ് ചെക്പോസ്റ്റ് പിന്നിട്ടപ്പോൾ ഈറ്റക്കാടുകളിലൊരനക്കം. ആനയാണ്. അല്ല. ആനക്കുടുംബമാണ്. കൂടെയുള്ള കുഞ്ഞിനെ സന്ദർശകർ കാണാതിരിക്കാൻ പിടിയാനകൾ മുന്നിൽ കയറിനിൽക്കുന്നു. അല്പം ദൂരെമാറി പരിസരം വീക്ഷിക്കുന്ന കൊമ്പൻ. ഗവി ഫോറസ്റ്റ് ചെക്പോസ്റ്റിനോടു ചേർന്നുള്ള മൊട്ടക്കുന്നിനുമുകളിൽ വീണ്ടും ആനകളെ കണ്ടു. ഏത് ആംഗിളിലെടുത്താലും ‘ഡിപി’ ചിത്രങ്ങൾ മാത്രം സമ്മാനിക്കുന്ന കാട്ടുവഴിയിലുടനീളം കോടമഞ്ഞിന്റെയും മഴയുടെയും മായാജാലം. സ്വപ്നത്തിലെന്നപോലെ നിന്നനിൽപിൽ ചിലപ്പോൾ ചില അദ്ഭുതദൃശ്യങ്ങൾ തെളിഞ്ഞുവരും. അങ്ങനെയൊന്നായിരുന്നു ഗവിയിലെ ഇക്കോ ടൂറിസം പോയിന്റ്. മഞ്ഞ് മനസ്സലിഞ്ഞു കാട്ടിത്തന്ന മനോഹരമായ ഉദ്യാനവും തടാകവുമൊക്കെ തൊട്ടടുത്ത നിമിഷം ചാറ്റൽമഴയിൽ തളിർത്തു.

ഒറ്റ ദിവസം കൊണ്ട് കാടുകണ്ട് കൊതി തീരാത്തവർക്ക് രാത്രി തങ്ങാൻ ആങ്ങമൂഴിയിലും കൊച്ചുപമ്പയിലും കെഎസ്ഇബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവുകളുണ്ട്. എന്നാൽ, താമസം തിരുവനന്തപുരത്തുനിന്ന് മുൻകൂട്ടി ബുക്ക് ചെയ്യണം. ഓൺലൈനിൽ നേരത്തെ ബുക്ക് ചെയ്താൽ ഗവിയിലെ കെഎഫ്ഡിസി കോട്ടേജുകളിലും താമസിക്കാം. ചെലവല്പം കൂടുമെന്നുമാത്രം. പകൽയാത്രികർക്ക് ഭക്ഷണം കഴിക്കാൻ മൂഴിയാറിലും കൊച്ചുപമ്പയിലും ഗവിയിലും ചെറിയ കാന്റീനുകളുണ്ട്.

വണ്ടിപ്പെരിയാർ ചെക്പോസ്റ്റിലെ പരിശോധനയിൽ കണ്ടെത്താത്ത ചിലത് കാടിറങ്ങുന്ന ഓരോ സന്ദർശകനും സ്വയമറിയാതെ ഒളിച്ചുകടത്തിയിരിക്കും. നാട്ടുചൂരേറ്റ് നരച്ചു പോകുമെങ്കിലും കുറച്ച് ദിവസത്തേക്ക് ആ കാട്ടുപച്ച ഉള്ളിലങ്ങനെ വിരിഞ്ഞുനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com