യാത്ര തിരിക്കാം നയ്റോബിലേക്ക്

kenya-travel
SHARE

വനസമ്പത്താൽ സമൃദ്ധമാണ് കെനിയ. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇവിടം. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ ആഘോഷപൂര്‍വ്വം നെഞ്ചിലേറ്റി ജീവിക്കുന്ന ഒരു സമൂഹമാണ് കെനിയയിലുള്ളത്. കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെയാണ്. ആഫ്രിക്കയുടെ സഫാരി ക്യാപിറ്റൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആഫ്രിക്കയിലെ വന്യജീവികളുടെ ലോകവും തനതു ഗോത്രജീവിതവും ചരിത്രവും സംസ്കാരവും പരിചയപ്പെടാനും അറിയാനും നയ്റോബി എത്തിയാൽ മതി.

∙ നഗരത്തിനോട് ചേർന്നുതന്നെയാണ് നയ്റോബി നാഷനൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയിലെ ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണെങ്കിലും കറുത്ത കാണ്ടാമൃഗങ്ങൾ ഏറ്റവും അധികമുള്ള പ്രദേശമാണ് ഇത്. ഇവയെക്കൂടാതെ സിംഹം, കഴുതപ്പുലി എന്നിവയെയും കാണാം. സീബ്ര, ജിറാഫ്, ഒട്ടകപക്ഷി, കാട്ടുപോത്ത് തുടങ്ങിയ സ്ഥിരം അന്തേവാസികളെയും കാണാം.

∙ നാഷനൽ പാർക്കിനു സമീപമുള്ള ഷെൽഡ്രിക് പരിരക്ഷാകേന്ദ്രത്തിൽ കയ്യേറ്റക്കാരുടെ കൈകളിൽ നിന്ന് രക്ഷിച്ചെടുത്ത് സംരക്ഷിക്കുന്ന ആനക്കുട്ടികളെയും കാണ്ടാമൃഗങ്ങളെയും കാണാം. ദിവസവും ഒരു മണിക്കൂർ മാത്രമെ ഇവിടെ പ്രവേശനമുള്ളു. ഒട്ടകപക്ഷികളെയും മുതലകളെയും സംരക്ഷിക്കുന്ന നയ്റോബി മംബ ഗ്രാമവും പ്രധാനപ്പെട്ട ഒരു ആകർഷണ കേന്ദ്രമാണ്.

∙ നയ്റോബിയിൽ നിന്ന് മസായി മാരയിൽ സഫാരി പോകാം. റോഡ് മാർഗവും വിമാന മാർഗവും നയ്റോബിയിൽ നിന്ന് മസായി മാരയിൽ എത്താം. റോഡ്മാർഗം അഞ്ചര– ആറ് മണിക്കൂർ എടുക്കും. വിമാനമാർഗം ഒരു മണിക്കൂറിൽ താഴെ മതിയാകും.

∙ നയ്റോബി നഗരത്തിലെ ഒരു പ്രധാന ടൂറിസം ആകർഷണമാണ് കെനയാത്ത ഇന്റർ നാഷനൽ കോൺഫറൻസ് സെന്റർ ഇരുപത്തി എട്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നാൽ നഗരത്തിന്റെ അതിമനോഹരമായ ‌കാഴ്ച ലഭിക്കും.

∙ നയ്റോബിക്ക് സമീപം ലങ്ഗാതയിലുള്ള ബോമാസ് ഓഫ് കെനിയ ഒഴിവാക്കാനാകാത്ത ഒരു സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാണ്. കെനിയയിലെ പല ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ഗ്രാമങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നു ഇവിടെ.

∙ സെൻട്രൽ ബിസിനസ് ജില്ലയിലെ നകുരു തടാകം നയ്റോബിയിൽ നിന്ന് പോയി സന്ദർശിക്കാവുന്ന മറ്റൊരു കേന്ദ്രമാണ്. സമുദ്ര നിരപ്പിൽ നിന്ന് 5755 അടി ഉയരത്തിലുള്ള തടാകത്തിന്റെ തീരം ഫ്ലമിങ്ഗോകളുടെയും മറ്റ് പക്ഷികളുടെയും കേന്ദ്രമാണ്. ബബൂൺ കാണ്ടാമൃഗം, ആഫ്രിക്കൻ കാട്ടുപന്നികൾ തുടങ്ങിയവയും കാണപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA