രാജവെമ്പാലയും കടുവയും കരടിയുമൊക്കെ വാഴുന്ന ഘോരവനത്തിലെ മലയാളികൾ

pakuthipalam-travel4
SHARE

പകുതിപ്പാലം മറക്കാനാവാത്ത ഒാർമയാണ്. കൊടുംകാടിനു നടുവിലെ കെഎഫ്ഡിസിയുടെ റിസോർട്ടിൽ തനിച്ച് അന്തിയുറങ്ങിയതും രാത്രിയുടെ ഇരുണ്ട യാമത്തിൽ കരടി വന്ന് വാതിലിൽ മുട്ടിയതും സ്വന്തം വീട് ആന ചവിട്ടിത്തകർത്തപ്പോൾ മച്ചിന്റെ മുകളിൽ കയറി ഇരുന്നു രക്ഷപ്പെട്ട, രാജവെമ്പാലയുടെ അയൽക്കാരനായ ചിന്നനും  പല രാത്രികളിലും പേടിസ്വപ്നമായി വരാറുണ്ട്. എന്നാൽ ഇത്തവണത്തെ  ലക്ഷ്യം സിംഹവാലനും മലയണ്ണാനും മലമുഴക്കി വേഴാമ്പലുമാണ്. 

pakuthipalam-travel6

ഉച്ചതിരിഞ്ഞ് തൃശൂരില്‍നിന്നു പുറപ്പെട്ട യാത്ര പാലക്കാട് റൂട്ടില്‍ വടക്കുംചേരിയില്‍നിന്നു വലത്തേക്കു തിരിഞ്ഞ് നെന്മാറയിലെത്തുമ്പോള്‍ മാത്രമാണ് കണ്ണിനു കുളിര്‍മയുള്ള കാഴ്ചകള്‍ തുടങ്ങുന്നത്. സമൃദ്ധമായി നെല്ലു വിളയുന്ന വിശാലമായ വയല്‍പരപ്പുകള്‍കൊണ്ട് അനുഗൃഹീതമാണ് പാലക്കാട് ജില്ലയിലെ നെന്മാറയെന്ന കൊച്ചു പട്ടണം. തമിഴില്‍ ‘വരണ്ട പ്രദേശം’ എന്നര്‍ഥമുള്ള പാലൈ നിലം എന്നായിരുന്നു പാലക്കാടിന്റെ ആദ്യകാലഘട്ടത്തിലെ നാമധേയം. അങ്ങനെയുള്ള ഈ വരണ്ട പ്രദേശത്തെ കേരളത്തിന്റെ നെല്ലറയാക്കി മാറ്റിയ കര്‍ഷകരുടെ കഠിനാധ്വാനവും പരിശ്രമവും എടുത്തുപറയേണ്ടതാണ്. ആ പച്ചപ്പു പാകിയ പാടങ്ങളിലൂടെ നേരെ എത്തുക പോത്തുണ്ടി ഡാമിലേക്കാണ്.

pakuthipalam-travel5

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മൺ ഡാമുകളിലൊന്നാണിത്. ടിക്കറ്റെടുത്ത് ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുക ഭൂമിയില്‍നിന്ന് ആകാശത്തേക്കുള്ള ചവിട്ടുപടികളാണ്. ഒരുനിമിഷം അതിലൂടെ ആകാശത്ത് എത്താമെന്ന് അറിയാതെ മോഹിച്ചുപോയി. എന്നാല്‍, പടികള്‍ കയറി മുകളിലെത്തുമ്പോള്‍ കാണുക മലനിരകളാല്‍ ചുറ്റപ്പെട്ട ജലാശയമാണ്. കാലം തെറ്റിവന്ന മഴ മലനിരകളില്‍ തകര്‍ത്തു പെയ്തതിനാലാവാം സംഭരണി നിറഞ്ഞു നില്‍ക്കുന്നു. വരാനിരിക്കുന്ന രാത്രിയും ഇരുണ്ടുതുടങ്ങുന്ന ജലത്തിന്റെ അപാരസാന്നിധ്യവും ആഴമറ്റ വനത്തിന്റെയും പര്‍വതനിരകളുടെയും ദൂരക്കാഴ്ചയുമുണ്ടാക്കുന്ന നിഗൂഢമായ പരിഭ്രമത്തെ അടക്കിപ്പിടിച്ച് വീണ്ടും മലകയറാന്‍ തുടങ്ങി.

pakuthipalam-travel7

ഉയരങ്ങളിലേക്ക് എത്തുന്നതോടെ പ്രകൃതിദൃശ്യം  സാവധാനം മാറുന്നു. വെള്ളക്കൊറ്റികള്‍ പാറുന്ന മനോഹരമായ നെല്‍പാടങ്ങള്‍ കടന്നുള്ള യാത്ര ഇപ്പോള്‍ ഗാഢമായ വനപ്രകൃതിയെ കടന്നുപോകുന്നു, കൂട്ടിനായി ഇളംകുളിരുള്ള കാറ്റും. മഴക്കാലമാകുന്നതോടെ നെല്ലിയാമ്പതിയിലേക്കുള്ള പാത വെള്ളച്ചാട്ടങ്ങള്‍കൊണ്ടു നിറയുന്നു.

pakuthipalam-travel10

കാലവര്‍ഷം തീരുന്നതോടെ അവ ഇല്ലാതാവുകയും ചെയ്യും. ആദ്യംകണ്ട രണ്ടു വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങാതെ പിടിച്ചിരുന്നെങ്കിലും മൂന്നാമത്തേതില്‍ ആ സഹനശക്തി കൈവിട്ട് വാഹനം നിര്‍ത്തിയിറങ്ങി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തട്ടി കൊഞ്ചിക്കുഴഞ്ഞ് കാടിന്റെ തണുപ്പിനുള്ളിലൂടെ തട്ടുകളായി ഒഴുകിയെത്തുന്ന ആ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആരെയും അതിലേക്കിറങ്ങാന്‍ മോഹിപ്പിക്കും. അവിടെ കുറച്ചുനേരം ചെലവഴിച്ച ശേഷം വീണ്ടും മലകയറി.

pakuthipalam-travel12

ചുരം കയറി കെകാട്ടിയെന്ന കൊച്ചു കവലയിലെത്തി. ഡ്രൈവർ രാജേന്ദ്രനെയും  ഗൈഡ് സൂസൂനെയും കണ്ട് പരിചയം പുതുക്കി. താമസിയാതെ ഞങ്ങൾ  സിംഹവാലനെ തപ്പിയിറങ്ങി. ഇവിടെനിന്നു റോഡ് രണ്ടായി പിരിയുന്നു. ഒന്ന് നെല്ലിയാമ്പതി സീതാര്‍കുണ്ടിലേക്കും മറ്റൊന്ന് ഞങ്ങള്‍ക്കു പോകേണ്ട പകുതിപ്പാലത്തേക്കും. വലത്തേക്കു തിരിഞ്ഞു യാത്ര തുടര്‍ന്നതും റോഡിന്റെ വീതി നന്നേ കുറഞ്ഞിരിക്കുന്നു. പിന്നെ പോയത് തൊട്ടടുത്തുള്ള ഒരു പുഴയുടെ അരികിലേക്കാണ്. അവിടെയാണത്രേ സിംഹവാലന്മാരുടെ താവളം. പുഴയരികിലെ പ്ലാവില്‍ നിറയെ സാദാ കുരങ്ങന്മാര്‍ ചക്ക അടര്‍ത്തിക്കഴിക്കുന്ന മനോഹരകാഴ്ച. 

pakuthipalam-travel13

അല്‍പസമയത്തിനകം, വില്ലന്മാരെപ്പോലെ പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കിയായിരുന്നു സിംഹവാലന്മാരുടെ കടന്നുവരവ്. 15 ഓളം പേരുണ്ട്. വന്നയുടന്‍ സാദാ കുരങ്ങന്മാരെയെല്ലാം അടിച്ചോടിച്ച് ആ പ്ലാവിന്റെ ആധിപത്യം അവര്‍ പിടിച്ചെടുത്തു. ആ കാഴ്ചകളെല്ലാം ക്യാമറയിൽ പകർത്തി യാത്ര തുടർന്നു. സൂര്യൻ പതുക്കെ മലയിറങ്ങി താഴേക്കുപോയിരുന്നു. നൂറടി  ജങ്ഷനിൽനിന്ന് വലത്തേക്കു തിരിഞ്ഞ് നാടുകഴിഞ്ഞ് പതുക്കെ കാട്ടിലേക്കു കയറിയതും ഇരുട്ടിനു കനം കൂടിക്കൂടിവന്നു.

pakuthipalam-travel15

വർഷങ്ങൾക്കു മുമ്പുള്ള ആദ്യ വരവു മുതൽ ഒരു ഒറ്റയാനെ കാണുക പതിവായിരുന്നു. എന്നാൽ, ഇത്തവണ അവനെ കണ്ടതേയില്ല. ചിലപ്പോൾ പലായനം ചെയ്തിട്ടുണ്ടാകും. എന്തായാലും ഏഴു മണിയോടെ കാട്ടിനു നടുവിലെ പകുതിപ്പാലത്തെ റിസോർട്ടിൽ എത്തി. കിച്ചനിൽ ചെന്ന് മനോഹരൻ ചേട്ടനെയും പുതിയതായി ചാർജ് എടുത്ത സജീർ സാറിനെയും കണ്ടു പരിചയം പുതുക്കി. പിന്നെ കുറച്ചു നേരം ആ റിസോർട്ടിന്റെ പുറത്തേക്കു നടന്നു. പകലിന്റെ പച്ചപ്പിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന കാനനഭംഗിയാണ് ഒാരോ യാത്രയിലും അനുഭവിക്കാൻ കഴിഞ്ഞതെങ്കിൽ ഇരുളിന്റെ മറവിൽ നിറംപകരുന്ന കറുപ്പിന്റെ വർണങ്ങൾ അനുഭവിക്കുകയായിരുന്നു ഇത്തവണത്തെ ഉദ്ദേശ്യം. 

pakuthipalam-travel

ചുറ്റും കൂരാക്കൂരിരുട്ട്. ഇരുട്ടിന്റെ കൈകളിൽ പിടിതരാതെ മാനത്തെ ചന്ദ്രന്റെ വെളിച്ചത്തിനായി കൈനീട്ടിനിൽക്കുന്ന കൂറ്റൻ മരങ്ങൾ. അതിനിടയിലെ ഇലകൊഴിഞ്ഞ ഒരു മരം ചൂണ്ടിക്കൊണ്ട് ഗൈഡായ സുസു പറഞ്ഞു: രാത്രികാലങ്ങളിൽ ഇൗ വയസ്സൻ മരങ്ങളുടെ മുകളിൽ പതിവായി പുലിയെ കാണാറുണ്ടത്രേ. മനസ്സൊന്നു കിടുങ്ങി. രാത്രി  മുഴുവൻ പുലിയെയും കരടിയെയും കാത്തിരുന്നെങ്കിലും ദർശനം നൽകിയത് കാട്ടുപോത്തുകൾ മാത്രമായിരുന്നു.

pakuthipalam-travel1

രാത്രിസഞ്ചാരം അവസാനിപ്പിച്ച് തിരികെ കോട്ടേജിനു മുന്നിലെത്തിയപ്പോഴേക്ക് ക്യാംപ് ഫയറും മനോഹരൻ ചേട്ടന്റെ രുചിയൂറുന്ന നാടൻ ഭക്ഷണവും റെഡി. അവിടെ കൂട്ടിയിട്ട മരക്കൊമ്പുകളിൽ തീ ആളിക്കത്തിയപ്പോൾ അതിനുചുറ്റും വട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. മഞ്ഞുവീഴുന്ന ആ തണുത്ത രാത്രിയിൽ നല്ല രുചിയുള്ള ചൂടാറാത്ത ഭക്ഷണം. അടുത്തകാലത്തൊന്നും നാവിന് ഇത്രയും ബോധിച്ച ഒരു ഭക്ഷണം കഴിച്ചിട്ടില്ല. തൊട്ടുമുന്നിൽ എരിഞ്ഞടങ്ങുന്ന തീനാളങ്ങൾ ഒാരോ നിമിഷവും ഞങ്ങളിൽ ചൂടിന്റെ നിശ്വാസങ്ങളേകിക്കൊണ്ടിരുന്നു. പാറിപ്പറക്കുന്ന തീനാളങ്ങൾ ആ ഇരുട്ടിൽ അലിഞ്ഞു ചേരുന്നതു പോലെ ഞങ്ങളും എപ്പോഴോ ആ രാത്രിയിൽ അലിഞ്ഞുചേർന്നു.

pakuthipalam-travel8

പതിവു സ്വപ്നങ്ങൾക്ക് വഴിമുടക്കിയായി എത്തിയ ഒരു വേഴാമ്പലിന്റെ നാദം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. പുലരിയെയും വേഴാമ്പലിനെയും കാണാൻ പതുക്കെ റൂമിനു പുറത്തേക്കിറങ്ങി. എങ്ങും പുകമറ പോലെ മഞ്ഞു മൂടിക്കിടക്കുന്നു. ഇലകളിൽനിന്നു വേർപിരിയുന്ന മഞ്ഞുതുള്ളികൾ അവരുടെ കണ്ണീരാണെന്നു തോന്നിപ്പോകും. അടുത്ത രാത്രിയിൽ കാണാമെന്നു പറഞ്ഞുള്ള ഒരു വിടപറയൽപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. ഒാരോ പുല്ലിലും പൂവിലും കാപ്പിക്കുരുവിൽ പോലും മഞ്ഞിന്റെ പ്രണയം ഒളിച്ചുകിടപ്പുണ്ടായിരുന്നു.

pakuthipalam-travel14

ഇതെല്ലാം ആസ്വദിച്ചു നിൽക്കവേ മിന്നായംപോലെ എന്റെ മുന്നിലൂടെ ഒരു വേഴാമ്പൽ പറന്നകന്നു. അത് പോയവഴിയിലൂടെ ഞാനും കുറെ ദൂരം മുന്നോട്ടുനടന്നു. പെട്ടെന്നാണ് ഒരുപറ്റം കാട്ടുപോത്തുകൾ ശ്രദ്ധയിൽപെട്ടത്. ക്യാമറ എടുത്തു ക്ലിക്കുന്നതിനുമുമ്പേ അവ എന്നെക്കണ്ട് പാഞ്ഞടുത്തു. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ആ ഭയാനക നിമിഷത്തിൽ മറ്റൊന്നും ആലോചിക്കാതെ ജീവൻ രക്ഷിക്കാനായി ഞാനും ഒാടി. കുറച്ചുദൂരം പിന്നിട്ട് തിരിഞ്ഞു നോക്കുേമ്പാഴേക്കും എന്റെ തൊട്ടുപിന്നിലുള്ള ഒരു കുഞ്ഞുവഴിയിലൂടെ അവ ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞിരുന്നു.

pakuthipalam-travel-pothundi-dam

മനോഹരൻ ചേട്ടനുണ്ടാക്കിയ സ്വാദിഷ്ഠമായ പ്രഭാത ഭക്ഷണം കഴിച്ച് രാജേന്ദ്രൻ ചേട്ടനോടൊപ്പം ജീപ്പിൽ കാടു കാണാനിറങ്ങി. കാട് ആറു വർഷം മുമ്പത്തെ പോലെ തന്നെ. ഒരു മാറ്റവുമില്ല. ഒരു നുറുങ്ങു മാലിന്യം പോലും കാട്ടിലില്ല. ഇത്രയധികം വിനോദ സഞ്ചാരികൾ വന്നിട്ടും പകുതിപ്പാലം പഴയ പോലെ തന്നെ. ഇവിടത്തെ ഉദ്യോഗസ്ഥരായ ഹരികൃഷ്ണനും സജീറും ജയരാജുമാണ് അതിനു പിന്നിൽ. അവരുടെ ആത്മാർഥമായ പ്രവർത്തനം. കൊച്ചു വർത്തമാനങ്ങളും കാഴ്ചകളുമായി ഞങ്ങൾ യാത്ര തുടർന്നു. മലയണ്ണാൻ, പുള്ളിമാൻ, മ്ലാവ്, പന്നി, കാട്ടുപോത്ത്, പേരറിയാ കിളികൾ എന്നിവയെല്ലാം ഞങ്ങൾക്കു സ്വാഗതമരുളി. ഒരു മണിക്കൂർ നീണ്ട യാത്ര. കാഴ്ചകളൊക്കെ ആസ്വദിച്ച് പതുക്കെ റിസോർട്ടിലേക്ക് മടങ്ങി.

pakuthipalam-travelpothundi-steps

ഒടുവിൽ വിഭവസമൃദ്ധമായ സദ്യയും കഴിച്ച് മടങ്ങാൻ നേരം വല്ലാത്ത വിഷമം. സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതുപോലെ. അത്ര നല്ല മനസ്സുള്ള മനുഷ്യരായിരുന്നു അവിടെയുള്ളവരെല്ലാം. എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സജീർ  സാറിനോട് ഒരുകാര്യം പറയാതെ പോകാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു മുേമ്പ ഇവിടെ വരുമ്പോൾ അധികമാരും എത്തിപ്പെടാതെ, പ്രകൃതിഭംഗി ഒട്ടുംതന്നെ നഷ്ടപ്പെടാതെ കിടക്കുന്ന കന്യകയായിരുന്നു പകുതിപ്പാലം.

pakuthipalam-travel19

ഇന്നും ആ കന്യകാത്വത്തിന് ഒരു പോറൽ പോലും ഏൽപിക്കാതെ ഭദ്രമായി സംരക്ഷിക്കുന്നതിന് ഒരായിരം നന്ദി. ഒപ്പം, കഴിഞ്ഞ കാലമത്രയും കാടിനെ സ്വന്തം വീടു പോലെയും മരങ്ങളെ സ്വന്തം മക്കളെ പോലെയും കണ്ട് സർവീസിൽനിന്നു വിരമിച്ച ജയരാജ് സാറിനെയും ഓർത്തു ചുരം ഇറങ്ങി.

pakuthipalam-travel3

കെഎഫ്ഡിസിയുടെ റിസോർട്ടിൽ റൂം ബുക്ക് ചെയ്യുന്നവർക്കു മാത്രമാണ് വനത്തിനുള്ളിലേക്ക് പ്രവേശനം. അല്ലാതെ വനത്തിൽ കടക്കുന്നത് ശിക്ഷാർഹമാണ്.

18

വൺ ഡേ ട്രിപ് അനുവദനീയമല്ല.

താമസം, ഭക്ഷണം, ട്രക്കിങ് എല്ലാംകൂടി ചേർത്ത് ഒരാൾക്ക് 2000 രൂപയാണ് ഫീസ്.

Route: Thrissur, nenmara, nelliyampathy kaikatti, nooradi, Victoria, പകുതിപ്പാലം

booking: sajeer 9497742196, rajendran 9446810020 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA