തോല്‍പ്പെട്ടിയുടെ പച്ചപ്പിലൂടെ ജംഗിൾ സഫാരി ന‍ടത്താം

tholpetty-trip
SHARE

വയനാടിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചിരിക്കുന്നത് പരന്നുകിടക്കുന്ന കാടുകളിലാണ്. ഓരോ യാത്രികനും വയനാടിനെ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേരെ കാടുകളിലേക്ക് പോയാല്‍ മതി. തോല്‍പ്പെട്ടി വനത്തിനുള്‍വശം ശരിക്കും വൈവിദ്ധ്യം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തും. ഓരോ ഭാഗത്തും കാട് ഓരോ വിധമാണ്. ചിലയിടത്ത് നിബിഢ വനമാണെങ്കില്‍ മറ്റു ചിലടത്ത് കുറ്റിക്കാടുകള്‍, അല്ലെങ്കിൽ വശ്യത നിറച്ച ഇല്ലിക്കാടുകള്‍ അങ്ങനെ കാടുകളുടെ വ്യത്യസ്തത കൊണ്ട് കൂടിയാണ് തോല്‍പ്പെട്ടി പ്രത്യേകത അര്‍ഹിക്കുന്നത്. 

tholpetty-wildlife-sanctuary3

കൊടകു റോഡില്‍ മനന്തവാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് തോല്‍പെട്ടി. ഇവിടം വയനാട് വന്യജീവി സങ്കേതം എന്നപേരിലും അറിയപ്പെടുന്നു.സഹ്യപര്‍വ്വതത്തോടു ചേര്‍ന്നുകിടക്കുന്ന ഈ വന്യജീവി സങ്കേതം വിവിധയിനം വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ്. ആനകള്‍ക്കും പുലികള്‍ക്കും ഇവിടം പ്രശസ്തമാണ്. വടക്കെ വയനാടിന്റെ അതിര്‍ത്തിയില്‍ കര്‍ണാടകയുടെ കൂര്‍ഗ് ജില്ല വരെ വ്യാപിച്ചു കിടക്കുന്ന നിബിഡവനപ്രദേശമാണ് ശരിക്കും തോല്‍പ്പെട്ടി. ആന, കാട്ടുപോത്ത്, മാന്‍ , പുലി, കടുവ തുടങ്ങി നിരവധിയായ മൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്നത് ഇവിടെയെത്തിയാല്‍ കാണാം.

വനത്തിനുള്ളിലെ സഫാരി

വനത്തിലൂടെയുള്ള സഫാരിയാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകര്‍ഷണം. സ്വന്തം വാഹനത്തിലോ, വനം വകുപ്പിന്റെ ജീപ്പുകളിലോ കാടിനുള്ളില്‍ പ്രവേശിക്കാം. സ്വന്തം വാഹനത്തിലാണെങ്കില്‍ കാഴ്ച്ചകള്‍ ഏറെയും സമയമെടുത്ത് മനോഹരമായി തന്നെ ആസ്വദിക്കാനാകും.  7 പേര്‍ക്ക് ഒരു ജീപ്പില്‍ യാത്ര ചെയ്യാം. വനത്തിനുള്ളില്‍ നിങ്ങളെ സ്വാഗതം ചെയ്യുക ആന, മാന്‍, കുരങ്ങന്‍, കടുവ, പുള്ളിപ്പുലി, കരടി, തുടങ്ങി നിരവധി വന്യജീവികളായിരിക്കും.

tholpetty-trip2

ഭാഗ്യമുണ്ടെങ്കില്‍ ആനയേയും കടുവയേയുമൊക്കെ അടുത്തുകാണാനും കഴിഞ്ഞേക്കാം. സന്ദര്‍ശകരെ കാടിനുള്ളില്‍ നിശ്ചിത പരിധിവരെ മാത്രമേ കടത്തിവിടുകയുള്ളു. എങ്ങനെ പ്രകൃതിയുടെ അദ്ഭുതങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നുവെന്നതിന്റെ ഉത്തമ ഉദാഹരമാണ് തോല്‍പ്പെട്ടി വനാന്തരങ്ങള്‍. ട്രെക്കിങ്, പക്ഷിനിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. തോല്‍പ്പെട്ടിയുടേയും വയനാടിന്റെയും ദൂരകാഴ്ച്ച കാണാന്‍ ഒരു വാച്ച ടവറും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 

എത്തിച്ചേരാന്‍

രാവിലെ 7 മുതല്‍ 10 വരെയും വൈകുന്നേരം 2 മുതല്‍ 5 വരെയുമാണ് വനത്തിനുള്ളില്‍ പ്രവേശനാനുമതി. മാനന്തവാടിയില്‍നിന്ന് 24 കിലോമീറ്റര്‍ ദൂരവും കല്‍പ്പറ്റയില്‍ നിന്ന് 59 കിലോമീറ്റര്‍ ദൂരവും ബത്തേരിയില്‍ നിന്ന് 66 കിലോമീറ്റര്‍ ദൂരവും ഉണ്ട് തോല്‍പ്പെട്ടിയില്‍ എത്താന്‍. ഏറ്റവും അടുത്തുള്ള റയില്‍വേ സ്റ്റേഷനായ തലശേരിയിലിറങ്ങി മാനന്തവാടിയ്ക്ക് ബസ് കയറണം. അവിടെ നിന്നും തോല്‍പ്പെട്ടിയിലേയ്ക്ക് കെ എസ് ആര്‍ടിസി അടക്കമുള്ള യാത്ര സൗകര്യമുണ്ട്.

കാടും വന്യജീവികളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് തോല്‍പ്പെട്ടിയില്‍ പോകാം. വയനാട്ടിലേക്ക് യാത്രപോകുന്നവര്‍ എന്തായാലും ഈ വന്യജീവി സങ്കേതം കാണാതെ മടങ്ങരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA