കാടു കാണാം, കടുവയെക്കാണാം

parambikulam
SHARE

 പ്രകൃതിയുടെ ഹൃദയമാണ് പറമ്പിക്കുളം. കാടിന്റെ മിടിപ്പു കേൾക്കാൻ ഇവിടെ വരാം. പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി 643.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ കടുവാസങ്കേതത്തിൽ വിസ്മയക്കാഴ്ചകളുടെ തീരാവസന്തമാണ്. അപൂർവങ്ങളായ സസ്യ–ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കേരളത്തിന്റെ രണ്ടാമത്തെ കടുവാസങ്കേതമായ പറമ്പിക്കുളം. കേരളത്തിലാണെങ്കിലും തമിഴ്നാട് വഴിയേ എത്താനാകൂ എന്നതാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിന്റെ മറ്റൊരു പ്രത്യേകത. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും ഇവിടെയെത്താൻ സഞ്ചാരികൾ തമിഴ്നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുൽമേടു കടക്കണം.

കടുവയാണു കാരണവർ

പറമ്പിക്കുളത്തിന്റെ കാരണവർ കടുവയാണ്. ഭാഗ്യമുണ്ടെങ്കിൽ കാരണവരെ നേരിട്ടു കാണാം. ഇവിടെ 28 കടുവകളുണ്ടെന്നാണു കണക്ക്. ആന, പുള്ളിപ്പുലി, സിംഹവാലൻ കുരങ്ങ്, മയിലുകൾ, പുള്ളിമാൻ, കേഴമാൻ, മ്ലാവ്, കാട്ടുപോത്ത്, മുള്ളൻപന്നി, വരയാട് എന്നിവയുമുണ്ട് ഇവിടെ. അപൂർവങ്ങളായ സസ്യഇനങ്ങൾ, പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, ശലഭങ്ങൾ എന്നിവയുടെ സാന്നിധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. പറമ്പിക്കുളം ചിലപ്പൻ എന്നപേരിൽ അറിയപ്പെടുന്ന ഇനം തവളയുടെ സാന്നിധ്യം ഇവിടെ മാത്രമാണുള്ളത്.

deer

യമണ്ടൻ തേക്ക്

ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരങ്ങളിലൊന്നായ കന്നിമാരി തേക്ക് പറമ്പിക്കുളത്താണ്. കൊച്ചിൻതേക്ക് എന്നപേരിൽ ഖ്യാതികേട്ട തേക്ക് പറമ്പിക്കുളത്തിന്റേതായിരുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് പറമ്പിക്കുളത്തുനിന്നു തേക്കുമരങ്ങൾ ചാലക്കുടിയിലെത്തിക്കാൻ നിർമിച്ച ട്രാംവേയുടെ അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. 

കേരളവും തമിഴ്നാടുമായി ജലം പങ്കിടുന്ന പറമ്പിക്കുളം–ആളിയാർ ജലകരാറിൽ ഉൾപ്പെട്ട പറമ്പിക്കുളം അണക്കെട്ട് ഇവിടെയാണ്. തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകൾ, വാലി വ്യൂപോയിന്റ് എന്നിവ മനോഹരം. പറമ്പിക്കുളം റിസർവോയറിൽ മുളച്ചങ്ങാടത്തിലെ യാത്രയ്ക്കും സൗകര്യമുണ്ട്. വനവിഭവങ്ങളും പറമ്പിക്കുളം സന്ദർശനത്തിന്റെ ഓർമകൾ സൂക്ഷിക്കാനുള്ള ഉപഹാരങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

കാടു കാണാം, സുരക്ഷിതമായി

കാടിനെയും കാട്ടുമൃഗങ്ങളെയും സ്നേഹിക്കുന്നവർക്കു സുരക്ഷിതമായി അവ ആസ്വദിക്കാനുള്ള സൗകര്യങ്ങളെല്ലാം വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വനത്തിലൂടെയുള്ള വാഹനയാത്ര, ട്രെക്കിങ് എന്നിവയ്ക്കു പുറമേ ക്യാംപുകൾക്കുള്ള സൗകര്യവുമുണ്ട്. കാടിനെ അറിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട ഗൈഡുകളും വനംവകുപ്പ് ഉദ്യോഗസ്ഥരും കാനനയാത്രയിൽ കൂടെയുണ്ടാകും.

വനംവകുപ്പിന്റെ വാഹനത്തിൽ മൂന്നര മണിക്കൂർ നീളുന്നതാണ് ഒരു സഫാരി. രാത്രി താമസിക്കുന്നതിനു ‌വനംവകുപ്പിന്റെ ടെന്റ്, ട്രീ ഹട്ടുകൾ, ഹണി കോംപ് എന്നിവ ഉണ്ട്. ഭക്ഷണം അടക്കമുള്ള പാക്കേജുകളാണ് ഇവിടെ. ഓൺലൈനിൽ ബുക്ക് ചെയ്യാം. സ്വകാര്യ താമസസൗകര്യങ്ങൾ സങ്കേതത്തിന് അകത്തില്ല. മുറികൾ ബുക്ക് ചെയ്യാൻ വിലാസം: http://www.parambikulam.org

കെഎസ്ആർടിസിയും ഉണ്ട്

ബസിൽ കയറി കാഴ്ചകൾ കണ്ട് പറമ്പിക്കുളത്തു പോകുന്നതു മികച്ച അനുഭവമാണ്. കേരളം, തമിഴ്നാട് സർക്കാരുകളുടെ ട്രാൻസ്പോർട്ട് കോർപറേഷനുകൾ സർവീസ് നടത്തുന്നു. പാലക്കാട്ടുനിന്ന് രാവിലെ 8.15ന് ബസുണ്ട്. അത് 12.30നു പറമ്പിക്കുളത്തുനിന്നു തിരിച്ചുപോരും. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനും ഏതാനും സർവീസുകൾ നടത്തുന്നുണ്ട്. വിളിച്ച് ഉറപ്പിച്ചശേഷം ബസ് യാത്ര തീരുമാനിക്കുന്നതാകും നല്ലത്. ബസ് വിവരങ്ങൾക്ക്: 0491 2520098.

എങ്ങനെ എത്താം

പാലക്കാട്ടുനിന്നു പുതുനഗരം–മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തുമടയിലേക്കു പോകണം. സേത്തുമടയിൽ തമിഴ്നാട് ചെക്പോസ്റ്റ് കടന്ന് ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ല‌ിപ്പ് എന്ന ഹിൽ സ്റ്റേഷൻ കണ്ട് പറമ്പിക്കുളത്ത് എത്താം. സ്വകാര്യവാഹനത്തിൽ പോകുന്നവർ തമിഴ്നാട് ചെക്പോസ്റ്റിൽ ടോൾ അടയ്ക്കേണ്ടി വരും. 

തൃശൂർ ഭാഗത്തുനിന്നു വരുന്നവർക്കു വടക്കഞ്ചേരി – നെന്മാറ – കൊല്ലങ്കോട് – ഗോവിന്ദാപുരം വഴി സുങ്കത്തെത്തി സേത്തുമടയിൽ എത്താം. പാലക്കാട്ടുനിന്ന് 91 കിലോമീറ്ററാണ് പറമ്പിക്കുളത്തേക്കുള്ള ദൂരം. രണ്ടര മണിക്കൂറോളം റോഡ് യാത്രയുണ്ട്.

സമീപ റെയിൽവേ സ്റ്റേഷൻ:

പൊള്ളാച്ചി, പാലക്കാട് ജംക്‌ഷൻ

സമീപ വിമാനത്താവളം: കോയമ്പത്തൂർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA