ആനയും പുലിയുമൊക്കെയുള്ള കാട്ടിലേക്കാണോ യാത്ര? ഇക്കാര്യങ്ങള്‍ ഒരിക്കലും വിട്ടു പോകല്ലേ!

forest-trip
SHARE

വന്യജീവി നിരീക്ഷണം ഒരു കലയാണ്‌. അല്‍പം കലാബോധവും ഉത്സാഹവും ക്ഷമയുമൊക്കെ ഉണ്ടെങ്കില്‍ മാത്രമേ കാണണമെന്ന് ആഗ്രഹിക്കുന്ന ജീവികള്‍ മുന്നില്‍ വന്നു പെടൂ! അല്‍പം സാഹസമാണെങ്കിലും ഒരിക്കല്‍ പോയാല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വയ്ക്കാവുന്ന മനോഹരമായ ഓര്‍മകളുമായി തിരിച്ചു വരാം. കാട്ടിനുള്ളില്‍പോയി മൃഗങ്ങളെ കാണുന്നത് ഒരേ സമയം ആവേശജനകവും അപകടകരവുമാണ്. ശരിയായ മുന്‍കരുതലുകളും ഒരുക്കങ്ങളും ഇതിനായി നടത്തേണ്ടതുണ്ട്. വന്യജീവികളെ കാണാന്‍ പോകുമ്പോള്‍ എന്തൊക്കെ, എങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നു മനസ്സിലാക്കിക്കോളൂ.

1. സ്ഥലവും സമയവും പ്രധാനം 

ഏതെങ്കിലുമൊരു പ്രത്യേക മൃഗത്തെയാണു കാണേണ്ടതെങ്കില്‍ അതിന്‍റെ ആവാസവ്യവസ്ഥ എവിടെയാണെന്ന് ആദ്യം മനസ്സിലാക്കുക. എല്ലാ ജീവികളും എല്ലാ സമയത്തും ഒരേ സ്ഥലത്തുതന്നെ കാണപ്പെടണമെന്നില്ല. കാലാവസ്ഥയും ഋതുക്കളും മാറുന്നതനുസരിച്ച് മൃഗങ്ങള്‍ താമസവും മാറാറുണ്ട്. ധ്രുവക്കരടികളെ കാണാന്‍ അവ ഉറങ്ങുന്ന ശീതകാലത്തു പോയിട്ട് കാര്യമില്ലല്ലോ. ഒരു ദിവസം തന്നെ പല സമയങ്ങളിലാവും ജീവികള്‍ പുറത്തിറങ്ങാന്‍ താല്‍പര്യപ്പെടുന്നത്. ഇതും ശ്രദ്ധിക്കണം. ഇത്തരം സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കിയും നന്നായി പഠനം നടത്തിയും വേണം യാത്ര പ്ലാന്‍ ചെയ്യേണ്ടത്. നേരത്തേ ബുക്ക് ചെയ്‌താല്‍ ചെലവും കുറയും.

2. ബഹളം വേണ്ടേ വേണ്ട 

മിക്ക മൃഗങ്ങള്‍ക്കും മനുഷ്യസാന്നിധ്യം വളരെ മുന്‍പേ തന്നെ തിരിച്ചറിയാം. ദൂരെനിന്നു മനുഷ്യരെ നിരീക്ഷിച്ച ശേഷമാണ് നില്‍ക്കണോ ഓടണോ ആക്രമിക്കണോ എന്നൊക്കെ മൃഗങ്ങള്‍ തീരുമാനിക്കുക. അതിനാല്‍ ഇത്തരം ഇടങ്ങളില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വെക്കുക. കഴിവതും ഒച്ചയുണ്ടാക്കാതെ നടക്കുക. ശബ്ദം പരമാവധി താഴ്ത്തിയോ ആംഗ്യങ്ങള്‍ ഉപയോഗിച്ചോ മാത്രം സംസാരിക്കുക. പക്ഷികളുടെ ചിറകടിയൊച്ചകളും മൃഗങ്ങളുടെ ശബ്ദങ്ങളുമെല്ലാം അപ്പോൾ തിരിച്ചറിയാം.

3. കാറ്റിന്‍റെ ഗതിയും ഗന്ധങ്ങളും

മിക്ക ജീവജാലങ്ങൾക്കും മനുഷ്യരെക്കാള്‍ വാസനിക്കാനുള്ള കഴിവ് വളരെയധികം വികസിതമാണ്. കൂടാതെ മിക്ക മൃഗങ്ങൾക്കും കാഴ്ചയും കേള്‍വിയും കൂടുതൽ സെൻസിറ്റീവ് ആണ്. അതിനാൽ അവയ്ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന തരം കൊളോണുകൾ, പെർഫ്യൂമുകൾ, സുഗന്ധ ലോഷനുകൾ, ഷാംപൂകള്‍ എന്നിവയൊന്നും വന്യജീവി നിരീക്ഷണത്തിനു പോകുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ല. കഴിയുന്നത്ര കാറ്റിനെതിരെ മാത്രം നീങ്ങുക. 

4. ഇരുണ്ട വസ്ത്രങ്ങൾ മതി

കാടിന്‍റെയും സസ്യങ്ങളുടെയും അതേനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൃഗങ്ങള്‍ പെട്ടെന്നു നിങ്ങളെ തിരിച്ചറിയാതിരിക്കാന്‍ ഇത് സഹായിക്കും. അധികം തെളിച്ചമുള്ള നിറങ്ങള്‍ ധരിക്കരുത്.

5. അകലം പാലിക്കുക 

മൃഗങ്ങള്‍ പെട്ടെന്നു വന്ന് ആക്രമിക്കാനിടയില്ലാത്ത ഒരു സ്ഥലം കണ്ടെത്തി കാത്തിരിക്കുക. അധികം ചലനങ്ങളോ ബഹളമോ പാടില്ല. കേള്‍ക്കുമ്പോള്‍ അല്‍പം ബോറ് പരിപാടിയായി തോന്നാമെങ്കിലും പ്രകൃതിയുടെ മടിത്തട്ടില്‍ അങ്ങനെയിരിക്കുന്നത് അങ്ങേയറ്റം സമാധാന പൂര്‍ണമായ അനുഭവമാണ്. 

6. ശരിയായ ഉപകരണങ്ങള്‍ കരുതുക 

എവിടെക്കാണു പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എന്തൊക്കെ കരുതണം എന്നത്. കാലാവസ്ഥയ്ക്ക് അനുസൃതമായ വസ്ത്രം ധരിക്കുക. പ്രദേശ വാസികള്‍ ആരെയെങ്കിലും പരിചയം ഉണ്ടെങ്കില്‍ അവരോട് ഉപദേശം ആരായാവുന്നതാണ്. കാണാന്‍ പോകുന്ന പ്രദേശത്തെപറ്റി ഒരു ധാരണ കിട്ടാനും ഇതുവഴി സാധിക്കും. അങ്ങനെയൊരാളെ കൂടെ കൂട്ടാന്‍ സാധിക്കുമെങ്കില്‍ അതിനേക്കാള്‍ മികച്ച മറ്റൊരു കാര്യമില്ല. മാപ്പ്, കോമ്പസ്, ജിപിഎസ് എന്നിവ കയ്യില്‍ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ക്യാമറ, ബൈനോക്കുലര്‍ എന്നിവയും വിശക്കുമ്പോള്‍ കഴിക്കാന്‍ കുറച്ചു സ്നാക്സും കൂടി കരുതിയാല്‍ പെര്‍ഫെക്ട്!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA