സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങൾക്ക് നടുവിലൂടെ കാടറിഞ്ഞൊരു യാത്ര

Gudalur-trip1
SHARE

മനസ്സിന് എപ്പോഴും പുതുമ നൽകുന്നവയാണ് യാത്രകൾ. പല രീതിയിലും യാത്രകളെ ഇഷ്ടപ്പെടുന്നുവരുണ്ട്. എങ്കിലും ഭൂരിഭാഗം സഞ്ചാരപ്രേമികൾക്കും താൽപര്യം കാനനഭംഗി ആസ്വദിച്ചുള്ള യാത്രകളാണ്. തിരക്കിട്ട നഗരങ്ങളിൽനിന്നു ശാന്തമായ സ്ഥലം തേടി പ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള യാത്രയാണ് ഏറെ രസകരം. കാനനഭംഗി ആസ്വദിച്ചുകൊണ്ടാവാം ഇത്തവണത്തെ യാത്ര. വണ്ടി നേരെ ബന്ദിപുരിലേക്ക് വിടാം.

bandipur-tiger-reserve1

വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ, ആരെയും വിസ്മയിപ്പിക്കുന്ന, വനനിബിഡമായ ബന്ദിപുരിലെ കാഴ്ചകൾ ആരെയും ആകർഷിക്കും. കൂട്ടിലടയ്ക്കാതെ സർവ സ്വതന്ത്രരായി വളരുന്ന വന്യമൃഗങ്ങളെ കണ്ടും അറിഞ്ഞുമുള്ള യാത്ര. ഗൂഡല്ലൂര്‍ - മൈസൂര്‍ പാതയിലാണ് ബന്ദിപുര്‍ നാഷനല്‍ പാര്‍ക്ക്. ചെറുതും വലുതുമായ മരങ്ങൾക്കിടയിൽ പാമ്പു പോലെ പുളഞ്ഞു പോകുന്ന റോഡിലൂടെ യാത്ര തുടർന്നു. വണ്ടി നേരെ മുത്തങ്ങ വൈൽഡ് ലൈഫ് സാങ്ച്വറിയുടെ  ഇൻഫർമേഷൻ സെന്ററിലേക്ക്. ‘ഒരു മണിക്കൂർ നീളുന്ന ജീപ്പ് സഫാരിയുണ്ട്. രാവിലെ ഏഴു മുതൽ 10 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയും. കാട്ടിലൂടെ കുറേ പോയാൽ തമിഴ്നാട്ടിലെ തോൽപ്പെട്ടിയിലെത്താം. ഹൈവേയിൽനിന്ന് എട്ടു കിലോമീറ്റർ ദൂരെയാണ് ട്രൈ ജംക്‌ഷൻ. തമിഴ്നാടിന്റെയും കേരളത്തിന്റെയും കർണാടകത്തിന്റെയും അതിർത്തികൾ ചേരുന്ന ഇടം. തകരപ്പാടിയും പൊൻകുഴിയും കഴിഞ്ഞാൽ കർണാടക അതിർത്തിയായെന്നറിയിക്കുന്ന മൂലെഹോള ചെക്പോസ്റ്റുണ്ട്.

Gudalur-trip2

യാത്ര ഗ്രാമകാഴ്ചകൾ കടന്ന് ഗുണ്ടൽപേട്ട് ചെക്ക് പോസ്റ്റും പിന്നിട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ലക്ഷ്യസ്ഥാനത്തെത്തി. ഒന്നര കിലോമീറ്ററോളം കാട് തന്നെയാണ്. ബന്ദിപുര്‍ നാഷനല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് ട്രെക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കാട്ടിലൂടെയുള്ള യാത്രയിൽ കൂട്ടമായി നിൽക്കുന്ന മാനുകളെയും മരച്ചില്ലകളിൽ ചാടിക്കളിക്കുന്ന വാനരന്മാരെയുമൊക്കെ കാണാം. ഭാഗ്യമുണ്ടെങ്കിൽ മറ്റു മൃഗങ്ങളും ദർശനം നൽകും. നീലഗിരി ജൈവ സംരക്ഷണ മേഖലയില്‍ ഉള്‍പ്പെടുന്നതാണ് ബന്ദിപുര്‍ വന്യജീവി സങ്കേതം. ഇന്ത്യയിലെ ആദ്യത്തെ ജൈവ സംരക്ഷണ മേഖല കൂടിയാണ് ഇവിടം.

bandhipur

തിരക്കുകളിൽനിന്നു മാറി ശാന്തമായ ഇടത്തേക്കുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ബന്ദിപുർ ബെസ്റ്റ് ചോയിസാണ്. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചുള്ള യാത്ര. കാടിനെയും യാത്രയെയും ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ബന്ദിപുരിലേക്ക് പോകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA