ADVERTISEMENT

തൃശ്ശൂരിൽനിന്ന് ഒരുമണിക്കൂർ യാത്ര ചെയ്താൽ കുട്ടവഞ്ചിയിലേറാം.. ചിമ്മിണി ഡാമിലേക്കു  വരുന്നോ?  ആനകളെയും കാണാം. രണ്ടു ഡാമുകളെ ബന്ധിപ്പിക്കുന്ന നാട്ടുവഴിയിലൂടെയൊരു ഡ്രൈവുമാകാം. തൃശ്ശൂരിന്റെ നഗരത്തിരക്കിൽനിന്ന് ഒന്നു റിലാക്സ് ചെയ്യണമെങ്കിൽ പെട്ടെന്നു ചെല്ലാവുന്ന സുന്ദരമായ ഇടങ്ങൾ. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KFRI) പീച്ചി  ഓഫീസിനു മുന്നിലൂടെയുള്ള തണൽ വഴി കടന്ന് ആദ്യം പീച്ചി ഡാം.    കെഎഫ്ആർഐ യിൽ വന്യജീവി മ്യൂസിയവും കേരളത്തിലെ പലതരം മണ്ണുകളുടെ പ്രദർശനവുമുണ്ട്. 

Chimmini-2

മണലിപ്പുഴയെ തടഞ്ഞിട്ടപ്പോൾ തൃശ്ശൂർ നഗരത്തിനു കുടിനീരായി. സഞ്ചാരികൾക്കു കണ്ണിനു കുളിർമയായി പീച്ചിഡാം ഉയർന്നു. മുൻപ് ഡാമിൽ ബോട്ടിങ്  ഉണ്ടായിരുന്നു. ഇപ്പോൾ നീലജലാശയം കണ്ടുനടന്ന്   കാഴ്ചഗോപുരത്തിൽ കയറാം. ജലാശയക്കാഴ്ച പനോരമയായി കാണാം. 

പീച്ചിഡാമിനെപ്പറ്റി അധികം വർണിക്കേണ്ട കാര്യമില്ലല്ലോ? ഡാം കണ്ടുകഴിഞ്ഞാൽ  നമുക്ക് അധികമാരും ചെല്ലാത്ത വഴിയിലൂടെ തൃശ്ശൂർ ജില്ലയിലെത്തന്നെമറ്റൊരു ഡാമിലേക്കു പോകാം. 

ഡാമിൽനിന്നു ഡാമിലേക്ക് 

പീച്ചി കവാടം കടന്നു തിരികെ വരുമ്പോൾ വെയിൽ കത്തിനിൽപ്പുണ്ട്. വിലങ്ങന്നൂരിൽനിന്ന് ഇടത്തോട്ട്. ഇത് തൃശ്ശൂരിന്റെ അധികമാരും അറിയാത്ത നാട്ടുവഴി. വിളഞ്ഞുനിൽക്കുന്ന വയലുകളും റബർതോട്ടങ്ങളുമാണ് കാഴ്ചകൾ. പീച്ചി ഡാമിൽനിന്ന് ചിമ്മിനി ഡാമിലേക്കുള്ള എളുപ്പവഴി. ഗൂഗിൾ മാപ്പ് നോക്കിവേണം പോകാൻ. അല്ലെങ്കിൽ ചെറുവഴികളിലെ തിരിവുകളിൽപ്പെടും. ചോദിച്ചുചോദിച്ചു പോകാമെന്നു വച്ചാൽ ആൾക്കാരെ അത്ര കാണുകയുമില്ല. 

Chimmony-dam

പുലിക്കണ്ണി കവലയിലേക്കാണു നമ്മളെത്തുക. ഇടത്തോട്ടു തിരിഞ്ഞാൽ ചിമ്മിണിയിലേക്കുള്ള വഴിയായി. പാലപ്പിള്ളി എന്ന  ചെറുകവലയിലെ ഹോട്ടൽ ശ്രീനാരായണയിൽനിന്ന്ഉച്ചഭക്ഷണം. മീൻപൊരിച്ചത് പ്ലേറ്റിലിട്ടുതരുമ്പോൾ അശോകേട്ടനു സന്തോഷം. ഇഞ്ചിചതച്ചിട്ട മോരിൽനിന്നു പച്ചമുളകിന്റെ രുചിയാദ്യം മുകളങ്ങളെത്തൊട്ടു. ഇവിടെനിന്ന് ഊൺ കഴിച്ച് ചിമ്മിണിയിലേക്കു പോകുകയാണു നല്ലത്. കാരണം ഇനി റബർ എസ്റ്റേറ്റുകളും കാടുമാണുള്ളത്. 

പെയിന്റിങ് പോലെ റബർ എസ്റ്റേറ്റ് 

ചിമ്മിണി ഡാമിൽനിന്നുള്ള പുഴയെ ഇടക്കെങ്ങോ കാണും. ചെറിയ വഴിയുടെ രണ്ടുവശങ്ങളിലും റബർ എസ്റ്റേറ്റുകളാണ്. സാധാരണ തോട്ടങ്ങൾ പോലെയല്ല അവ. കൊഴിയാറായഇലകളുടെ നിറച്ചാർത്തുകാരണം ഒരു പെയിന്റിങ് ചെയ്തതുപോലെയുണ്ട് തോട്ടങ്ങൾ കാണാൻ. ആനയിറങ്ങുന്ന മേഖലയിൽ റബർതോട്ടങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്. നഗ്നമായ കുന്നിൻപുറങ്ങൾ. അതിനപ്പുറം കൊടുംകാട്. അവിടെനിന്ന് ഇങ്ങേയറ്റത്തുള്ള പുഴയിലേക്ക് കുടിനീരുതേടി ആനക്കൂട്ടങ്ങൾ ഇറങ്ങാറുണ്ട്. 

ചിമ്മിണിയിലെത്തുന്നു 

വെയിൽകത്തിനിൽക്കും വഴിയിലൂടെ ചിമ്മിണി വനത്തിന്റെ കവാടത്തിലെത്തുമ്പോൾ ഒരു കുളിർമ അനുഭവപ്പെടും. ചിമ്മിണി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. അജയ്കുമാറും ഇക്കോ ടൂറിസം കമ്മിറ്റിയുടെ സെക്രട്ടറി പ്രസാദും ചിമ്മിണിയെപ്പറ്റി ചെറുവിവരണം തന്നു. 

chimmini-trave2

ചിമ്മിണിപ്പുഴയുടെ കുറുകെയാണ് ‍ തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ഈ ഡാം. ഏറെ നീരുറവകൾ ഇതിലേക്ക് ഒഴുകയെത്തുന്നു. മംഗലം ഡാം, പറമ്പിക്കുളം വന്യജീവിസങ്കേതം എന്നിവയാണ് അതിരുകൾ. ഈ ജലാശയത്തെചുറ്റിപ്പറ്റിയാണു കാട്. ആനകൾ ഏറെ. കടുവകൾ ക്യാമറട്രാപ്പിൽ പതിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ ഉള്ളത് പുള്ളിപ്പുലികൾ ആണ്. 

ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റ് ആയിരുന്നു ചിമ്മിണി. എച്ചിപ്പാറ എന്നായിരുന്നു ശരിക്കും പേര്. 1996 ൽ ഡാം പണിപൂർത്തിയായി. എൺപത്തിനാലിൽ ആണ് ചിമ്മിണിസങ്കേതം നോട്ടിഫൈ ചെയ്തിട്ടുള്ളത്. 85 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തൃതി. 10 സ്ക്വയർ കിമീ വിസ്തൃതി ഡാമിന്റെ ക്യാച്മെന്റ് ഏരിയ ആണ്.   പാണ്ടിമുടിയാണ് ഏറ്റവും ഉയരത്തിലുള്ളത്. പീച്ചിയുടെ അതിർത്തിയാണ് ഈ പാറക്കെട്ട്. 

സഞ്ചാരികളെ കാത്ത്  കുട്ടവഞ്ചികൾ 

ചിമ്മിണിയിൽ ഇനി  കുട്ടവഞ്ചിസവാരിയാകും പ്രധാന ആകർഷണം.വിറകുതോട്, ചൂരത്തള എന്നിടങ്ങളിലേക്ക് മൂന്നുമണിക്കൂർ ട്രക്കിങ് ഉണ്ട്. ചൂരത്തളയിൽസുന്ദരമായ ജലപാതം കാണാം. വേനലിൽ വലിയ പ്രതീക്ഷ വേണ്ട.  ആനപ്പോര് എന്ന സ്ഥലത്ത് മൈന ഇക്കോ റിട്രീറ്റ് ക്യാംപ് സൈറ്റ് ഉണ്ട്. ബോട്ടിലാണ് അങ്ങോട്ടുള്ള യാത്ര. അവിസ്മരണീയമായ അനുഭവമായിരിക്കും ആനപ്പോര് നൽകുക. നാച്ച്വർ ക്ലബുകൾക്കും മറ്റും ആഹാരച്ചെലവ് നൽകിയാൽ പഠനക്യാംപ്സൗകര്യം ഒരുക്കി നൽകുന്നുണ്ട് ചിമ്മിണി ഡാം. 

വിവരണം കേട്ട് മെല്ല മുന്നോട്ടുനീങ്ങവേ ഒരാൺ മയിൽ റോഡിനു കുറുകെ പറന്നുപോയി. മലയണ്ണാൻമാർ സഞ്ചാരികളെ മൈൻഡ് ചെയ്യുന്നേയില്ല. . വേഗം ചെന്നാൽഡാമിൽ നിന്നു വെള്ളം തുറന്നുവിടുന്നതു കാണാം. അപ്പൂപ്പൻതാടിപ്പോലെയുണ്ട് ജലപാതം കാണാൻ. പാലത്തിന്റെ ഇങ്ങേയറ്റത്ത് ഒരു മഴവില്ലു 

chimmini-travel1

രൂപം കൊണ്ടിരിക്കുന്നു.  ചിമ്മിണിഡാമിനുതാഴെ കുറച്ചുനേരം നിന്നപ്പോഴേക്കും മഴകൊണ്ട പ്രതീതി. 

ഇനി വനംവകുപ്പിന്റെ ഇന്റർപ്രട്ടേഷൻ സെന്ററിലേക്ക്. ഇവിടെനിന്നാൽ ഡാമിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. വേണമെങ്കിൽ ഒന്നു കാൽ നനയ്ക്കുകയുമാകാം. ഹോഗനക്കലിൽനിന്നു ദീർഘയാത്ര കഴിഞ്ഞെത്തിയ കുട്ടവഞ്ചികളിലേറുക ഇവിടെനിന്നാണ്. തെളിമയുള്ള ജലാശയത്തിൽ ചെറുയാത്ര അനുഭവിക്കണം. ശാന്തത മനസ്സിലേക്കു കടന്നുവരും. എത്ര തിരക്കുണ്ടെങ്കിലും ഈ കുളിർജലയാത്ര നിങ്ങളെയും കുടുംബത്തേയും ആനന്ദിപ്പിക്കും. 

സ്കൂളുകൾക്കും മറ്റും അവധിയാത്രകളുണ്ടെങ്കിൽ അധികദൂരം പോകേണ്ടാത്ത സ്ഥലം നോക്കുകയാണെങ്കിൽ ചിമ്മിണി നല്ല അനുഭവമായിരിക്കും. വൈകുന്നേരമാകുമ്പേഴേക്കുംമടങ്ങിപ്പോകുന്ന മട്ടിൽ യാത്ര ക്രമീകരിക്കണം. കാരണം വഴിയിൽ ആനകൾ ഇറങ്ങുക പതിവാണ്. അവ കുടിനീരു തേടി വരുമ്പോൾ നമ്മൾ ശല്യപ്പെടുത്താൻ പാടില്ല. പക്ഷേ, രാത്രിയും വാഹനം പിടിച്ചെത്തി ആനക്കൂട്ടത്തെ കാണാനിറങ്ങുകയും അവയെ ഉപദ്രവിക്കുകയും രാവിലെയാകുമ്പോൾ എന്തൊരു ആനശല്യം എന്ന്ആത്മഗതം ചെയ്യുന്നവരുണ്ട്. അത്തരക്കാർക്കുള്ളതല്ല ചിമ്മിണി യാത്ര. 

 കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം– 8547603454 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com