ചമ്പല്‍ നദിക്കരയിലെ വന്യജീവി സങ്കേതം

chambal
SHARE

വംശനാശം നേരിടുന്ന ജീവികളായ ഘരിലാല്‍, റെഡ് ക്രൌണ്‍ഡ് റൂഫ് ടര്‍ട്ടില്‍, ഗേഞ്ചസ് റിവര്‍ ഡോള്‍ഫിന്‍ എന്നിവയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചതാണ് ചമ്പല്‍ വന്യജീവി സങ്കേതം. ചമ്പല്‍നദിക്കരയില്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടിച്ചേരുന്ന ധോല്‍പൂര്‍ പ്രദേശത്താണ് ഇതുള്ളത്. മദ്ധ്യപ്രദേശിലാണ് ആദ്യം ഇത് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ ഈ മൂന്ന് സംസ്ഥാനങ്ങൾ ചേർന്ന് ഭരിക്കുന്ന ഒരു ഇക്കോ റിസർവ് ആണിത്. ഇതിനുള്ളിലൂടെ ചമ്പൽ നദി മലയിടുക്കുകളിലൂടെയും മലനിരകളിലൂടെയും നിരവധി മണൽ ബീച്ചുകളിലൂടെയും കടന്നുപോകുന്നു.

മനുഷ്യരുടെ പെരുമാറ്റം ഇല്ലാത്തതു കൊണ്ടുതന്നെ ശുദ്ധമായ തെളിഞ്ഞ വെള്ളമാണ് ഇവിടുത്തെ നദിയില്‍ ഉള്ളത്. ഇവിടം ഒരു പ്രധാന പക്ഷി പ്രദേശമായി (ഐ‌ബി‌എ) IN122 ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. ദേശാടനപ്പക്ഷികള്‍ അടക്കം കുറഞ്ഞത് 320 ഇനം ദേശാടന പക്ഷികള്‍ ഈ വന്യജീവി സങ്കേതത്തിൽ വസിക്കുന്നു.

ഇതിനുള്ളിലേക്ക് കടന്നുവരുന്ന സഞ്ചാരികള്‍ ഇവിടെ മാലിന്യങ്ങള്‍ ഒന്നും ഉപേക്ഷിക്കാന്‍ പാടില്ലെന്ന് കര്‍ശന നിബന്ധനയുണ്ട്. പകല്‍സമയത്ത്, അതും സാധുവായ പെര്‍മിറ്റ്‌ ഉള്ളവര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളു. അതേപോലെ തന്നെ കാര്‍ ഹോണുകള്‍, മ്യൂസിക് എന്നിവയും നിഷിദ്ധമാണ്. വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടു വരാന്‍ പാടില്ല.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം 

ശീതകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഈ സമയത്താണ് ദേശാടനപ്പക്ഷികള്‍ കൂടുതലായി എത്തുക. കൂടാതെ സന്ദര്‍ശകര്‍ക്കായി ബോട്ട് സവാരി നടത്താനും വന്യജീവി നിരീക്ഷണത്തിനും ഇവിടെ അവസരമുണ്ട്.

എങ്ങനെ എത്താം?

റെയില്‍ മാര്‍ഗമോ റോഡ്‌ മാര്‍ഗമോ ഇവിടെ എത്തിച്ചേരാവുന്നതാണ്.  ആഗ്ര കന്റോൺ‌മെൻറ്, ആഗ്ര കോട്ട എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ബഹയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ആഗ്ര, ആഗ്രയിൽ നിന്ന് 210 കിലോമീറ്റർ അകലെയുള്ള ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍. ധോൽപൂർ, കോട്ട എന്നിവിടങ്ങളിൽ നിന്നും ചമ്പൽ വന്യജീവി സങ്കേതത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA