ADVERTISEMENT

ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും കടുവകളും അപൂർവ്വയിനത്തിൽപ്പെട്ട പക്ഷികളും കൂടാതെ ഏഷ്യൻ ആനകളും ചെളിയിൽ മുങ്ങി ജീവിക്കുന്ന മാനുകളുമെല്ലാം കാണപ്പെടുന്ന മനോഹരമായ ദേശീയോദ്യാനമാണ് കാസിരംഗ. ആസാമിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും വസിക്കുന്നത്! യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടം പ്രകൃതിസ്നേഹികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

1974-ലാണ് കാസിരംഗ ദേശീയോദ്യാനം നിലവിൽ വരുന്നത്. പിന്നീട്  1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. നിത്യഹരിത വനമേഖലയായ കാസിരംഗയിൽ ധാരാളം ചതുപ്പുനിലങ്ങളും പുൽമേടുകളും എല്ലാമുണ്ട്. കാട് ഭരിക്കുന്ന ഭീമന്മാരെ അടുത്ത് കാണാനുള്ള അവസരം ഇതേപോലെ കിട്ടുന്ന സ്ഥലങ്ങൾ വേറെ അധികമില്ല. ബ്രഹ്മപുത്രയുടെ സാന്നിധ്യവും അടുത്തുള്ള മികിർ മലകളുടെ മനോഹരമായ കാഴ്ചയും കൂടിയാകുമ്പോൾ ആ അനുഭവം കൂടുതൽ സുന്ദരമാകുന്നു.

സന്ദർശിക്കാൻ പറ്റിയ സമയം 

വർഷം മുഴുവൻ മികച്ച കാലാവസ്ഥയാണ് കാസിരംഗയിൽ. ചൂടോ തണുപ്പോ ഒന്നും ഒരു പരിധിയിൽ കവിഞ്ഞു പോവാറില്ല. നവംബർ മുതൽ ജനുവരി വരെ ശൈത്യകാലമായും ഫെബ്രുവരി മുതൽ ജൂൺ വരെ വേനൽക്കാലമായും ജൂൺ-ജൂലൈ മൺസൂൺ ആയും കണക്കാക്കുന്നു. വർഷം മുഴുവൻ നേരിയ ചാറ്റൽമഴ ലഭിക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്.

കാണ്ടാമൃഗങ്ങൾ മാത്രമല്ല!

ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന പേരിലാണ് കാസിരംഗ ലോകപ്രശസ്തമായത്. എന്നാൽ കാണ്ടാമൃഗങ്ങൾ മാത്രമല്ല, കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, റോക് പൈത്തൺ, മോണിറ്റർ ലിസാർഡ്, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ മുതലായവയും ഇവിടെയുണ്ട്.

1999 നവംബറിൽ കാസിരംഗ ദേശീയോദ്യാനം വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട്-ടൈഗർ കൺസർവേഷൻ പ്രോഗ്രാം (WWF-TCP) രാജ്യത്തെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നായി തിരഞ്ഞെടുത്ത് മില്ലേനിയം അവാർഡ് നൽകി.

മിഹി മുഖ് ആണ് പാർക്കിന്റെ ആരംഭസ്ഥാനം. സങ്കേതത്തിനുള്ളിലേക്ക് കടക്കാൻ ഇവിടെ നിന്നും ആനകളെ വാടകയ്ക്ക് കിട്ടും. അതിരാവിലെ തന്നെ ആനസവാരി നടത്തിയാൽ  വന്യമൃഗങ്ങളെ ഏറ്റവും അടുത്ത് കാണാനുള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആനകൾക്ക് കൃത്യമായി പരിശീലനം നൽകാൻ കഴിവുറ്റ പാപ്പാന്മാരുണ്ട്. അവർ ആനകളെ നിയന്ത്രിച്ചു കൊണ്ട് കൂടെത്തന്നെ വരും. വഴിയിൽ ശാന്തരായി കടന്നു പോകുന്ന കാണ്ടാമൃഗങ്ങളെ കാണാം. സമാധാനപ്രിയരായ ഇവർ ആരെയും ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ പോകാതെ സ്വന്തം ജീവിതത്തിൽ മാത്രം മുഴുകിക്കഴിയാൻ ഇഷ്ടപ്പെടുന്നവരാണ്.

ആനസവാരി താല്പര്യമില്ല എന്നുണ്ടെങ്കിൽ വാച്ച് ടവറുകളിൽ കയറി വന്യമൃഗങ്ങളെ നിരീക്ഷിക്കാം. ടൂറിസ്റ്റുകൾക്കായി ഇവിടെയുള്ള റിനോലാന്റ് പാർക്കിൽ ബോട്ട് സവാരി ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com