ADVERTISEMENT

മിക്ക സഞ്ചാരികളും കാട്ടിലേക്കുള്ള യാത്ര ഏറെ ഇഷ്ടപ്പെടുന്നവരാണ്. വനമേഖല ധാരാളമുള്ള, വൈൽഡ് ട്രിപ്പിനു പറ്റിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെയുള്ള അത്തരം ചില സ്ഥലങ്ങളെപ്പറ്റി അറിയാം.

സുന്ദർബൻസ്, ബംഗാൾ

ലോകത്തിലെ ഏറ്റവും വലിയ സജീവ ഡെൽറ്റകളിലൊന്നായ, സുന്ദർ മാംഗ്രോവ് മരങ്ങളിൽനിന്ന് ലേബൽ നേടിയ സുന്ദർബൻസ് ഇന്ത്യയിലും ബംഗ്ലദേശിലുമായി വ്യാപിച്ചു കിടക്കുന്ന വനപ്രദേശമാണ്. 40,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തീരദേശ കണ്ടൽ വനമാണിത്. 260 ലധികം ഇനം പക്ഷികളും കറുത്ത വരയുള്ള റോയൽ ബംഗാൾ കടുവയുമുള്ള ഈ വനത്തിൽ 102 ദ്വീപുകളുണ്ട്, അവയിൽ 54 എണ്ണം വാസയോഗ്യമാണ്.

sundarban-national-park

വിനോദസഞ്ചാരികൾക്ക് താമസസൗകര്യമുള്ള ഏറ്റവും വലിയ ദ്വീപാണ് ഗോസബ. ഇവിടെയടക്കം പലയിടത്തും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദ്വീപിലെ ജലപാതകളിൽ ബോട്ട് സഫാരി,  സജ്നെഖലെ പക്ഷിസങ്കേതത്തിൽ പക്ഷിനിരീക്ഷണം, ഭഗബത്പുർ മുതല വളർത്തു കേന്ദ്ര സന്ദർശനം, എന്നിവയെല്ലാം ഇവിടെയുണ്ട്.

ജിം കോർബറ്റ് നാഷനൽ പാർക്ക്, ഉത്തരാഖണ്ഡ്

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ജിം കോർബറ്റ് നാഷനൽ പാർക്ക് 1936 ൽ ഹെയ്‌ലി നാഷനൽ പാർക്ക് എന്ന പേരിലാണ് സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എഡ്വേർഡ് ജയിംസ് കോർബറ്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 488 ഇനം സസ്യജാലങ്ങൾ, ഇടതൂർന്നതും ഈർപ്പമുള്ളതുമായ 73% ലധികം വരുന്ന ഇലപൊഴിയും വനം, 50 ഇനം സസ്തനികൾ, 580 ഇനം പക്ഷികൾ, 25 ഇനം ഉരഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പാർക്ക് ടൈഗർ റിസർവ് ഓർഗനൈസേഷന്റെ കീഴിലുള്ള ആദ്യത്തെ പദ്ധതിയാണ്.

 വർഷം മുഴുവനും ജിം കോർബറ്റ് പാർക്ക് സന്ദർശിക്കാമെങ്കിലും മിതശീതോഷ്ണ കാലാവസ്ഥ കാരണം എല്ലാ സോണുകളും തുറന്നിരിക്കുന്നതിനാൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സന്ദർശിക്കുന്നതാണ് നല്ലത്. ആന സഫാരി, ജീപ്പ് സഫാരി, കാന്റർ സഫാരി തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. 

കൻഹ നാഷനൽ പാർക്ക് 

റൂഡ്‌യാർഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്കിന്റെ പ്രചോദനം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 1955 ൽ സ്ഥാപിതമായി 1974 ൽ കടുവ പദ്ധതിയായി ഉൾപ്പെടുത്തിയ കൻഹ ദേശീയ ഉദ്യാനമാണ് ആ ഇതിഹാസ രചനയുടെ പ്രചോദനം. വംശനാശ ഭീഷണി നേരിടുന്ന സ്വാംപ് കരടികളുടെയും ബംഗാൾ കടുവകളുടെയും രക്ഷാകേന്ദ്രമാണിത്. 

kanha-national-park

 

മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന കാൻഹ നാഷനൽ പാർക്ക് മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാർക്കും ഏഷ്യയിലെ ഏറ്റവും മികച്ച പാർക്കുകളിലൊന്നുമാണ്. വലിയ സസ്തനികളുടെ 22 ഇനങ്ങളിൽ, റോയൽ ബംഗാൾ കടുവകളാണ് പ്രധാന ആകർഷണം. വംശനാശ ഭീഷണി നേരിടുന്ന ബരസിംഗ എന്ന മാനും ഇവിടെയുണ്ട്.

പിച്ചവരം കണ്ടൽ വനം, തമിഴ്നാട്

ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടൽ വനമായ പിച്ചവരം ഒരു സമാധാനപരമായ വാരാന്ത്യ യാത്രയ്ക്ക് അനുയോജ്യമായ ഓഫ്-ബീറ്റ് വനമാണ്. 50 ദ്വീപുകളും 4400 കനാലുകളും 200 തരം പക്ഷിമൃഗാദികളുമുള്ള വനമേഖല 2004 ലെ സുനാമിയിൽ ഉൾനാടൻ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഒരു ബഫർ സോണായി പ്രവർത്തിച്ചു. ചൂട് കുറവായ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് സന്ദർശിക്കുന്നതാണ് ഉചിതം. പക്ഷിനിരീക്ഷണം, മീൻപിടുത്തം, കയാക്കിങ്, ബോട്ടിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ഗിർ നാഷണൽ പാർക്ക്, ഗുജറാത്ത്

ആഫ്രിക്കയ്ക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന ഏക സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ഉദ്യാനം സ്ഥാപിച്ചത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്. ലയൺ സഫാരിയാണ് മുഖ്യ ആകർഷണം. 

നീലഗിരി ബയോസ്ഫിയർ റിസർവ്

നീലഗിരി ബയോസ്ഫിയർ റിസർവ് യുനെസ്കോ അംഗീകാരമുള്ള രാജ്യാന്തര ജൈവ വൈവിധ്യമണ്ഡലമാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം, മുതുമലൈ ദേശീയോദ്യാനം, ബന്ദിപ്പുർ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു. 5,520 ച. കി.മീ പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ വനമേഖല ലോകത്തെ അപൂർവമായ പക്ഷി–മൃഗ–സസ്യ കലവറയാണ്.

ബയോസ്ഫിയർ റിസർവിലെ വന്യജീവികളെ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ട്രെക്കിങ് ആണ്. അവിടെ നിങ്ങൾക്ക് മൃഗങ്ങളെ വളരെ ദൂരെനിന്ന് കാണാം. മാത്രമല്ല, പശ്ചിമഘട്ടത്തിലെ മനോഹരമായ കാഴ്ചകളും ആസ്വദിക്കാനാകും.

ഇവിടുത്തെ ഒരു പ്രധാന ഭാഗം പ്രോജക്ട് ടൈഗർ, പ്രോജക്ട് എലിഫന്റ് എന്നിവയ്ക്ക് കീഴിലാണ്. അതിനാൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണിത്. ആനകളും കടുവകളും ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആകുമ്പോൾ ഇന്ത്യൻ പുള്ളിപ്പുലി, മലബാർ ഭീമൻ അണ്ണാൻ, സിംഹവാലൻ കുരങ്ങ്, ഗ്രേ ലങ്കൂർ എന്നിവയും കണ്ണിൽപ്പെടും.വിവിധതരം സസ്യങ്ങളും ഓർക്കിഡുകളും ഉൾപ്പെടുന്ന സസ്യജാലങ്ങൾക്കും ദേശീയ ഉദ്യാനം പ്രസിദ്ധമാണ്. ഇവയിൽ ചിലത് നീലഗിരി ബയോസ്ഫിയർ റിസർവുകളിൽ മാത്രമേ കണ്ടെത്താൻ കഴിയൂ.

English Summary: best places for wild trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com