ADVERTISEMENT

വനസമ്പത്താൽ സമൃദ്ധമാണ് കെനിയ. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് ഇവിടം. പരിമിതമായ ജീവിത സാഹചര്യങ്ങളെയും ആഘോഷപൂര്‍വ്വം നെഞ്ചിലേറ്റി ജീവിക്കുന്ന ഒരു സമൂഹമാണ് കെനിയയിലുള്ളത്. തലസ്ഥാനമായ നയ്റോബിയാണ് രാജ്യത്തെ ഏറ്റവും വലിയ നഗരം. ആഫ്രിക്കയുടെ സഫാരി ക്യാപിറ്റൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. നയ്റോബിയിൽനിന്ന് മസായി മാറയിൽ സഫാരി പോകാം. 

masai-mara-trip1

മസായി മാറാ നാഷനൽ പാർക്കിലേക്ക്

masai-mara-trip8

മസായി മാറാ പാർക്കിന്റെ വലിയ ഗേറ്റിനു മുന്നിൽ എത്തി. ഞങ്ങളുടെ എല്ലാം പാസ്പോർട്ടുമായി ചാൾസ് എൻട്രൻസ് ടിക്കറ്റ് എടുക്കുവാൻ പോയി. മസായി മാറാ പാർക്കിലേക്കു കയറുന്ന ഗേറ്റിനു വശത്തായി കുറേ മസായി അമ്മൂമ്മമാർ ഇരിപ്പുണ്ട്. വാഹനം ഗേറ്റിന്റെ മുന്നിൽ നിർത്തിയതും അവരെല്ലാവരും ഒാടിയെത്തി.  കുറേ മാലയും വളയും ചരടുകളും ഒക്കെയായി അവരുടെ പരമ്പരാഗത ആഭരണങ്ങളും തുണികളും വിൽക്കുന്നവരാണ്.

masai-mara-trip10

വാഹനത്തിന്റെ ഗ്ലാസ് തുറക്കരുതെന്ന് ചാൾസ് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. കാരണം ഏതെങ്കിലും ആഭരണത്തിൽ തൊട്ടാൽ പിന്നെ അത് വാങ്ങാതെ അവർ വിടില്ലത്രേ. അതുകൊണ്ട് ഞങ്ങൾ ആരും ഒന്നും നോക്കിയില്ല. കുറച്ചു നേരം നോക്കി നിന്ന ശേഷം രക്ഷയില്ല എന്ന് മനസ്സിലാക്കി എല്ലാവരും തിരിച്ചു പോയി. അപ്പോഴേക്കും ചാൾസ് ടിക്കറ്റുമായി തിരിച്ചു വന്നിരുന്നു. ടിക്കറ്റ് എടുക്കാൻ പാസ്പോർട്ട്‌ നിർബന്ധമാണ്. തോക്കുമായി ഗേറ്റിൽ കാവൽ നിൽക്കുന്ന റേഞ്ചർ ഗേറ്റ് തുറന്നു. അകത്തു കയറി വണ്ടിയുടെ റൂഫ് പൊക്കി വച്ച് ഞങ്ങൾ ഞങ്ങളുടെ ഡ്രൈവ് ആരംഭിച്ചു.

masai-mara-trip2

കിലോമീറ്ററുകൾ അകലത്തില്‍ മാത്രം ഓരോ മരങ്ങളുള്ള, പച്ചപ്പുല്ലു നിറഞ്ഞ അതിമനോഹരമായ സ്ഥലം... ആയിരക്കണക്കിന് വൈൽഡ് ബീസ്റ്റുകളെയും കാണാം. 40-50 കിലോമീറ്റർ സ്പീഡിൽ ഓഫ്‌ റോഡിൽ ഞങ്ങളുടെ ലാൻഡ്ക്രൂസർ പോകുകയാണ്… വന്യമൃഗം ഉള്ള സ്ഥലം കണ്ടുപിടിക്കാനുള്ള യാത്ര… അങ്ങനെ പോകുമ്പോൾ അതാ വണ്ടിയിലെ വയർലെസ്സ് ശബ്ദിക്കുന്നു. ചാൾസ് ഉടനെ ക്യാമറ താഴെവച്ച് പിടിച്ചിരിക്കാൻ പറഞ്ഞു. എന്നിട്ട് കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ  വാഹനം പറപ്പിക്കാൻ തുടങ്ങി. സംഭവം വേറെ ഒന്നുമല്ല. മസായി മാറായിലെ ഏറ്റവും പ്രസിദ്ധമായ അഞ്ചുപേർ അടങ്ങുന്ന ചീറ്റാ കുടുംബം.. അവർ അവിടെ ഒരു വൈൽഡ് ബീസ്റ്റിനെ വേട്ടയാടി പിടിക്കുകയാണ് എന്നാണ് മെസേജ് വന്നത് ഇവിടുത്തെ ഗൈഡുകൾ പരസ്പര സഹകരണമുള്ളവരാണ്. ഒരാൾ എതെങ്കിലും മൃഗത്തിനെ കണ്ടാൽ  ഉടനെ വെയർലെസ്സിലൂടെ എല്ലാവരേയും അറിയിക്കും.

masai-mara-trip5

നിർഭാഗ്യവശാൽ ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും വേട്ട കഴിഞ്ഞ് അവർ അതിനെ അകത്താക്കാൻ തുടങ്ങിയിരുന്നു. ചാൾസ് വാഹനം കുറച്ചു ദൂരത്തായി ഒതുക്കി. ചുറ്റും കൂടി നിൽക്കുന്ന കാഴ്ചക്കാരെ വക വയ്ക്കാതെ അവർ ഇരയെ കടിച്ചു കീറി ആസ്വദിച്ചു തിന്നുകയാണ്. കുറേ നേരം അവിടെ നിന്ന് അവരുടെ ഒരുപാട് ചിത്രങ്ങള്‍ ക്യാമറയിലാക്കി. ശേഷം യാത്ര തുടർന്നു. കാട്ടിലെ രാജാവിനെ തേടിയുള്ള യാത്രയായിരുന്നു. 

കുറച്ചു നേരം കറങ്ങിയിട്ടും കാട്ടിലെ രാജാവിനെ കാണാനായില്ല. ചാൾസ് പറഞ്ഞു, ഈ സമയത്ത് സിംഹത്തിനെ കണ്ടുപിടിക്കാൻ എളുപ്പമാണ്. കാരണം, സിംഹവും പുലിയും ഒക്കെയുള്ള സ്ഥലങ്ങളിൽനിന്നു വൈൽഡ് ബീസ്റ്റുകളും സീബ്രകളും ഒഴിഞ്ഞു മാറി നിൽക്കും. അതാണ് സൂചന.

സിംഹത്തിന്റെ ചില പ്രത്യേകതകൾ അറിയാം

masai-mara-trip11

പൂച്ച വിഭാഗത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ മൃഗമാണ് സിംഹം. ഒന്നാമത്തെ മൃഗം കടുവയാണ്. കൂട്ടമായി താമസിക്കുന്ന ഇവരിൽ നല്ല വേട്ടക്കാർ പെൺ സിംഹങ്ങളാണ്. മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെങ്കിലും ഏതാനും മിനിറ്റ് മാത്രം ഓടാനുള്ള ശക്തിയേയുള്ളൂ.

masai-mara-trip9

പൂർണ വളർച്ചയെത്തിയ ഒരു ആണ്‍ സിംഹത്തിനു 180 കിലോയോളം തൂക്കം വരും. മാത്രമല്ല ഇവന്റെ ഗർജനം 8 കിലോമീറ്ററോളം ദൂരെ കേൾക്കും.

masai-mara-trip6

അങ്ങനം സിംഹത്തെ അന്വേഷിച്ചുള്ള യാത്രയിലാണ് പെട്ടെന്നൊരു വയർലെസ്സ് സന്ദേശം കിട്ടുന്നത്. സിംഹത്തെ സ്പോട്ട് ചെയ്തു എന്ന്. ഉടനെ അങ്ങോട്ട്‌ പാഞ്ഞു. ഞങ്ങൾ ചെല്ലുമ്പോൾ ഇവർ ഭക്ഷണമൊക്കെ കഴിഞ്ഞു പുല്ലിൽ കിടക്കുകയാണ്. വൈൽഡ് ബീസ്റ്റ് മൈഗ്രേഷൻ സമയത്ത് ഇവർക്ക് ഭക്ഷണത്തിനു ഒരു ബുദ്ധിമുട്ടും ഇല്ല. ദിവസത്തിൽ 15 മുതൽ 20 മണിക്കൂർ വരെ സുഖ ഉറക്കം തന്നെ പരിപാടി.

masai-mara-trip7

ആൺ സിംഹം ഒരു കുൽസിത പ്രവൃത്തിക്കുള്ള ഒരുക്കത്തിലാണ്. ഞങ്ങൾ ക്യാമറ ഒരുക്കി നിന്നു. രാജാവ് രാജ്ഞിയുടെ മുകളിൽ ചാടിക്കയറിയതും കാര്യം നടത്തിയതും എല്ലാം ഞൊടിയിടയിൽ അവസാനിച്ചു. ദിവസം ഒരുപാട് തവണ ഇത് നടക്കാറുണ്ട് എന്ന് ചാൾസ് പറഞ്ഞു.

masai-mara-trip4

ചാൾസ് പതുക്കെ വണ്ടികൊണ്ടുവന്ന് ഒരു 3-4 മീറ്റർ അടുത്ത് നിർത്തി. വാഹനം തിരിക്കുവാനായി ആക്‌സലേറ്റർ ഒന്ന് ചവിട്ടിയപ്പോൾ അതിൽ ഒരുവൻ എഴുന്നേറ്റു നിന്നു ചാൾസിനെ ഒരു നോട്ടം.

‘നിന്റെ വണ്ടിയും എടുത്തോണ്ട് ഇപ്പൊ ഇവിടുന്നു പോയില്ലെങ്കിൽ, എല്ലാംകൂടി വലിച്ചു പറിച്ചു ഞാൻ ദൂരെ കളയും’ എന്ന ഭാവം. അതുകൊണ്ടു ഞങ്ങൾ പതിയെ വണ്ടിയും എടുത്തു അവിടന്ന് സ്കൂട്ടായി. കാട്ടിലെ രാജാവിന്റെ ഒരുപാടു നല്ല ചിത്രങ്ങൾ പകർത്തിയ സന്തോഷത്തിലായിരുന്നു യാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com