ഗുഹയിൽ തൂങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു പാമ്പുകള്‍; കൊടുംവനത്തിനുള്ളിലെ ഇൗ കാഴ്ച കാണാം

Snake-cave-2
Representative Image
SHARE

അതിശയിപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞ ലോകത്തേക്ക് സഞ്ചരിക്കാനാണ് മിക്ക യാത്രികർക്കും പ്രിയം. ഒരായുസ്സിനിടയിലും കണ്ടു തീര്‍ക്കാനാവാത്ത മനോഹാരിത നിറഞ്ഞ ഇടങ്ങള്‍ ഈ ഭൂമിയിലുണ്ട്. പോകുവാനുള്ള സൗകര്യങ്ങളും ഉള്ളിലെ ധൈര്യവും അനുസരിച്ച് ചിലര്‍ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്ന ചില ഇടങ്ങളുമുണ്ട്. അങ്ങനെയൊരിടത്തേക്ക് യാത്ര തിരിക്കാം.

മെക്സിക്കോയിലെ ക്വിന്‍റാന റൂയിലെ കാന്‍റമോ ഗ്രാമത്തിന് സമീപമുള്ള യുകാറ്റന്‍ മഴക്കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഗുഹ പേരു കേട്ടത് അതില്‍ നിറഞ്ഞിരിക്കുന്ന പാമ്പുകളുടെയും വവ്വാലുകളുടെയും പേരിലാണ്. പാമ്പുകളെ ഇഷ്ടമുള്ള വിനോദസഞ്ചാരികളുടെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഇവിടം.  ഗുഹയുടെ ഉയരത്തിലുള്ള മുകള്‍ഭാഗത്തിലെ ദ്വാരങ്ങളില്‍ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു പാമ്പുകളെ ഇവിടെ കാണാം. 

പ്രദേശവാസികള്‍ ഈ ഗുഹയെ “ബാറ്റ് കേവ്” എന്നാണ് വിളിക്കുന്നത്. ഇവിടെ വസിക്കുന്ന നൂറുകണക്കിന് വവ്വാലുകള്‍ ആണ് ആ പേരിനു പിന്നില്‍. പാമ്പുകളെക്കാള്‍ പെട്ടെന്ന് ഇവയെ കാണാന്‍ സാധിക്കും. ഗുഹയുടെ വിള്ളലുകളിൽ വസിക്കുന്ന ഇവയെ പലപ്പോഴും പാമ്പുകള്‍ ഭക്ഷണമാക്കുന്നു. പറന്നു നടക്കുന്ന വവ്വാലുകളെ പിടിക്കാന്‍ പുറത്തേക്ക് തല നീട്ടുന്ന പാമ്പുകളുടെ വിചിത്രമായ ഇരപിടിത്ത കാഴ്ചയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമാണ്. ഗുഹയ്ക്കുള്ളില്‍ വസിക്കുന്ന ആറുതരം വവ്വാലുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

വവ്വാലുകള്‍ക്കും പാമ്പുകള്‍ക്കും പുറമേ ഗുഹയുടെ ഉള്ളിലുള്ള മറ്റൊരു ഭാഗത്ത് അപൂര്‍വ്വമായ ബ്ലൈന്‍ഡ് ആൽബിനോ ക്രസ്റ്റേഷ്യനുകളെയും കാണാം. കൊഞ്ച്, ചെമ്മീൻ, ഞണ്ട് എന്നിവ ഉള്‍പ്പെടുന്ന ആർത്രോപോഡ് ഫൈലത്തിലെ ജീവികളാണ് ക്രസ്റ്റേഷ്യനുകൾ. ചുറ്റുമുള്ള വനത്തിലും തടാകത്തിലുമായി അറുപതോളം ഇനം പക്ഷികളെയും, മുതലകൾ, മത്സ്യങ്ങൾ എന്നിവയെയും കാണാം.

ഓരോ വര്‍ഷം കഴിയുന്തോറും ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പ്രതിവർഷം മുന്നൂറിലധികം സന്ദർശകർ ഗുഹയിലെത്തുന്നതായാണ് കണക്ക്. മനോഹരമായ വനപ്രദേശത്തിലൂടെയുള്ള യാത്ര പലപ്പോഴും നഗരത്തിരക്കില്‍ നിന്നുള്ള ഒരു മോചനമായാണ് സഞ്ചാരികള്‍ കരുതുന്നത്. 

സൂക്ഷ്മതയോടെ സംരക്ഷിക്കുന്ന പ്രകൃതിയായതിനാല്‍ സഞ്ചാരികള്‍ ഇവിടെയെത്തുമ്പോള്‍ ചില നിയമങ്ങളും ചിട്ടകളും പാലിക്കേണ്ടതുണ്ട്. ഒരു സർട്ടിഫൈഡ് ഗൈഡിനൊപ്പം മാത്രമേ സന്ദർശകർക്ക് ഈ പ്രദേശത്തു കൂടെ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. ഇവിടെയുള്ള ഒരു ജീവികളെയും ശല്യപ്പെടുത്താനോ സ്പർശിക്കാനോ പാടില്ല. ഒരു ഗ്രൂപ്പില്‍ പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ. 

എന്നാല്‍ ഇവിടെ മാത്രമല്ല ഇത്തരത്തിലുള്ള കാഴ്ച കാണാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നത്. പ്യൂർട്ടോ റിക്കോയിലും ഇത്തരത്തിലുള്ള ഒരു ഗുഹയുണ്ട്.

English Summary: Cave of the Hanging Snakes Mexico

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA