കോർബെറ്റിലെ ആ ഒറ്റക്കൊമ്പൻ

SHARE

മനസ്സിലുണ്ട് ഇപ്പോഴും. പ്രൗഢ ഗംഭീരനായ ആ ഒറ്റക്കൊമ്പന്റെ സൗഹൃദ ഭാവം. കഴിഞ്ഞ വർഷത്തെ കാടിൻയാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട അനുഭവമായിരുന്നു ജിം കോർബെറ്റ്‌ ദേശീയോദ്യാനത്തിലേത്. ആ യാത്രയിൽ ഞങ്ങൾക്കൊപ്പം കാടിൻ വഴികളിലൂടെ നടന്നു വന്നൊരു കരിവീരൻ. സമാധാനപ്രിയനായ ആ ഒറ്റക്കൊമ്പൻ കിലോമീറ്ററുകളോളം ഞങ്ങൾക്ക് പിന്നാലെ നടന്നു വന്നൊരു അനുഭവം. പത്തു വർഷത്തെ കാടനുഭവങ്ങൾ ഉള്ള എനിക്കതു വേറിട്ട കാഴ്ചയായി.

കഴിഞ്ഞ നാലുവർഷമായി കോർബെറ്റ്‌ എന്റെ പ്രിയപ്പെട്ട ഇടമായി മാറിയിട്ട്. എന്റെ ഫോട്ടോഗ്രാഫി മെന്ററും സുഹൃത്തുമായ പ്രവീൺ പി മോഹൻദാസിന്റെ ആനചിത്രങ്ങൾ കണ്ടിട്ടാണ് അദ്ദേഹത്തിനൊപ്പം ഒരു മഞ്ഞുകാലത്ത് കോർബെറ്റിൽ പോവുന്നത്. ആ യാത്ര അത്രയും കാലമായിട്ടുള്ള കാടനുഭവങ്ങളെ മാറ്റിമറിച്ചു.

ഉത്തരഖണ്ഡിലെ ഏറ്റവും വിസ്തൃതമായ കാടുകളിൽ ഒന്ന്, നൈനിറ്റാൾ ജില്ലയിൽ ഉൾപ്പെടുന്നയിടം,ഈ ദേശീയോദ്യാനത്തെ ആറുസോണുകളായി തിരിച്ചിട്ടുണ്ട്. ഇതിലെ ഡിക്കല സോണിലാണ് ഞാൻ സ്ഥിരമായി പോവാറുള്ളത്. ഏറ്റവും കൂടുതൽ ആന കാഴ്ചകൾ ക്യാമറയിൽ പകർത്താൻ കഴിയുന്നതും ഇവിടുന്നു തന്നെ. രാംഗംഗനദിയുടെ കൈവഴികളിൽ തീരത്തുള്ള വൻവൃക്ഷങ്ങൾ നിറഞ്ഞ സാമ്പാർ റോഡ്, ഗ്രാസ് ലാൻഡ്, സാല്‍മരങ്ങൾ ഇരുവശങ്ങളുമുള്ള ആനത്താരകൾ അങ്ങനെയങ്ങനെ വിസ്‌തൃതമായ ടിക്കല റേഞ്ച്. ഏറ്റവും കൂടുതൽ ഫോട്ടോഗ്രാഫർമാർ എത്തുന്നതും ഇവിടെക്കാണ്.

കാട്ടിലേക്കുള്ള സഫാരി

ടിക്കലയിൽ ഫോറസ്റ്റ് ലോഡ്ജ് ഉണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണി കഴിപ്പിച്ച ഒന്നാണ്. ഇവിടെയാണ് താമസിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡോർമെറ്ററിയും റൂമുകളും ഉണ്ട്. സഫാരി തുടങ്ങുന്നതു രാവിലെ ആറുമണിയോടെയായിരുന്നു. ഡിപ്പാർട്മെന്റിന്റെ ലൈസൻസ് നേടിയിട്ടുള്ള ജീപ്പിൽ ഡ്രൈവറോടും ഗൈഡിനൊപ്പം കാട്ടിലേക്ക് തിരിച്ചു.

എല്ലാവരും ആദ്യം പോകുന്നത് രാംഗംഗ നദിയുടെ തീരത്തേക്കാണ്. സൂര്യോദയ ശോഭയിൽ തിളങ്ങുന്ന ഓളപ്പരപ്പ്‌ ആരെയും ആകർഷിക്കും. പുൽമേടുകളും കടന്നു കൂട്ടംകൂട്ടമായി എത്തുന്ന ആനക്കൂട്ടങ്ങൾ. അവ നദിക്കരയിൽ നിന്ന് വെള്ളത്തിലേയ്ക്ക്. അവയുടെ നീരാട്ട്, കുട്ടിയാനകളുടെ കുറുമ്പ് കളികൾ, ക്യാമറക്കു ഒരു നിമിഷം പോലും ഒഴിവില്ലാതെ ക്ലിക്ക് ചെയ്തു കൊണ്ടിരിക്കും. അതുപോലെ തന്നെയാണ് സൂര്യസ്തമയങ്ങളും. നദിക്കരയെക്കാൾ നല്ല ഫ്രെയിമുകൾക്കായി എല്ലാവരും ഗ്രാസ്സ്‌ലാന്റിൽ എത്തും. മരക്കൂട്ടങ്ങൾക്കിടയിൽ നിന്നു ആനകൂട്ടങ്ങൾ ഇറങ്ങി പുൽമേടിലൂടെ നടന്നു പോവുന്ന കാഴ്ചയുണ്ട്. അസ്തമയ സൂര്യനൊപ്പം ആനക്കൂട്ടങ്ങളും.

Jim-Corbett-National-Park1

ഹൃദയത്തിൽ തൊട്ട ഫ്രെയിമുകൾ 

ഏറ്റവും കൂടുതൽ ആന കാഴ്ചകൾ  ക്യാമറയിലേക്കു പകർത്തിയത് ടിക്കലയിൽ നിന്നാണ്. അതുകൊണ്ട് തന്നെ "ആന ചിത്രങ്ങൾ മാത്രമുള്ള തീം സീരിസ് ചെയ്യാൻ കഴിഞ്ഞു .."Motherhood ", "കുട്ടിയാന" എന്നിങ്ങനെ. സാൽമരങ്ങൾക്കിടയിലൂടെ അമ്മയെ നയിച്ച് കൊണ്ടുപോകുന്ന കുട്ടിയാന, നദിയോളങ്ങളിൽ കുറുമ്പ് കാണിക്കുന്ന കുഞ്ഞാന, ആനക്കൂട്ടങ്ങൾക്കിടയിൽ, കുഞ്ഞിനെ കരുതലോടെ കാലുകൾക്കിടയിൽ ഒളിപ്പിച്ചു നിൽക്കുന്ന ആനക്കൂട്ടങ്ങൾ.. പുൽമേടിലെ ഗജയുദ്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ അനുഭവങ്ങൾ. ഫ്രെയിമുകൾ.

ആ ഒറ്റക്കൊമ്പൻ 

ഞങ്ങൾ നാലുപേരടങ്ങുന്ന സംഘമാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്.പ്രവീണും കുടുംബവും ഞാനും ഭർത്താവ് സുരേഷും. മൂന്നു ദിവസത്തെ ആറ് സഫാരി. ആനക്കൂട്ടങ്ങളും പാർവാലി എന്ന കടുവയും കുഞ്ഞും പക്ഷി കൂട്ടങ്ങളുമൊക്കെയായ് മൂന്നു ദിവസം കടന്നു. അവസാനത്തെ സഫാരിയുടെയന്നാണ്‌ ആ ഒറ്റക്കൊമ്പൻ ഫ്രെമിലേക്കു എത്തുന്നത്. രംഗംഗനദിക്കരയിൽ നിന്ന് തിരിച്ചു പോവാം എന്ന് പറയുന്നതിനിടയിലാണ് ഞങ്ങളുടെ ഗൈഡ് എമു പറയുന്നത്. "നോക്കു നദി കടന്ന് ടസ്ക്കർ വരുന്നു. നമ്മുക്ക് നോക്കാം. അങ്ങനെ ഒഴുക്കില്ലാത്ത നദിയുടെ വശങ്ങളിലൂടെ ഗാംഭീര്യത്തോടെ അവൻ നടന്നു വന്നു. പിന്നെ നദിക്കരയിൽ നിന്ന് കുത്തനെയുള്ള കയറ്റിലൂടെ ചരൽ വഴിയിലേക്ക് വരുന്നു – എമു പറഞ്ഞു. "നമുക്കിതിരി മുന്നേ പോവാം. അവൻ ഈ സാംബാർ റോഡിലൂടെ തന്നെയാണ് മുന്നോട്ടു പോവുക .നമുക്ക് നല്ല ചിത്രങ്ങൾ എടുക്കാം."

പറഞ്ഞ പോലെ തന്നെ സംഭവിച്ചു. അവൻ പതുക്കെ തലയാട്ടി മുന്നോട്ടു നടക്കുന്നു. ഒരു സേഫ് ഡിസ്റ്റൻസിട്ടു ഞങ്ങളും മുന്നോട്ടു പതുക്കെ നീങ്ങി. ഇടക്കിടെ നീണ്ട തുമ്പികൈയുയർത്തി ഇലകൾ പറിച്ചു അകത്താക്കി. ഇടക്കൊന്നു നോക്കും ഞങ്ങളും നിശബദരായി അവനെ തന്നെ ശ്രദ്ധിച്ചിരുന്നു. ചിത്രങ്ങളെടുത്തു. വെളിച്ചത്തിന്റെ പ്രസരിപ്പിൽ, തണലിന്റെ ഇരുളിമയിൽ, അവന്റെ മസ്തകത്തിന്റെ ഗാംഭീര്യം ഉയർന്നു തന്നെ നിന്നു. നദിക്കരയിൽ നിന്നു ഏതാണ്ട് രണ്ടു കിലോമീറ്ററാറോളം അവൻ ഞങ്ങൾക്ക് പിന്നാലെ നടന്നു. വളരെ പതുക്കെ.എന്റെ രണ്ടു മെമ്മറി കാർഡ് നിറയെ അവന്റെ ചിത്രങ്ങളാണ്.

വെളിച്ചവും ഇരുളും ഇടകലർത്തി എത്രയോ ചിത്രങ്ങൾ എടുത്തു. ഇതിനിടയിൽ വലിയ കയറ്റങ്ങൾ കയറി. ഇറക്കങ്ങളിൽ ഞങ്ങൾ കാത്തു നിന്നു. അപ്പോഴും എന്തൊരു സമാധാന പ്രിയനായി ആണെന്നോ അവൻ വന്നത്. അങ്ങനെ സാംബാർ റോഡ് കഴിയുന്നിടത്തുള്ള മരക്കൂട്ടങ്ങൾക്കിടയിൽ നിന്നു. പിന്നെ സാൽമരങ്ങൾക്കിടയിലൂടെ നടന്നു പോയി.

ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഏതാണ്ട് മുക്കാൽ മണിക്കൂറോളം ഞങ്ങൾക്കരുകിൽ. ഒറ്റക്കൊമ്പൻ. മനസ്സും കണ്ണും നിറയെ ആ ഗംഭീര രൂപം. ഒട്ടും ഭയം തോന്നാതെ ഞങ്ങൾക്കവനെ അടുത്ത് കാണാൻ കഴിഞ്ഞു. അവനും ഞങ്ങൾ ഒരു ശബ്ദം കൊണ്ട് പോലും ശല്യപെടുത്തിയില്ല.‌ ആ നടത്തവും. ഗാംഭീര്യവും ശാന്തതയും എന്റെ ആനപ്രേമം കൂട്ടിയേയുള്ളു. കോർബറ്റിൽ നിന്നു തിരിച്ചു പോരുമ്പോൾ. അവനോടൊപ്പമുള്ള മൂക്കാൽ മണിക്കൂർ കാഴ്ചകളായിരുന്നു കണ്ണ് നിറയെ. അത്രമേൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഇന്നും അവന്റെ ചിത്രങ്ങൾ.

കോർബറ്റിലെ ധിക്കാല സോണിൽ മാത്രമാണ് ഞാൻ പോവാറുള്ളത്. മഞ്ഞിലും മഴയിലും വെയിലിലും കോർബറ്റിന്റെ സൗന്ദര്യം കണ്ടിട്ടുണ്ട്.ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഇത്രത്തോളം ഫോട്ടോഗ്രാഫി സാധ്യതയുള്ള കാടു വേറെയില്ല. ആന, കടുവ, പുള്ളിപ്പുലി, ഹിമാലയൻ കരടി, തേൻകുടിയനാണ് കരടി എന്നിങ്ങനെ അമ്പതോളം സസ്തനികൾ... 577 തരം പക്ഷികൾ അങ്ങനെ ഏതു കോണിലേക്കും കാമറ വെച്ചാൽ ഫ്രെയിം ഉണ്ടാവും..പ്രത്യേകിച്ചും നദിക്കരയും പുൽമേടുകളും  ഉള്ളത്കൊണ്ട് വന്യതയുടെ ചിത്രങ്ങൾക്ക് സാധ്യത കൂടും.

സാധാരണ ഒക്ടോബർ പതിനഞ്ചു  മുതൽ ജൂൺ 15 വരെയാണ് കോർബെറ്റിലേക്കു പ്രവേശനം ഉള്ളു..മഴക്കാലത്തു ആരെയും കയറാൻ അനുവദിക്കുകയില്ല. മഞ്ഞുകാലത്തും വേനൽക്കാലത്തും രാവിലെയും വൈകിട്ടുമുള്ള സഫാരികളുടെ സമയം വ്യത്യസ്തമായിരിക്കും ..https://www.corbett-national-park.com വെബ്സൈറ്റ് വഴിയാണ് പ്രവേശനം ബുക്കുചെയ്യേണ്ടത്.

Jim-Corbett-National-Park5

ജിർണ സോൺ, ബിജ്‌റാനി സോൺ, സോനന്ദി സോൺ, ദുർഗ്ഗാദേവി സോൺ ഇവയൊക്കെയാണ് മറ്റു സോണുകൾ കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ഫ്ലൈറ്റിലും അവിടെ നിന്നു രാംനഗറിലേക്കു ട്രെയിനിലുംയാത്ര ചെയ്യും. വെളുപ്പിന് നമ്മളെ കൂട്ടാൻ ജീപ്പെത്തും. അവിടെന്നു തൊട്ടടുത്ത കോർബെറ്റ് മോട്ടലിൽ എത്തി ഒന്ന് ഫ്രഷായി ടിക്കലയിലേക്കു യാത്രയാകും. ഏതാണ്ട് 35 കിലോമീറ്ററോളം ഉൾകാട്ടിലേക്കു യാത്ര വേണം .അവിടെയാണ് ഫോറസ്റ്റ് ലോഡ്ജ്. നമ്മൾ ബുക്കു ചെയ്ത ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ ചെക്‌പോസ്റ്റ് കടക്കാൻ പാടുള്ളു. മതിയായ രേഖകൾ ഇല്ലാതെ ചെക് പോസ്റ്റിൽ കടത്തി വിടുകയില്ല. അത്ര കണിശമാണ് എൻട്രി. മാത്രമല്ല പ്ലാസ്റ്റിക് വെയിസ്റ്റുകൾ എന്നല്ല  ഒരു വേസ്റ്റുകളും അവിടെ നിക്ഷേപിക്കാൻ പാടില്ല. ചെക് പോസ്റ്റിൽ നിന്നു തരുന്ന ചാക്കിൽ സൂക്ഷിച്ചു വയ്ക്കണം. പോരുമ്പോൾ തിരിച്ചു കൊണ്ട് പോരുകയും വേണം അത്രയും ശ്രദ്ധയാണ് ഫോറസ്റ്റ് ഡിപ്പാർട്മെന്റും ഉത്തരാഖണ്ഡ് സർക്കാരും ഈ ദേശീയോദ്യാനത്തിനു നൽകുന്നത്. അവിടെ പോവുന്നവരും ആ കരുതൽ കാടിന് നൽകണം എന്ന് ഓർമപ്പെടുത്താറുണ്ട്.

തൃശ്ശൂർക്കാരിയായതു കൊണ്ടാവാം. ആനപ്രേമം എനിക്കൊപ്പം എപ്പോഴുമുള്ളത്. ആനയുള്ള കാടുകളോടാണ് ഏറ്റവും ഇഷ്ടം. കാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്ന കരിവീന്മാരെ, കുറുമ്പുള്ള കുട്ട്യാനകളെ, കാട്ടാനക്കൂട്ടങ്ങളെ കണ്ണുനിറയെ കണ്ടു ചിത്രങ്ങളെടുക്കണം എന്ന് തന്നെയാണ് എന്നും എപ്പോഴും ആഗ്രഹം. ഇടക്കിടെ ഓർമകൾ ഒറ്റയാനെ പോലെ കണ്ണിൽ നിറഞ്ഞു നിൽക്കും. പിന്നെ ഓരോ നിമിഷവും കോർബെറ്റ് എന്നെ മോഹിപ്പിച്ചു കൊണ്ടിരിക്കും. ഒരു തീർത്ഥാടകയേ പോലെ ഞാൻ അവിടെയെത്തും. കാട്ടിലെ എഴുന്നെള്ളത്തു കാണാൻ.

Jim-Corbett-National-Park3

മാധ്യമ പ്രവർത്തകയും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമാണ് ലേഖിക. നേച്വർ ഫോട്ടോഗ്രാഫറായ സീമ ഇന്ത്യയിലും വിദേശത്തും നിരവധി യാത്രകൾ നടത്തുകയും തന്റെ ചിത്രങ്ങളുടെ എക്സിബിഷനുകൾ നടത്തുകയും ചെയ്തിട്ടുണ്ട്

English Summary: Jim Corbett National Park Wildlife Photography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.