ADVERTISEMENT

പശ്ചിമഘട്ടത്തിന്‍റെ ഹരിതമനോഹാരിതയെക്കുറിച്ചും ജൈവ വൈവിദ്ധ്യത്തെക്കുറിച്ചുമെല്ലാം പറയാന്‍ തുടങ്ങിയാല്‍ തീരില്ല. സഞ്ചാരികളുടെ സ്വര്‍ഗമായ ഒട്ടേറെ സ്ഥലങ്ങള്‍ ഈ പര്‍വ്വതനിരകള്‍ക്കിടയിലുണ്ട്. ഒരിക്കല്‍ പോയാല്‍ വീണ്ടും പോകാന്‍ തോന്നുന്ന അത്തരമൊരു ഹില്‍സ്റ്റേഷനാണ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലുള്ള അംബോളി. മണ്‍സൂണ്‍ ട്രെക്കിങ്ങിനും നഗരത്തിന്‍റെ തിരക്കില്‍ നിന്നുള്ള രക്ഷപ്പെടലിനുമായി വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് ഈ കാടിന്‍റെ മടിത്തട്ടിലേക്ക് പറന്നെത്തുന്നത്.

നിറഞ്ഞുതുളുമ്പുന്ന ജൈവ വൈവിധ്യം

ഗോവയ്ക്കും മഹാരാഷ്ട്രയ്ക്കുമിടയില്‍ 2,260അടി ഉയരത്തില്‍, സഹ്യാദ്രിയുടെ ഭാഗമായ അംബോളി ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട 'ഇക്കോ ഹോട്ട് സ്പോട്ടു'കളില്‍ ഒന്നാണ്. മാന്‍, സമ്പാര്‍ മാന്‍, പുള്ളിപ്പുലി തുടങ്ങി നിരവധി വന്യജീവികള്‍ ഇവിടുത്തെ വനങ്ങളില്‍ വസിക്കുന്നു. കൂടാതെ, ഏകദേശം ഇരുപതിൽ അധികം ഇനം പാമ്പുകൾ, 24 ഇനം അപൂർവ തവളകൾ, ഇരുന്നൂറു തരം പക്ഷികൾ, അതിലേറെ ചിത്രശലഭങ്ങൾ തുടങ്ങി എഴുന്നൂറിലധികം അപൂർവ ജീവജാലങ്ങൾ എന്നിവയും ഇവിടെയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതൂർന്ന വനത്തിനുള്ളിൽ കാണുന്ന ‘അംബോളി ടോഡ്’ ലോകത്ത് ഇവിടെ മാത്രമുള്ള ഒരിനം അപൂർവ തവളയാണ്.

Amboli-ghat
Image By Santosh Nimbalkar/shutterstock

മണ്‍സൂണ്‍ ട്രെക്കിങ്, ജംഗിള്‍ സഫാരി, വെള്ളച്ചാട്ടങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ വരുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് അംബോളി. അതുകൊണ്ടുതന്നെ മണ്‍സൂണ്‍ കാലത്ത് ഇവിടെ ട്രെക്കിങ് നടത്താനായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.

മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇടയ്ക്കിടെ വീശുന്ന കാറ്റില്‍, മൂടല്‍മഞ്ഞ് വഴി മാറിപ്പോകുമ്പോള്‍ ദൂരെയായി തെളിഞ്ഞു വരുന്ന താഴ്‌‌‌വരയുടെയും വിദൂര നഗരങ്ങളുടെയും കാഴ്ച സഞ്ചാരികളെ സ്വപ്നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.

കാടിനുള്ളില്‍ അവിടവിടെയായി കാണുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ, മഹാദേവ്‌ഗഡ് പോയിന്റുകൾ, സണ്‍സെറ്റ് പോയിന്റുകൾ, ശിർഗാവ്കർ പോയിന്റുകൾ, ഹിരണ്യകേശി നദിയുടെ ഉത്ഭവം, രാഘവേശ്വർ സ്വാഭഭു ഗണേഷ് ക്ഷേത്രങ്ങൾ- മൊണാസ്ട്രികള്‍, നംഗർതാസ് വെള്ളച്ചാട്ടം, കാവലേശെത് പോയിന്‍റ് എന്നിവയും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സന്ദര്‍ശകര്‍ക്കായി കാട്ടിലൂടെയുള്ള ജംഗിള്‍ സഫാരിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മോട്ടറൈസ്ഡ് ത്രീ-വീലർ റിക്ഷകളും സ്വകാര്യ ടാക്സികളുമാണ് പ്രാദേശിക ഗതാഗതത്തിനായി ഉപയോഗിക്കുന്നത്.

Cascading-amboli-waterfall
Image By Amitrane/shutterstock

ചൂടുചായയും വടാപാവും

Amboli-valley
Image By ViktoriaGromova/Shutterstock

മഹാരാഷ്ട്രയുടെ 'ദേശീയഭക്ഷണം' എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വടാപാവ്  ഇവിടെ എത്തിയാൽ നല്ല ചൂടോടെ കഴിക്കുന്നത് മറ്റൊരു വിശേഷപ്പെട്ട അനുഭവം തന്നെയാണ്. ഒപ്പം ഊതിയൂതി കുടിക്കാന്‍ നല്ല ചൂടുള്ള ചായയും വറുത്ത ചോളവുമെല്ലാം കിട്ടും. മഴക്കാലത്ത്, ചുറ്റും പച്ചപ്പും മഞ്ഞാടയണിഞ്ഞ താഴ്‍‍‍വരക്കാഴ്ചകളുമെല്ലാം ആസ്വദിച്ചു കാണാന്‍ പറ്റിയ അംബോളിയില്‍ ഇവ നല്‍കുന്ന അനുഭൂതി ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തിനും നല്‍കാനാവില്ല!

എങ്ങനെ എത്താം?

ഗോവ, മുംബൈ, പൂനെ, പടിഞ്ഞാറൻ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടേക്ക് വരുന്നവരില്‍ കൂടുതലും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെയും ചില ബസുകള്‍ ബെൽഗാമിനും സാവന്ത്വാഡിക്കുമിടയിൽ അംബോളി വഴി പതിവായി ഓടുന്നുണ്ട്.

മുംബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നും വരുന്നവര്‍ക്കും കൊങ്കൺ റെയിൽവേ വഴിയുള്ള ട്രെയിനില്‍ എത്തിച്ചേരുന്നവര്‍ക്കും 28 കിലോമീറ്റര്‍ അകലെയുള്ള സാവന്ത്വാഡി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാല്‍ അംബോളിയിൽ എളുപ്പത്തില്‍ എത്തിച്ചേരാം. സാവന്ത്വാഡി റെയിൽവേ സ്റ്റേഷൻ മുതൽ അംബോളി വരെ ടാക്സി കിട്ടും.  ബെൽഗാം എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com