ടെന്റ് താമസം; സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യണം?

tent-stay3
SHARE

കാട്ടിൽ താമസിക്കുന്ന പ്രതീതി കിട്ടും… വൗ… സൂപ്പർ-   പല വ്ലോഗേഴ്സിന്റെയും ഇമ്മട്ടിലുള്ള അവതരണം കേട്ട് ടെന്റ് താമസം മോഹിച്ചു യാത്ര ചെയ്യുന്നവർ കൂടിവരുന്നു. വയനാട്ടിൽ ടെന്റ് താമസത്തിനിടെ ആനയുടെ ചവിട്ടടിയിൽപെട്ടു വിനോദസഞ്ചാരി മരിച്ച വാർത്തയുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.

പറഞ്ഞു കാടു കയറ്റുന്നവർ

കാടു കയറിപ്പോകുന്നത് ഇഷ്ടമാണ് പലർക്കും. നിറഞ്ഞപച്ചപ്പു നൽകുന്ന തണൽ, അരുവികളുടെ കുളിർസ്പർശം, നിശബ്ദത, ശാന്തത- ഇങ്ങനെ വിശേഷിപ്പിക്കാൻ ഏറെയുണ്ടാകും ഓരോ യാത്രയെപ്പറ്റിയും. എന്നാൽ വനയാത്രയുടെ അപകടം ഇത്തരം കാട്ടുടൂറിസം വ്ലോഗർമാരോ മറ്റുളളവരോ  വിവരിക്കാറില്ല. അറിവില്ലായ്മയായിരിക്കാം.

കാട്ടിലെത്തുന്ന ഓരോരുത്തരെയും കാടിന്റെ നിരീക്ഷണ കാമറകൾ ഒപ്പിയെടുക്കും എന്നാണ്  അറിയുന്നവർ പറയുക. അതൊരു കുരങ്ങന്റെ കണ്ണായിരിക്കാം അല്ലെങ്കിൽ മാംസഭുക്കുകളുടെ നോട്ടമായിരിക്കാം. നിങ്ങൾ നോട്ടപ്പുള്ളിയായി മാറും, കാട്ടിലെത്തിയാൽ. ഇതൊന്നും അറിയാതെ വനസൗന്ദര്യം മാത്രം പറഞ്ഞ് ജനത്തെ മോഹിപ്പിച്ച് കാടു കയറ്റുന്നവർ ഏറെ. യുവത ചാടിപ്പുറപ്പെടും. ദിക്കറിയാതെ കാട്ടിൽ അകപ്പെടും. ഭാഗ്യമുണ്ടെങ്കിൽ പുറംലോകം കാണാം. കാസർകോട് റാണിപുരത്ത് ഇങ്ങനെ കാടുകയറിപ്പോയവർ ദിവസങ്ങളോളം അലഞ്ഞ്, അവശരായി കർണാടകയിലെത്തിയ വാർത്തയോർക്കുക.

tent-stay

കാനനയാത്ര ഇഷ്ടപ്പെടുന്ന കുടുംബയാത്രികർ എന്തു ചെയ്യും… അവർ കാടിനോടു ചേർന്ന താമസസ്ഥലങ്ങൾ തിരഞ്ഞെടുക്കും. അത്തരക്കാരെ ലക്ഷ്യമിട്ടാണ് ടെന്റ് താമസം ഒരുങ്ങാറ്.

മോഹിപ്പിക്കുന്ന ടെന്റ് വാസം

ഏറെ അപകടമുണ്ടെങ്കിലും ആരെയും മോഹിപ്പിക്കുന്നതാണ് ടെന്റിലെ താമസം.  പ്രകൃതിയോടിണങ്ങുന്നതുമാണ് താൽക്കാലിക ടെന്റുകൾ. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പാക്കാൻ പറ്റുന്ന ഇടങ്ങളിലെ ടെന്റ് സൗകര്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടണ്ടാണ്.  എന്നാൽ അതല്ല ഇപ്പോൾ നടക്കുന്നത്.  രണ്ടായിരം രൂപ മതി ഒരു ടെന്റ് വാങ്ങാൻ.  അതു വാഹനത്തിലിട്ട് യാത്ര പോകുന്നത് ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്നു.  ഓർക്കുക, ഒരു സുരക്ഷയുമില്ലാത്ത സംഗതിയാണിത്.  ശരിയാംവണ്ണം ടെന്റ് മണ്ണിലുറപ്പിക്കാൻ പോലും  അറിയാത്തവർ ഇത്തരം സൗകര്യങ്ങൾ ഒരുക്കി, ആകർഷകമായ ചിത്രങ്ങളോ വീഡിയോയോ നൽകിയ അപകടത്തെ മറച്ചുവച്ചു മോഹിപ്പിക്കും.  തട്ടേക്കാട് പുഴയോരത്ത് ഇങ്ങനെ ചിലർ സൗകര്യമൊരുക്കിയിരുന്നു.  സംഗതി കാണാനൊക്കെ രസമാണ്. പക്ഷേ, പ്രവചനാതീതരായി പെരുമാറുന്ന വന്യജീവകൾക്കും നിങ്ങൾക്കും ഇടയിൽ ഒരു പോളിയെസ്റ്റർ തുണിയുടെ കനത്തിന്റെ അകലമേ ഉള്ളൂ എന്നതോർക്കണം.

ആനയിറങ്ങും നാട്

ആനയെ സഹ്യന്റെ മകൻ എന്നാണു വിളിക്കുക. നമ്മുടെ നാടോ… സഹ്യപർവതത്തിന്റെ വരദാനവും.  ആനയുടെയും കൂടി നാടാണിത് എന്നർഥം. ആനയിറങ്ങുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. നിലമ്പൂരിലെ ജനവാസകേന്ദ്രത്തിൽ ഓഡിറ്റോറിയത്തിനരുകിൽ കഴിഞ്ഞമാസം ആനയെത്തി.  ഏതോ കാലത്തെ ആനത്താരയിലാണു നമ്മൾ താമസിക്കുന്നത്.  കാടരുകിൽ ടെന്റ് കെട്ടി താമസിക്കുമ്പോൾ സംഭവിക്കുന്നത് ആനയുടെ വഴി ബ്ലോക്ക് ചെയ്യലാണ്.  ആനകൾ മാത്രമല്ല, പുലികളും നാട്ടിലിറങ്ങും. ബംഗളുരൂവിൽ പുലി സിസിടിവിയിൽ പതിഞ്ഞത് ഓർക്കുക.  പറഞ്ഞുവരുന്നത്, നാടാണെങ്കിലും കാടാണെങ്കിലും വന്യമൃഗങ്ങൾക്ക് എളുപ്പം എത്താനാകുംവിധം അടുപ്പത്തിലാണ് നമ്മൾ താമസിക്കുന്നത് എന്നാണ്. അടച്ചുറപ്പുള്ള കെട്ടിടത്തിലാണു നമ്മളെങ്കിൽ  രക്ഷപ്പെടാം. ടെന്റ് പോലുള്ള താൽക്കാലിക സൗകര്യങ്ങളാണെങ്കിൽ അപകടത്തിൽപെടാം.  മുതുലമയിലെ കോട്ടേജിന്റെ കൽമതിലിൽ ആന പുറംചൊറിഞ്ഞതിന്റെ ചെളിപ്പാടുകൾ ഗൈഡ് കാണിച്ചുതന്നപ്പോൾ ഭീതിയോടെ ഓർത്തത് -തലേദിവസം ആ കൽമതിലിന്റെ ഇപ്പുറത്തായിരുന്നല്ലോ ഞങ്ങൾ താമസിച്ചത് എന്നായിരുന്നു.  അതൊരു ടെന്റ് ആയിരുന്നെങ്കിൽ.

tent-stay1

ടെന്റ് ഒഴിവാക്കണോ...

വേണ്ട എന്നാണ് പ്രകൃതിസ്നേഹികൾ പറയുന്നത്. കാരണം യാതൊരു നിർമാണപ്രവൃത്തിയും നടത്താതെ, വൃത്തിയുള്ള ഇത്തരം താമസസൗകര്യങ്ങൾ നല്ലതാണ്. ചെലവു കുറവാണെന്നതും ഒരു മെച്ചമാണ്. ടെന്റ് താമസത്തിന്റെ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ മിക്കതും വിദേശങ്ങളിലേതായിരിക്കും. മാംസഭുക്കുകൾ ഇല്ലാത്ത ന്യൂസിലന്റ് പോലുള്ള രാജ്യങ്ങളിൽ സഞ്ചാരികൾക്ക് ഇത്തരം ടെന്റ് താമസം അനുവദനീയമാണെന്ന് അവിടെയുള്ള മലയാളി സുഹൃത്തുക്കൾ അറിയിക്കുന്നു. ആ ഫീൽ… ഇവിടെ കിട്ടുമോ എന്നു പരീക്ഷിക്കുമ്പോഴാണ് അപകടം ആനരൂപത്തിൽ വരുന്നത്.

ടെന്റ് താമസം - സുരക്ഷ ഉറപ്പാക്കാൻ എന്തു ചെയ്യണം

ടെന്റ് പോലെ മുളച്ചുപൊന്തുന്ന വ്ലോഗർമാരുടെ ശുപാർശ മാത്രം നോക്കിയോ, വാട്സാപ്പിൽ വരുന്ന മെസേജുകൾ കണ്ടോ ടെന്റിലെ താമസം ഉറപ്പിക്കാതിരിക്കുക. യൂടൂബിലെ ക്ലിക്കുകളുടെ എണ്ണം മാത്രമാണ് പലരുടെയും ലക്ഷ്യം. സഹജീവികളുടെ ജീവിതസുരക്ഷയെപ്പറ്റിയോ മറ്റോ ഇത്തരക്കാർ പൊതുവിൽ പറയാറില്ല.

സുരക്ഷയുള്ളതാണ് ടെന്റ് എന്ന് വിശ്വസനീയമായ ഏജൻസികളോ, അല്ലെങ്കിൽ ഉടമയോ ഉറപ്പുനൽകിയിട്ടുണ്ടെങ്കിൽ അത്തരം ഇടങ്ങളിലേക്കു പോകാം. ഉദാഹരണത്തിന് മീശപ്പുലിമലയിൽ ബേസ് ക്യാംപിലും പറമ്പിക്കുളത്തും ടെന്റ് താമസം സർക്കാർ ഏജൻസികൾ ഒരുക്കിയിട്ടുണ്ട്. ഇത്തരം ടെന്റുകൾ തിരഞ്ഞെടുക്കാം.

ഉച്ചയോടെ ടെന്റിലെത്തുംവിധം യാത്ര ചെയ്യുക. ചുരുങ്ങിയത് ടെന്റിനു ചുറ്റുമൊന്നു നടന്നു പകൽവെളിച്ചത്തിൽ  നിരീക്ഷിക്കാനുള്ള നേരത്തെങ്കിലും എത്തുക.   റിസോർട്ട്, അല്ലെങ്കിൽ ടെന്റ് അടിച്ചിരിക്കുന്ന സ്ഥലം എത്രമാത്രം സുരക്ഷിതമാണ് എന്തൊക്കെയാണ് സുരക്ഷാഉപാധികൾ, അവ എത്രമാത്രം ഫലപ്രദമാണ് എന്നൊക്കെ നിങ്ങൾതന്നെ പരിശോധിച്ചറിയണം. ചുറ്റുമൊന്നു നടന്നുനോക്കാം.  വൈദ്യുതവേലിയുണ്ടെന്ന് മേനി പറയുമ്പോൾ പോലും അതൊക്കെ മറികടക്കാനും തകർക്കാനും വന്യജീവികൾക്കാകും എന്നോർക്കണം.  ആറളത്തുകൂടിയുള്ള  യാത്രയിൽ വൈദ്യുതവേലിക്കുമുകളിൽ  ചെറുമരം ചവിട്ടിയൊടിച്ചിട്ട് കുഞ്ഞാനയെയും കൊണ്ട് അപ്പുറം കടന്ന ദൃശ്യം ക്യാമറയിൽ പകർത്താനാകാതെ നിന്നതോർക്കുന്നു. 

ടെന്റ് പിച്ച് ചെയ്തിരിക്കുന്നത് ആനത്താരയിലാണോ എന്നും മറ്റും പരിശോധിക്കണം. പ്രദേശവാസികളുടെ അഭിപ്രായം കേൾക്കണം. വന്യജീവികളുടെ സ്വഭാവത്തെപ്പറ്റി ഏകദേശ ധാരണയുണ്ടായിരിക്കണം.  അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ താളത്തെ മുറിക്കാതെയായിരിക്കണം നിങ്ങളുടെ വാസം എന്നത് പ്രധാനമാണ്. അനധികൃതമായി ചെറുയാത്രപോലും കാട്ടിലേക്കു ചെയ്യരുത്.  നിയമം അനുശാസിക്കുന്ന ശിക്ഷകിട്ടുമെന്നു മാത്രമല്ല പ്രശ്നം, മറിച്ച് നിങ്ങളുടെ ജീവൻതന്നെ അപകടത്തിലാകും എന്നതോർക്കുക. നന്നായി കാടറിയുന്ന ഗൈഡുമാരുടെ സഹായം തേടണം-   അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.എം. പ്രഭു  യാത്രികർക്ക് മുന്നറിയിപ്പു നൽകുന്നു.

വൃത്തിയുള്ള ടോയ് ലറ്റ് ഉണ്ടോ എന്നും അവ നിങ്ങളുടെ ടെന്റിന്റെ എത്ര അകലത്തിലാണ് എന്നും നോക്കണം.  അവിടേക്കുള്ള യാത്രയിൽ ഇഴജന്തുക്കളും മറ്റും ഉണ്ടാകാം. ആവശ്യത്തിനു ലൈറ്റ് കയ്യിൽ വേണം. എപ്പോഴും എത്തും എന്നുറപ്പുള്ള ഗൈഡുമാരോ റിസോർട്ടിലെ ജീവനക്കാരോ വേണം. 

ടെന്റിൽ താമസിക്കുന്ന ഓരോരുത്തരും ഇത്തരം സഹായികളുടെ ഫോൺ നമ്പർ സൂക്ഷിക്കണം. കാരണം ഒന്നിലധികം ടെന്റുകളിലാകും നിങ്ങൾ താമസിക്കുക. ഓരോരുത്തർക്കും എമർജൻസി ഉണ്ടാകുമ്പോൾ അവരെ ബന്ധപ്പടാം. പുല്ലിലോ മറ്റോ ടെന്റ് ചെയ്യുന്നതിനെക്കാൾ നല്ലത് ചെത്തിക്കോരി വൃത്തിയാക്കിയ സ്ഥലത്താണ്. ഇഴജന്തുക്കളെ അകറ്റുന്ന തരത്തിൽ ക്രമീകരിക്കപ്പെട്ടവയാണോ ടെന്റുകൾ എന്നും പരിശോധിക്കാം. ഉയർത്തിക്കെട്ടിയ സ്ഥലത്തുള്ള ടെന്റുകൾ കൂടുതൽ സുരക്ഷയേകും.

ടെന്റ് താമസത്തിൽ അല്ലെങ്കിൽ കാടരുകിലെ യാത്രയിൽ നാം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം ഗൈഡ് നൽകുന്ന നിർദേശം അനുസരിക്കുക എന്നതാണ്. പറമ്പിക്കുളത്തെ ദ്വീപിൽ താമസിക്കുമ്പോൾ ഗൈഡുമാരുടെ ഉപദേശം-  രാത്രി ഒരു കാരണവശാലും പുറത്തിറങ്ങരുത്.  ഞങ്ങളുടെ കൂടെയല്ലാതെ ഡാമിൽ ഇറങ്ങരുത് എന്നായിരുന്നു-  വന്യജീവികൾ എപ്പോഴും വരാം. ഡാമിൽ മുതലയുണ്ട് എന്നതുകൊണ്ടായിരുന്നു രണ്ടാമത്തെ ഉപദേശം.

ഇതൊക്കെ കേട്ടുമൂളിയശേഷം പുറത്തിറങ്ങുന്നവർ ഏറെ. നിശബ്ദരാത്രിയിലെ പ്രകൃതിരമണിയെ ആവോളം ആവാഹിച്ച് ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഹാഷ്ടാഗിന്റെ മലവെള്ളപ്പാച്ചിലൊരുക്കിയൊരു പടത്തിനു വേണ്ടിയാകാം ഈ പുറത്തിറങ്ങൽ. പക്ഷേ, അപകടം സംഭവിച്ചാൽ നിങ്ങളുടെ പേരായിരിക്കും ഹാഷ്ടാഗിനു പിന്നിൽ എന്നതോർമ വേണം.

വിദേശകമ്പനികൾ ഒരു മീറ്റിങ് തുടങ്ങുമ്പോൾ ആദ്യം ഇവിടത്തെപ്പോലെ സ്വാഗതപ്രസംഗമോ പ്രാർഥനയോ അല്ല നടത്തുക.  മീറ്റിങ് ഹാളിന്റെ സുരക്ഷാസംവിധാനങ്ങൾ പരിചയപ്പെടുത്തുന്ന സേഫ്റ്റി ഓഫീസറാണ് ആദ്യം സംസാരിക്കുക. എവിടെയെല്ലാം അഗ്നിശമനവിദ്യകളുണ്ട്, എമർജൻസി എക്സിറ്റുകളുണ്ട്, അപകടശേഷം എവിടെയാണ് ഒത്തുകൂടേണ്ടത് എന്നിവയെല്ലാം വിവരിച്ചശേഷമാണ്  മീറ്റിങ് തുടങ്ങുക.  ഈ രീതിയിൽ നിങ്ങളുടെ ടെന്റ് താമസത്തെപ്പറ്റി ഒരു ചെറുവിവരണം നിങ്ങൾക്കും ആവശ്യപ്പെടാം. എവിടെയാണ് കാട്, ഒരു അപകടമുണ്ടായാൽ പെട്ടെന്ന് എവിടെയെത്തണം,  ആരെ ബന്ധപ്പെടണം, എന്തൊക്കെ അപകടസാധ്യതകളുണ്ടാകും എന്നെല്ലാം ആദ്യമേ ധാരണയുണ്ടാക്കണം.

ഓർക്കുക, ടെന്റ് താമസം നിരുത്സാഹപ്പെടുത്തുകയല്ല നമ്മുടെ ലക്ഷ്യം.  പക്ഷേ, സുരക്ഷിതമായ ടെന്റ് താമസം ഉറപ്പാക്കുകയാണ്.  കാടിന്റെ മനോഹാരിതയാസ്വദിക്കണം. അതിൽ തർക്കമില്ല. പക്ഷേ, സഹജീവികളുടെ ജീവിതം അതിലേറെ പ്രധാനമാണ്.

English Summary: Wild Camping Safety and Security

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA