മേപ്പാടിയിൽ നടന്നത് ഷീ ക്യാംപ്; റെയിൻ ഫോറസ്റ്റു നൽകുന്ന സുരക്ഷാ പാഠങ്ങൾ

Rainforest-wayanad
SHARE

‘സ്ത്രീകൾ മാത്രം സംഗമിക്കുന്ന ക്യാംപ്’ കേൾക്കുമ്പോൾ ഒരു രസമൊക്കെ തോന്നും. കാടിനു നടുവിൽ കൂട്ടുകാരായ കുറെ സ്ത്രീകൾ മാത്രം ഒരു രാത്രി ഒരുമിച്ചു ചെലവഴിക്കുന്നു അല്ലെങ്കിൽ പകൽ ട്രക്കിങ്. ഒന്നിലധികം രാത്രി കൂൾ. ഏതെങ്കിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളായിരിക്കും മിക്കവാറും ഇത് സംഘടിപ്പിക്കുക അല്ലെങ്കിൽ ഏതെങ്കിലും വ്ലോഗർ സെലിബ്രിറ്റികൾ. പക്ഷേ സുരക്ഷയുടെ കാര്യത്തിൽ ‘കോംപ്രമൈസ്’ ചെയ്താൽ അതു മേപ്പാടി ദുരന്തമായി. ഏതെങ്കിലും നാട്ടിൽ നിന്നു കാടിന്റെ അപരിചിതത്വത്തിലെത്തുന്നവർക്ക് ജീവിതം തന്നെ നഷ്ടമായേക്കാം എന്നതിന്റെ ഉദാഹരണമാണ് മേപ്പാടി ദുരന്തം.

എളമ്പിലേരിയിൽ റെയിൻ ഫോറസ്റ്റ് ടെന്റ് സ്റ്റേയിൽ ഷഹാന എന്ന യുവ അധ്യാപിക കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചതിനു പിന്നാലെ ടൂറിസ്റ്റുകളെ ഇവിടേക്ക് ക്ഷണിച്ചു പോസ്റ്റു ചെയ്ത വ്ലോഗുകൾ നിയമ നടപടി ഭയന്ന് ഇതിനകം അപ്രത്യക്ഷമായി. ഇൻസ്റ്റഗ്രാമിലും മറ്റും ടെന്റുകളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചവർ ചിത്രങ്ങൾ മുക്കിയിട്ടുണ്ട്. ഇതിൽ ഹോംസ്റ്റേ ഉടമകളും ഉൾപ്പെടും. കാടിന്റെ നടുക്ക് ഉറങ്ങാൻ ഇറങ്ങിത്തിരിക്കുമ്പോൾ വേണ്ട സുരക്ഷകൾ എന്തെല്ലാം എന്നതിനെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ പുറത്തിറക്കുന്ന ഇത്തരം വിഡിയോകൾ കണ്ട് കാടുകാണാൻ ഇറങ്ങുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണീ അപകടം.

സൗകര്യങ്ങളൊന്നും വേണ്ട, സ്വകാര്യതയാണ് ആവശ്യം

കോവിഡ് ലോക്ഡൗൺ കാലത്തിനു പിന്നാലെ ടൂറിസ്റ്റു മേഖലകളിൽ കണ്ടത് പെട്ടെന്നുള്ള ഒരു ബൂമാണ് എന്ന് മേഖലയിലുള്ളവർ പറയുന്നു. ഓരോ കാലത്തും ഓരോ പ്രവണതകൾ. കാടുകാണാൻ എല്ലാവർക്കും എല്ലാ കാലത്തും താൽപര്യമാണ്. പ്രത്യേകിച്ച് നഗരജീവിതം നയിക്കുന്നവർക്ക്. അങ്ങനെയാണ് വയനാടും മൂന്നാറും തേടി ആളുകൾ ചുരങ്ങൾ കയറുന്നത്. ഒരു കാലത്ത് ഹോട്ടൽ മുറികളായിരുന്നു ആളുകൾ തിരഞ്ഞിരുന്നതെങ്കിൽ പിന്നീടത്  ടൂറിസ്റ്റു ഹോമുകളായി, റിസോർട്ടുകളായി, ഹോംസ്റ്റേകളായി. അതിന്റെയെല്ലാം കൗതുകം മാറിയപ്പോൾ പിന്നീടതു ടെന്റുകളിലേയ്ക്കു മാറി.

ഇപ്പോൾ ടെന്റുകളിൽ താമസിക്കാൻ എത്തുന്നവർക്കു സൗകര്യങ്ങളൊന്നും വേണ്ട, കൊടും കാട്ടിലായാലും സ്വകാര്യതയാണ് ആവശ്യം.. അങ്ങേയറ്റത്തെ സ്വകാര്യത. അതിനായി ഏതറ്റം വരെയും പോകാൻ തയാറായാണ് ഇവരെത്തുന്നത്. പലപ്പോഴും ഇന്ന സ്ഥലം എന്നൊന്നുമില്ല. എത്രത്തോളം അപകടം നിറഞ്ഞതാണോ അത്രത്തോളം താൽപര്യവും കൂടും. നടത്തിപ്പുകാരാകട്ടെ ടെന്റു കെട്ടുന്നിടത്തെ സുരക്ഷയുടെ കാര്യം പാടെ അവഗണിക്കപ്പെടുന്നു. പാമ്പു വരാതിരിക്കാൻ എന്തെങ്കിലും ചെയ്തിടും. ട്രക്കിങ്ങും ടെന്റിങ്ങും ആയതിനാൽ ഭക്ഷണം നാമമാത്രമായി നൽകിയാലും മതിയാകും.

ഇപ്പോൾ ഷീ ക്യാംപുകൾ സംഘടിപ്പിക്കുന്നതാണ് പുതിയ പ്രവണത. കാടിന്റെ നിഗൂഡതയും ഇരുട്ടും എത്ര വർധിക്കുന്നുവോ എത്ര താൽപര്യം. സംഘങ്ങളുടെ താൽപര്യങ്ങളും സ്വഭാവവും അനുസരിച്ചു ക്യാംപുകളുടെ സ്വഭാവവും മാറുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സ്ത്രീകൾ മാത്രമുള്ള യാത്രാ സംഘങ്ങൾ എന്നു പറയുമ്പോൾ വീടുകളിലുള്ളവരും യാത്ര അനുവദിക്കും.

കോഴിക്കോട് ഊട്ടി റോഡിൽ വൈത്തിരിയിൽ നിന്നു മേപ്പാടിക്കും കിലോമീറ്ററുകൾ ഉള്ളിലേക്ക് 40ൽ പരം ഇത്തരം അനുമതിയില്ലാത്ത ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തുകൾക്ക് ഇവയെക്കുറിച്ചു ധാരണയുണ്ടെങ്കിലും നാട്ടുകാർക്ക് എതിർപ്പില്ലാത്തതിനാലും പടി മുടങ്ങാത്തതിനാലും കണ്ണടയ്ക്കുകയാണ് പതിവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇതിനിടെ നിരവധി ലഹരിക്കേസുകൾ പിടികൂടിയെങ്കിലും പുറത്തു വരാതെ ഒതുക്കിയിട്ടുണ്ട്. ഇത്ര നാളും പിന്തുണച്ച പഞ്ചായത്ത് പെട്ടെന്ന് ഒരു ദിവസം അപകടമുണ്ടായതോടെ പ്രദേശത്തെ മുഴുവൻ റിസോർട്ടുകൾക്കും സ്റ്റോപ് മെമ്മോ നൽകിയിരിക്കുകയാണെന്നാണ് ആക്ഷേപം.

നിയമമോ, എന്ത് നിയമം?

ഒരു ഹോംസ്റ്റേ അല്ലെങ്കിൽ ഇത്തരത്തിലുള്ള ക്യാംപിങ്ങുകൾ റജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിലെത്തിയാൽ നിങ്ങൾ നടത്തിക്കൊള്ളൂ.. എന്ത് നിയമം എന്നാണ് ചോദ്യം. അതിനെക്കുറിച്ച് അവിടെ പലർക്കും അറിവില്ലെന്നുള്ളതാണു വസ്തുത. ഹോംസ്റ്റേകൾ ടൂറിസം വകുപ്പിനു കീഴിൽ റജിസ്റ്റർ ചെയ്യാം, മറ്റ് സംവിധാനങ്ങൾക്ക് എന്താണു വേണ്ടതെന്ന് അറിയില്ലെന്നുമാണ് പ്രതികരണമെന്ന് റജിസ്ട്രേഷനായി മാസങ്ങൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയവർ പറയുന്നു. പിന്നെ ആകെ ഒരു എളുപ്പവഴി ഒരു റിസോർട്ടോ മറ്റൊ റജിസ്റ്റർ ചെയ്യുക, അതിന്റെ മറവിൽ ക്യാംപുകളൊ ടെന്റുകളൊ സെറ്റു ചെയ്യുക അല്ലെങ്കിൽ പടികൊടുത്ത് കണ്ണടച്ച് പ്രോപ്പർട്ടികൾ നടത്തിക്കൊണ്ടു പോകുക. ഈ വഴിയാണ് വയനാട്ടിലെന്നല്ല, മിക്ക ടൂറിസ്റ്റു കേന്ദ്രങ്ങളിലും ഇപ്പോൾ നടന്നു വരുന്നത് എന്നും ഇവർ പറയുന്നു.

സോഷ്യൽ മീഡിയ വിളിക്കുന്നു

സമൂഹ മാധ്യമത്തിന്റെ എല്ലാ സംവിധാനങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഹോംസ്റ്റേകളുടെയും ടെന്റ് ക്യാംപിങ്ങുകളുടെയും മാർക്കറ്റിങ്. കൂടുതൽ ഫോളോവേഴ്സുള്ള സെലിബ്രിറ്റികളെ കണ്ടെത്തലാണ് ആദ്യ പടി. ഇവർക്ക് ഇവിടെ താമസവും ഷൂട്ടിങ്ങും സൗജന്യം. യുട്യൂബ് വരുമാനക്കാർക്ക് ആ വഴി നേട്ടം, പണം നൽകിയും പ്രമോഷൻ ഒരുവഴിക്ക്. അതെല്ലാം കടന്ന് സെലിബ്രിറ്റികൾ തന്നെ നേരിട്ട് ക്യാംപിനു ക്ഷണിക്കുന്നതാണ് മറ്റൊരു പ്രചാരണം. ഇവർ അതിഥിയായി ക്യാംപിൽ പങ്കെടുക്കുന്നു. നിങ്ങൾക്കും പങ്കെടുക്കാം. യഥേഷ്ടം ഭക്ഷണം, നിരക്കും കുറവ്. രണ്ടു പേർക്കു താമസിക്കാൻ 2000 രൂപ മുതൽ 4000 രൂപ വരെയൊക്കെ മാത്രമാണ് നിരക്ക്. ആവശ്യക്കാരെ അവരുടെ സ്ഥലങ്ങളിൽ ചെന്നു പിക്ക് ചെയ്യാൻ വാഹനങ്ങൾ വരെ ഒരുക്കി നൽകുന്നവരുണ്ട്. ഇതിനു വേറെ പണം നൽകണമെന്നു മാത്രം. 

ഹോംസ്റ്റേകളിൽ 6000 മുതൽ 10000 വരെ ഈടാക്കുമ്പോൾ ഈ ഓഫറിൽ പലരും വീണുപോകും. ഈ ഹോം സ്റ്റേകളിൽ എത്തുന്നവർക്ക് ടെന്റിൽ ഉറങ്ങേണ്ടവർക്ക് അർധരാത്രിയിൽ തണുപ്പു കൂടുമ്പോൾ മുറിയുടെ സുരക്ഷിതത്വത്തിലേയ്ക്കു വരാൻ അവസരം ഉണ്ടായിരുന്നെങ്കിൽ ഇത്തരം കൂണുപോലെ മുളച്ചിട്ടുള്ള ക്യാംപുകളിലൊന്നും ഈ സാഹചര്യമില്ല. അതിഥികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ടെന്റുകളുടെ എണ്ണം കൂടുന്നു. കൂടുതൽ സ്ഥലം വാടകയ്ക്കെടുത്ത് കൂടുതൽ ടെന്റുകൾ വയ്ക്കുന്നതാണ് പതിവ്. ഏതെങ്കിലും സാഹചര്യത്തിൽ സുരക്ഷിതമായ മുറികളിലേയ്ക്കു മാറാൻ യാതൊരു വഴിയുമില്ല. ഇടയ്ക്ക് ആന വന്നാൽ ഓടി രക്ഷപെടാനായാൽ ഭാഗ്യം. 

ലഹരി സംഘങ്ങൾക്കും കൊയ്ത്ത്

പതിനഞ്ചു സെന്റുകാർ മുതൽ 200ഉം 300 ഏക്കർ സ്ഥല ഉടമകൾ വരെ ഇവിടെ റിസോട്ടുകളും ഹോംസ്റ്റേയും നടത്തുന്നുണ്ട്. വൻകിട എസ്റ്റേറ്റ് ഉടമകൾ ഏതാനും സെന്റുകൾ ടെന്റു കെട്ടാൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും വാടകയ്ക്കു നൽകുന്നതാണ് മറ്റൊരു പതിവ്. വനത്തോടു ചേർന്നുള്ള എസ്റ്റേറ്റുകൾക്കുള്ളിലെ പ്രോപ്പർട്ടിയോടാണ് നടത്തിപ്പുകാർക്കും ഇടപാടുകാർക്കും താൽപര്യം. ഈ വനത്തിലോ വൻകിട എസ്റ്റേറ്റിലോ തന്നെ കഞ്ചാവ് ചെടികൾ വളർത്തി ആവശ്യക്കാർക്കു നൽകുന്നവരും ഉണ്ടെന്നാണ് വിവരം. ഓരോ പ്രോപ്പർട്ടികളിലേക്കും എത്തിപ്പെടാൻ നല്ല വഴികളുണ്ടാവില്ല. അഞ്ചും ആറും ചെക്പോസ്റ്റ് കടന്നു വേണം പലയിടത്തുമെത്താൻ. ഇവിടെ പൊലീസോ എക്സൈസ് ഉദ്യോഗസ്ഥരോ ചെല്ലില്ല എന്ന ധൈര്യത്തിലാണ് ലഹരി പാർട്ടികൾ അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ പുതുവർഷ ആഘോഷങ്ങൾ പൊടിപൊടിച്ചിട്ടുണ്ടെന്നു ചില റിസോർട് നടത്തിപ്പുകാർ തന്നെ പറയുന്നു.

ഇത്തരം കേന്ദ്രങ്ങളിൽ പതിവായി ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘങ്ങൾ തന്നെയുണ്ട്. ഇവർ മുൻകൂട്ടി ടെന്റുകൾ ബുക്കു ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലൂടെ ക്ഷണം അയയ്ക്കുന്നു. ലൈറ്റുകളും ഡിജെ പാർട്ടികളും താമസം ഒരുക്കുന്നവർ തന്നെ നൽകുമ്പോൾ ലഹരി ഇടപാടു നടക്കുന്നത് പാർട്ടിക്കെത്തുന്നവർക്കിടയിലാണ്. മിക്ക പ്രോപ്പർട്ടി നടത്തിപ്പുകാരും ഇതിൽ നേരിട്ടിടപെടില്ല, പക്ഷേ ലാഭത്തിന്റെ പങ്കുപറ്റാൻ ഇവരുമുണ്ടാകുമത്രെ. അതേ സമയം നിയമപരമായി സ്റ്റേകൾ നടത്തുന്നവർ ലഹരി ഇടപാടുകളോ ഉപയോഗമോ പാടില്ലെന്നു നിർദേശം നൽകുന്നുണ്ടെങ്കിലും അതു കടലാസിൽ ഒതുങ്ങുന്നതാണു പതിവ്.

English Summary: Meppadi Elephant Attack, Safety lessons for Rainforest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA