മേപ്പാടിയിൽ യുവ അധ്യാപികയുടെ മരണത്തിലേയ്ക്കു നയിച്ചത് സുരക്ഷാ മുൻകരുതലില്ലാത്ത ടെന്റ് ക്യാംപെന്ന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ സീമ സുരേഷ്. ആഫ്രിക്കയിലെ മസായ് മാറയിലെ ഉൾക്കാടുകളിൽ ഉൾപ്പടെ ടെന്റുകെട്ടി താമസിച്ചിട്ടുള്ള അനുഭവ പരിചയത്തിൽ നിന്നാണ് സീമയുടെ വിലയിരുത്തൽ. അവിടെ വനത്തിൽ പ്രവേശിക്കുമ്പോൾ മുതൽ വേണ്ട മുന്നറിയിപ്പുകളും മാർഗ നിർദേശങ്ങളും തരും. അതു പാലിക്കാൻ ചെല്ലുന്നവർ ഓരോരുത്തരും ബാധ്യസ്ഥരുമാണ്.

ആളുകൾ എപ്പോഴും അസാധാരണമായ അനുഭവങ്ങൾ തേടിയാണ് യാത്ര ചെയ്യാറ്. തമ്പടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വന്യജീവികൾ വരാൻ സാധ്യതയുള്ളതാണോ എന്നു പരിശോധിച്ചു വേണം താമസം തീരുമാനിക്കാൻ. വനത്തിൽ എപ്പോഴും മൃഗങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കാം. മസായ് മാറയിൽ താമസിക്കുമ്പോൾ രാത്രികളിൽ ടെന്റുകളിൽ നിന്നു പുറത്തിറങ്ങരുതെന്നാണ് നൽകാറുള്ള പ്രധാന നിർദേശം. എന്തെങ്കിലും ആവശ്യമുള്ളവർ ശബ്ദമുണ്ടാക്കിയാൽ അവരുടെ സമീപത്തേക്ക് പരിചയ സമ്പന്നരായ സുരക്ഷാ ജീവനക്കാർ എത്തി എന്താണു വേണ്ടതെന്നു ചോദിക്കും. ഭക്ഷണം കഴിക്കാൻ കൂട്ടിക്കൊണ്ടുപോകും.

എവിടെയായാലും യാത്രയ്ക്കു മുമ്പ് സുരക്ഷ സംബന്ധിച്ച റിസോർട്ടുകളുടെ ഒരുക്കങ്ങളെക്കുറിച്ചു ബോധ്യപ്പെട്ടിട്ടുണ്ടാകണം. റിസോർട്ടുകൾക്കും ഇതു സംബന്ധിച്ച ധാരണയുണ്ടാകണം. കാട്ടിലാണെങ്കിൽ തമ്പടിക്കാനുള്ള വനം വകുപ്പിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ചും വന്യജീവികൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ ശ്രദ്ധ പുലർത്തണം. പരിചയ സമ്പന്നരായ തദ്ദേശിയരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ടെങ്കിൽ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാൻ എളുപ്പമാകുമെന്നും ഇവർ പറയുന്നു.

ഇലക്ട്രിക് വേലി സ്ഥാപിച്ച് വൈൽഡ് പ്ലാനറ്റ്
വനത്തിൽ താമസിക്കാൻ എത്തുന്നവരുടെ സുരക്ഷയ്ക്കായി വേണ്ട മുൻകരുതലുകൾ എടുത്താണ് പ്രവർത്തിക്കുന്നതെന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍, മുതുമല വന്യജീവി കേന്ദ്രങ്ങള്ക്കരികിലായി പ്രവർത്തിക്കുന്ന വൈൽഡ് പ്ലാനറ്റ് റിസോർട്ട്. നൂറേക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പ്രോപ്പർട്ടിയിലാണ് വൈല്‍ഡ് പ്ലാനറ്റ് ലക്ഷ്വറി റിസോര്‍ട്ട്. വന്യമായ എന്നാൽ സുരക്ഷിതമായ അനുഭവങ്ങളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നതെന്നും ഇവർ പറയുന്നു. വൈകുന്നേരം ആറു മണിക്കു മുന്‍പായി റിസോര്‍ട്ടില്‍ എത്തണമെന്നാണ് സഞ്ചാരികള്‍ക്ക് നല്കുന്ന പ്രധാന നിർദേശം. ആനയുടെയൊ മറ്റു വന്യ ജീവികളുടെയൊ ആക്രമണം ഉണ്ടാകാതിരിക്കുവാനായി റിസോർട്ടിനു ചുറ്റും ഇലക്ട്രിക്കൽ വേലിയുടെ സുരക്ഷിതത്വവും ഒരുക്കിയിട്ടുണ്ട്. 40 വർഷത്തെ പാരമ്പര്യമുള്ള ഇൗ റിസോർട്ടിൽ ഇന്നുവരെ ഒരു അപകടവും ഉണ്ടായിട്ടില്ലെന്നു റിസോർട്ട് ഉടമ മഹേഷ് പറയുന്നു.

കാട് കയറുന്നതിനു ചില മുന്നൊരുക്കങ്ങൾ
ഓര്‍ണിത്തോളജിസ്റ്റായ മഹേഷാണ് വനഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കു കൂട്ടു വരുന്നത്. മഹേഷ് ചില നിർദേശങ്ങൾ നൽകുന്നുണ്ട്. മഴക്കാട് ആയതിനാല്‍ അട്ടകളുള്ള വഴികളിലൂടെയാകും നടക്കേണ്ടി വരിക. അട്ടകളെ അകറ്റി നിർത്താൻ മുട്ടോളം എത്തുന്ന പ്രത്യേക കാലുറകള്‍ ധരിക്കണം. പരിചയ സമ്പന്നമായ ഗൈഡ് സഞ്ചാരികളെക്കാൾ 100 മീറ്റർ മുന്നിലായിരിക്കും പോകുക. മൃഗങ്ങളുടെ ശബ്ദവും ആപായ സൂചനയുമെല്ലാം ഇവർക്ക് പരിചിതമാണ്. ആനയിറങ്ങുന്ന മേഖലകളിലേയ്ക്ക് ട്രെക്കിങ്ങിനായി സഞ്ചാരികളെ കൊണ്ടി പോകാറില്ല. കാട്ടിലേക്കുള്ള ട്രെക്കിങ്ങിന് പതിനെട്ട് വയസിനുമുകളിൽ പ്രായമുള്ളവരെ മാത്രമാണ് അനുവദിക്കുള്ളൂ എന്നും അദ്ദേഹം പറയുന്നു.
കെടിഡിസി ലേക്ക് പാലസ്
കാടിനുള്ളിൽ രാജകീയ പ്രൗഢിയിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ടതാണ് തേക്കടിയിലെ കെടിഡിസി ലേക്ക് പാലസ്. കാടിന്റെ മർമരം അറിഞ്ഞ് വന്യതതുളുമ്പുന്ന ഇവിടെ താമസത്തിനായി നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. താമസത്തിനൊപ്പം കാടിന്റെ കാഴ്ചകളിലേക്കും യാത്രചെയ്യാം. സുരക്ഷിതമായി കാടിനുള്ളിൽ താമസിക്കാവുന്ന നിരവധി പാക്കേജുകളാണ് തേക്കടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. 925 സ്ക്വയർ കിലോമീറ്റർ ചുറ്റളവിലുള്ളതാണ് ഇവിടുത്തെ വനമേഖല. യാത്രാ പാക്കേജിൽ 26 സ്ക്വയർ കിലോമീറ്റർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള സർക്കാറും വനം വകുപ്പും സംയുക്തമായി ചേർന്നൊരുക്കിയ വളരെ വ്യത്യസ്തമായ ഒരു ടൂർ പാക്കേജായ ടൈഗർ ട്രയൽ ട്രക്കിങ്ങാണ് ഹൈലൈറ്റ്. ഇതു കൂടാതെ ബാബൂ റാഫ്റ്റിങ്, വാച്ച് ടവറില്‍ താമസം, കാടിനകത്ത് ക്യാമ്പിങ് തുടങ്ങി പാക്കേജുകളുണ്ട്. ബാംബു റാഫ്റ്റിങ്ങിൽ 15 പേരുള്ള ഗ്രൂപ്പാണെങ്കിൽ ഒപ്പം ഗണ്ണുമായി ബീറ്റ് ഫോറസ്റ്റ് ഒാഫീസറും ഗൈഡും ഒപ്പമുണ്ടാകും. ടൈഗർ ട്രയൽ ട്രക്കിങ്ങിൽ 6 പേരെയാണ് ഉൾപ്പെടുത്തുന്നത്. സന്ദർശകർക്ക് ഒപ്പം ഗണ്ണുമായി ബീറ്റ് ഫോറസ്റ്റ് ഒാഫീസറും 4 ഗൈഡുകളും ഉണ്ടാകും. കാടിനുള്ളിൽ ടെന്റ് കെട്ടി താമസിക്കാനും അവസരമുണ്ട്. അതീവ സുരക്ഷിതമായുള്ള താമസമാണ് നൽകുന്നത്. ആനയും മറ്റു മൃഗങ്ങളുടെയും ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുവാനായി എലിഫന്റ് പ്രൂഫ് ടെന്റുമുണ്ട്.
English Summary: Safety is another important requirement for wildlife tourism