ഗവിയിലേക്കാണോ? യാത്ര പോകും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങള്‍

gavi-travel
Image Source: KFDC Eco Tourism
SHARE

സിനിമയിലൂടെ സഞ്ചാരികളുടെ മനസ്സില്‍ കയറിക്കൂടിയ ഒട്ടേറെ സ്ഥലങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. അക്കൂട്ടത്തില്‍ ആദ്യം വരുന്ന ഒരു പേരാണ് ഗവി എന്നത്. 'ഓർഡിനറി' എന്ന മലയാള സിനിമ ഇറങ്ങിയത്‌ മുതല്‍ ഗവിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ്, മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും പോലെതന്നെ ഗവിയും സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. പോകും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാനകാര്യങ്ങള്‍ ശ്രദ്ധിക്കാം. 

എങ്ങനെ എത്തും?

പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേയ്ക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്ക് തിരിച്ചും ബസ് ഉണ്ട്. ഇവയുടെ സമയത്തെക്കുറിച്ച് അറിയാന്‍ പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആർടിസി ബസ് ഡിപ്പോകളുമായി ബന്ധപ്പെടാം. 

gavi-trip2
Image Source: KFDC Eco Tourism

ഇതു കൂടാതെ, സ്വന്തം വാഹനത്തിലും ഗവിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കാര്‍, ടുവീലര്‍ തുടങ്ങിയവയേക്കാള്‍ ജീപ്പായിരിക്കും ഈ യാത്രക്ക് കൂടുതല്‍ ഉത്തമം. പ്രവേശനം ലഭിക്കണമെങ്കില്‍ പാസ് എടുക്കണം. ഒരു ദിവസം പരിമിതമായ പാസുകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ചെക്ക് പോസ്റ്റിൽ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക്, ഒരു ദിവസം പത്തു മുതൽ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ മാത്രമേ അനുവദിക്കാറുള്ളൂ. രാവിലെ ഏഴുമണി മുതല്‍  പാസ് നൽകിത്തുടങ്ങും. 

കാഴ്ചകളും അനുഭവങ്ങളും

ഗവിയിലൂടെയുള്ള യാത്രയെക്കുറിച്ച് പറയുമ്പോള്‍, 'ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം' എന്ന് പറയാം. കാടിന്‍റെ ഹൃദയത്തിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത് ഹൃദ്യമായ അനുഭവമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍ അനുഭവപ്പെടാറുള്ളു. വനപ്രദേശത്തെ കുളിരും കിളികളുടെ പാട്ടുമെല്ലാം ആസ്വദിച്ച് കാട്ടിലൂടെയുള്ള യാത്ര, സാഹസിക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരിക്കും. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളും ചുറ്റും കാണാം. ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും പിന്നെ ഭാഗ്യമുണ്ടെങ്കില്‍, അപൂർവയിനമായ നീലഗിരി താറിനെയും സിംഹവാലൻ കുരങ്ങുകളെയും കാണാം. 

gavi-trip
Image Source: KFDC Eco Tourism

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

സ്വന്തം വാഹനത്തിലെ യാത്രയേക്കാള്‍, കെഎസ്ആർടിസി ബസുകളില്‍ യാത്ര ചെയ്യുന്നതാണ് അല്‍പ്പം കൂടി സുരക്ഷിതം. വഴിയില്‍ വന്യജീവികളുമായുള്ള അപ്രതീക്ഷിത കണ്ടുമുട്ടലുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഇതുവഴി ഒഴിവാക്കാം. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ കാടിനുള്ളില്‍ ഉപേക്ഷിക്കുന്നതും വനപ്രദേശത്ത് മദ്യപാനം നടത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

gavi-trip1
Image Source: KFDC Eco Tourism

സഞ്ചാരികള്‍ക്കായി പാക്കേജുകള്‍

കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ്  കോർപ്പറേഷൻ സഞ്ചാരികള്‍ക്കായി ഗവിയില്‍ വിവിധ ടൂർ പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. ട്രെക്കിങ്ങ്, ഔട്ഡോർ ക്യാംപിങ്, സഫാരി തുടങ്ങിയ വിനോദങ്ങളും ഇവിടെ ലഭ്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.gavi.kfdcecotourism.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

English Summary: Gavi Eco Tourism Pathanamthitta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA