40 വർഷമായി കൊടും വനത്തിൽ പാറ ഇടുക്കിൽ കഴിയുന്ന വൃദ്ധ ദമ്പതികൾ;കൂട്ടായി വന്യമൃഗങ്ങൾ

wild-trip
SHARE

കാടിന്റെ കരുതലിൽ ജീവിതം തള്ളി നീക്കുകയാണ് കൃഷ്ണൻ കാണിയും ഭാര്യ രാജമ്മയും. കൊടും വനത്തിൽ കാടിനെ പ്രണയിച്ച് കഴിയുന്ന വൃദ്ധ ദമ്പതികൾക്കു കൂട്ടായി വന്യമൃഗങ്ങൾ. കാടിറങ്ങാൻ മനസുണ്ടെങ്കിലും ഈ കരുതൽ നാട്ടിൽ കിട്ടില്ലെന്ന് ഇരുവരും പറയുന്നു. വാർത്ത തേടിയുള്ള യാത്രകളിലാണ് ഇത്തരം ജീവിതങ്ങളെ കണ്ടുമുട്ടുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലത്ത് ഇളംപമ്പയാർ കക്കി ജല സംഭരണിയിലേക്കു സംഗമിക്കുന്ന സ്ഥലത്തു കല്ലുംകൂനയിലെ പാറ ഇടുക്കിലാണ് 40 വർഷമായി ഈ ദമ്പതികൾ താമസിക്കുന്നത്.

കുളത്തൂപ്പുഴ പാലോട് സ്വദേശികളായ ഇരുവരും ഈറ്റ വെട്ടാനാണ് ആദ്യമായി കാട് കയറി ഇവിടെ എത്തുന്നത്. ആദിവാസി ‘അരയർ’ വിഭാഗത്തിലുള്ള ഇവർ പിന്നീടു വനവിഭവങ്ങൾ ശേഖരിച്ച് ഇവിടെ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ ആനത്തോട് അണക്കെട്ടിലൂടെ ഒന്നര മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാൽ ഇവർ താമസിക്കുന്ന താവളത്തിൽ എത്താം.

wild-trip3

മുള ചെങ്ങാടം വാഹനം

വനത്തിലൂടെ നടന്നും, മുള ചെങ്ങാടത്തിൽ സംഭരണികൾ താണ്ടിയും കക്കി അണക്കെട്ടുമായി ബന്ധപ്പെട്ട എർത്ത് ഡാം വഴിയാണ് ഇരുവരും പുറം ലോകവുമായി ബന്ധപ്പെടുന്നത്. മാസത്തിൽ ഒരു തവണ കാട് ഇറങ്ങും. കുന്തിരിക്കം, തേൻ എന്നിവയാണ് ഇവർ പ്രധാനമായും ശേഖരിക്കുന്നത്. ആങ്ങമൂഴിയിൽ എത്തി വനം വിഭവങ്ങൾ ശേഖരിക്കുന്ന സൊസൈറ്റിക്കു നൽകും. ആവശ്യമായ സാധനങ്ങൾ വാങ്ങി ഓട്ടോറിക്ഷയിൽ എർത്ത് ഡാമിലെത്തി വീണ്ടും കാട് കയറുകയാണ് പതിവ്.

wild-trip6

പാറയുടെ അള്ള് വീട്

കൂറ്റൻ പാറയുടെ അള്ളിനുള്ളിലാണ് താമസം. ജല സംഭരണിയിലെ ജല നിരപ്പ് ഉയരുമ്പോൾ സമീപ ഷെഡിലേക്കു താമസം മാറ്റും. 2018ലെ വെള്ളപൊക്കത്തിൽ അള്ളിനുള്ളിൽ വെള്ളം കയറിയിരുന്നു.

wild-trip4

ഇത്രയും വർഷം ഇവിടെ കിടന്നിട്ടും ഒരിക്കൽ പോലും വന്യ മൃഗങ്ങളുടെ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. കടുവ, പുലി, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഇതു വഴി കടന്ന് പോകാറുണ്ട്. ഇരുവർക്കും കൂട്ടായി ‘വീരൻ’ എന്ന വളർത്തു നായ ഉണ്ട്. മൃഗങ്ങളെ കാണുമ്പോൾ വീരൻ കുര തുടങ്ങും. പിന്നീട് ഒരു മൃഗവും അടുക്കാറില്ല.

പൂര്‍ണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA