കാടിനുള്ളിൽ ഇരട്ടമരവീട്ടിൽ താമസിക്കാം; പാമ്പാടുംചോലയുടെ സൗന്ദര്യത്തിലേക്ക്

log-house-stay
Image From Youtube
SHARE

സുന്ദരമായ കാലാവസ്ഥയും മനോഹര കാഴ്ചകൾ കൊണ്ടും എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്ന സ്ഥലമാണ് മൂന്നാർ. സന്ദർശകരെ ആകർഷിക്കുന്ന നിരവധിയിടങ്ങൾ ഇന്നാട്ടിലുണ്ട്. ആ കാഴ്ചകളിലൊന്നാണ് പാമ്പാടുംചോല. പ്രകൃതിയുടെ ചാരുത ആസ്വദിച്ച് താമസിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂന്നാറിൽനിന്ന് വട്ടവട റൂട്ടിൽ 35 കിലോമീറ്റർ സഞ്ചരിച്ചാൽ പാമ്പാടുംചോല ദേശീയോദ്യാനത്തിലെത്താം.

പാമ്പാടുംചോലയുടെ സൗന്ദര്യത്തിലേക്ക്

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒട്ടേറെ ജീവികളുടെ ആവാസസ്ഥാനമെന്നതാണ് ഈ ചോലകളുടെ വലിയ സവിശേഷത. മരങ്ങൾ തിങ്ങിവളരുന്ന കുത്തനെയുള്ള മലനിരകളും യൂക്കാലി തോട്ടങ്ങളും ഇടയ്‌ക്കിടെ പുൽമേടുകളും മൊട്ടക്കുന്നുകളുമൊക്കെയായി പാമ്പാടുംചോല ആരുടെയും മനംകവരും. പല നിറത്തിലുള്ള ഇലകളുമായി തലയുയർത്തിനിൽക്കുന്ന മരങ്ങളിൽ വെയിൽതട്ടി തിളങ്ങുന്ന കാഴ്‌ച ഏതോ വിദേശ വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ പ്രതീതിയുണ്ടാക്കും. 

pampadum-shola-national-park1

വംശനാശഭീഷിണി നേരിടുന്ന ബ്രൗണ്‍ പാംസിവറ്റ് ,നീലഗിരി മാർടൻ , കരിങ്കുരങ്ങ് തുടങ്ങി ഒട്ടേറെ അപൂർവ ഇനം ഇനം മൃഗങ്ങൾ ഈ ചോലക്കാടുകളില്‍ കാണപ്പെടുന്നുണ്ട്. നീലഗിരി താർ, നീലഗിരി വുഡ്പ്പെക്കർ (മരംകോത്തി) ,അപൂർവമായ ശലഭം , കാട്ടുപോത്ത് ,സാംബർ മാനുകൾ ,ബാർക്കിങ്ങ് ഡിയർ എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്. ‌ആനയും കടുവയും ഉണ്ടെങ്കിലും റോഡിൽ ഇറങ്ങാറില്ല.വനം വകുപ്പ് ഇക്കോ ഡവലപ്മെന്റ് സമിതിയും സംയുക്തമായി ഇക്കോ ടൂറിസം പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. ചോല വനത്തിലേക്ക് ട്രെക്കിങ്ങും തടിയിൽ നിർമിച്ച വീടുകളിൽ രാത്രി താമസവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. 

pampadum-shola-national-park

താമസിക്കാം ഇരട്ടമരവീട്ടിൽ

പാമ്പാടുംചോലയിലെ വനംവകുപ്പിന്റെ ഇരട്ട മരവീടുകളിലെ താമസമാണ് സഞ്ചാരികളെ അതിശയിപ്പിക്കുന്നത്. ചോലക്കാടുകൾ ഒളിപ്പിച്ചുവച്ച ബന്തർമല, മുന്നിൽ കാട്ടുപോത്തുകൾ മേയുന്ന പുൽപാടങ്ങൾ, ഉള്ളിൽ മഞ്ഞു നൽകുന്ന കുളിർമ, കാതിൽ കാടിന്റെ സംഗീതം. ഇത്രയും മതി ഈ കുഞ്ഞുവീടുകളിലെ താമസം സ്വർഗീയമാക്കാൻ. മൂന്നാറിൽ വനംവകുപ്പൊരുക്കുന്ന താമസസൗകര്യങ്ങളിൽ ഏറ്റവും മികച്ചതെന്നു പറയാം ഈ വീടുകളെ. ബൈസൺ ലോഗ് ഹൗസ് എന്നാണു പുതിയ പേര്.  

pampadum-shola-national-park3

ചെറിയൊരു കുന്നിൻ മുകളിലാണ് ഇൗ മരവീടുകൾ. മുറ്റത്തുനിന്നു നോക്കുമ്പോൾ വട്ടവടയിലേക്കുള്ള റോഡ് കാണാം. അടുത്തടുത്ത രണ്ടു മുറികളാണ് യഥാർഥത്തിൽ കുറ്റിക്കാട് ലോഗ് ഹൌസ്. പാമ്പാടും ചോലയിലെ ഏറ്റവും നല്ല താമസ സൗകര്യങ്ങളിലൊന്നാണ്. ഇരട്ടവീടുകൾക്കു താഴെയായി മൺവീടുണ്ട്. അവിടെവച്ചാണ് സഹായികൾ ആഹാരം പാകംചെയ്തു തരുക.

ശ്രദ്ധിക്കാം: കോവിഡ് പടർന്നു പിടിക്കുന്ന ഇൗ സാഹചര്യത്തിൽ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

English Summary: Bison Log House in Pampadum Shola National Park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS