നീലഗിരി എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. നീലനിറമാർന്ന മലനിരകളും തണുപ്പും കണ്ണിനെ കുളിരണിയിക്കുന്ന പച്ചപ്പുമെല്ലാം അതില്‍പ്പെടും. കാലങ്ങളായി സഞ്ചാരികളുടെ മനം കവരുന്ന ഊട്ടിയും നീലഗിരിയുടെ ഭാഗമാണ്. കേരളത്തിനു വടക്കുള്ള ആറളം വന്യജീവി സങ്കേതവും പാലക്കാട് സൈലന്റ് വാലിയും വയനാട് ഉൾപ്പെടെ തമിഴ്നാടിലെ മുതുമലൈ, മുക്കുർത്തി, സത്യമംഗലം എന്നിവയും കർണാടകയിലെ നാഗർഹോളെ, ബന്ദിപ്പൂര്‍ എന്നീ വന്യജീവി സങ്കേതങ്ങളും ഉൾപ്പെടുന്ന വിശാലമായ ഒരു സംരക്ഷിതമേഖലയാണു നീലഗിരി. ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. പ്രകൃതിസൗന്ദര്യവും മനോഹരമായ കാലാവസ്ഥയുമുള്ള ഈ പ്രദേശം സഞ്ചാരികളുടെ പറുദീസയാണ്.

കാടും കുളിരും ആസ്വദിക്കാനായി നീലഗിരിയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് വൈൽഡ് പ്ലാനറ്റ് റിസോര്‍ട്ട്. പശ്ചിമഘട്ട പർവതനിരകളിലെ ബന്ദിപ്പൂർ-മുതുമല ടൈഗർ റിസർവിനടുത്തായി ദേവാലയില്‍ സ്ഥിതിചെയ്യുന്ന ഒരു ആഡംബര റിസോർട്ടാണ് ഇത്. നീലഗിരി പർവതനിരകൾക്ക് നടുവിൽ 3300 ചതുരശ്ര കിലോമീറ്റർ മഴക്കാടിനുള്ളിലായി 100 ഏക്കർ സ്ഥലത്ത് ഈ റിസോര്‍ട്ട് പരന്നുകിടക്കുന്നു. പശ്ചിമഘട്ടവും പൂര്‍വഘട്ടവും സംഗമിക്കുന്ന ഇടത്തായി, സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ നിർമ്മിച്ച റിസോര്‍ട്ടിനു ചുറ്റും ധാരാളം കാപ്പി, തേയില, കുരുമുളക് തോട്ടങ്ങളുണ്ട്.

കേന്ദ്ര റിപ്പോർട്ട് അനുസരിച്ച്, പശ്ചിമഘട്ടത്തിലെ ഈ പ്രദേശം, രാജ്യത്ത് ഏറ്റവും മികച്ച ശുദ്ധവായു ഉള്ള ഇന്ത്യയിലെ ആദ്യ അഞ്ച് മേഖലകളിൽ ഒന്നാണ്. ചുറ്റുമുള്ള പ്രകൃതിക്ക് യാതൊരു വിധ കോട്ടവും വരുത്താതെയാണ് ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
സഞ്ചാരികള്‍ക്കായി നാലുതരം കോട്ടേജുകള്‍
ഹില്‍ടോപ്പ് കോട്ടേജ്, ലക്ഷ്വറി പവലിയന്, ജംഗിള്‍ ലോഗ് ഹൗസ്, വാലി വ്യൂ ക്യാബിന് എന്നിങ്ങനെ നാലു വ്യത്യസ്ത തരം താമസസൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

തേയിലത്തോട്ടത്തിന്റെ നടുവിലുള്ള കുന്നിൻമുകളിലാണ് ഹില്‍ടോപ്പ് കോട്ടേജുകൾ. കണ്ണെത്താ ദൂരത്തോളം ചുറ്റുമുള്ള മഴക്കാടുകളും നീലഗിരി പർവത നിരകളും കാണാവുന്ന ബാല്‍ക്കണിയാണ് ഇതിന്റെ പ്രത്യേകത. കെനിയൻ സഫാരി സ്യൂട്ടുകളുടെ മാതൃകയില്‍, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ആഡംബര കോട്ടേജുകള്‍ ആണ് ലക്ഷ്വറി പവലിയനുകൾ. 10 ഏക്കർ സ്വകാര്യ വനഭൂമിയുടെ ഉള്ളിലായാണ് ജംഗിള്‍ ലോഗ് ഹൗസ്. പ്രധാന റിസോർട്ട് ഏരിയയിൽ നിന്ന് 750 മീറ്റർ അകലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഈ കോട്ടേജ്, സാഹസികതയും ഏകാന്തതയും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല ഓപ്ഷനാണ്. കുന്നിന്‍ചെരിവിലുള്ള വാലി വ്യൂ കാബിനുകൾ ആനക്കൂട്ടങ്ങളെ നിരീക്ഷിക്കാനുള്ള മികച്ച ഇടമാണ്.

ട്രെക്കിംഗ്, ഗെയിമുകള്‍, കാട്ടിനുള്ളിലൂടെ നടത്തം
പ്രകൃതിയെ അടുത്തറിയാനും ശാന്തമായി ദിനങ്ങള്‍ ചിലവഴിക്കാനും സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നതിനു പുറമേ, ഗെയിമുകളും സാഹസിക വിനോദങ്ങളുമെല്ലാം ഇവിടെയുണ്ട്.

നീലമലനിരകളുടെ മനോഹരമായ കാഴ്ചയും മുതുമല ടൈഗർ റിസർവിലെ മഴക്കാടുകളുടെ ആകാശക്കാഴ്ചയും നൽകുന്ന സിപ്പ് ലൈൻ, 32 അടി ഉയരത്തിൽ കയറിൽ തൂങ്ങിക്കിടന്ന് മങ്കി ക്രാളിംഗ്, തേയിലത്തോട്ടത്തിനു നടുവിലെ കൃത്രിമ തടാകത്തിലെ കയാക്കിംഗ് എന്നിവ സാഹസികസഞ്ചാരികള്‍ക്ക് അങ്ങേയറ്റം ഇഷ്ടപ്പെടും. സ്പോര്‍ട്സ് പ്രേമികള്‍ക്കായി ടേബിൾ ടെന്നീസ്, കാരംസ്, ഹാൻഡ് സോക്കർ, ഡാർട്ട്, ബോർഡ് ഗെയിമുകൾ എന്നിവക്കായുള്ള ഇൻഡോർ ഗെയിംസ് ഏരിയ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ തുടങ്ങിയ ഔട്ട്ഡോര്‍ ഗെയിം സൗകര്യങ്ങളും ഒപ്പം അംഗപരിമിതര്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു മിനിയേച്ചർ ഗെയിം സെന്റർ, കുതിരസവാരി എന്നിവയും ഉണ്ട്.

നീലഗിരി മലകളുടെയും വയനാട് കുന്നുകളുടെയും മനോഹരമായ കാഴ്ച നല്കുന്ന ചുരുളിമലയിലേക്കുള്ള ട്രെക്കിങ്, റിസോർട്ടിലും പരിസരത്തുമുള്ള 70 ഏക്കർ തേയില, കോഫി, കുരുമുളക്, സുഗന്ധവ്യഞ്ജനങ്ങൾ, വിവിധ കാട്ടുമരങ്ങൾ എന്നിവക്കിടയിലൂടെ നടത്തം, റെയിൻ ഫോറസ്റ്റ് വാക്ക്, പക്ഷി നിരീക്ഷണം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
English Summary: The Best Jungle Resorts in Mudumalai National Park