ഒറാങ് ഉട്ടാന് ഒപ്പമുള്ള സെൽഫി; കാടിനെ പ്രണയിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫർ

wild-photography-subash
SHARE

സ്വപ്നങ്ങളെ പിന്തുടർന്ന് കൈപ്പിടിയിൽ ഒതുക്കുന്ന മനുഷ്യരാണ് ജീവിതത്തിലെ വിജയി. ആഗ്രഹങ്ങൾക്കൊപ്പം ജീവിക്കുമ്പോഴാണ് ഓരോ മനുഷ്യന്റെയും ജീവിതം ധന്യമാകുന്നത്. ഐടി പ്രഫഷനോടൊപ്പം കാടിന്റെ ജീവിതം സ്വന്തം ക്യാമറയിൽ പകർത്താൻ മോഹിച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറാണ് സുഭാഷ് നായർ. കാട്ടിലെ ദിനങ്ങള്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ മൃഗങ്ങളുടെയും സസ്യലതാദികളുടെയും ജീവിതം അങ്ങനെയങ്ങിനെ പലതും. ഈ ലോകവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍മാര്‍. യാത്രകളിലൂടെ കാടിനോടുള്ള പ്രണയം തിരിച്ചറിഞ്ഞ് കാട്ടിലെ അപരിചിത ജീവിതങ്ങള്‍ പകര്‍ത്തുന്ന വന്യജീവി ഫൊട്ടോഗ്രഫര്‍മാരുടെ നിരയിലേക്ക് കടന്നിരിക്കുകയാണ് സുഭാഷ്. 

wild-photography

യാത്രകളിലൂടെ കാടിനോടുള്ള പ്രണയം തിരിച്ചറിഞ്ഞ സുഭാഷ് ഇന്ന് അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും  കാടും മേടും വന്യജീവികളും കാണാൻ താല്പര്യമുള്ളവർക്ക് വഴികാട്ടിയുമാണ്. 2019 ലെ സാങ്ച്വറി ഏഷ്യ അവാർഡ്സ്  (ഓണറബിൾ മെൻഷൻ )ലഭിച്ചിട്ടുള്ള സുഭാഷ് നായരുടെ നിരവധി ചിത്രങ്ങൾ ബിബിസി, നാഷനൽ ജിയോഗ്രഫി തുടങ്ങിയവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

02

നിക്കോൺ ക്യാമറയുടെയും ഒപ്പോ ഫോണിന്റെയും അംബാസഡർ പദവിയുള്ള സുഭാഷ് നായരുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ, ‘ക്യാമറയുടെ മികവല്ല, അതിലൂടെ കാണുന്ന കാഴ്ചകളും അവ പകർത്തിയെടുത്ത് മനോഹരമായൊരു ചിത്രമാക്കി മാറ്റാനുള്ള കഴിവുമാണ് ഒരാളെ മികച്ച ഫൊട്ടോഗ്രഫർ ആക്കുന്നത്’. സുഭാഷ് നായരെ ലോകമറിയുന്ന ഫൊട്ടോഗ്രഫറാക്കിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഫൊട്ടോഗ്രഫിയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്. അദ്ദേഹം സംസാരിക്കുന്നു.

03

വൈകിയെത്തിയ വസന്തകാലം

ഈ മേഖലയിലേക്ക് വളരെ വൈകിയെത്തിയ വ്യക്തിയാണ് ഞാൻ. പ്രശസ്തരായ ഫൊട്ടോഗ്രഫർമാരോട് ചോദിക്കുമ്പോൾ ചിലര്‍ പറയും ചെറിയ പ്രായത്തിലേ ക്യാമറ ഉപയോഗിച്ചു തുടങ്ങി, അല്ലെങ്കിൽ പത്താം വയസ്സിൽ അച്ഛൻ സമ്മാനമായി തന്നത് ക്യാമറ ആയിരുന്നു എന്നൊക്കെ. ഇപ്പോഴത്തെ കുട്ടികൾ പ്ലസ്ടു കഴിയുമ്പോഴേ ക്യാമറയുമായി പരിചയത്തിലാവും. അങ്ങനെ നോക്കുമ്പോൾ ഞാൻ ഫൊട്ടോഗ്രഫി മേഖലയിലേക്ക് വളരെ വൈകി ഇറങ്ങിയ ആൾ തന്നെയാണ്. 25 വയസ്സെങ്കിലും ആയിട്ടുണ്ടാവും ഒരു നല്ല ക്യാമറ ഞാൻ നേരിട്ടു കാണുമ്പോൾ. എന്റെ ഒരു സുഹൃത്ത് വഴി വിദേശത്തുനിന്നു സ്വന്തം പണം മുടക്കിയാണ് ആദ്യത്തെ ക്യാമറ വാങ്ങുന്നത്.

wild-photography1

യാത്രയും ഫൊട്ടോഗ്രഫിയും

യാത്രകൾ ഒരുപാട് ഇഷ്ടമാണ്. തനിച്ച് വാഹനമോടിച്ച് യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ട് സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ ചെയ്യുമായിരുന്നു. അന്നും ഇഷ്ടം കാടുകളോടായിരുന്നു. ലോങ് ട്രിപ്പുകളാണ് കൂടുതലും. ആദ്യകാലത്തൊന്നും എനിക്കു ക്യാമറ ഇല്ലായിരുന്നു. ക്യാമറ വാങ്ങിയതിനു ശേഷമാണ് എനിക്ക് എന്തുകൊണ്ടും യോജിച്ച ജോലി വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി ആണെന്ന് തിരിച്ചറിവുണ്ടാകുന്നത്. അങ്ങനെ പൂർണമായും ഞാൻ ആ രംഗത്തേക്കു കടന്നു. 

പ്രകൃതിയും വന്യജീവികളുമടങ്ങുന്ന സ്വാഭാവിക ആവാസവ്യവസ്ഥയെയാണ് ഞാൻ പ്രണയിക്കുന്നത്. കാട്ടിൽ ജീവിക്കുന്ന മൃഗങ്ങളെ കണ്ടുകഴിഞ്ഞാൽ, അവയുടെ ജീവിതം ആസ്വദിച്ചാൽ പിന്നീട് ഒരിക്കലും നമുക്ക് മൃഗശാലയിലേക്കു പോകാനാകില്ല. എന്തിനേറെ, ഉത്സവങ്ങൾക്കും മറ്റും അണിയിച്ചൊരുക്കിയിറക്കുന്ന ആനയുടെ മുഖത്തേക്കു നോക്കാൻ പോലുമാകില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ വന്യജീവി കേന്ദ്രങ്ങളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. കാട്ടിലും അവിടുത്തെ അന്തേവാസികൾക്കുമൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം, ആ സംതൃപ്തിക്ക് സമാനതകളില്ല. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സമയങ്ങളാണത്. 

മോഹിപ്പിക്കുന്ന കാടിടങ്ങൾ

ഇന്ത്യയിലെ വനങ്ങളുടെ ഗാംഭീര്യം മറ്റെവിടെയും കിട്ടില്ല. നമ്മുടെ നാട്ടിലെ കാടുകൾ എന്നു പറഞ്ഞാൽ പച്ചയായ കാഴ്ചയാണ്. ഇരുൾ വീണ കൊടുംകാടുകൾക്കുള്ളിൽ സഞ്ചരിക്കാൻ കിട്ടുന്ന ഓരോ അവസരവും പുത്തൻ അനുഭവങ്ങളാണ്. ആഫ്രിക്കയുടെ പ്രകൃതി മറ്റൊന്നാണ്. സൂര്യോദയവും അസ്തമയവും കാണാൻ ഏറ്റവും മികച്ചയിടം. രണ്ട് വ്യത്യസ്ത രൂപങ്ങളാണെങ്കിലും നമ്മെ മോഹിപ്പിക്കുന്നവയാണീ പ്രകൃതികൾ. 

04

ജിം കോർബറ്റ്, കാസിരംഗ, കബനി, ബാന്ദവ്ഗഡ്, തടോബ, കൻഹ തുടങ്ങി നമ്മുടെ വന്യജീവി സങ്കേതങ്ങളെല്ലാം മനോഹരങ്ങളാണ്. ഓരോ തവണയും ഈ വനങ്ങൾ എനിക്ക് സമ്മാനിക്കുന്നത് ഓർമിക്കാൻ മനോഹരമായ ചിത്രങ്ങളാണ്. ഓരോ കാടിനും ഓരോ ഭാവവും രൂപവുമാണ്. ഓരോ നാട്ടിലും അത് വ്യത്യാസപ്പെട്ടിരിക്കും.

വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയാണെങ്കിലും അതിൽ പ്രത്യേക വിഭാഗം അല്ലെങ്കിൽ ഏതെങ്കിലും ഒരു മൃഗത്തെ മാത്രം സ്പെഷലൈസ് ചെയ്യുക, അങ്ങനെ ഒന്നും തന്നെയില്ല. കാട്ടിലൂടെ യാത്ര നടത്തുമ്പോൾ കൺമുന്നിൽ വന്നുപെടുന്ന എന്തും എനിക്ക് ചിത്രങ്ങൾ ആകും. അതു മാൻകൂട്ടങ്ങളോ കുരങ്ങന്മാരോ ആനയോ കടുവയോ എന്തുമാവാം

ചില യാത്രകളിൽ കൂടെയുള്ള ഗൈഡുമാർ പറയാറുണ്ട് ഇന്ന് ചിലപ്പോൾ ആനയെ കാണില്ല അല്ലെങ്കിൽ പുലി ഉണ്ടാകില്ല എന്നൊക്കെ. പക്ഷേ അപ്പോൾ ഞാൻ പറയാറുള്ളത്, വേണ്ട, ഒന്നുമില്ലെങ്കിലും ഒരു പാമ്പോ തവളയോ ഒരു ചെറിയ ചിത്രശലഭമോ മതി എന്നാണ്. എന്നെ സംബന്ധിച്ച് കാടിന്റെ ചിത്രമെടുക്കുക, ജീവിതങ്ങൾ അറിയുക എന്നതു മാത്രമാണ് ലക്ഷ്യം. അതിന് ഇവരിൽ ആരെങ്കിലുമൊക്കെ മതി ഫ്രെയിമിൽ. 

ഫൊട്ടോഗ്രഫർമാരുടെ മെക്കയിലേക്ക്

ഫൊട്ടോഗ്രഫർമാരുടെ, പ്രത്യേകിച്ച് വൈൽഡ് ലൈഫിൽ താല്പര്യമുള്ളവരുടെ മെക്ക എന്നാണ് ആഫ്രിക്ക അറിയപ്പെടുന്നത്. ഒരിക്കലെങ്കിലും അവിടം സന്ദർശിക്കണമെന്നു കൊതിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നവരായിരിക്കും ഭൂരിഭാഗം വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരും. മാസായി മാര വന്യജീവി സങ്കേതം എന്റെ സ്വന്തം വീടാണെന്ന് പറയാം. വർഷത്തിൽ രണ്ടോ മൂന്നോ തവണ ഞാൻ അവിടം സന്ദർശിക്കും. എന്നാൽ ഓരോ തവണയും എന്നെ അമ്പരപ്പിക്കുന്ന ഒരു സ്വർഗമാണത്. കഴിഞ്ഞ വർഷവും ഞാൻ അവിടെ പോയിരുന്നു. 

ആഫ്രിക്കയിലേയ്ക്കുള്ള ആദ്യയാത്ര മറക്കാനാവാത്തതാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയെപ്പറ്റി സീരിയസായി ചിന്തിച്ചു തുടങ്ങിയപ്പോൾത്തന്നെ ആഫ്രിക്കയിലേക്കു പോകണമെന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ നെയ്റോബി എയർപോർട്ടിലെത്തി. അവിടെനിന്ന്,14 പേർക്കു മാത്രം യാത്ര ചെയ്യാവുന്ന ഒരു ചെറിയ വിമാനത്തിലാണ് മാസായി മാര വൈൽഡ് ലൈഫ് സാങ്ച്വറിയിലേക്ക് പോയത്. വന്യജീവി സങ്കേതത്തിന്റെ ഉള്ളിലുള്ള ഒരു എയർസ്ട്രിപ്പിലാണ് നമ്മൾ ചെന്നിറങ്ങുന്നത്.

വിമാനം ലാൻഡ് ചെയ്യുകയാണെന്ന പൈലറ്റിന്റെ മെസ്സേജ് വന്നു. ഇറങ്ങാനായി തയാറെടുത്തിരിക്കുമ്പോൾ പൊടുന്നനെ വിമാനം മുകളിലേക്ക് പറന്നുയർന്നു. എല്ലാവരും പരിഭ്രാന്തരായി. കാര്യമന്വേഷിച്ചപ്പോൾ പൈലറ്റ് പറയുകയാണ്, വിമാനമിറങ്ങേണ്ട എയർ സ്ട്രിപ്പിൽ ഒരു ജിറാഫ് നിൽക്കുന്നുണ്ടെന്ന്. ആ പുള്ളിക്കാരൻ അവിടെനിന്ന് പോകാതെ വിമാനം താഴെയിറക്കാൻ പറ്റില്ല. കേൾക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും ഈ വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്കാണ് മനുഷ്യർ ഇടിച്ചു കയറി ചെല്ലുന്നത്. ആ  എയർസ്ട്രിപ്പ്പോലും വനത്തിനുള്ളിൽ ഇവരുടെയൊക്കെ വീടിനകത്താണ് നിർമിച്ചിരിക്കുന്നത്.അതായിരുന്നു എന്റെ ആദ്യ ആഫ്രിക്കൻ യാത്രയിലെ മറക്കാനാവാത്ത അനുഭവം. പിന്നീട് എപ്പോഴും ആ മാസ്മരികയിടം എന്നെ മാടി വിളിച്ചു കൊണ്ടേയിരുന്നു.

സെൽഫി വിത്ത് ഒറാങ് ഉട്ടാൻ

ചിത്രം എടുക്കുന്ന അവസരങ്ങളിൽ ഒരു ഫൊട്ടോഗ്രഫർക്ക് വീണു കിട്ടുന്ന ചില നിമിഷങ്ങളുണ്ട്. ചിലത് ക്യാമറയിൽ പതിയും. മറ്റു ചിലത് മനസ്സിലും. അത്തരമൊരു ഓർമയാണ് ഇന്തൊനീഷ്യൻ യാത്രയിൽ എനിക്ക് കിട്ടിയത്. ഒറാങ് ഉട്ടാനെ അതിന്റെ തനത് ആവാസവ്യവസ്ഥയിൽ കാണണമെങ്കിൽ ഇന്തൊനീഷ്യയിലെത്തണം. ബോർണിയോ വൈൽഡ് ലൈഫ് സാങ്ച്വറിയിൽ ഈ വിരുതൻമാരുടെ ഫോട്ടോ എടുക്കാൻ പോയതാണ്. പെട്ടെന്ന് ഒരുത്തൻ വന്ന് എന്റെ കയ്യിൽ കയറിപ്പിടിച്ചു. ഞാനാകെ പരിഭ്രമിച്ചു പോയി. ആള് വിടുന്ന ലക്ഷണമൊന്നുമില്ല. കുറച്ച് നേരം അങ്ങനെ തന്നെ നിന്ന ശേഷം ഞാൻ കുഴപ്പക്കാരനല്ല എന്ന് തോന്നിയതിനാലാകാം ഒരു സെൽഫി പോസും തന്ന് പുള്ളി അങ്ങ് പോയി. നമ്മൾ മനുഷ്യരുമായി 97% ഡിഎൻഎ മാച്ചുള്ള ജീവിയാണിത്. മനുഷ്യരെപ്പോലെ ഇടപഴകാനും കുറേയൊക്കെ മനസ്സിലാക്കാനും കഴിവുണ്ടിവർക്ക്. 

കുടുംബത്തിനു മുന്നിൽ ചെറുതായപ്പോൾ

ഫൊട്ടോഗ്രഫി ഭ്രാന്തും യാത്രാപ്രേമവുമൊക്കെ ആവോളം ആസ്വദിക്കുന്നവരാണ് എന്റെ കുടുംബവും. ഫാമിലി ട്രിപ്പാണെങ്കിലും അവരും എന്റെയൊപ്പം കാടുകയറും. ഒരിക്കൽ ഞങ്ങൾ ഒരുമിച്ചൊരു യാത്ര നടത്തിയപ്പോൾ ഉണ്ടായ അനുഭവം പറയാം. എന്നെ മാറ്റി ചിന്തിക്കാനും വൈൽഡ് ലൈഫിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രേരിപ്പിച്ച ഒരു സംഭവം. അന്ന് എന്റെ കയ്യിൽ ഒരു ചെറിയ ക്യാമറയാണ്. പക്ഷേ ഫാമിലിയുടെ മുമ്പിൽ ഞാൻ വലിയ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറാണ്.അങ്ങനെ കാട്ടിലൂടെ ജീപ്പിൽ സഫാരി നടത്തുന്ന സമയം. ഞങ്ങൾക്കൊപ്പം വലിയ ക്യാമറയും ലെൻസുമൊക്കെയായി ഒരു ഫൊട്ടോഗ്രഫർ ഉണ്ടായിരുന്നു. മുമ്പിൽ അതാ ഒരു പുള്ളിപ്പുലി. ഞാൻ വേഗം എന്റെ കയ്യിലെ ക്യാമറയുമായി ഫോട്ടോയെടുക്കാൻ ആരംഭിച്ചു.

ഉടനെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘സുഭാഷ്, ആ ക്യാമറയിൽ ചിത്രമെടുക്കാനാവില്ല. അതുകൊണ്ട് ക്യാമറ മാറ്റിവച്ച് കാഴ്ചകളൊക്കെ ആസ്വദിക്കാൻ നോക്ക്’. എന്റെ കുടുംബത്തിനു മുമ്പിൽ വച്ചു കേട്ട ആ വാക്കുകൾ വല്ലാതെ വിഷമിപ്പിച്ചു. പക്ഷേ ഒരു കാര്യം ഞാൻ പറയാം, നമ്മുടെ കയ്യിലെ ലക്ഷക്കണക്കിനു രൂപ വിലയുള്ള ക്യാമറ മാത്രമല്ല ഒരു മികച്ച ചിത്രം സമ്മാനിക്കുന്നത്. നമ്മുടെ ക്യാമറയോ മൊബൈലോ ചെറുതോ വലുതോ ആകട്ടെ, അതിലൂടെ കാണുന്ന കാഴ്ചകൾ ഏറ്റവും മനോഹരമായി പകർത്തിയെടുക്കാൻ സാധിക്കുന്നത് ആ വ്യക്തിയുടെ കഴിവു കൂടിയാണ്.

പിന്നീട് ഞാനും എന്റെ സുഹൃത്ത് വരുണും എക്സ്പാന്റഡ് എക്സിപീഡിഷൻ എന്ന ഫൊട്ടോഗ്രഫി കമ്പനി ആരംഭിച്ചത് ഈ അഭിനിവേശം ഒന്നുകൊണ്ടു മാത്രമാണ്. ഇന്ന് ഞങ്ങൾ ഇന്ത്യയിലും പുറത്തും ഫൊട്ടോഗ്രഫിക് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു. നിരവധി ഫൊട്ടോഗ്രഫർമാരും അതിനോട് താൽപര്യമുള്ളവരും വർക്ക് ഷോപ്പുകളിൽ ചേരുന്നു.

പോകാൻ ഇനിയുമുണ്ട് ഇടങ്ങൾ

മഡഗാസ്കർ, ഫിൻലൻഡ് അങ്ങനെ കുറച്ചു സ്ഥലങ്ങൾ കഴിഞ്ഞവർഷം പ്ലാൻ ചെയ്തു വച്ചിരുന്നതായിരുന്നു. ഇനി എന്നാണ് സുഗമമായി യാത്രകൾ ചെയ്യാൻ സാധിക്കുന്നത് അതിനനുസരിച്ച് ഇവിടെയൊക്കെ പോകണമെന്നാണ് പദ്ധതി. 

സുഭാഷ് നായരുടെ മാന്ത്രികത നിറഞ്ഞ ചിത്രങ്ങൾ കാണാം ഈ ഇൻസ്റ്റഗ്രാം പേജിലൂടെ 

ചിത്രങ്ങൾ : സുഭാഷ് നായർ

English Summary: Amazing Wildlife Photography Experiences by Subash Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS