ഒരു നിമിഷം ശ്വാസം നിലച്ച പോലെ, എന്റെ തലയ്ക്കു മുകളിലെ മരച്ചില്ലയിൽ ഉഗ്രവിഷമുള്ള പാമ്പ് ചുറ്റിപ്പിണഞ്ഞു കിടപ്പാണ്

wild-photography1
SHARE

കടുവയെ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ടു ദിവസങ്ങളായി. ക്യാമറയും ട്രൈപോർടും ഉൾപ്പെടെ പത്തുകിലോയോളം വരുന്ന ഭാരം താങ്ങിയാണ് നടപ്പ്. കുത്തനെയുള്ള കാട്ടുവഴികളും ചരൽ നിറഞ്ഞ ചരിവുകളും കുന്നുകളും പിന്നിട്ട് യാത്ര തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം. ‘അവിടവിടെയായി കടുവയുടെ കാഷ്ഠവും കാൽപ്പാടുകളും കാണുന്നുണ്ടല്ലോ? പക്ഷേ, അടുത്തൊന്നും കടുവയുണ്ടെന്ന് തോന്നുന്നില്ല.’ ഗൈഡ് ജോയ് ചേട്ടന്‍ ആ വാക്കുകൾ മുഴുവനാക്കും മുമ്പേ തിരിഞ്ഞ് ഓടാൻ ആരോ നിർദേശം നൽകി. ഞങ്ങളുടെ എതിർഭാഗത്തു നിന്നു വരുന്നത് ഒറ്റയാൻ ആണ്. തിരിഞ്ഞു നോക്കാതെ ഓടി. ഒടുവിൽ ഓട്ടത്തിന്റെ കിതപ്പ് മാറ്റാൻ ഞാൻ ഒരു മരത്തിനോട് ചേർന്ന് നിന്നു.

wild-photography2

‘ആ മരത്തിൽ തൊടരുത്. മുകളിലേക്ക് നോക്കരുത്’, പെട്ടെന്ന് ജോയ് ചേട്ടന്റെ ശബ്ദമുയർന്നു. ഒരു നിമിഷം ശ്വാസം നിലച്ച പോലെ... എന്റെ തലയ്ക്കു മുകളിലെ മരച്ചില്ലയിൽ ഉഗ്രവിഷമുള്ള പാമ്പ് ചുറ്റിപ്പിണഞ്ഞു കിടപ്പാണ്.’ കാടിന്റെ കൂട്ടുകൂടി നടക്കാൻ തുടങ്ങിയതിനു ശേഷം തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിൽ വന്ന മാറ്റങ്ങളും മറക്കാനാവാത്ത കാടനുഭവങ്ങളും പങ്കുവയ്ക്കുകയാണ് കൊല്ലം സ്വദേശി നിഷ പുരുഷോത്തമൻ.

wild-photography3


അറിയാതെ കിട്ടിയ കാടിന്റെ നിമിഷങ്ങൾ...

മഴയത്ത് സടകുടയുന്നൊരു സിംഹരാജന്റെ ചി ത്രം ‘എന്റെ സ്വപ്ന ഷോട്ടു’കളിൽ ഒന്നായിരുന്നു. ഈ സ്വപ്ന ചിത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അറിയാതെ മുന്നിൽപ്പെട്ട രണ്ട് നല്ല നിമിഷങ്ങളുണ്ട്. 2015 ഡിസംബറിൽ ആഫ്രിക്കൻ പുൽമേടുകളിലൂടെ സഫാരിവാനില്‍ സഞ്ചരിക്കവെ രണ്ടു മൂന്നു തവണ സിംഹദർശനം കിട്ടി. പക്ഷേ, അതൊന്നും ഒരു നല്ല ഫോട്ടോയ്ക്ക് ഉതകുന്നതായിരുന്നില്ല. പക്ഷേ, അല്പ സമയത്തിനു ശേഷം എന്റെ തൊട്ടു മുന്നിൽ രാജകീയ ഭാവത്തോടെ ഒരു നോട്ടമെറിഞ്ഞ് അവൻ വന്നു നിന്നു, കാടിന്റെ രാജാവ്. ഒറ്റ ക്ലിക്ക്, ഒരു കിടിലൻ ഷോട്ട്. അതുപോലെ കിട്ടിയ മറ്റൊരു ചിത്രമാണ്, മഴവിൽ അഴകിനെ പശ്ചാത്തലമാക്കി നിൽക്കുന്ന സിംഹത്തിന്റെ ചിത്രവും. മഴവില്ല് എന്നതു തന്നെ വല്ലപ്പോഴും മാത്രം കാണുന്ന മാജിക്കാണ്.

wild-photography5

അപ്പോൾ നിറഞ്ഞുനിൽക്കുന്ന മഴവില്ലിനു മുന്നിൽ ‘റോയൽ പോസിൽ വന്നു നിൽക്കുന്ന സിംഹ’ത്തിന്റെ ഫുൾഫ്രെയിം ചിത്രമൊന്ന് ആലോചിച്ചു നോക്കൂ. ആഫ്രിക്കയിൽ നിന്നാണ് ആ ചിത്രം പകർത്തിയത്. സിംഹരാജാവിന്റെ രണ്ടു നല്ല ചിത്രങ്ങൾ കിട്ടിയെങ്കിലും സ്വപ്ന ചിത്രം ഇപ്പോഴും കിട്ടിയിട്ടില്ല.

wild-photography

 
എന്റെ നാടായ പരവൂരിനടുത്ത് പോളച്ചിറ എന്നൊരു സ്ഥലമുണ്ട്. കായലിനോടു ചേർന്നു നിൽക്കുന്നതിനാൽ നനവുള്ള പ്രദേശമാണ്. രാവിലെയും വൈകീട്ടും ധാരാളം പക്ഷികളെ ഇവിടെ കാണാം. വീട്ടിലെ ഒഴിവുസമയങ്ങളിൽ ഞാൻ ക്യാമറയുമായി ഇറങ്ങും. ഒരു വൈകുന്നേരം പക്ഷികളെ നോക്കി നിൽക്കുമ്പോഴാണ് എന്റെ തൊട്ടു മുമ്പിലേക്ക് ഒരു കൃഷ്ണപ്പരുന്ത് പറന്നിറങ്ങിയത്. അതെന്തോ കൊത്തിയെടുത്തു പറന്നുയർന്നു. ഒരു ചെറിയ പാമ്പിനെയാണത് കൊത്തിയെടുത്തിരിക്കുന്നത്. കുറച്ചുയരത്തിൽ എത്തിയതേയുള്ളൂ, പരുന്തിന്റെ ചുണ്ടിൽ നിന്നും പാമ്പ് താഴേക്കു വീണു.

‘പാമ്പ് താഴേക്കു പതിക്കും മുമ്പേ പരുന്ത് അതിനെ നോക്കുന്ന ഷോട്ട് ’ എനിക്കു കിട്ടി. 2013 ൽ ആ ചിത്രം ലണ്ടൻ നാച്വറൽ മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ അവാർഡിന്റെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരത്ത് ഒരു കോഫി ഷോപ്പിൽ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത ബിൽഡിങ്ങിനോടു ചേർന്ന മരത്തിലെ പൊത്തിൽ ഒരു മൂങ്ങ വന്നിരുന്നത് കണ്ടത്.

wild-photography4

പടമെടുക്കാൻ ക്യാമറ റെഡിയാക്കി. പെട്ടെന്ന് എവിടെ നിന്നാണെന്നറിയില്ല ഒരു കാക്ക ആ പൊത്തിന്റെ മുകളിൽ വന്നിരുന്നു. ഒറ്റ സെക്കന്‍ഡ്, പെട്ടെന്നു തന്നെ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ആ ചിത്രവും രണ്ടു വർഷം മുമ്പ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫൈനൽ റൗണ്ടിൽ വന്നിരുന്നു. മഴവില്ലിന്റെ പശ്ചാത്തലത്തിൽ ഇരിക്കുന്ന സിംഹത്തിന്റെ ചിത്രം കഴിഞ്ഞ വർഷം രണ്ടാം റൗണ്ടിൽ എത്തി. കെനിയയിൽ നിന്നെടുത്ത സിംഹം വീൽബീറ്റ്സിനെ വേട്ടയാടുന്ന ചിത്രമാണ് എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്. ആ ഷോട്ടിന്റെ പ്രത്യേകത സിംഹവും ഇരയും മുഖാമുഖം വരുന്നുവെന്നതാണ്. ഇതുവരെ കിട്ടാത്ത, ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചീറ്റയോടൊപ്പം അതിന്റെ കുഞ്ഞും നിൽക്കുന്ന ഫ്രെയിം.

പോകും തോറും ഇഷ്ടം കൂടുന്ന കാട്

ഈ ഭൂമിയിൽ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന സ്ഥലമേതാണെന്നറിയുമോ, കാട്. ചെരിപ്പിട്ടു പോലും നോവിക്കാതെ കാടിന്റെ ഇരുട്ടിലേക്ക് നടന്നടുക്കണം. കിളികളും മൃഗങ്ങളും മരങ്ങളും നിറഞ്ഞ കാട് വലിയൊരു പാഠപുസ്തകമാണ്. പഠിക്കുന്തോറും ഇഷ്ടം കൂടും. എത്ര നേരം കാട്ടിൽ നിൽക്കാൻ പറ്റുന്നുവോ അത്രയും സമയം അവിടെ ചെലവിടും. അതാണ് പതിവ്.

വീട്ടിൽ പോകണോ കാട്ടിൽ പോകണോ എന്ന് എന്നോടു ചോദിച്ചാൽ ഏതുറക്കത്തിലും ഞാൻ പറയും കാട്ടിൽ പോയാൽ മതി എന്ന്. കാട്ടിലേക്കുള്ള എല്ലാ യാത്രകളും ഫോട്ടോ എടുക്കാൻ വേണ്ടിയുള്ളതല്ല. അഥവാ ഫോട്ടോയ്ക്ക് വേണ്ടി മാത്രമായി കാടുകയറാറില്ല.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS