ഗവിയിലേക്ക് കെഎസ്ആർടിസി ഉല്ലാസയാത്ര ഉടൻ; രാത്രി ബസിൽ തങ്ങാം

gavi-trip
SHARE

കേരളത്തിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വിനോദസഞ്ചാര കേന്ദ്രമേതെന്നു നോക്കിയാൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കുന്ന ഒരിടമായിരിക്കും പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്കൊഴുകാൻ പ്രേരിപ്പിച്ചത്. ഗവിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രയിൽ ഗവിയെയും ഉൾപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. കോഴിക്കോട്ടുനിന്ന് അടുത്തമാസം ആരംഭിക്കുന്ന സർവീസ് വിജയമായാൽ ഉടൻ തന്നെ കണ്ണൂരിൽനിന്നും ഒരു ഗവി സർവീസ് പ്രതീക്ഷിക്കാം. യാത്രയ്ക്കു മാത്രമല്ല, താമസിക്കാനും സൗകര്യമൊരുക്കിക്കൊണ്ടാണ് കെഎസ്ആർടിസിയുടെ ഈ പദ്ധതി. മൂന്നാറിൽ ചെയ്തതു പോലെ പ്രത്യേകം തയാറാക്കിയ ബസുകൾ അതിനുവേണ്ടി ഗവിയിലെത്തിക്കും.

കഴിഞ്ഞ ഒക്ടോബർ 23-ന് ബജറ്റ് ടൂറിസം സെൽ എന്ന് പേരിൽ പ്രത്യേക വിഭാഗം കെ.എസ്.ആർ.ടി.സി. തുടങ്ങിയിരുന്നു. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സർവീസ് നടത്താനാണ് ശ്രമം. മലപ്പുറം-മൂന്നാർ ടൂറിസം സർവീസിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് പുതിയ സാധ്യതകൾ കെ.എസ്.ആർ.ടി.സി. തേടിയത്

gavi-trip

ആദ്യഘട്ടത്തിൽ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന കെഎസ്ആർടിസി ബസ് പത്തനംതിട്ട വരെ സഞ്ചാരികളെ കൊണ്ടുപോകും. അതിനുശേഷം 16 സീറ്റുകൾ ഉള്ള മറ്റൊരു വാഹനത്തിലാണ് ഗവിയിലേക്കുള്ള യാത്ര. രാത്രിയിൽ വാഹനത്തിൽ താമസിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. വനംവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് അണക്കെട്ടുകൾ കണ്ടുള്ള യാത്ര ഏറെ ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക.

gavi-trip-2

ഗവിയിലെ കാഴ്ചകൾക്കുപരിയായി അവിടേക്കുള്ള യാത്രയാണ് ആസ്വാദ്യം. സാഹസിക യാത്രകളോടു താല്പര്യമുള്ളവർക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകൾ വനത്തിലൂടെ യാത്ര ചെയ്യുക എന്നത് ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയിൽ കാണാനാവും. നീലഗിരി താർ എന്ന അപൂർവയിനം വരയാടുകളുടെയും സിംഹവാലൻ കുരങ്ങുകളുടെയും ദർശനവും  ഭാഗ്യമുണ്ടെങ്കിൽ ഈ യാത്രയിൽ ലഭിക്കും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും ഇവിടെ 10 ഡിഗ്രി ചൂടേ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുൽമേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകർഷണം. 

വരട്ടെ കൂടുതൽ സർവീസുകൾ

കൂടുതൽ സ്ഥലങ്ങളിലേക്കു ഇത്തരത്തിൽ ഉല്ലാസയാത്ര സർവീസ് നടത്താനൊരുങ്ങുകയാണ്  കെഎസ്ആർടിസി. തിരുവല്ലയിൽ നിന്ന് ഗവി, തെന്മല, പൊന്മുടി സർവീസുകൾ ഉണ്ടാകാൻഡ സാധ്യതയേറെ. ജില്ലയിലെ ടൂറിസം മേഖലകളെ ഉൾപ്പെടുത്തി സർവീസുകൾ ആരംഭിച്ചാൽ ഗുണകരമാകും. ഗ്രാമീണ, ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി ഒട്ടേറെ കാഴ്ചകളാണ് ജില്ലയിലുള്ളത്.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവി മേഖലയിലേക്കുള്ള യാത്ര പോലെ മറ്റു ഡിപ്പോകളിൽ നിന്നും സർവീസുകൾ ആരംഭിക്കാം. ആറന്മുളയിൽനിന്ന് ആരംഭിച്ച് പന്തളം കൊട്ടാരം, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം, കൊടുമൺ പ്ലാന്റേഷൻ, കോന്നി ആനക്കൂട്, തണ്ണിത്തോട് അടവി, അച്ചൻകോവിൽ, ചിറ്റാർ, സീതത്തോട് വഴി ജില്ലാ ആസ്ഥാനത്ത് എത്തുന്ന രീതിയിലുള്ള ഉല്ലാസ യാത്രയും ഏറെ ആകർഷകം ആകും.

English Summary: Ksrtc Tour Package Kozhikode to Gavi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS