മഴ നനഞ്ഞ് കാടിനുള്ളിലൂടെ ഗവിയ്ക്ക് പോകാം; കാത്തിരിക്കുന്നത് മോഹിപ്പിക്കുന്ന കാഴ്ചകള്‍

gavi-travel3
SHARE

ആദ്യം കേള്‍ക്കുന്നവരെ നെറ്റി ചുളിപ്പിച്ച്, ‘എന്ത്...?’ എന്നു ചോദിപ്പിക്കുന്ന ഒന്നുണ്ട് ‘ഗവി’ എന്ന സ്ഥലപ്പേരില്‍. മൊട്ടക്കുന്നുകളുടെ സൗന്ദര്യവും കാടിന്റെ വന്യതയും ഏതു കൊടുംവേനലിനെയും തണുപ്പിക്കുന്ന കാലാവസ്ഥയുമെല്ലാം ഗവിയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും ഗംഭീരമായ പ്രകൃതി സൗഹൃദ യാത്ര സമ്മാനിക്കാന്‍ ഗവിക്കു സാധിക്കും. 

gavi-travel

ശ്രീലങ്കന്‍ തമിഴര്‍ പതിറ്റാണ്ടുകളായി കുടിയേറി താമസിക്കുന്ന പ്രദേശം കൂടിയാണ് ഗവി. മേഖലയിലെ ഏലത്തോട്ടങ്ങളിലെ പണികളാണ് ഇവരുടെ ഉപജീവന മാര്‍ഗം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏലക്കൃഷിയിലെ വെല്ലുവിളികളെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മൂന്നും നാലും മാസം വരെ ശമ്പളം മുടങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ കേരള വനം വികസന കോര്‍പറേഷന്‍ തന്നെ വിനോദ സഞ്ചാര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. വരുമാനം വര്‍ധിച്ചതോടെ തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയില്ല. ഒരു ദശാബ്ദത്തിനു മുമ്പ് ഓര്‍ഡിനറി എന്ന മലയാളം സിനിമ പുറത്തിറങ്ങിയതോടെയാണ് ഗവിയിലേക്കു സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയത്. 

പശ്ചിമഘട്ടത്തിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമാണ് ഗവി. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലില്‍പ്പോലും രാത്രിയില്‍ ഊഷ്മാവ് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഗവിയിലേക്കിറങ്ങുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കരുതണം. 323 ഇനം പക്ഷികളും 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ വന്യജീവിസ്‌നേഹികളുടേയും പക്ഷിനിരീക്ഷകരുടേയും ഇഷ്ട കേന്ദ്രമാണ് ഗവി. 

gavi-travel1

കോട്ടയം വഴിയും പത്തനംതിട്ട വഴിയും ഗവിയിലേക്കെത്താം. കോട്ടയം വഴി വരുമ്പോള്‍ പീരുമേട്, വണ്ടിപ്പെരിയാര്‍, കോണിമറ ജംക്‌ഷന്‍, വള്ളക്കടവ് വഴിയാണ് ഗവിയിലേക്കെത്തുക. പത്തനംതിട്ടയില്‍നിന്നു സീതാത്തോട്, മൂഴിയാര്‍, കക്കിഡാം, ആനത്തോട്, പമ്പ ഡാം, പച്ചക്കാനം വഴിയും ഗവിയിലെത്താം. കുമളിയില്‍നിന്നു വണ്ടിപ്പെരിയാര്‍, വള്ളക്കടവ് വഴിയാണ് ഗവിയിലേക്കെത്താനാവുക. 

വളരെ കുറഞ്ഞ പൊതു ഗതാഗത സൗകര്യം മാത്രമേ ഗവിയിലേക്കുള്ളൂ. രാവിലെ ആറു മണിക്കു മുമ്പും വൈകിട്ട് ആറിനു ശേഷവും വനപാതയിലേക്ക് പ്രവേശനമില്ലെന്ന കാര്യവും ഗവിയിലേക്ക് തിരിക്കും മുമ്പ് ഓര്‍മയില്‍ വേണം. വണ്ടിപ്പെരിയാര്‍ ഭാഗത്തുനിന്നു വരുന്നവരെ വള്ളക്കടവിലും സീതത്തോട് ഭാഗത്തുനിന്ന് വരുന്നവരെ കൊച്ചാണ്ടി ചെക്ക്പോസ്റ്റിലും തടയും.

യാത്രയ്ക്കിടെ, നിന്നുമുള്ളി പോലുള്ള കുന്നിന്‍മുകളിലെ വ്യൂ പോയിന്റുകളില്‍ ഇറങ്ങി കാഴ്ചകള്‍ കാണാന്‍ മറക്കരുത്. ഇവിടെനിന്നു നോക്കിയാല്‍ വിദൂരതയില്‍ ശബരിമല ക്ഷേത്രം കാണാനാവും. ഗവിയിലേക്കുള്ള യാത്രയ്ക്കൊപ്പം കുള്ളൂര്‍, പുല്ലുമേട്, പച്ചക്കാനം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചെറു യാത്രകള്‍ കൂടി ഉള്‍പ്പെടുത്താനാവും. കൊച്ചുപമ്പയിലേയും ഗവി തടാകത്തിലേയും ബോട്ട് യാത്രയും ആസ്വദിക്കാം. ഗവിയുടെ പ്രത്യേകതകളിലൊന്നായ ഏലക്കാടുകളും സന്ദര്‍ശിക്കാം. 

gavi-travel2

പരിമിതമായ താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളുമാണ് ഇപ്പോഴും ഗവിയിലുള്ളത് അതുകൊണ്ടു തന്നെ താമസസൗകര്യവും മറ്റും വിളിച്ച് ഉറപ്പിച്ച ശേഷം യാത്ര പുറപ്പെടുന്നതാണ് നല്ലത്. 

English Summary: Gavi trip through forest: All you need to know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS