ADVERTISEMENT

രണ്ടാം തവണയാണ് ചിമ്മിണിയിലെ പച്ചപുതച്ച കാട്ടിലേക്കു കടന്നു ചെല്ലുന്നത്. ആദ്യ യാത്ര ട്രെക്കിങ് ആയിരുന്നു. ഇക്കുറി നേചർ ക്യാംപാണ്. എത്ര ചുറ്റിത്തിരിഞ്ഞാലും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ദൃശ്യങ്ങളാണ് തൃശൂരിലെ കാട്ടിലേക്ക് പിന്നെയും ആകർഷിച്ചത്.

എറണാകുളം – ത‍ൃശൂർ ദേശീയ പാതയിൽ ആമ്പല്ലൂർ കഴിഞ്ഞ് വരന്തരപ്പിള്ളിക്കു സമീപം പാലപ്പിള്ളി റോഡിൽ നിന്നാണു ചിമ്മിണിയിലേക്കു വഴി തിരിയുന്നത്. പാലപ്പിള്ളിയിൽ നിന്ന് 25 കിമീ. കൊച്ചി സർവകലാശാല യൂത്ത് വെൽഫെയർ ഡയറക്ടർ ബേബിയുടെ നേതൃത്വത്തിൽ ഞങ്ങൾ ചിമ്മിണി റോഡിലേക്ക് തിരിഞ്ഞു.

chimmini-forest1

ഞങ്ങളുടെ യാത്രയ്ക്ക് “മണ്‍സൂൺ-മാഡ്നസ്” എന്നാണു ബേബി സര്‍ പേരിട്ടത്. ഒരു രാത്രി കാട്ടിൽ താമസം, കാടിനെക്കുറിച്ചുള്ള ക്ലാസ്, മഴ നനഞ്ഞൊരു ട്രെക്കിങ് ഇത്രയുമാണ് പ്രോഗ്രാം. കാടിനു സമീപത്ത് എത്തിയപ്പോഴേക്കും റോഡിനു വീതി കുറഞ്ഞു. വഴിയുടെ ഇരുവശത്തും റബർ തോട്ടങ്ങളാണ്. മുളങ്കാടുകൾ തളിരിട്ടു നിൽക്കുന്നു. അവയ്ക്കു താഴെ മഴ പെയ്തു രൂപപ്പെട്ട അരുവികൾ കണ്ടു. അവിടെ എത്തിയപ്പോഴേക്കും ആകാശം ഇരുണ്ടു. ഹോൺ മുഴക്കി കടന്നു പോയ ബസ്സിൽ യാത്രക്കാർ കുറവായിരുന്നു.

ചിമ്മിണി അണക്കെട്ടിനു സമീപത്ത് വീടുകൾ ഒട്ടേറെയുണ്ട്. ചിമ്മിണിപ്പുഴയ്ക്കു കുറുകെയാണ് അണക്കെട്ട്. ഡാമിന് ചുറ്റും ചിമ്മിണി വന്യജീവി സങ്കേതമാണ്. വന്യജീവി സങ്കേതത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഏച്ചിപ്പാറയിലാണ്. അവിടെ നിന്നു മുൻകൂട്ടി സന്ദർശക പാസ് വാങ്ങിയവർക്കു മാത്രമാണു പ്രവേശനം.

chimmini-forest5

ഞങ്ങൾ ചിമ്മിണിയിൽ എത്തിയപ്പോൾ ആകാശം സൂര്യാസ്തമയത്തിന് ഒരുങ്ങിത്തുടങ്ങിയിരുന്നു. ഡാം എത്തുന്നതിനു മുൻപാണ് ഫോറസ്റ്റ് ഓഫീസ്. സമീപത്തുള്ള ഡോർമറ്ററിയിലാണ് താമസം. കാട്ടിലെ ക്യാംപിലേക്കുള്ള പാതയുടെ ഇരുവശത്തും പടുവൃക്ഷങ്ങൾ പന്തലിച്ചു നിൽക്കുന്നുണ്ട്. ഡോർമറ്ററിയുടെ സമീപത്തുള്ള ഹാളിലാണ് അതിഥികൾക്കുള്ള ഭക്ഷണം ഒരുക്കുന്നത്. ബാഗുകൾ മുറിയിൽ വച്ചതിനു ശേ ഷം അണക്കെട്ടു കാണാനിറങ്ങി. മഴയിൽ നനഞ്ഞ കാടിന് കടുംപച്ച നിറം. കോടമഞ്ഞ് പുകയുന്നുണ്ട്. പശ്ചാത്തലം അലങ്കരിക്കുന്നതു പക്ഷികളുടെ ശബ്ദമാണ്. ദൂരെ കാണുന്ന മലനിര നെല്ലിയാമ്പതിയാണ്. ഇവിടുത്തെ ഭംഗിയുള്ള പ്രകൃതി ദൃശ്യം മനോഹരമായി അവതരിപ്പിച്ച സിനിമയാണ് ‘ജവാൻ ഓഫ് വെള്ളിമല’.

നീർക്കാക്കകളുടെ സമ്മേളനം

അണക്കെട്ടിന്റെ മുകളിൽ നിന്നുള്ള ദൃശ്യം അതിമനോഹരമാണ്. ഡാമിന്റെ അരികിൽ നീർക്കാക്കയുണ്ട്. ജലത്തെ ധ്യാനിച്ചിരിക്കുന്ന നീർക്കാക്കകളുടെ കൂട്ടം വിഷ്വലുകൾക്കു ഭംഗി വർധിപ്പിച്ചു. കാടിനുള്ളിൽ ചേക്കേറാനുള്ള പക്ഷികളുടെ കോലാഹലമാണ്.

ചിമ്മിണി ഡാമിന്റെ ഇരു കരകളിലായി നൂറ് ചതുരശ്ര കിലോമീറ്ററിലാണു ചിമ്മിണി വന്യജീവി സങ്കേതം. നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറെ ചരിവിൽ, വാഴാനി, പീച്ചി, പറമ്പിക്കുളം വന്യജീവി സങ്കേതങ്ങൾ അതിരിടുന്ന ചിമ്മിണി, ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ഡാമിന് മുകളില്‍ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ച്, ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം മുറിയിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടി. 

ഡോർമറ്ററിയിലെത്തിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥൻ ചിമ്മിണി അണക്കെട്ടിനെ കുറിച്ചും വനപരിപാലനത്തെ കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി. ചോദ്യോത്തരങ്ങളിലൂടെയുള്ള കാടറിവായിരുന്നു അത്. ചിമ്മിണി കാടും ആവാസ വ്യവസ്ഥയും മനസ്സിലാക്കാൻ കഴിയുംവിധമുള്ള തിരിച്ചറിവുകൾ അവിടെ നിന്നു ലഭിച്ചു. ക്ലാസ് കഴിഞ്ഞപ്പോൾ ഷിജിത്തിനെ പരിചയപ്പെട്ടു. വനംവകുപ്പിന്റെ ഗൈഡാണു ഷിജിത്ത്. ചിമ്മിണി കാടിനെ അടുത്തറിയുന്ന വഴികാട്ടി.

chimmini-forest3

സസ്യ ജന്തു ജാലങ്ങളുമായി ഇടപഴകുന്ന മലയ ഗോത്രമാണ് ചിമ്മിണിക്കാടിനോട് ചേര്‍ന്നുള്ള അന്തേവാസികൾ. അവരിൽ ഇരുനൂറോളം അംഗങ്ങളെ ഉൾപ്പെടുത്തി ഇക്കോ ഡവലപ്മെന്‍റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആദിവാസി അധിഷ്ഠിത ഇക്കോ ടൂറിസം പദ്ധതികൾ നടത്തി വരുന്നു. ഈ വിഭാഗത്തിൽ ജോലിക്കാരനാണു ഷിജിത്ത്.

അപൂർവ ശലഭങ്ങളുടെ വീട്

ചിമ്മിണിയിലെ രാത്രി സംഗീതം ചീവിടുകളുടേതാണ്. ഭക്ഷണം കഴിഞ്ഞ് ഡോർമറ്ററിയിലേക്കു പ്രവേശിച്ചപ്പോൾ‌ അവയുടെ കച്ചേരി കേട്ടു. ഇരുളിന്റെ ചിറകുമായി ജനലിലൂടെ നിശാശലഭങ്ങൾ പറന്നെത്തി. ലോകപ്രശസ്ത ചിത്രശലഭങ്ങൾ വളരുന്ന കാടാണു ചിമ്മിണി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം (Southern birdwing), പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ ചിത്രശലഭമായ കൃഷ്ണ ശലഭം (Blue Mormon), ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായ സർപ്പശലഭം (Atlas moth) എന്നിവയെ ചിമ്മിണി വനത്തിൽ കണ്ടിട്ടുണ്ട്. സൂര്യോദയത്തിനു മുൻപ് ഉറക്കമുണർന്നു. അണക്കെട്ടിനു മുകളിൽ ഉദയം കാണാൻ പോയി. തെളിഞ്ഞ കാറ്റ് ഉന്മേഷം പകർന്നു. തിരികെയെത്തി ചായകുടിച്ചു. പ്രഭാതഭക്ഷണം കഴിച്ചു. കൃത്യം ഒൻപതിനു ട്രെക്കിങ്ങിനു തിരിച്ചു. 

രണ്ടു ഗൈഡുമാരുടെ നേതൃത്തിലാണു യാത്ര. സ്ത്രീകൾക്കു സഹായത്തിന് ഒരു വനിതയും എല്ലാവർക്കും വഴി കാട്ടിയായി മറ്റൊരാളും. വനംവകുപ്പിന്റെ ഓഫീസിൽ നിന്നു ട്രെക്കിങ്ങിനു പോകുന്ന വഴിയിലുള്ള തകർന്ന കെട്ടിടത്തിൽ ആൽമരത്തിന്റെ വേരുകൾ പിടി മുറുക്കിയിരിക്കുന്നു. പായലുകൾ പച്ച നിറം പടർത്തിയ മതിൽ തിളങ്ങി. എങ്ങും പച്ചപ്പ്. കൂട്ടിന് മഴ. കോഴിവേഴാമ്പൽ മുതൽ മലയണ്ണാൻ വരെ വ്യത്യസ്തമായ വനജീവികളുടെ കലവറ ആകർഷകമാണ്. ചിമ്മിണിയിലെ ട്രെക്കിംഗ് റൂട്ടുകളിൽ പാമ്പുണ്ട്, ജാഗ്രത പുലർത്തണം. അപകടകാരിയായ അണലിയുടെ സാന്നിധ്യം ഗൈഡ് സൂചിപ്പിച്ചു. മഴനനഞ്ഞ് കൂനയായി കിടക്കുന്ന കരിയിലകൾക്കിടയിൽ പാമ്പിനെ കണ്ടു. ശ്രദ്ധയോടെ നടത്തം തുടർന്നു. ഈ പാതയിൽ അരുവികളുണ്ട്. മരച്ചില്ലകളിലിരുന്ന് കുരങ്ങന്മാർ അപരിചിതരെ കണ്ടു ബഹളമുണ്ടാക്കി.

പൂര്‍ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com