ADVERTISEMENT

മനുഷ്യരുടെ കലഹവും കയ്യേറ്റവും കാരണം വിസ്തീർണം കുറഞ്ഞ്, സിംഹവും കറുത്ത കാണ്ടാമൃഗവും ഇല്ലാതായ അകഗേര വനം ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. ആഫ്രിക്കൻ വനയാത്രയുടെ ഏറ്റവും വലിയ ആകർഷണം ബിഗ് 5 മൃഗങ്ങൾ എല്ലാത്തിനെയും കാണാവുന്ന റുവാണ്ടയിലെ ഏക വനമെന്ന പദവിയോടെ. മരണത്തിന്റെ പടിവാതിലിൽ നിന്നു മടങ്ങി വന്ന ഒരു വനത്തിന്റെ ചരിത്രം കേൾക്കാം.

റുവാണ്ടയുടെ വടക്കു കിഴക്ക്, നാഷനൽ പാർക്കായ അകഗേര വനത്തിന്റെ ഏറെ ഉള്ളിൽ പകൽ എരിഞ്ഞടങ്ങുകയാണ്. ഇലേമ തടാകത്തിന്റെ ആഴമില്ലാത്ത ജലപ്പരപ്പിൽ, ഹിപ്പൊപ്പൊട്ടാമസുകൾ അന്തിവെയിലിൽ മയങ്ങിക്കിടന്നു. ഏതെങ്കിലും ജീവി എത്തിയാൽ അത്താഴം തരമാകുമല്ലോ എന്ന പ്രതീക്ഷയിൽ നദിക്കരയിൽ കാത്തു കിടക്കുന്ന മുതലകൾ. കൂട്ടിലേക്കു മടങ്ങും മുൻപ് ആവേശത്തോടെ കലപില ശബ്ദമുണ്ടാക്കുന്ന ആയിരക്കണക്കിന് കുരുവികൾ. പെട്ടന്നു അവിടം നിശ്ശബ്ദമായി. കരയിലേക്കു മടങ്ങുന്ന യന്ത്രം ഘടിപ്പച്ച ബോട്ടിന്റെ ഇരമ്പൽ മാത്രം അവിടെ മുഴങ്ങി. പ്രകൃതി രാത്രിയെ വരവേൽക്കാൻ തയാറാകുകയാണ്.

rwanda-national-park2

ഇരുട്ടു വീണ ശേഷം ഇരകൾക്കു മേൽ ചാടിവീഴാൻ കുറ്റിക്കാട്ടിൽ പതിഞ്ഞിരിക്കുന്ന ഇരപിടിയൻ മൃഗങ്ങളെപ്പറ്റി ഞാൻ അറിഞ്ഞില്ല. രാത്രിയായതോടെ അകഗേര വനത്തിൽ വേറിട്ട ജീവിതം പൊട്ടിവിടരുന്നു. അടുത്ത ദിവസം പുലർച്ചെ ബിഗ് ഫൈവ് മൃഗങ്ങളെ തേടിയിറങ്ങാം എന്നാണ് ഗൈഡ് പറഞ്ഞത്. അതെന്നെ അദ്ഭുതപ്പെടുത്തി. ബിഗ് ഫൈവ് മൃഗങ്ങളെ (സിംഹം, പുലി, കാണ്ടാമൃഗം, ആന, വൈൽഡ് ബഫലോ) എല്ലാം ഈ വനത്തിൽ കാണാൻ പറ്റും! അതു പുതിയ അറിവായിരുന്നു എനിക്ക്. അതേ, വിസ്മയങ്ങളുടെ കലവറയാണ് റുവാണ്ട.

ജീവൻ വീണ്ടെടുത്ത നാഷനൽ പാർക്ക്

റുവാണ്ടയുടെ വിനോദസഞ്ചാര ഭൂപടത്തിൽ മറഞ്ഞു കിടക്കുന്ന രത്നക്കല്ലാണ് അകഗേര നാഷനൽ പാർക്ക് (എഎൻപി). പാർക്കിന്റെ കിഴക്കെ അതിരു ചേർന്ന് ഒഴുകുന്ന അകഗേര നദിയിൽ നിന്നാണ് വനത്തിന് ഈ പേരു ലഭിച്ചത്. പാർക്കിന്റെ വൈവിധ്യം നിറഞ്ഞ ജൈവസമ്പത്തിന് അടിസ്ഥാനമായി ഇലേമ തടാകം ഉൾപ്പടെ ഒട്ടേറെ തടാകങ്ങളുണ്ട്. അവയുടെ ജലസമൃദ്ധിക്കു കാരണവും ഈ നദി തന്നെ.

rwanda-national-park3

നദിയുടെ ജലപ്പരപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലുള്ള ലോഡ്ജിലിരുന്ന് അത്താഴം ആസ്വദിക്കുന്നതിനൊപ്പം പാർക്കിന്റെ ചരിത്രവും കേട്ടു. 1935 ൽ ബെൽജിയത്തിന്റെ ഭരണത്തിൽ 2500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന വനമാണ് നാഷനൽ പാർക്കായി മാറ്റിയത്. 1994 ലെ വംശഹത്യക്കു ശേഷം പാർക്കിന്റെ വിസ്തൃതി പകുതിയാക്കി കുറയ്ക്കുകയും ബാക്കി സ്ഥലം രാജ്യത്തെ ഭവനരഹിതർക്കും അഭയാർഥികൾക്കും വിട്ടുകൊടുക്കുകയും ചെയ്തു. അവർ വേട്ടയാടിയും ഭൂമി കയ്യേറിയും ജീവിതം നയിച്ചു. ആനയും സിംഹവും മറ്റു പല മൃഗങ്ങളും കാട്ടിൽ നിന്ന് അപ്രതൃക്ഷമായി. അനധികൃത പ്രവൃത്തികൾ തടയാൻ പാർക്ക് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. ക്രമേണ അതിന്റെ മരണമണി മുഴങ്ങി.

സിംഹത്തിന്റെ തിരിച്ചുവരവ്

സീബ്ര, ബബൂൺ, ഇംപാല, വാട്ടർബക്സ്, കറുത്ത കാണ്ടാമൃഗം, കാട്ടെരുമ, സിംഹം ഇവയൊന്നുമില്ലാത്ത അകഗേര വനത്തെപ്പറ്റി ഇപ്പോൾ ചിന്തിക്കാൻ പറ്റില്ല. സിംഹത്തെയോ കാണ്ടാമൃഗത്തെയോ എനിക്കു കാണാൻ പറ്റിയില്ലെങ്കിലും സീബ്രയും ബബൂണും സുലഭമാണ്. 2015 ലും 2017 ലും പല മൃഗങ്ങളെയും പാർക്കിലേക്ക് പുതിയതായി കൊണ്ടുവിട്ടിരുന്നു. അവയിൽ ഇരപിടിച്ചു കഴിയുന്ന സിംഹത്തെപ്പോലുള്ളവയും പുല്ലും പച്ചിലയും തിന്നു ജീവിക്കുന്ന സീബ്രകളെപ്പോലുള്ളവയും ഉണ്ടായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇവയുടെ എണ്ണം ക്രമമായി വർധിച്ചു. സിംഹത്തിന്റെ തിരിച്ചു വരവിനു മുൻപ് പുള്ളിപ്പുലിയും കഴുതപ്പുലിയുമായിരുന്നു ഈ വനത്തിലെ ഇരപിടിക്കുന്ന ജീവികളിൽ വലുപ്പമേറിയവ.

ഇപ്പോൾ അകഗേര വനത്തിൽ 20 സിംഹങ്ങളുണ്ട്. ഒപ്പം ആനയും കാണ്ടാമൃഗവും എരുമയും പുള്ളിപ്പുലിയും കൂടിയാകുമ്പോൾ ബിഗ് ഫൈവ് മൃഗങ്ങളുടെ കാടെന്ന ബഹുമതി സ്വന്തമായി.

എഎൻപിയിലെ തടാകങ്ങൾ തണ്ണീർത്തട പ്രേമികളായ മൃഗങ്ങളുടെ പറുദീസയാണ്. ഹിപ്പൊപ്പൊട്ടാമസ്, മുതല, കൊക്കുകളും കുളക്കോഴികളും പരുന്തുകളും മാലക്കൈറ്റ് മീൻകൊത്തികളും നീർക്കാടകളുമായി നൂറുകണക്കിന് പക്ഷി വർഗങ്ങൾ, അപൂർവ ഇനങ്ങളായ ഷൂബിൽസും ഐബിസും ഒക്കെ അതിലുണ്ട്. ഏറെ സവിശേഷമായ ഈ ജൈവവൈവിധ്യമേഖലയ്ക്ക് മധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ സംരക്ഷിത തണ്ണീർത്തടം എന്ന സവിശേഷതയും ഉണ്ട്.

ലോഡ്ജിന്റെ അതിരിനപ്പുറം ഇരുട്ടിൽ മറഞ്ഞു കിടക്കുന്നു ഇലേമ തടാകം. രാത്രിയുടെ നിശ്ശബ്ദതയെ കീറിമുറിച്ച് ചെവിയിൽ തുളച്ചു കയറുന്ന കാടിന്റെ പലവിധ ശബ്ദങ്ങൾ, കാട്ടില രാജാവിന്റെ മുരൾച്ച, വേട്ടയുടെ ഗന്ധം... അടുത്ത പകൽ സിംഹത്തിന്റെ കാഴ്ച കിട്ടുമെന്ന ശുഭപ്രതീക്ഷയിൽ ഉറക്കത്തിലേക്ക്.

ഈച്ചകളെ വീഴ്ത്തും പതാക

പുലർച്ചെ 5 ന് പിങ്ക് കലർന്ന ഓറഞ്ച് നിറത്തിൽ കണ്ട ഇലേമ തടാകത്തിന്റെ സൗന്ദര്യം വേറിട്ടതായിരുന്നു. ഒന്നാന്തരം റുവാണ്ട കാപ്പി ഒരു കപ്പ് കുടിച്ച് പിക്നിക് ബാസ്കറ്റും എടുത്ത് സഫാരി ജീപ്പിനരികിലേക്ക് ഓടി. കാടിന്റെ തെക്കേ അറ്റത്താണ് ലോഡ്ജ്, പോകേണ്ടത് വടക്കേ അറ്റത്തേക്കും. വേലിക്കെട്ടുകളുടെ സംരക്ഷണത്തിനു പുറത്തെത്തിയ ഉടനെ ഞങ്ങൾക്കൊരു മാർഗതടസ്സം നേരിട്ടു. പാതയുടെ മധ്യത്തിൽ ഇരുന്ന് ക്ഷീണമകറ്റുന്ന ഒരു കൂട്ടം ഒലിവ് ബബൂണുകൾ, കൊച്ചുകുട്ടികളും മുതിർന്നവരുമുള്ള വലിയ കുടുംബം. ക്യാമറ എടുക്കുന്ന കാര്യം പോലും മറന്ന് ഞാനവരുടെ ചെയ്തികൾ ആസ്വദിച്ചു. കുട്ടികളെ പുറത്തിരുത്തുന്നത് അമ്മമാരും വയറിനോട് ചേർത്തു വച്ച് എടുക്കുന്നത് അപ്പൂപ്പൻമാരോ അമ്മൂമ്മമാരോ ആയിരിക്കും എന്നാണ് ഡ്രൈവർ പറഞ്ഞത്.

മൃഗങ്ങൾ കുടിവെള്ളത്തിന് എത്തുന്ന, ഏറെ ഉള്ളിലുള്ള ജലാശയങ്ങൾ ചേർന്നായിരുന്നു സഞ്ചരിച്ചിരുന്നത്. കാടിന്റെ എല്ലാ ഭാഗത്തും കടും നീല, കറുപ്പ് നിറങ്ങളിലുള്ള പതാകകൾ കണ്ടിരുന്നു, ഒരോന്നിനുമൊപ്പം ഒരു കുപ്പി ഗോമൂത്രവും. മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായ സ്ലീപിങ് സിക്നസ് രോഗം പരത്തുന്ന റ്റെറ്റ്സി ഈച്ചകളെ പിടിക്കാനുള്ള കെണികളാണ് കീടനാശിനി തളിച്ച ഈ പതാകകൾ. എഎൻപി അധികൃതർ സുരക്ഷയുടെ കാര്യത്തിൽ ഇത്രയേറെ ശ്രദ്ധ പുലർത്തുന്നവരാണെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com