ADVERTISEMENT

മഞ്ഞണിഞ്ഞ വെളുപ്പാൻ കാലത്ത് തേയിലത്തോട്ടത്തിനു നടുവിൽ കൊമ്പുകോർത്തു നിൽക്കുന്ന കാട്ടാനകൾ എന്തൊരതിശയകരമായ കാഴ്ചയാണ്. അനുഭവങ്ങൾ നിറയാത്ത യാത്രകളില്ല. വ്യത്യസ്തമായ സഞ്ചാരങ്ങളിൽ അനുഭവങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. വാൽപാറയുടെ ഭംഗി ഏവർക്കും അനുഭവവേദ്യമാണെങ്കിലും അരികുചേർന്ന് വസിക്കുന്ന തലനാറിനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. 

valparai-trip7

വാൽപാറയിലെ മിസ്റ്റ് സ്പ്രെഡിങ് സോണിൽ പേരിനെ അന്വർഥമാക്കുംവിധം വീഴുന്ന ഒാരോ മഞ്ഞു തുള്ളിയെയും ഏറ്റുവാങ്ങി തണുപ്പേറ്റ് വിറങ്ങലിച്ചിരിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയൊക്കെ ഞങ്ങളെ നോക്കി പല്ലിളിച്ചു. മഴയിൽ കഴുകിയെടുത്ത പഴങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, മഞ്ഞിൽ ഒഴുകിയ പഴങ്ങളുടെ ശോഭ ഒന്നുവേറെതന്നെയായിരുന്നു. മധുരം കിനിയുന്ന മഞ്ഞുകട്ടകൾ വായിലിടുമ്പോഴുള്ള ഒരു പ്രത്യേക അനുഭൂതി അവ കഴിക്കുേമ്പാൾ ഞങ്ങൾക്ക് അനുഭവപ്പെട്ടു. കുറച്ചുനേരം അവിടെനിന്ന് മഞ്ഞ് ആസ്വദിച്ചപ്പോൾ ശരീരത്തിന് വല്ലാത്തൊരു മരവിപ്പ്. പിന്നെ ഞങ്ങളുടെ ലക്ഷ്യം ആ മരവിപ്പ് എങ്ങനെയും മാറ്റുക എന്നതായി. 

valparai-trip5
തലനാറ് എസ്റ്റേറ്റിലേക്കുള്ള കവാടം

അതിനായി തൊട്ടടുത്തുള്ള ഭാരതി ടീഷോപ്പിൽ ആവി പറക്കുന്ന ചായയുടെ ചൂടിൽ ലയിച്ചു നിൽക്കുേമ്പാഴാണ് എതിരെ താഴോട്ടിറങ്ങി ചെല്ലുന്ന കുഞ്ഞുപാത ശ്രദ്ധയിൽപെട്ടത്. വാൽപാറയിലെ കാഴ്ചകൾ തേടി മുന്‍പ് നടത്തിയ യാത്രകളിൽ പാതയുടെ പണികൾ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്നിതാ വിദൂരതയിലേക്ക് വിരൽചൂണ്ടികൊണ്ട് ഞങ്ങളെയും കാത്തുകിടക്കുന്നു. വഴിയുടെ അറ്റം എങ്ങോെട്ടന്ന ചോദ്യത്തിന് ചായക്കടക്കാരന്റെ മറുപടിയിലാണ് ഞങ്ങൾ തലനാറിലേക്ക് യാത്ര തിരിച്ചത്.

valparai-trip8
തേയിലത്തോട്ടത്തിലെ ആനക്കൂട്ടം

ഇരു ദിക്കിലും കാറ്റിൽ ചാഞ്ഞുകിടക്കുന്ന പച്ചയുടുപ്പിട്ട തേയിലപ്പരപ്പ്. നടുവിലൂടെ കറുത്ത അരപ്പട്ട കണക്കെ റോഡ്. മലനിരകളുടെ നടുവിലൂടെയുള്ള യാത്ര നൽകുന്ന സുഖം ആസ്വദിച്ച് മുന്നോട്ടു പോകവെ പെട്ടന്നാണ് കാടിറങ്ങിവരുന്ന പിടിയാനയെ കണ്ടത്. കാടിനുള്ളിലെ മഞ്ഞുവീണ വെളുപ്പാൻകാലങ്ങളിൽ കാട്ടാന എന്നുപറഞ്ഞാൽ എഴുന്നേറ്റു ഒാടുന്ന കൂട്ടുകാരുണ്ട്. ഒാട്ടം അകത്തേക്കല്ല, ഭയമെങ്കിലും അവരെ കാണാൻ ക്യാമറയും തൂക്കി പുറത്തേക്ക്. ഇവിടെ തലനാറിന്റെ വഴികളിൽ കാടിറങ്ങിവരുന്ന കാട്ടാനയുടെ മുമ്പിൽ ഞങ്ങളുടെ വാഹനം ഒാട്ടം അവസാനിപ്പിച്ചിരുന്നു. ഞങ്ങളുടെ യാത്രക്ക് ജീവനേകിയ നിമിഷങ്ങളായിരുന്നു ആ ദർശനം. കാരണം ഞാനും ഫോട്ടോ‌ഗ്രാഫിയിൽ എല്ലാ വർഷവും അവാർഡ് വാങ്ങി കൂട്ടുന്ന സിബിനും കൃഷ്ണകുമാറും ജ്യോതിസും ഒക്കെ തികച്ചും വലിയ ആനപ്രേമികളായിരുന്നു. ചിത്രങ്ങൾക്കു വേണ്ടിയുള്ള അടങ്ങാത്ത വെമ്പലിൽ ക്യാമറയും എടുത്തു പുറത്തിറങ്ങിയപ്പോഴാണ് ഒന്നിനുപിറകെ മറ്റൊന്നായി ഒരു കൂട്ടം ആനകൾ ഇറങ്ങി വരുന്നത് കാണാനിടയായത്.

valparai-trip3
കാട്ടില്‍ മേയ്ടുന്ന ആനകൾ

നല്ല കുറേ ചിത്രങ്ങൾക്കുള്ള സാധ്യത തെളിയുന്നുവെന്ന് മനസ്സിലാക്കിയ ഞങ്ങൾ പതുക്കെ ക്യാമറയുമായി കാട്ടാനകൾക്കടുത്തേക്ക് തേയില ചെടികൾക്കിടയിലൂടെ ഒളിഞ്ഞും പതുങ്ങിയും മുേന്നറി. സൂം ലെൻസുകൾ ഇല്ലാത്തതിനാൽ കൂടുതൽ അടുത്തുചെന്നാൽ മാത്രമേ നല്ല ചിത്രങ്ങൾ പകർത്താനാകൂ എന്ന് മനസ്സിലായി. ഏകദേശം 50-100 മീറ്റർ അകലെത്തിൽ പതുക്കെ മുട്ടിൽമേൽ നിന്നു. മുന്നിൽ വലിയൊരു തേയില ചെടിമാത്രം. അതിെൻറ മറവിൽ പതുക്കെ ക്യാമറ ക്ലിക്കുകൾ അടിച്ചു തുടങ്ങി. ആനകൾ കൊമ്പുകോർക്കുന്ന ചിത്രങ്ങളായിരുന്നു ആവശ്യം. അതിനാൽ കുറച്ചുനേരം അവിടെ ഒളിച്ചിരിക്കാൻ തന്നെ തീരുമാനിച്ചു. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അതാ കുട്ടിയാനകൾ ഞങ്ങൾ കാണുവാനെന്നവിധം കൊമ്പുകോർത്തിരിക്കുന്നു.

valparai-trip6
തലനാറിലേക്കുള്ള മനോഹരമായ പാത

ഒട്ടും വൈകാതെ ക്യാമറയുടെ ക്ലിക്കുകൾ മാറി വീണു. അതിന്റെ ശബ്ദം കേട്ടിട്ടാണോ എന്തോ മുന്നിൽ നിന്നിരുന്ന പിടിയാന പെട്ടെന്ന് ഞങ്ങൾക്കു നേരെ തിരിഞ്ഞു. ചെവി വട്ടംപിടിച്ച് മുഖം കൂർപ്പിച്ചു. ഞങ്ങളെ കണ്ടെന്ന് വ്യക്തമായി. അനങ്ങിയാലോ തുമ്മിയാലോ അവൾ പാഞ്ഞടുത്തേക്കാം. ശ്വാസം അടക്കി ഞങ്ങൾ പിടിച്ചു നിന്നു. ഒരു മിനിറ്റ് അവൾ അങ്ങനെ ഞങ്ങളെ നോക്കിനിന്നു. 

valparai-trip1

സാഹചര്യം ശരിയല്ലെന്ന് മനസ്സിലാക്കി പതുക്കെ സ്ഥലം വിട്ടാലോ എന്ന് ആലോചിക്കവെയാണ് എവിടെനിന്നോ മഞ്ഞിന്റെ കനമേറിയ ശകലങ്ങൾ ചുറ്റും പരന്നത്. തൊട്ടടുത്ത് നിൽക്കുന്ന ഞങ്ങൾക്കുപോലും പരസ്പരം കാണാനാകാത്ത അവസ്ഥ. മനസ്സിലേക്ക് ഭയം ഇരച്ചുകയറി. ആന അടുത്തുണ്ടെങ്കിലോ എന്ന ഭീതിയിൽ തേയിലച്ചെടികൾക്കിടയിൽ തന്നെ ഇരുന്നു. ഏതൊരു അവിശ്വാസിയും ഇൗ അവസരത്തിൽ വിശ്വാസിയാകും. കാരണം ദൈവത്തിനെ വിളിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അഞ്ച് മിനിറ്റിനുള്ളിെല തീവ്രമായ ഹൃദയമിടിപ്പിനുശേഷം മഞ്ഞ് പതിയെ വഴിമാറി. 

അപ്പോഴും പിടിയാന ഞങ്ങളെ നോക്കി അതേ നിൽപാണ്. ശരിക്കും അപ്പോഴാണ് ആശ്വാസം തോന്നിയത്. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കാതെ അവളുടെ ശ്രദ്ധ മാറിയതും പതുക്കെ തേയിലച്ചെടികൾക്കിടയിൽ കുനിഞ്ഞ് ആനയെപോലെ നാലുകാലിൽ ഏകദേശം ഒരു 50 മീറ്റർ എങ്കിലും നടന്ന് അവയുടെ കണ്ണിൽപ്പെടാതെ പതിയെ റോഡരികിൽ എത്തിച്ചേർന്നപ്പോഴാണ് അടുത്ത കൂട്ടരുടെ വരവ്. 

മദ്യ ലഹരിയുടെ ഉന്മാദത്തിൽ കാടുകാണാനെത്തിയ ചിലരായിരുന്നു കാറിൽ പാഞ്ഞെത്തിയത്. കാട്ടാനകളെ കൂട്ടത്തോടെ കണ്ടതും ‘ആന... ആന...’ എന്ന് ഘോരഘോഷവുമായി എല്ലാവരും വാഹനത്തിൽനിന്ന് പുറത്തിറങ്ങി. ചിലർ ആനപ്പാപ്പാനാകാനുള്ള ശ്രമം. മറ്റുചിലർ ആനയെ അനുസരണ പഠിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വേറൊരു ചങ്ങാതി ആനക്കൊപ്പം സെൽഫി എടുക്കാനുള്ള പരിപാടിയിൽ. അങ്ങനെ നിശ്ശബ്ദമായിരുന്ന ആ കാട് ആകെ പട്ടണത്തിലെ ചന്തപോലെ ആയി. അതാണോ അവളെ അസ്വസ്ഥതമാക്കിയെതെന്നറിയില്ല. പെെട്ടന്നായിരുന്നു ഭാവമാറ്റം. അതുവരെ കണ്ട രൂപമായിരുന്നില്ല പിന്നീട്. 

valparai-trip9
വാൽപാറയിലെ കാഴ്ച

കണ്ണുകളിൽ കോപവും നിറച്ച് കാടിനെ നടുക്കുന്ന ഒരു ചിന്നംവിളിയുമായി ഞങ്ങൾക്ക് നേരെ കുതിച്ചു. എന്തുചെയ്യണം, എങ്ങോട്ട് ഒാടണം എന്ന് നിശ്ചയമില്ലാതെ ഞങ്ങളും ജീവനും കൊണ്ട് പാഞ്ഞു. ഞങ്ങളും ആനയും തമ്മിൽ കേവലം 70 മീറ്റർ ദൂരം ഇല്ല. ഒരു കാട്ടാന 40 മുതൽ 48 കി.മീ വേഗത്തിൽ ഒാടും. എന്നാൽ, മനുഷ്യനോ 25 കി.മീ താഴെ മാത്രം. അതുകൊണ്ട് തന്നെ ഒാടുന്ന ദൂരം കൂടുന്തോറും ഞങ്ങളും ആനയും തമ്മിലുള്ള അകലം കുറയുമെന്നും അറിയാമായിരുന്നു. പക്ഷേ, സകല ശക്തിയുമെടുത്ത് ഒാടുക മാത്രമേ അപ്പോൾ വഴിയുണ്ടായിരുന്നുള്ളൂ.

നെഞ്ചടിപ്പിന്റെ ആക്കം കൂടിയ നിമിഷങ്ങളിൽ എപ്പോഴോ തിരിഞ്ഞുനോക്കവെ ആന പതുക്കെ ഒാട്ടം അവസാനിപ്പിച്ചിരിക്കുന്നു.  

valparai-trip7
തിരികെ കാട്ടിലേക്ക് കടക്കുന്ന ആന

ശരിക്കും പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയല്ലായിരുന്നു ആനയുടെ ലക്ഷ്യം. ബഹളമുണ്ടാക്കിയവർ തന്റെ കുട്ടികളെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് അവർക്ക് ചുറ്റും ഒരു സുരക്ഷിത വലയം ഒരുക്കുകയായിരുന്നു ആന. ഇതുപോലെ കാടിനുള്ളിലേക്ക് കയറുന്ന സഞ്ചാരികൾ മാന്യത പുലർത്താത്തത് തന്നെയാണ് പലപ്പോഴും അവയെ പ്രകോപിപ്പിക്കുന്നതും അപകടത്തിന് കാരണമാകുന്നതും.

English Summary: Secret heaven in Valparai Thalanar Valley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com