മഴക്കാലത്ത് മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം, വേനലിലും കുളിരായി ഗവി

gavi5
Image: KFDC Eco Tourism
SHARE

കടല്‍ പോലെ പരന്നുകിടക്കുന്ന കാടും, കാതുകളില്‍ കിന്നാരം പറഞ്ഞും കവിളില്‍ മുട്ടിയുരുമ്മിയും പോകുന്ന കാറ്റും, നൂല്‍മഴയും... പത്തനംതിട്ടയിലെ ഗവി എന്ന കാനനസുന്ദരിയുടെ മനംമയക്കും കാഴ്ചകളിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. കാലമേതായാലും ഗവിയുടെ ചന്തത്തിനെന്നും പത്തരമാറ്റ് തന്നെ, എന്നാല്‍ മഴക്കാലത്ത്, മുഴുവന്‍ സൗന്ദര്യവും ഗവി പുറത്തെടുക്കും. 

gavi4
Image: KFDC Eco Tourism

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി. ശബരിമലയുടെയും ചുറ്റുമുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ച ഇവിടെനിന്നും നോക്കിയാല്‍ കാണാനാവും. എത്ര വേനലായാലും ഗവിയില്‍ കുളിരും പച്ചപ്പും കുറയാറില്ല. ശ്രീലങ്കൻ വംശജരായ തമിഴരാണ് ഗവിയിലെ പ്രധാന ജനവിഭാഗം, ഇവരുടെ കൂടി സംരക്ഷണം കണക്കിലെടുത്ത് സർക്കാർ ഇവിടേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ദിനവും ഇവിടെ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 

gavi
Image: KFDC Eco Tourism

ഗവി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഫോര്‍ വീലര്‍ യാത്ര തിരഞ്ഞെടുക്കാം. ഒരു ദിവസം അറുപതോളം വാഹനങ്ങള്‍ മാത്രമാണ്  ഗവിയിലേക്ക് കടത്തി വിടുന്നത്. അതുകൊണ്ട് മുൻകൂട്ടി അനുമതി ആവശ്യമാണ്. അതല്ലെങ്കില്‍ മിക്ക തെക്കന്‍ ജില്ലകളില്‍ നിന്നും ഗവിയിലേക്ക് കുറഞ്ഞ ചെലവില്‍ ഒരുക്കുന്ന കെ എസ് ആർടിസി ബസ് സർവീസുമുണ്ട്. ഉച്ചഭക്ഷണം, ബോട്ടിങ്, എൻട്രിഫീസ് എല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജുകള്‍ ആനവണ്ടി ഒരുക്കുന്നുണ്ട്‌.   

gavi2
Image: KFDC Eco Tourism

ഗവിയിലേക്കുള്ള പാതക്കിരുവശവും, കുന്നുകള്‍ക്ക് മുകളില്‍ പച്ചിലപ്പട്ടു വിരിച്ചത് പോലെ തേയില തോട്ടങ്ങളാണ്. ഗവിയിലേക്കുള്ള വഴിയില്‍, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളുമുണ്ട്. ട്രെക്കിങ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാംപിങ് എന്നിങ്ങനെ ഒട്ടേറെ ആക്റ്റിവിറ്റികള്‍ ഗവിയിലുണ്ട്. പരിശീലനം ലഭിച്ച ഗൈഡുകള്‍ക്കൊപ്പമാണ് കാടിനകത്തുള്ള ട്രെക്കിങ്. 

gavi1
Image: KFDC Eco Tourism

 ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ വനം വികസന കോര്‍പ്പറേഷന്‍റെ എക്കോലോഡ്ജായ 'ഗ്രീന്‍ മാന്‍ഷന്‍' ഉണ്ട്. ഇവിടെ നിന്നു നോക്കിയാല്‍ ഗവി തടാകവും ചേര്‍ന്നുള്ള വനങ്ങളും കാണാം. മരങ്ങള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ വീടുകളും കാടിനകത്തുള്ള ടെന്റുകളും ഒക്കെ പരീക്ഷിക്കാം. വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്.

English Summary: Gavi trip through forest All you need to know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS