ADVERTISEMENT

ആരാധകരുടെ ആരവങ്ങളുയരുന്ന മൈതാനത്ത് ഒരു പെനാൽറ്റി കിക്ക് എടുക്കാൻ നിൽക്കുന്നതുപോലെയാണോ കാട്ടിൽ കടുവയുടെയും പുലിയുടെയും ചിത്രങ്ങൾ എടുക്കുന്നത്?  സി.കെ.വിനീത് എന്ന ഫുട്ബോൾ കളിക്കാരനോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം എന്താകും? ഫുട്ബോളിനൊപ്പമുള്ള യാത്രയിൽ കൂടെ കൂടിയ ഇഷ്ടങ്ങളിലൊന്നാണു വിനീതിനു ഫൊട്ടോഗ്രഫി. സ്പോർട്സ് കൗൺസിൽ അംഗം, അക്കാദമിയുടെ പ്രവർത്തനം, സെക്രട്ടറിയേറ്റ് അസിസിറ്റന്റ് ജോലി, വീട്...ഈ തിരക്കിലും യാത്രയ്ക്കു സമയം കണ്ടെത്തും വിനിത്. കാട്ടിലേക്കും നാട്ടിലേക്കും ക്യാമറയുമായുള്ള യാത്രയെക്കുറിച്ച് വിനീത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

Image Credit : C K Vineeth
Image Credit : C K Vineeth

 

നല്ല ചിത്രങ്ങൾ എടുക്കണമെന്ന ആഗ്രഹം

Image Credit : C K Vineeth
Image Credit : C K Vineeth

ഫൊട്ടോഗ്രഫി ഒരു കോസ്റ്റിലി ഹോബിയാണ്, അതിൽനിന്നു വരുമാനമൊന്നുമില്ലാതെ അധികം പൈസ ചെലവാക്കാൻ താൽപര്യമില്ല. പക്ഷേ നല്ല ചിത്രങ്ങൾ എടുക്കണമെന്ന ആഗ്രഹവും ഉണ്ട്. കുട്ടിക്കാലത്തു വീടിന്റെ അടുത്തുള്ള സുബ്രഹ്മണ്യൻ കോവിലിൽ നിന്നും വർഷത്തിലൊരിക്കൽ എല്ലാവരും കൂടി ബസിൽ അടുത്തുള്ള സ്ഥലങ്ങളിലേക്കായിരുന്നു ആദ്യത്തെ യാത്ര. ദേശീയ തലത്തിൽ കളിക്കാൻ തുടങ്ങിയപ്പോൾ ട്രെയിൻ യാത്രകളിൽ കൊഡാക്കിന്റെ ചെറിയ ഫിലിം ക്യാമറ കയ്യിൽ കരുതുമായിരുന്നു. കാട്ടിൽ മാത്രമല്ല നാട്ടിലെ തെയ്യത്തിന്റെ ചിത്രങ്ങളും എടുക്കാൻ ഈ വർഷം സാധിച്ചു. വാരാണസി, ഓൾ ഇന്ത്യ ട്രിപ്പ് എന്നിങ്ങനെ സോളോ ട്രിപ്പുകളും ചെയ്തിട്ടുണ്ട്. കാട്ടിലെ ചിത്രങ്ങൾ കൃത്യസമയത്ത് എടുക്കാൻ തുടക്കക്കാർക്കു പറ്റണമെന്നില്ല, എന്റെ യാത്രയിലും കണ്ട് ആസ്വദിച്ച ചില കാഴ്ചകൾ ക്ലിക്ക് ചെയ്യാൻ പറ്റിയില്ല. മൃഗങ്ങളുടെ പെരുമാറ്റത്തെപ്പറ്റി എനിക്കു കൃത്യമായി അറിയില്ല. എടുത്ത ചിത്രങ്ങൾ നന്നായി കിട്ടിയിട്ടുണ്ടോ എന്ന ആകാംക്ഷയിൽ ക്യാമറയിൽ നോക്കുന്ന സ്വഭാവം എനിക്കുണ്ട്, ആ സമയത്താവും എറ്റവും നല്ലൊരു പോസ് നഷ്ടപ്പെടുന്നത്.

 

കാട് കണ്ടു മനസ്സ് നിറയ്ക്കാൻ കബനിയിലേക്ക്

രണ്ടു മാസമായി യാതൊരു ബ്രേക്കും ഇല്ലാതെ ഫുട്ബോൾ അക്കാദമിയുടെ കാര്യങ്ങൾക്കായി ഓടി നടക്കുകയായിരുന്നു. ഒരു ബ്രേക്ക് വേണമെന്നു തോന്നി. ഈ സമയത്താണ് കാനൻ കമ്പനിയുടെ പുതിയ ലെൻസ് – RF 400 mm 2.8 വിപണിയിൽ എത്തിയത്, ടെസ്റ്റ് ചെയ്യാനുള്ള ഒരു ഓഫർ സെയിൽസ് ഹെഡ് രാജീവിൽനിന്നു കിട്ടി. ജൂൺ ആദ്യം തന്നെ, വൈൽഡ് ലൈഫ് ചിത്രങ്ങൾ എടുക്കാനുള്ള ഡസ്റ്റിനേഷൻ കബനി എന്ന് ഉറപ്പിച്ചു. ചിത്രങ്ങൾ തേടിയുള്ള യാത്രയിൽ താമസത്തിന് അധികം പണം ചെലവാക്കാൻ താൽപര്യമില്ലായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ സഫാരിയാണ് എടുത്തത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താമസവും കൂടുതൽ സഫാരിയും എന്നതായിരുന്നു ലക്ഷ്യം. 3 ദിവസം കൊണ്ട് കബനിയിലെ കാട്ടിലൂടെ 6 സഫാരി ചെയ്തു; ജൂൺ 7 മുതൽ 10 വരെയായിരുന്നു. ഈ യാത്ര പ്ലാൻ ചെയ്തത് തിരുവനന്തപുരത്തു വച്ചായിരുന്നു. അവിടെനിന്നു ഡ്രൈവ് ചെയ്തു കൊച്ചിയിലെത്തി ലെൻസ് എടുത്തു കണ്ണൂരിലെ  വീട്ടിലെത്തി മോനെ കണ്ടു, സ്കൂൾ തുറന്ന ദിവസം പോകാൻ പറ്റിയിരുന്നില്ല, മോനെ സ്കൂളിലേക്ക് അയച്ചു. അവന്റെ അവധി ദിവസമായ ശനിയാഴ്ച തിരിച്ചെത്താനുള്ള പ്ലാനുമായിട്ടായിരുന്നു ഈ യാത്ര.

 

കണ്ണൂരുനിന്നു നേരെ വയനാട്ടിലെ തിരുനെല്ലി സ്പോർട്സ് അക്കാദമിയിലെത്തിയ ശേഷം നാഗർഹോളയിലേക്ക്. അവിടെനിന്നു രണ്ടു വഴികളിലൂടെ ലക്ഷ്യസ്ഥാനമായ കബനിയിലെത്താം. ബാവലി ചെക്ക്പോസ്റ്റ് (മൈസൂർ റോഡ്) വഴി അല്ലെങ്കിൽ കുട്ട എന്ന സ്ഥലത്തുനിന്നു നാനാച്ചി ഗെയ്റ്റു വഴിയും പോകാം. കാടിനുള്ളിലൂടെയുള്ള സൂപ്പർ വഴിയാണ്. വണ്ടി നിർത്താനോ ഫോട്ടോ എടുക്കാനോ അനുവാദമില്ല. കുട്ട എത്തുന്നതിനു മുൻപ് അവിടെ ഒരു പെട്രോൾ പമ്പുണ്ട്. കർണാടകയിലെ ആദ്യത്തെ പെട്രോൾ പമ്പ്, 10 ഉറുപ്പിക കുറവാണ് അവിടെ. അതിനോടു ചേർന്നു യൂസഫ് ചേട്ടന്റെ ചെറിയൊരു ഹോട്ടലുണ്ട്, അവിടെനിന്ന് ഉച്ചയ്ക്കു നല്ല നെയ്ച്ചോറു കഴിച്ചു. ഗെയ്റ്റു കടക്കാൻ 20 രൂപ ചാർജുണ്ട്. മുന്നോട്ടു പോകുമ്പോൾ മറ്റ് കടകൾ ഇല്ല. ഇവിടെ നാനാച്ചി ഗെയ്റ്റിലും സഫാരിയുണ്ട്. സാധാരണ ഈ വഴി വരുമ്പോൾ നാനാച്ചി ഗെയ്റ്റിലെ സഫാരി ചെയ്യുന്നതാണ് എളുപ്പം. സഫാരി കഴിഞ്ഞാൽ എളുപ്പത്തിൽ കേരളത്തിലേക്കു തിരിച്ചു വരാം. വൈകിട്ട് 6 മണിയാകുമ്പോൾ ഈ ഗെയ്റ്റ് അടയ്ക്കും.

 

Image Credit : C K Vineeth
Image Credit : C K Vineeth

ഒന്നാം ദിനം – ആദ്യ സഫാരി 

വയനാട്ടിൽ താമസിക്കുമ്പോൾ സാധാരണ ഈ സഫാരിയാണ് ഞാൻ എടുക്കുന്നത്. എച്ച്ഡി കോട്ട വഴിയാണ് കബനിയിലേക്കു പോകുന്നത്. ആദ്യത്തെ ഗെയ്റ്റു കടന്നു കാട്ടിനുള്ളിൽ കയറിയാൽ മൂന്ന് വഴികളുണ്ട് പുറത്തേയ്ക്കു പോകാൻ, ഏതു ഗെയ്റ്റു വഴിയാണോ പോകേണ്ടത് അത് ഒരു മണിക്കൂറുകൊണ്ടു കടക്കണം. ഓരോന്നിനും പ്രത്യേകം പാസ്സ് ഉണ്ട്. അവിടെ എന്റെ സുഹൃത്ത് സമീർ കാത്തു നിൽക്കുന്നുണ്ട്. മൂപ്പരു വഴിയാണ് ബുക്കിങ് എല്ലാം ചെയ്തത്. 2.30 കഴിഞ്ഞപ്പോൾ താമസ സ്ഥലത്ത് എത്തി. 3 മണിക്കാണ് ആദ്യത്തെ സഫാരി, ബസും ജീപ്പും ഉണ്ട്. ആദ്യ സഫാരിക്കു ജീപ്പാണ് എടുത്തത്. അന്ന് കടുവ, പുലി എന്നിവയൊന്നു കാണാൻ പറ്റിയില്ല. കാണാൻ ഏറെ ആഗ്രഹിച്ചിരുന്നൊരു കാഴ്ചയായിരുന്നു മയിൽ പീലിവിരിച്ച് ആടുന്നത്. അന്ന് കബനിയിൽ കൃഷിഭൂമിയോടു ചേർന്നുള്ള സ്ഥലത്തു പീലി വിടർത്തിയാടുന്ന ധാരാളം മയിലുകളെ കാണാൻ സാധിച്ചു. സഫാരിക്കു ശേഷം അവിടുള്ള കൂൾ ലാൻഡ് ഭക്ഷണശാലയിൽനിന്നു ഭക്ഷണം കഴിച്ചു പിരിയുമ്പോൾ വായനാട്ടിലെ ബത്തേരിയിലുള്ള സെയ്ദ് നിയാസിനെ പരിചയപ്പെട്ടു. ഇഞ്ചി വൃത്തിയാക്കി വിൽക്കുന്ന കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

Image Credit : C K Vineeth
Image Credit : C K Vineeth

 

c-k-vineeth-friends
സെയ്ദിന്റെ താമസ സ്ഥലത്ത്.

കബനിയിലെ കാട്ടിൽ രണ്ടാം ദിനം

രാവിലെ സഫാരിക്കു സമീർ ഇക്കയും വന്നിരുന്നു. സഫാരിയ്ക്കെത്തിയ നോർത്ത് പറവൂർ സ്വദേശികളായ കപിൽ ദേവിനെയും കൃഷ്ണകുമാറിനെയും കൃഷ്ണ പ്രസാദിനെയും പരിചയപ്പെട്ടു. ബസിലായിരുന്നു രണ്ടാം ദിവസത്തെ യാത്ര. രണ്ടു ബസുകളിലായി കാട്ടിലേക്ക്. കപിൽദേവും സുഹൃത്തുക്കളും പോയ സഫാരി ബസിൽനിന്ന്, 6 കടുവകളെ കണ്ടു എന്നുള്ള കോൾ വന്നു. ഞങ്ങളെത്തുമ്പോൾ കടുവകളെല്ലാം പോയിരുന്നു. ഒരു കടുവയുടെ കാൽ മാത്രം ഞങ്ങൾ കണ്ടു. ആകെപ്പാടെ സങ്കടമായി, അസൂയയായി – ആ ബസിലുള്ള എല്ലാവരും കടുവയെ കണ്ടു, എടുത്ത ചിത്രങ്ങളും കാണിച്ചു തന്നു. കുറച്ചു സമയം കടുവ തിരിച്ചു വരുന്നതും നോക്കി നിന്നെങ്കിലും ഫലമുണ്ടായില്ല. മറ്റു കാഴ്ചകൾ നോക്കി പോയി തിരിച്ചു വരുമ്പോൾ ആഗ്രഹിച്ച കാഴ്ച മുന്നിൽ. കടുവയും കുട്ടികളും റോഡ് മുറിച്ചു കടക്കുന്നു.

തൊട്ടു മുൻപിലൊരു ജീപ്പുകാരൻ കുറുകെ നിർത്തിയിട്ടതു കൊണ്ട്  മുൻപോട്ടു പോകാൻ സാധിച്ചില്ല. കടുവക്കുട്ടികളൊക്കെ ചാടിമറിഞ്ഞു പോകുന്ന മനോഹരമായ കാഴ്ച. നല്ല ഫോട്ടോ എടുക്കാനുള്ള അവസരം തൊട്ടു മുൻപിലുണ്ട്... എന്തു ചെയ്യാൻ? വീണ്ടു നഷ്ടബോധം... ആ കടുവകൾ വെള്ളം കുടിക്കാൻ തടാകക്കരയിൽ എത്തുമെന്നായി അവിടുള്ളവർ. അങ്ങനെ നോക്കി നിൽക്കുമ്പോൾ പുല്ലുകൾക്ക് ഇടയിൽനിന്നു ബസിന്റെ തൊട്ടടുത്തേക്കു കടുവ വരുന്നു. ബസിനുള്ളിൽ ഫൊട്ടോഗ്രഫർമാർ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നു. ഞാൻ ഏറ്റവും മുൻപിലായിരുന്നു ഇരുന്നത്. നല്ല ചിത്രങ്ങൾ കിട്ടി. സഫാരിക്കു ശേഷം മുറിയിലെത്തി ഫ്രഷായി കരിമൂർഖന്റെ ചിത്രങ്ങളെടുക്കാൻ സമീറിക്കയ്ക്കൊപ്പം പോയി. ശേഷം കൂൾ ലാൻഡിൽ പോയി ഭക്ഷണം കഴിച്ചു. വീണ്ടും 3 മണിക്കുള്ള സഫാരിയിൽ ആന, കാട്ടുപോത്ത് എന്നിവയെ കണ്ടു ചിത്രങ്ങൾ എടുത്തു.

Image Credit : C K Vineeth
Image Credit : C K Vineeth

 

Image Credit : C K Vineeth
Image Credit : C K Vineeth

കബനിയിലെ മൂന്നാം ദിനം

വെള്ളിയാഴ്ച രാവിലെ 6 മണിക്കുള്ള ബസ് സഫാരിയിൽ ഒരു കടുവയും രണ്ടു കുട്ടികളും റോഡ് മുറിച്ചു കടന്നു പോകുന്നതു കണ്ടു. ഒരു കടുവക്കുട്ടി പുൽനാമ്പുകൾക്കിടയിലെവിടെയോ കാണാതായി. അൽപസമയം കഴിഞ്ഞപ്പോൾ കുട്ടിക്കടുവ അമ്മയുടെ പുറകെ ഓടിപ്പോയി, നല്ല രസമായിരുന്നു ആ കാഴ്ച കാണാൻ. വെള്ളം കുടിക്കാനുള്ള യാത്രയാണ്. കബനി പോലുള്ള സ്ഥലത്തു സഫാരിയിൽ അവർ പ്രാധാന്യം കൊടുക്കുന്നത് കടുവ, പുലി എന്നിവയൊക്കെ സഞ്ചാരികൾക്കു കാണിച്ചു കൊടുക്കാനാണ്.

കടുവ, പുലി, കരടി എന്നിവയെ കണ്ടില്ലെങ്കിൽ മാത്രം മറ്റു കാഴ്ചകൾ ഇവർ പ്രോത്സാഹിപ്പിക്കുകയുള്ളു. വെള്ളക്കെട്ടിനടുത്തു കടുവയെ നോക്കി ഇരിക്കുമ്പോഴാണ് മരക്കൊമ്പിലെ പരുന്തിനെ കാണുന്നത്, അതിനടുത്തൊരു ചെറിയ കിളി വന്നിരുന്നതും അതിന്റെ മൂവ്മെന്റ്സും എനിക്ക് ഇഷ്ടപ്പെട്ടു, ക്ലിക്ക് ചെയ്തു. രാവിലത്തെ സഫാരിയിലാണ് എനിക്കു നല്ല ചിത്രങ്ങൾ കിട്ടിയത്. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നൊരു ചിത്രമാണ് റോഡിലൂടെ ആന നമ്മളുടെ നേരെ നടന്നു വരുന്ന ചിത്രം എടുക്കണമെന്ന്. 

 

400 MM ലെൻസിൽ കുറച്ചു കൂടുതൽ ക്ലോസ് ആയെങ്കിലും ചിത്രം കിട്ടി. ഇനിയൊരു ദിവസം കൂടി, നാളെ തിരിച്ചു വീട്ടിൽ പോകണം. ശനിയും ഞായറും കബനിയിലെ സഫാരി സമയം 1 മണിക്കൂർ മാത്രമേയുള്ളു. ബാക്കി ദിവസങ്ങളിൽ 3 മണിക്കൂറാണ്. അതു കൊണ്ടു വെള്ളിയാഴ്ചത്തെ സഫാരിയ്ക്കു ശേഷം തിരിച്ചു പോരാൻ തീരുമാനിച്ചു. ഫോൺ നോക്കുമ്പോൾ ബത്തേരിക്കാരൻ സുഹൃത്തിന്റെ മെസേജും മിസ്കോളുകളും, അദ്ദേഹത്തിനു അവധി ദിവസമായതു കൊണ്ട് ഡിന്നർ തയാറാക്കി വച്ചിട്ടുണ്ട്, കഴിച്ചിട്ടേ പോകാവുള്ളു എന്നാണ് മെസേജ്. കൂടെ 3 സുഹൃത്തുക്കളും ഉണ്ടെന്നു പറഞ്ഞപ്പോൾ അവരെ കൂട്ടി വരാൻ പറഞ്ഞു. ഫോറസ്റ്റ് ഓഫിസിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമേയുള്ളു സെയ്ദിന്റെ താമസ സ്ഥലത്തേയ്ക്ക്. നല്ല നെയ്യ് ചോറും ചിക്കൻ കറിയും അദ്ദേഹും സുഹൃത്ത് ഫൗലദും ചേർത്തു  തയാറാക്കി വച്ചിരുന്നു. വിശേഷങ്ങളൊക്കെ പറഞ്ഞു ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും തിരിച്ചു തിരുനെല്ലിയിലേക്കുള്ള യാത്രയ്ക്കു തയാറായി. വന്നവഴി വരാൻ പറ്റാത്തതു കൊണ്ടു ഹുൻസൂർ ചുറ്റിവരേണ്ടി വന്നു, രണ്ടു മണിക്കൂർ കൂടുതൽ യാത്ര വേണ്ടി വന്നു.

 

പുള്ളിപ്പുലിയെ കണ്ട് നാനാച്ചി സഫാരി

അവിടെ രണ്ടു സഫാരി എടുക്കാനായിരുന്നു പ്ലാൻ. മുൻപ് പോയി പരിചയം ഉണ്ട്, JLR ലെ ഡ്രൈവർ സന്തോഷ് ചേട്ടനെ വിളിച്ചു സഫാരി ബുക്ക് ചെയ്തു. രാത്രിയിൽ തിരുനെല്ലിയിലെ റൂമിൽ 3 മണിക്കൂർ വിശ്രമ ശേഷം 6മണിക്കു തന്നെ സഫാരി സ്പോട്ടിലെത്തി. ജീപ്പിലെ സഫാരിയിൽ ഒരു ഫാമിലിയായിരുന്നു കൂടെയുണ്ടായിരുന്നത്. സഫാരി പോയിന്റിൽ നിന്ന് നമ്മൾ ആദ്യം പോകുന്നത് തലേദിവസം പുള്ളിപ്പുലിയെ കണ്ട സ്ഥലത്തേയ്ക്കാണ്. പോകുന്ന വഴിക്കു കാടിനുള്ളിലെ സഫാരി റോഡില്‍ പുള്ളിപ്പുലി ഇരിക്കുന്നുണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് അത് ഉള്ളിലേക്കു കയറിപ്പോയി. അപ്പോഴാണ് അതിന്റെ കൂടെ രണ്ടു കുട്ടികൾ ഉണ്ടെന്നു കാണുന്നത്. അപ്പോൾ നമ്മൾ വണ്ടി ഓഫാക്കി (അതിനു ശല്യമാകാതിരിക്കാനാണു വണ്ടി ഓഫാക്കിയത്), പുലി ഉള്ളിലേക്കു പോയി ഒരു മരത്തിനു മുകളിൽ കയറി, ഫോട്ടോ എടുക്കാനുള്ള വ്യൂ ആയിരുന്നില്ല. അതുകൊണ്ട് തലേദിവസം കടുവയെ കണ്ട സ്ഥലത്തേക്കു പോകാൻ തീരുമാനിച്ചു. പോകുന്ന വഴിക്കുള്ള സഫാരി റോഡിൽ വേറെ പുള്ളിപ്പുലിയുടെ കാൽപാടുകൾ സന്തോഷ് േചട്ടൻ കണ്ടു, അദ്ദേഹത്തിന്റെ 30 വർഷത്തെ എക്സ്പീരിയൻസിനു പുറത്താണ് ആ കാഴ്ച കാണാൻ സാധിച്ചത്. ആ കാൽ പാടുകൾ പിൻതുടർന്നു പുള്ളിപ്പുലിയെ കാണാൻ സാധ്യതയുള്ള സ്ഥലത്തേയ്ക്കു സന്തോഷ് ചേട്ടൻ വണ്ടി തിരിച്ചു. അവിടെ എത്തിയപ്പോൾ പുള്ളിപ്പുലി റോഡിന്റെ സൈഡിലൂടെയുള്ള കുറ്റിക്കാടിലൂടെ വന്ന് റോഡ് ക്രോസ് ചെയ്തു പോയി വേറൊരു മരത്തിൽ കയറി ഇരുന്നു. ധാരാളം ചിത്രങ്ങൾ എടുത്തു.

C K Vineeth
C K Vineeth

 

സഫാരിയ്ക്കു ശേഷം തിരുനെല്ലിയിലെ അക്കാദമിയിലെത്തി. ക്ലോവ് റിസോട്ട് മാനേജറും സുഹൃത്തുമായ രഞ്ജിത്തിനൊപ്പം യൂസഫിക്കയുടെ കടയിൽ നിന്നും ഉച്ചയ്ക്കു ബിരിയാണി കഴിച്ചു. വീണ്ടു വൈകുന്നേരത്തെ സഫാരിയ്ക്കു പോയി. പുള്ളിപ്പുലിയെ കണ്ടു എന്നു പറഞ്ഞ വണ്ടിക്കാരനോടു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ദാ ഒരു പുലി വണ്ടിയുടെ തൊട്ട് അടുത്തു വന്നു. റോഡ് കടന്ന് അടുത്തുള്ള കുന്നിന്റെ മുകളിലേയ്ക്കു കയറി പോയി. പുലിയെ നോക്കി നിൽക്കുമ്പോൾ ഒരു എറണാകുളം രജിസ്ട്രേഷൻ വണ്ടി വന്നു നിന്നു. അവർ ഒരു മണിക്കൂർ സഫാരി കഴിഞ്ഞു തിരിച്ചു പോകുന്ന വഴിയാണ്. വണ്ടി നിർത്താൻ പറ്റില്ല എന്നു പറഞ്ഞു സന്തോഷ് ചേട്ടൻ അവരെ വിട്ടു. അപ്പോഴാണു വേറൊരു സഫാരി ബസ് തൊട്ട് അടുത്തു തന്നെ കടുവയെ കണ്ടു എന്നു പറയുന്നുത്. 

 

പുള്ളിപ്പുലി വേണൊ കടുവ വേണോ? എന്ന കൺഫ്യൂഷൻ, കടുവയ്ക്കടുത്തേയ്ക്കു നീങ്ങാംഎന്നു കരുതി മുൻപോട്ടു പോകുമ്പോൾ എറണാകുളം രജിസ്ട്രേഷൻ വണ്ടി യു – ടേൺ അടിച്ചു തിരിച്ചു വരുകയാണ്. അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. സന്തോഷ് ചേട്ടൻ അവരെ നിറുത്തി പാസ്സ് മേടിച്ചു വച്ചു. അവർ എന്നോട് പറഞ്ഞു ഒന്നു പറയൂ – എന്തു ചെയ്യാനാണ് ഒരിക്കൽ പറഞ്ഞു വിട്ടിട്ട് വീണ്ടും തിരിച്ചു വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല. പ്രൈവറ്റ് റോഡിൽ വാഹനം നിറുത്തി കാഴ്ച കാണാൻ ഇറങ്ങരുത് എന്നു പറയുന്നത് മൃഗങ്ങൾ ആക്രമിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടു തന്നെയാണ്. പോയവഴിയിൽ ആനകളുടെ ഫോട്ടോ എടുക്കാൻ ഇറങ്ങി നിൽക്കുന്ന ആൾക്കാരെയും സന്തോഷ് ചേട്ടൻ വഴക്കു പറഞ്ഞു ഓടിച്ചു വിട്ടു.

 

കടുവയെ അന്വേഷിച്ചു വെള്ളക്കെട്ടിനടുത്ത് എത്തിയപ്പോൾ ഒരു കടുവയും അതിന്റെ രണ്ടു കുട്ടികളെയും കണ്ടുവെന്നു ജീപ്പിൽ എത്തിയവർ പറഞ്ഞു. തിരിച്ചു വരുമ്പോൾ പുൽകൂട്ടത്തിനിടയിൽ നിന്നും ഇറങ്ങി വരുന്ന ഒരു പുളളിപ്പുലിയേയും കണ്ടു. സഫാരി സമയം കഴിഞ്ഞു. ക്യാമറ നിറയെ ചിത്രങ്ങളുമായി വണ്ടി നേരെ കണ്ണൂരിലേക്ക്, ഇതായിരുന്നു കാടു കാണാൻ പോയ കഥ.

 

ക്യാമറ ഏതൊക്കെയുണ്ട് കയ്യിൽ?

ആദ്യത്തെ പ്രഫഷനൽ ക്യാമറ കാനൻ 600D യായിരുന്നു. ബെംഗളൂരുവിൽ കളിക്കാൻ തുടങ്ങിയപ്പോഴാണ് 5 D മാർക്ക് 3 യും 100–400 ലെൻസ്, മാക്രോ ലെൻസ് എന്നിവയും വാങ്ങിയത്. പരിശീലന സമയം തിരക്കു പിടിച്ചതായതു കൊണ്ടു തന്നെ യാത്രയ്ക്ക് സമയം കിട്ടില്ല. അവധി സമയത്ത് ലക്ഷദ്വീപ്, കബനി, ബന്ദിപ്പുർ എന്നിവിടങ്ങളിൽ ആ ക്യാമറയുമായി പോയിട്ടുണ്ട്. അടുത്തിടെയാണ് കാനൻ R3 മോഡൽ വാങ്ങിയത്.

 

ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം

ഫു‍ട്ബോളിൽ പെനാൽറ്റി പോസ്റ്റിലേക്ക് ബോൾ പായിക്കുമ്പോൾ അത് ഗോൾ ആക്കണമെന്ന നിർബന്ധം കളിക്കാരനുണ്ട്, നിയന്ത്രണം അവന്റെ കാലുകളിലുമാണ്. കാട്ടിൽ ഏതെങ്കിലും മൃഗങ്ങളെ കാണുമോ എന്ന ആകാംക്ഷയുണ്ട്, കാട്ടിൽ കാര്യങ്ങളുടെ നിയന്ത്രണം മനുഷ്യനല്ല. കാട്ടിലേക്കു കയറുമ്പോൾ നമ്മൾ ഒന്നിനേയും കാണുന്നുണ്ടാകില്ല പക്ഷേ ഒരായിരം കണ്ണുകൾ നമ്മളെ കാണുന്നുണ്ടാകും.

 

ഫുട്ബോൾ ഫൊട്ടോഗ്രഫറാകുമോ?

നല്ല ചിത്രങ്ങൾ എടുക്കണമെന്നാണ് ആഗ്രഹം, ചിത്രങ്ങൾ എടുക്കാൻ താൽപര്യമുണ്ട്, ഇപ്പോഴും പഠിക്കുന്നു. ഐഎസ്എൽ സമയത്തു പരുക്കു പറ്റി ഇരിക്കുമ്പോൾ കളിയുടെ ചിത്രങ്ങൾ എടുക്കാറുണ്ടായിരുന്നു. കാട്ടിലെ പോലെയല്ല, കളിക്കളത്തിലെ നീക്കങ്ങൾ എങ്ങനെയായിരിക്കുമെന്നൊരു ധാരാണയുണ്ട്, അത് ഒരു പക്ഷേ മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുമായിരിക്കും. ചിത്രങ്ങൾ എടുക്കാൻ അസോസിയേഷന്റെ അനുവാദവും മറ്റും വേണം. ചിത്രങ്ങൾ എടുക്കാൻ പഠിച്ചു എന്നു തോന്നിയാൽ ഭാവിയിൽ ചെയ്തേയ്ക്കാം.

 

Content Summary : Football player C K Vineeth is well-known for his love of travel and photography.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com