തുള്ളിച്ചാടി വന്ന ആ കുറുമ്പ് ; ഭയം നിറച്ച കാഴ്ച, ഒരു വനയാത്രയുടെ ഓർമയിൽ

Mail This Article
ആർക്കും ഓമനിക്കാൻ തോന്നുന്ന ഒരു കുസൃതി മുന്നിൽ വന്നു തുള്ളിച്ചാടിയാൽ ഭയം മൂലം നിശ്ചലരായി പോകുമോ? തമിഴ്നാട് വനത്തിലൂടെയുള്ള ഒരു യാത്രയിൽ ഇത്തരമൊരു അവസ്ഥയിൽ ഞങ്ങൾ ചെന്നുപെട്ടു.
ഗൂഡല്ലൂരിൽ നിന്നു മസിനഗുഡിയിലേക്കു സഞ്ചരിക്കുകയായിരുന്നു നാലുപേരടങ്ങുന്ന സംഘം. കർണാടക അതിർത്തിയായ മുതുമലയിൽ നിന്നു ഊട്ടി റൂട്ടിൽ വനത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചുകാണണം. പെട്ടെന്ന് യൂണിഫോമിട്ട ഒരു വനം ഉദ്യോഗസ്ഥൻ മുന്നോട്ടുവന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. അപകടം എന്തെങ്കിലും നടന്നതാവും എന്ന് കരുതി കാറിൽ നിന്നു പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ അദ്ദേഹം രോഷാകുലനായി. ഒരാളും പുറത്തിറങ്ങരുതെന്നും വാതിൽ അടച്ച് ചില്ലുകയറ്റിയിടാനുമായിരുന്നു നിർദേശം. എന്താണ് സംഭവിച്ചത് എന്നറിയാതെ ഞങ്ങൾ വാഹനത്തിലിരുന്നു.
പെട്ടെന്നാണ് ആ കാഴ്ച ഞങ്ങൾ കണ്ടത്. ചെറിയ കന്നുകുട്ടികൾ കൂത്താടിവരുന്നതുപോലെ ഒരു വികൃതി റോഡ് മുറിച്ചു പാഞ്ഞുപോകുന്നു. അടുത്തക്ഷണം അതേ വേഗത്തിൽ തിരിച്ചുപോകുന്നു. വീണ്ടും പാഞ്ഞുവന്ന് ഒരു നിമിഷം റോഡിൽ നിന്നു ഞങ്ങളെ തുറിച്ചുനോക്കി. ആശ്ചര്യം കൊണ്ടും ഭയം കൊണ്ടു ഞങ്ങൾ സ്തബ്ധരായി– പിറന്നിട്ട് ദിവസങ്ങൾ മാത്രമായ ഒരു കുട്ടിയാന. കറുപ്പുനിറം പൂർണമായിട്ടില്ല. ഇത്തിരിപ്പോന്ന തുമ്പിക്കൈ ഉയർത്തിപ്പിടിച്ചിരിക്കുന്നു. വില്ലുപൊലെ വളച്ച് കൊച്ചുവാൽ.

റോഡിൽ നിന്ന വനം ഉദ്യോഗസ്ഥർ ഓടിമാറുന്നതുകണ്ടപ്പോഴാണ് 30 മീറ്ററോളം അകലെ നിൽക്കുന്ന ആനക്കൂട്ടത്തെ കാണുന്നത്. ഒറ്റനോട്ടത്തിൽ തന്നെ 7 ആനകളെ ഞങ്ങൾ എണ്ണി. മുന്നിൽ നിൽക്കുന്നത് തള്ളയാനയാകണം. ആകെ അസ്വസ്ഥയായ ആ അമ്മ സംഘത്തോടൊപ്പം മുന്നോട്ടുവരികയായിരുന്നു.
ഞങ്ങളുടെ ഭാഗ്യത്തിന് ആനക്കുട്ടി തിരിച്ചോടി തള്ളയാനയുടെ അടുത്തെത്തി. കുട്ടിയെ ആനക്കൂട്ടത്തിനു നടുവിലേക്ക് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും കുതറിയോടി റോഡിലേക്ക്. ഇതൊക്കെയാര് എന്ന മട്ടിൽ ഞങ്ങളെ ഒന്നുനോക്കി. പിന്നീട് മുന്നിൽ കിടന്ന ഒരു വാഹനത്തെ ഇടിക്കാൻ ഒരു ചെറുശ്രമം. സ്വന്തം കുഞ്ഞിനെ ശാസിക്കാനും യാത്രക്കാരെ ഭയപ്പെടുത്താനുമെന്നോണം അമ്മയാനയുടെ ചിന്നംവിളിയുയർന്നു.
തൽക്കാലത്തേക്ക് കളി നിർത്തിയെന്ന ഭാവത്തിൽ കുട്ടിക്കുറുമ്പൻ ആനക്കൂട്ടത്തിനടുത്തേക്കു തിരിച്ചെത്തി. ഇത്തവണ തള്ളയാന അവനെ തള്ളി അവരുടെ നടുവിലേക്കു മാറ്റുക തന്നെ ചെയ്തു. ഇടയ്ക്കിടെ കുതറിച്ചാടാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
ആനക്കൂട്ടം പയ്യെ ഉൾക്കാട്ടിലേക്കു നീങ്ങാൻ തുടങ്ങിയപ്പോൾ തടഞ്ഞിട്ട വാഹനങ്ങൾക്ക് പോകാൻ വനപാലകർ അനുവാദം നൽകി. തിടുക്കമില്ലാതെ കാത്തുകിടന്ന ഞങ്ങളോട് ഉദ്യോഗസ്ഥർ അവരുടെ ബുദ്ധിമുട്ടുകൾ വിവരിച്ചു. ആനക്കൂട്ടം ഉൾക്കാട്ടിലേക്കു പൂർണമായും പിൻവാങ്ങുന്നതുവരെ റോഡിൽ കാവൽനിൽക്കാനാണത്രെ നിർദേശം. ഉൾക്കാട്ടിൽ പ്രസവിച്ചതിനുശേഷം കുട്ടിയേയും കൊണ്ട് ജനസാമീപ്യമുള്ള സ്ഥലത്തെത്തിയാതാവാമെന്നും അവർ പറഞ്ഞു. കുട്ടിയാനകളെ തൂക്കിയെടുത്ത് പായുന്ന കടുവളെ ഭയന്നാണ് അവർ ജനവാസകേന്ദ്രത്തിലെത്തുന്നത്.
Content Summary : Masinagudi: An offbeat experience close to Ooty.