കാട്ടുരാജാവിന്റെ കൺകണ്ട ദൈവമേ, കാടുകയറി ഞങ്ങളും വരുന്നു..

SUNFLOWER-NEW
SHARE

സഹോദരന്‍ ഫെയ്സ്ബുക്കിലിട്ട ഒരു ചിത്രം പിന്നെയും പിന്നെയും വിളിച്ചുകൊണ്ടിരുന്നു, അതിന്റെ ഭംഗികളിലേക്ക്. ആ വിളി കേട്ട് ഒരു ബൈക്കുമെടുത്തിറങ്ങിയതാണ് ഈ യാത്ര. വയനാടിന്റെ മലമടക്കുകളും മുത്തങ്ങയുടെ വന്യസൗന്ദര്യവും കടന്ന് കർണാടകയിലേക്ക്. കൊടുംകാടിനു നടുവിൽ, മലമുകളിലെ കല്ലുപാകിയ വനക്ഷേത്രത്തിലേക്ക്; ഗോപാലസ്വാമി ബേട്ടയിലേക്ക്. സത്യമംഗലം കാടുകളെ അടക്കിഭരിച്ച സാക്ഷാൽ വീരപ്പൻ ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു. പൊലീസ് ഇവിടെ വിരിച്ച വല പൊട്ടിച്ച് പലവട്ടം അയാൾ രക്ഷപ്പെട്ടിട്ടുമുണ്ട്. തന്നെ രക്ഷപ്പെടുത്തുന്നത് സാക്ഷാൽ ഗോപാലകൃഷ്ണനാണെന്ന് അയാൾ വിശ്വസിച്ചിരുന്നത്രേ. മലമുകളിലെ കൃഷ്ണൻ അഭീഷ്ടവരദായകനാണെന്നതിന് കന്നഡിഗരും മലയാളികളുമായ ധാരാളം ഭക്തർ സാക്ഷ്യം പറയും. അങ്ങോട്ടാണ് യാത്ര; കൂട്ടിന് ചങ്ങാതിയും ചങ്കായ ബൈക്കും. 

A Visit to Gundupete, Muthanga Wildlife Sanctuary, Wayanad | Manorama Online

കര്‍ക്കിടകത്തിലെ തെളിഞ്ഞ ആകാശം കണ്ടാണ് രാവിലെ കോഴിക്കോടുനിന്നു ബൈക്കെടുക്കുന്നത്. ഗുണ്ടല്‍പ്പേട്ട വരെ 153 കിലോമീറ്ററാണ് ദൂരം. അവിടെ നിന്നു 16 കിലോമീറ്ററുണ്ട് ഗോപാല്‍സ്വാമി ബേട്ട ക്ഷേത്രത്തിലേക്ക്. പണ്ടു പപ്പു പറഞ്ഞതു പോലെ, ‘പടച്ചോനേ... ഇങ്ങള് കാത്തോളീ....’ എന്നു പറഞ്ഞ് താമരശ്ശേരി ചുരം കയറി. എത്രപോയാലും കൊതി തീരാത്ത നാടാണ് വയനാട്. വഴികള്‍ സ്ഥിരപരിചയം. കര്‍ണാടകയിലെ ഭക്ഷണം ‘പണി’യാകുമെന്നു കരുതി വയനാട്ടില്‍നിന്നു ഭക്ഷണം കഴിച്ചു. സുല്‍ത്താന്‍ ബത്തേരിയും മൂലങ്കാവും കഴിഞ്ഞ് മുന്നോട്ടു പോകുമ്പോള്‍ പ്രകൃതിയുടെ ഭാവം മാറിത്തുടങ്ങും. ചുറ്റും ഇരുട്ടു പരക്കും. കാടെത്താറായി എന്നറിയിച്ച് വനം വകുപ്പിന്റെ ബോര്‍ഡുകള്‍. മുത്തങ്ങ ചെക്ക് പോസ്റ്റും താണ്ടി യാത്ര മുന്നോട്ട്. 

5gundelpett

കാട്, പിന്നെ പൂപ്പരവതാനികളും...

പിന്നെ ചുറ്റും കാടു മാത്രം. ആദ്യമായി ബസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ മനസ്സോടെ കണ്ണും കാതും കൂര്‍പ്പിച്ച് ചുറ്റിലും നോക്കിയാണ് ദേശീയപാത 766 ലൂടെയുള്ള യാത്ര. കൗതുകമുള്ള കണ്ണുകൾക്കായി കാട് എപ്പോഴും സമ്മാനങ്ങൾ കരുതും. പ്രതീക്ഷകളെ അസ്ഥാനത്താക്കാതെ റോഡിനോടു ചേര്‍ന്ന് ഒരു കൂട്ടം മാനുകള്‍. വാഹനത്തിന്റെ വേഗം കുറച്ചതും അവ കാഴ്ചയില്‍നിന്ന് ഓടി മറഞ്ഞു. മയിലും കുരങ്ങന്‍മാരും കണ്ണിനു മുന്നിലൂടെ പറന്നും ചാടിയും പോയി. കാടിന്റെ കരുത്തായ കാട്ടാനകളും കാഴ്ചയ്ക്കെത്തി. ഇരുവശത്തും പച്ചയുടെ പല ഭേദങ്ങളിൽ കാട് മദിച്ചുനില്‍ക്കുകയാണ്. കാടവസാനിക്കുന്നുവെന്ന സൂചനയായി കര്‍ണാടക വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് എത്തി. കാട്ടിലൂടെ 16 കിലോമീറ്ററോളം സഞ്ചരിച്ചിരിക്കുന്നു. 

7gundelpettu
ഗോപാൽസ്വാമി ബേട്ട മലനിരകളിലേക്കുള്ള കവാടം. ഫോറസ്റ്റ് ഗേറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ഇടതുവശത്തെ കൂറ്റൻ ഓറഞ്ച് പരവതാനിയിലേക്കു ശ്രദ്ധപോയി. ഏക്കറുകളോളം വരുന്ന ചെട്ടിപ്പൂക്കളുടെ തോട്ടമാണ്. മലയാളികളുടെ ഓണത്തിനു നിറം നല്‍കാന്‍ വിരിഞ്ഞവ. അതൊരു തുടക്കം മാത്രമായിരുന്നു. റോഡിന് ഇരുവശത്തും ചെട്ടിയും വാടാമല്ലിയും സൂര്യകാന്തികളും. ഒറ്റനിരയില്‍ ഏക്കറുകളോളം കിടക്കുന്ന സൂര്യകാന്തിപ്പൂക്കള്‍ കണ്ണു മഞ്ഞളിപ്പിക്കും. ഇടയ്ക്കുള്ള വയലുകളിൽ ചോളവും മറ്റു ധാന്യങ്ങളും വിളഞ്ഞു നില്‍ക്കുന്നു. ബഹുനില കെട്ടിടങ്ങളോ പട്ടണത്തിന്റെ അഭംഗികളോ ഇല്ല. സൂര്യകാന്തിയുടെ ശോഭ കാഴ്ചക്കാരനു സന്തോഷമാണെങ്കിലും മഴ ചതിച്ചതിന്റെ കറുപ്പാണ് കര്‍ഷകരുടെ മുഖത്ത്. പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിന്റെ അടയാളമായി ചില സൂര്യകാന്തിത്തോട്ടങ്ങള്‍ കരിഞ്ഞു തുടങ്ങി. 

2jamanthi-viriyum-gundalpettu
ജമന്തിപൂ വിരിഞ്ഞ പാടം

എല്ലാ വര്‍ഷവും മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗുണ്ടല്‍പേട്ടിലെ പൂക്കൃഷി. സൂര്യകാന്തി മൂന്നു മാസം കൊണ്ടാണ് പാകമാകുന്നത്. പൂവിന്റെ അരി ഉണക്കി ശേഖരിച്ചാണ് സൂര്യകാന്തിയെണ്ണ ഉല്‍പാദിപ്പിക്കുന്ന കമ്പനികളിലേക്കു കയറ്റിയയയ്ക്കുന്നത്. ചെണ്ടുമല്ലി പെയിന്റ് നിര്‍മാണക്കമ്പനികളിലേക്കാണ്. പിന്നെ, നമ്മുടെ അത്തപ്പൂക്കളങ്ങള്‍ക്കു നിറം നല്‍കാനും. 

3sunflower
സൂര്യകാന്തി പ്രഭ

ഗ്രാമങ്ങളിലൂടെയാണ് യാത്ര. ഇരുനിലക്കെട്ടിടങ്ങള്‍ തന്നെ അപൂര്‍വം. കാളവണ്ടികളും പശുക്കളും ആടുകളും റോഡിനിരുവശവും കാണാം. വീടുകള്‍ക്കെല്ലാം ഏതാണ്ട് ഒരേ രൂപം. പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങൾ‌ നല്‍കിയ കൊച്ചു കൊച്ചു വീടുകളാണ്. ഇടയ്ക്ക് തരിശുഭൂമി. ഗുണ്ടല്‍പേട്ടയെന്ന പച്ച നിറത്തിലെ ബോര്‍ഡാണ് യാത്ര എവിടെ എത്തിയെന്ന് ഓര്‍മിപ്പിച്ചത്. ജംക്‌ഷനില്‍നിന്നു വലത്തോട്ട് തിരിഞ്ഞാണ് ഗോപാല സ്വാമി ബേട്ടയിലേക്കുള്ള വഴി.

മലമുകളിലെ കൃഷ്ണൻ

4gundelpettu-travel

വെല്‍ക്കം ടു ഹിമവദ് ഗോപാലസ്വാമി ഹില്‍സ് എന്ന വലിയ ബോര്‍ഡ് വഴി കാട്ടി. വലത്തോട്ടു തിരിഞ്ഞ് അല്‍പ്പം മുന്നോട്ടു പോയതോടെ കാഴ്ചയുടെ മറ്റൊരു തീരത്താണ് എത്തിയത്. ചുറ്റിലും മലനിരകള്‍. ചുവന്ന മണ്ണുള്ള, ഉഴുതിട്ട ഭൂമിയുടെ നടുവിലൂടെ നീളന്‍ റോഡ്. വലിയ കൃഷിക്കളങ്ങൾ. ചിലയിടത്ത് കണ്ണെത്താ ദൂരത്തോളം സൂര്യകാന്തിയുടെ മഞ്ഞവെളിച്ചം, ചിലയിടത്ത് ചോളവും ധാന്യങ്ങളും, വയലുകളിലും മേടുകളിലും ചെമ്മരിയാടുകളും പശുക്കളും മേയുന്നു. കാഴ്ചകള്‍ ആസ്വദിച്ച് മുന്നോട്ടു പോകുമ്പോള്‍ യാത്ര തടസ്സപ്പെടുത്തുംവിധം മുന്നിലൊരു ചെക്ക് പോസ്റ്റ്. കർണാടക വനംവകുപ്പിന്റേതാണ്. അതിനു പിന്നിലും വിശാലമായ സൂര്യകാന്തിത്തോട്ടം. ഒരാള്‍ പൊക്കമുള്ള വലിയ സൂര്യകാന്തിച്ചെടികൾ അമ്പിളിമാമനോളം പോന്ന പൂക്കളുമായി നമ്മെ സ്വാഗതം ചെയ്യും. 

himavad-gopala-swami
ഗോപാൽ സ്വാമി ബേട്ട ക്ഷേത്രം.

മുന്‍പൊരിക്കല്‍ ഗോപാലസ്വാമി ബേട്ടയില്‍ പോയ ഓര്‍മയില്‍ ടിക്കറ്റെടുക്കാന്‍ ചെന്നപ്പോഴാണ്, ആ യാത്രയ്ക്കു രണ്ടു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു ബോധ്യമായത്. അന്നു ബൈക്കിലായിരുന്നു മല കയറിയത്. നല്ല കോടമഞ്ഞില്‍, ഓരോ വളവിലും നിര്‍ത്തി കാഴ്ചകള്‍ കണ്ടായിരുന്നു ആ യാത്ര. ദൂരെ ആനക്കൂട്ടവും മാനുകളും മയിലും... ഇപ്പോൾ സ്വകാര്യ വാഹനങ്ങള്‍ക്ക് മലമുകളിലേക്കു പ്രവേശനമില്ല. കര്‍ണാടക ആര്‍ടിസിയുടെ ബസ് സര്‍വീസ് മാത്രം. രാവിലെ 8.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബസുണ്ട്. ഫോറസ്റ്റ് ഗേറ്റ് മുതല്‍ ഗോപാലസ്വാമി ബേട്ട വരെയുള്ള ഒരു വശത്തെ യാത്രയ്ക്ക് 20 രൂപയാണ് ടിക്കറ്റ്. 

temple2

സമയം 3.30 കഴിഞ്ഞെങ്കിലും നിറയെ സഞ്ചാരികളുമായാണ് ബസ് മലകയറ്റം ആരംഭിച്ചത്. അൽപ്പം പഴയ ആ വണ്ടിയുടെ ഓരോ ഞരക്കവും കയറ്റം എത്ര കഠിനമാണെന്ന് ഓര്‍മിപ്പിച്ചു. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് രണ്ടായിരം അടി ഉയരത്തിലാണ് ക്ഷേത്രം. ചെറിയ റോഡിലൂടെ കൊടും വളവുകൾ തിരിഞ്ഞ് ബസ് ഇരച്ചിരച്ചു മുകളിലേക്കു പോകുമ്പോള്‍ ദൂരെ താഴ്‌വാരത്തിന്റെ  കാഴ്ച അതിമനോഹരമാണ്. ഒരു വളവു തിരിഞ്ഞതും ആദ്യം കണ്ണില്‍പ്പെട്ടത് ക്ഷേത്രത്തിന്റെ ഗോപുരമാണ്. എപ്പോഴും മഞ്ഞും തണുപ്പുമുള്ള പ്രദേശത്ത് ഞങ്ങളെ വരവേറ്റത് നാലുമണിക്കാറ്റാണ്. തണുത്ത കാറ്റിനെ വകവയ്ക്കാതെ ബസില്‍നിന്നു പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു. ശാന്തം... അല്‍പം മാറി കണ്ണടച്ചു നിന്നാല്‍ കേള്‍ക്കാം, കാറ്റിന്റെ നേർത്ത ചൂളംവിളിയും കാടിന്റെ ഇലയനക്കങ്ങളും. 

10-travel-gundalpettu

താഴെയുള്ള തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ മാന്‍കൂട്ടം യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചു. ക്ഷേത്രത്തിന്റെ സിമന്റ്പടവുകള്‍ കയറി മുകളിലെത്തി. ഏറെ ഉയരത്തിലാണിപ്പോൾ. താഴെ കുന്നുകളും വിശാലമായ പുൽമേടുകളും കാടും. ഒരുവശത്ത് കിലോമീറ്ററുകളോളം നിരപ്പായ, വിജനമായ ഭൂമി. 

1-gundalpett
ഗുണ്ടൽപേട്ടയിലേക്കുള്ള വഴയിൽ മുത്തങ്ങ വനത്തിൽ നിന്നുള്ള ചിത്രം.

കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ ക്ഷേത്രത്തിനു ചുറ്റും നടന്നു കണ്ടു. അകത്ത് കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം പണി കഴിപ്പിക്കുന്നത്. പൂജകളും വഴിപാടുകളുമായി രാവിലെ തന്നെ ക്ഷേത്രം ഉണരും. വിനോദ സഞ്ചാരികള്‍ക്കൊപ്പം വിശ്വാസികളും ഏറെ എത്തുന്ന സ്ഥലമാണിത്. 

വീരപ്പൻ ഇവിടെ വന്നിരുന്ന കാര്യം ഒരു ക്ഷേത്രജീവനക്കാരനോടു ചോദിച്ചെങ്കിലും അയാൾ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി; ‘കേരളത്തിൽ നിന്നാണല്ലേ’ എന്ന ചോദ്യവും. കരിങ്കല്ലിൽ തീര്‍ത്ത ക്ഷേത്രത്തിനുള്ളിൽ നിൽക്കുന്നത് മറ്റൊരു അനുഭൂതിയാണ്. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ബസുകാരുടെ വിളി; മടങ്ങണം, സമയമായി. കാഴ്ചകളൊപ്പിയെടുത്തത് കണ്ണുകളാണ്, ക്യാമറയല്ല. മലയിറങ്ങുമ്പോഴും ആ ഇളംതണുപ്പ് കിനിഞ്ഞുകൊണ്ടേയിരിക്കുന്നു; കണ്ണിലും മനസ്സിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA