നടി അരുന്ധതി ‘മരണം അടുത്തുകണ്ട യാത്ര’

bhootan12
SHARE

നടിയും അവതാരകയുമായ അരുന്ധതി തന്റെ യാത്ര വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു. 

bhootan9

''കാട് കയറണം തേൻ കുടിക്കണം കരടിയെ കാമിക്കണം''- സക്കറിയയുടെ ഈ വാക്കുകളാണ് ഓരോ യാത്രക്ക് ഒരുങ്ങുമ്പോഴും ഓര്‍മയിലെത്തുന്നത്. ആൾ തിരക്കും ബഹളവുമില്ലാത്ത ഒരിടമായിരിക്കണം യാത്രാലക്ഷ്യമെന്നു തീരുമാനിച്ചത് കൊണ്ട് ഇത്തവണത്തെ യാത്ര നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിലേക്കാണ്.  ഭൂട്ടാനെകുറിച്ച് കാണുന്ന ചിത്രങ്ങളും വായിക്കുന്ന അറിവുകളും എന്നും ആകാംക്ഷ ജനിപ്പിച്ചുകൊണ്ടേയിരുന്നു. ജനങ്ങളും ഭൂപ്രകൃതിയും ആ സംസ്കാരവുമൊക്കെ യാത്രക്കൊരുങ്ങുമ്പോൾ വലിയ  ആവേശമായി എന്നിൽ നിറയുന്നുണ്ടായിരുന്നു. അരമണിക്കൂറോളം ഹിമാലയം കാണാമെന്ന വലിയ വാഗ്ദ്ധാനം റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി ഫ്ലൈറ്റ് എന്ന യാത്രാമാർഗത്തിൽ എന്നെ കൊണ്ടെത്തിച്ചു. 

അങ്ങനെ ആ ദിവസം വന്നെത്തി. ഡൽഹിയിൽ നിന്ന് ഭൂട്ടാന്റെ ഡ്രൂക് എയർ എന്ന ഫ്ലൈറ്റിലായിരുന്നു യാത്ര. 

bhootan5

ഹിമാലയം കണ്ട്...ആ സൗന്ദര്യത്തിലലിഞ്ഞു നീങ്ങിയ യാത്ര ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ പാറോയിൽ അധികം താമസിയാതെ തന്നെ എത്തിച്ചേർന്നു. പാറോയിലെ ഈ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലാൻഡിംഗ് ഇവിടെ ഏറെ പ്രയാസകരമാണെന്നതാണ്. വായിച്ചറിഞ്ഞ അറിവ് ശരിവെക്കുന്ന തരത്തിൽ തന്നെയായിരുന്നു ലാൻഡിംഗ്. ഒരു യാത്രയിലും വിമാനം ഭൂമിയെ സ്പർശിക്കുന്ന സമയത്തു പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല എന്നാൽ  ഇതൊരു വലിയൊരു  അനുഭവമായിരുന്നു...ലാൻഡിംഗ് മാത്രമല്ല...ആ യാത്രയും മനോഹരമായ ഒരുപാട് അനുഭവങ്ങളും അനവധി കാഴ്ചകളും  നിറഞ്ഞതായിരുന്നു. പാറോ വിമാനത്താവളത്തിൽ നിന്നും നേരെ പോയത് ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിലേക്കായിരുന്നു. ഭൂട്ടാനിലെ ആദ്യരാത്രി അങ്ങനെ തിംഫുവിലായിരുന്നു.

bhootan6

തലസ്ഥാന നഗരം എന്ന നമ്മുടെ മനസിലെ ചിത്രങ്ങളെ പാടെ മായ്ചുകളയുന്നതാണ്  തിംഫുവിലെ  കാഴ്ചകൾ.  നമ്മുടെ തിരുവന്തപുരത്തിന്റെത്രയും പോലും തിരക്കും ബഹളവുമില്ലാത്ത നഗരം. എഴുപത്തിരണ്ട് ശതമാനത്തോളം വനങ്ങൾ നിറഞ്ഞ ആ രാജ്യത്തു മനുഷ്യരും തിരക്കും കെട്ടിടങ്ങളും അത്രയേറെ കുറവാകുമെന്നു പിന്നീട് മാത്രമേ നാം ചിന്തിക്കുകയുള്ളു. ഭൂട്ടാനിലെ കെട്ടിടങ്ങൾക്കു വളരെയേറെ സവിശേഷതയുണ്ട്. നമ്മുടെ നാട്ടിലെ പോലെ കൈയിലുള്ള പൈസയ്ക്ക് അനുസരിച്ചു കെട്ടിടങ്ങൾ നിര്‍മിക്കുകയെന്നത് അവിടെ സാധ്യമല്ല.  ജനലുകളും വാതിലുകളും മുറികളുമെല്ലാം എങ്ങനെയാണ് നിർമിക്കേണ്ടതെന്നു പരമ്പരാഗത വസ്തുവിദ്യയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള കൃത്യമായ നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് മാത്രമേ ഇവിടെ പൗരന്മാർക്ക് കെട്ടിടങ്ങൾ പണിയുവാൻ കഴിയുകയുള്ളു. അതുകൊണ്ടു തന്നെ മിക്കവാറും കെട്ടിടങ്ങൾക്കെല്ലാം ഒരേ രൂപമാണ്. അതിൽ സർക്കാർ ഓഫീസുകൾ ഏതെന്നു തിരിച്ചറിയുക പ്രയാസമാണ്. പൗരാണിക വാസ്തുവിദ്യയെ ഇപ്പോഴും അതുപോലെ തന്നെ സംരക്ഷിക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണങ്ങളാണിത്. ഇത്തരത്തിൽ തങ്ങളുടെ സംസ്കാരത്തെ കാത്തുസൂക്ഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളുണ്ട് ഭൂട്ടാനിൽ.

bhootan8

ഒരു രാജ്യത്തിൻറെ മുക്കാൽ ഭാഗവും വനങ്ങൾ എന്നത് നമുക്ക് ഊഹിക്കാൻ കഴിയുന്ന കാര്യമാണോ? വനങ്ങളും മലകളും നിറഞ്ഞ അതിവന്യമായ കാഴ്ചകളുണ്ട് ഈ മണ്ണിൽ. പശ്ചിമ ഭൂട്ടാനെന്നും മധ്യ ഭൂട്ടാനെന്നും കിഴക്കൻ ഭൂട്ടാനെന്നും മൂന്നായി വേർതിരിച്ചു ഇവിടുത്തെ കാഴ്ചകൾ കാണാനിറങ്ങിയാൽ മൂന്നാഴ്ചയിലധികം വരും ഈ സുന്ദരഭൂമിയെ കണ്ടുതീർക്കാൻ. അത്രയും ദിവസങ്ങൾ എന്റെ കൈയിൽ ഇല്ലാത്തതുകൊണ്ട് തന്നെ എന്റെ യാത്ര പശ്ചിമഭൂട്ടാനിൽ മാത്രമായിരുന്നു.

bhootan1

ഭൂട്ടാനിലെ മനുഷ്യരുടെ വസ്ത്രധാരണ രീതിയിലും നിയമങ്ങളുണ്ട്. പുരുഷന്മാർ ധരിക്കുന്ന വസ്ത്രത്തിനു 'ഗോ' എന്നാണ് പേരെങ്കിൽ  സ്ത്രീകളുടെ വേഷം  'കീര' എന്നാണറിയപ്പെടുന്നത്. ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച ജനത അദ്ഭുതങ്ങൾക്കൊപ്പം ആദരവും ജനിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. വസ്ത്രധാരണം ഒരു സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുന്ന സാമൂഹികമായും സാമ്പത്തികമായുള്ള അന്തരങ്ങൾ അവിടെ ഇല്ലെന്നതും ഇങ്ങനെയുള്ള നിയമങ്ങളെ തികഞ്ഞ ആദരവോടെയും സന്തോഷത്തോടെയും ആ ജനത സ്വീകരിച്ചിരിക്കുന്നതും കണ്ടപ്പോൾ എനിക്ക് ആ ജനതയോട് ബഹുമാനം തോന്നുക തന്നെ ചെയ്തു. 

bhootan2

നമ്മുടെ സമൂഹം കാണിച്ചു തന്ന അല്ലെങ്കിൽ പഠിപ്പിച്ചു തന്ന സ്ത്രീ-പുരുഷ അന്തരമെന്നത് ഈ മണ്ണിലും സമൂഹത്തിലുമില്ലെന്നത് ഏറെ അമ്പരപ്പ് സൃഷ്‌ടിച്ച ഒരു കാഴ്ചയായിരുന്നു. ലഗേജ് ചുമക്കുന്ന കൂലികൾ മുതൽ ബാർ അറ്റൻഡർ വരെ സ്ത്രീകൾ ആണെന്ന കാഴ്ച വിസ്മയിപ്പിക്കുക തന്നെ ചെയ്തു. മൃഗങ്ങളെപോലും സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ചിരിക്കുന്ന ഒരു ജനതയാണ് ഭൂട്ടാനിലുള്ളത്. തങ്ങളുടെ ആചാരങ്ങൾക്കും സംസ്കാരത്തിനും വിരുദ്ധമാണ് മൃഗശാല പോലുള്ളവ എന്ന് അവിടുത്തെ മനുഷ്യർ പറയുന്നത് കേൾക്കുമ്പോൾ എത്രമാത്രം വലുതായി ചിന്തിക്കാൻ അവർക്കു കഴിയുന്നു എന്ന് ഓർത്തു എനിക്ക് സന്തോഷം തോന്നി. ഒന്നിനെയും കൂട്ടിലടച്ചിടാൻ ഞങ്ങളാഗ്രഹികുന്നില്ല അതുകൊണ്ടാണിവിടെ മൃഗശാലകളില്ലാത്തതു എന്ന ആ ജനതയുടെ വചനങ്ങൾ മനുഷ്യർക്കെന്ന പോലെ പ്രകൃതിക്കും സർവജീവജാലങ്ങൾക്കും അവരെന്തു മാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവുകളായാണ് എനിക്ക് തോന്നിയത്. അത് മാതൃകയാക്കേണ്ട വളരെ വലിയൊരു സമീപനമാണ്.

bhootan

ഭൂട്ടാനിലെ അതിമനോഹരമായ ഒരു സ്ഥലമാണ് പുനാഖ.അങ്ങോട്ട് പോകുന്ന വഴിക്കാണ് ദോചുല ചുരം. മേഘങ്ങൾ ആവരണം തീർത്തില്ലെങ്കിൽ ഇവിടെ നിന്നും ഹിമാലയത്തെ കാണാം..ആ ഹിമവാന്റെ സൗന്ദര്യത്തെ വർണിക്കാൻ വാക്കുകൾ പോരാതെ വരും കാരണം ആ കാഴ്‌ചകൾ വരണാതീതമാണ്. 

പുനാഖയിലെ കോട്ടകൾ ജോങ് എന്നാണറിയപ്പെടുന്നത്. കോട്ടയെന്ന വാക്കിന് നമ്മൾ കൊടുക്കുന്ന അർത്ഥങ്ങളോ ചിത്രമോ അല്ല ഈ കോട്ട സമ്മാനിക്കുന്നത്. ഭൂട്ടാനിലെ പൗരാണിക വാസ്തുശില്പശൈലിയിൽ പണിതീർത്തിരിക്കുന്ന ഈ കോട്ടക്ക്  ക്ഷേത്രങ്ങളോളം തന്നെ ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷമാണ്. ഇരുനദികൾ, ആൺ നദിയായ ഫോ ചൂവും പെൺ നദിയായ മോ ചൂവും സംഗമിക്കുന്ന  തീരത്താണ് പുനാഖയിലെ ഈ കോട്ടയുടെ സ്ഥാനം. ഭൂട്ടാനിലെ പ്രധാന നിര്മിതികളെല്ലാം നദീതീരങ്ങളിലാണ്..ആ സംസ്കാരം നദീതടങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത് എന്നതിന്റെ ഇന്നും അവശേഷിക്കുന്ന തെളിവുകളാണിത്. 

bhootan3

അതിസാധാരണമെന്നു നമ്മൾ കരുതുന്ന തൊഴിലുകൾക്കു വളരെ വലിയ ബഹുമാനം ലഭിക്കുന്ന നാടാണത്. സ്ഥിരം യാത്രികർ ഒഴിവാക്കുന്ന വിദ്യാലയങ്ങളിലൊന്ന് സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. കരകൗശല വസ്തുക്കളും കൊത്തുപണികളും നെയ്ത്തുമെല്ലാം പഠിപ്പിക്കുന്ന ആ സ്കൂളിലെ കുട്ടികൾക്ക് പഠിച്ചിറങ്ങിയാലുടനെ ജോലി ലഭിക്കുമെന്ന കാര്യം എന്നിലേറെ താല്പര്യമുണർത്തി. ഭാരതത്തെ കുറിച്ചും കേരളത്തെ കുറിച്ചുമെല്ലാം ഏറെ താല്പര്യത്തോടെയാണ് അവിടുത്തെ കുട്ടികൾ എന്നോട് സംസാരിച്ചത്. ഭൂട്ടാന്റെയും ഇന്ത്യയുടേയും അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ സഹോദരങ്ങളെ പോലെയാണ് അവർ കാണുന്നതും പെരുമാറുന്നതും...എത്ര വലിയ ആദരവാണല്ലേ അത്? ഏറെ തമാശയോടെ ആ കുട്ടികൾ പറഞ്ഞൊരു കാര്യം എന്നിലും നമ്മുടെ നാടിനെ കുറിച്ചുള്ള ഓർമകളുണർത്തി. ഇന്ത്യയും ചൈനയും തമ്മിലൊരു യുദ്ധം ഉണ്ടാകുകയാണെങ്കിൽ ഞങ്ങൾ കേരളത്തിൽ അഭയം തേടുമെന്നതായിരുന്നു അത്. അവരെ പഠിപ്പിക്കുന്ന അധ്യാപകരിൽ നിന്നുമുള്ള നമ്മുടെ നാടിനെ കുറിച്ചുള്ള അറിവാണ് ആ കുട്ടികളെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത്.

''എവിടെ നിങ്ങൾ ഷൂ അഴിക്കുന്നുവോ അവിടെ ക്യാമറയും നിശ്ചലമാകട്ടേ'' എന്നാണ് ഭൂട്ടാനിലെ അതിപ്രധാനമായ ഒരു നിർദ്ദേശം. ബുദ്ധക്ഷേത്രങ്ങളോ കൊട്ടാരങ്ങളോ കോട്ടകളോ എന്ത് തന്നെയായാലും അതിനുള്ളിലെ ചുവര്ചിത്രങ്ങളുടേയോ ശില്പങ്ങളുടേയോ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെടുക്കുന്നതു ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു..കാരണം തങ്ങളുടെ രാജ്യത്തെ സംസ്‌കൃതി അതവിടെ വന്നു തന്നെ കാണണമെന്നത് അവിടുത്തെ ഗവൺമെന്റിന്റെ നയമാണ്. നമ്മൾ ചിത്രങ്ങളിൽ കാണുന്നതിന്റെ നൂറിരട്ടി ഭംഗിയുണ്ട് ഭൂട്ടാനിലെ ഓരോ ശില്പങ്ങൾക്കും ചുവര്ചിത്രങ്ങൾക്കുമെല്ലാം. 

മരണത്തെ അടുത്തുകണ്ട യാത്രയായിരുന്നു പാറോയിലെ ടൈഗേഴ്‌സ് നെസ്റ്റിലേക്കുള്ള ട്രെക്കിങ്ങ്. ഭൂട്ടാനിലെ അതിപുരാതനമായ ബുദ്ധ മത വിശ്വാസികളുടെ ഒരു മൊണാസ്ട്രിയാണ് ടൈഗേഴ്‌സ് നെസ്റ്റ്. സമുദ്രനിരപ്പിൽ നിന്നും പതിനായിരമടി മുകളിലാണിത് സ്ഥിതി ചെയ്യുന്നത്. ഒരു മലയുടെ തുഞ്ചത്തായി തൂങ്ങി നിൽക്കുന്ന രൂപത്തിലാണിത്. ദുർഘടമേറിയ ആ യാത്ര സമ്മാനിക്കുന്നത് അതിമോഹനമായ കാഴ്ചകളാണെന്ന സത്യം മനസിലുറപ്പിച്ചായിരുന്നു അച്ഛനും അമ്മക്കുമൊപ്പമുള്ള എന്റെ ആ ട്രെക്കിങ്ങ് ആരംഭിച്ചത്. ഭൂട്ടാനെ പൊതിഞ്ഞു നിൽക്കുന്ന ആ മലയൊന്നു കേറാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ ഭൂട്ടാനിലെത്താറില്ല. മതിയായ സുരക്ഷാസൗകര്യങ്ങളുടെ അപര്യാപ്തത ഇവിടുത്തെ വലിയൊരു പോരായ്മയാണ്.  അപകടം സംഭവിച്ചാൽ തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗങ്ങളോ ഓക്സിജൻ മാസ്‌കോ ഒന്നും തന്നെ ഇവിടെയില്ല. ചെങ്കുത്തായ പാതയിലൂടെ ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വഴിയാണ് ടൈഗേഴ്‌സ് നെസ്റ്റിലേക്കുള്ളത്. പാതിവഴി താണ്ടുമ്പോൾ ഒരു കഫെറ്റേരിയയുണ്ട്. ചെറിയൊരു ഇടവേളയെടുത്തു യാത്ര തുടരുമ്പോഴാണ് മുകളിൽ നിന്നും തിരിച്ചിറങ്ങിയ ഒരു ജർമൻ സഞ്ചാരി തൊട്ടുമുമ്പിൽ കുഴഞ്ഞു വീണു മരിക്കുന്ന കാഴ്ച. 

ഇനിയെന്തെന്നറിയാതെ തരിച്ചു നിന്ന് പോയ നിമിഷങ്ങൾ..അച്ഛനും അമ്മക്കുമൊപ്പം തിരിച്ചിറങ്ങിയാലോ എന്ന് ചിന്തിച്ചെങ്കിലും അവര്‍ തന്ന ധൈര്യത്തിൽ മുന്നോട്ടു പോകാൻ തീരുമാനിച്ചു. മലയവസാനിക്കുമ്പോൾ ഒരു ഫോട്ടോ പോയിന്റിലേക്കാണ് എത്തിച്ചേരുന്നത്. അവിടെ നിന്ന് നോക്കിയാൽ ടൈഗേഴ്‌സ് നെസ്റ്റിന്റെ അതിമനോഹര കാഴ്ച ദൃശ്യമാകുമെങ്കിലും അവിടെ നിന്നും ലക്ഷ്യസ്ഥാനത്തു എത്താൻ എഴുനൂറോളം പടികൾ കൂടി കയറണം. ആ പടികൾ കൂടി കയറി ടൈഗേഴ്‌സ് നെസ്റ്റിൽ എത്തിയപ്പോൾ ലഭിച്ച ആ അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇരുട്ടുന്നതിനു മുൻപ് തിരിച്ചിറങ്ങേണ്ടത് കൊണ്ട് വിശ്രമിക്കാൻ അധികനേരം എടുത്തില്ല. തിരിച്ചിറക്കവും അതികഠിനമാണ്. എങ്കിലും ആ യാത്ര കഴിഞ്ഞു താഴെയെത്തിയപ്പോൾ അവിടെ നിന്നവർ കൈയടികളോടെയാണ് സ്വീകരിച്ചത്. ഞങ്ങൾ പൂർത്തിയാക്കിയത് അത്ര കഠിനമായ ഒരു യാത്രയായിരുന്നു എന്ന് ആ കൈയടികൾ ഞങ്ങളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു. ടൈഗേഴ്‌സ് നെസ്റ്റ് സമ്മാനിച്ച മനോഹരമായ കാഴ്ചകളുടെ നിർവൃതിയിലാണ് ആ രാത്രി ഞങ്ങളുറങ്ങാൻ കിടന്നത്. ക്ഷീണം കാരണം ഞങ്ങൾ അതിവേഗം ഉറങ്ങിപ്പോയി. ഭൂട്ടാനിലെ യാത്രകൾക്ക് വിരാമമിട്ടു കൊണ്ട് പിറ്റേന്ന് ഞങ്ങൾ നമ്മുടെ നാട്ടിലേക്കു മടങ്ങി.

ശാന്തതയും സമാധാനവും നിറഞ്ഞ തിരക്കുകളില്ലാത്ത ഒരു ജനത. വീതി കുറഞ്ഞ വഴികളിൽ ഒരു ഹോൺ പോലും മുഴക്കാതെ മണിക്കൂറുകൾ കാത്തുകിടക്കുന്നവർ...എന്തിനെയും ശുദ്ധമനസോടെയും തെളിഞ്ഞ ഹൃദയത്തോടെയും ബഹുമാനത്തോടെയും സ്നേഹിക്കുന്നവർ...ആ പ്രകൃതിയും മനുഷ്യരും നമ്മുക്ക് മുമ്പിൽ  വിവരിച്ചു നൽകുന്ന മഹത്തരമായ നിരവധി പാഠങ്ങളുണ്ട്. കാണാൻ നിരവധി  സ്ഥലങ്ങളുണ്ട്..അതുകൊണ്ടു തന്നെ ആ ഭൂമിയിലേക്ക് ഇനിയും പോകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അവസരങ്ങൾ ഇനിയും ലഭിക്കുകയാണെങ്കിൽ ഒരിക്കലും നഷ്ടപെടുത്തുകയില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA