sections
MORE

'രത്നശേഖരത്തിന് കാവലിരിക്കുന്ന പാമ്പ്'; പുരിയിലെ അദ്ഭുതം ഇതിലവസാനിക്കുന്നതല്ല

467031976
SHARE

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നശേഖരമിരിക്കുന്ന അറ 34 വർഷത്തിനു ശേഷം പരിശോധനയ്ക്കായി തുറക്കുകയാണ്. ‘രത്നഭണ്ഡാര’ത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം. 12–ാം നൂറ്റാണ്ടിലെ ഈ ‘രത്നഭണ്ഡാരം’ പൊതുജനങ്ങളുടെ കാഴ്ചയ്ക്ക് ലഭ്യമല്ലെങ്കിലും എല്ലാവരും രത്നഭണ്ഡാരത്തിന്റെ കഥകളറിയാൻ ഉത്സുഹരാണ്. രത്നങ്ങൾക്ക് കാവലായി പാമ്പുകളുണ്ടെന്ന വിശ്വാസവും നിലവറ തുറക്കുന്നവർക്കുണ്ട്. എന്നാൽ ഈ രത്നഭണ്ഡാര കഥകളിൽ ഒതുങ്ങുന്നതല്ല പുരിയിലെ കൗതുകങ്ങൾ. പുരിയിലേക്ക് ഒരു യാത്ര.

പുരിയിലെ പുരുഷനും സഹോദരങ്ങളും 

ഹൈലൈറ്റ്- ഓരോ തീർഥാടനവും ഓരോ അന്വേഷണങ്ങളാണ്. തിരിച്ചറിയാനും തിരിച്ചറിയപ്പെടാനുമുള്ള യാത്രകൾ. ഇന്ത്യയിലെ മഹാക്ഷേത്രങ്ങളിലൊന്നായ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക്, വിശ്വനാഥന്റെ  മണ്ണിലേക്ക്, അകംപൊരുൾ തേടി ഒരു യാത്ര.

509348753

ഭക്‌തിമയമുള്ള യാത്രകൾക്കു കലിംഗരാജ്യത്തിെൻറ ഹൃദയഭൂമികൾ എന്നും പ്രിയമായ ഇടങ്ങളാണ്. ആണ്ടോടാണ്ട് മഹാനദി തകർത്തെറിയുന്ന പ്രളയക്കെടുതികളിൽ മനംമടുത്ത് ഒഡീഷയുടെ തലസ്‌ഥാനം കട്ടക്കിൽ നിന്നു പ്രാചീന ക്ഷേത്രനഗരമായ ഭുവനേശ്വറിലേക്കു മാറ്റിയതോടെ തീർഥാടനത്തിെൻറ ഒരു സുവർണ ത്രികോണം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നിന്നു കൊൽക്കത്തയ്‌ക്കുള്ള പ്രധാന റോഡും തീവണ്ടിപ്പാതയും കടന്നുപോകുന്നതിനാൽ ഭുവനേശ്വർ, പുരി, കൊണാർക്ക് എന്നിങ്ങനെ മൂന്നു ക്ഷേത്രനഗരങ്ങൾ കടകല്ലുകൾ പോലെ പരിലസിച്ചു ഭക്‌തലക്ഷങ്ങളെ ആകർഷിക്കുന്നു. ചെന്നൈയിൽനിന്നു തീവണ്ടിമാർഗം വരുമ്പോൾ കുർദാറോഡ് എന്ന പ്രധാന ജംക്ഷനിലിറങ്ങിയ ശേഷം വാഹനസൗകര്യമുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടും വിശാല ക്ഷേത്രദർശനം വേണ്ടവർക്ക് മൂന്നു ദിവസം കൊണ്ടും ഇവിടങ്ങളെല്ലാം കണ്ടും തൊഴുതും മടങ്ങാം.വിസ്‌മയ ക്ഷേത്രങ്ങൾഭുവനേശ്വർ നഗരത്തിരക്കിൽനിന്നു തെല്ലു കിഴക്കുമാറിയാണു ലിംഗരാജക്ഷേത്രം. മുഖ്യമായ അമ്പതോളം മന്ദിരസമുച്ചയമുള്ളത്. അവയിൽ ലിംഗരാജ, രാജറാണി, മുക്‌തേശ്വർ, പരശുരാമേശ്വർ എന്നീ വിസ്‌മയ ക്ഷേത്രങ്ങൾ കാണാതെ പോകുന്നവർ ഉണ്ടാകില്ലെന്നു തോന്നുന്നു. ഈ ക്ഷേത്രങ്ങൾക്കു പാർശ്വത്തിലായി ബിന്ദുസാഗരമെന്ന തീർഥക്കുളമുണ്ട്.

599952856

ഇന്ത്യയിലെ എല്ലാ പുണ്യ തീർഥങ്ങളുടെയും വെള്ളം നിറച്ചിട്ടുണ്ടെന്നു കരുതുന്ന ആ ചെറുതടാകത്തിെൻറ കരയിൽ വച്ചാണ് ആ മനുഷ്യനെ ആദ്യമായി കണ്ടത്. തികഞ്ഞ ആകാരവടിവിൽ ആറടി ഉയരത്തിൽ, ചെറിയ ഉച്ചിക്കുടുമയും പൂണുലുമായി പ്രാചീനമെങ്കിലും സുഭഗമായ ലക്ഷണങ്ങളുള്ള ഒരു ദ്വാരപാലകനെപ്പോലെയാണ് ആ നിൽപ്പും നടപ്പും. പുരിയിലെയും വാരണാസിയിലെയും പാണ്ഡകളെക്കുറിച്ചു (ബ്രാഹ്‌മണ പുരോഹിതർ) യാത്രാവിവരണങ്ങളിൽനിന്നു വായിച്ചറിഞ്ഞതെല്ലാം അൽപ്പം പേടിപ്പെടുത്തുന്നതാകയാൽ അടുപ്പത്തെക്കാൾ അകലമാണു നല്ലതെന്നു തോന്നി. ഒരു മാന്ത്രികനെപ്പോലെയായിരുന്നു അയാളുടെ അംഗവിക്ഷേപങ്ങൾ. ഗോതമ്പുനിറമുള്ള ശരീരത്തെ ചുറ്റിക്കിടന്ന അംശവസ്‌ത്രം മാറ്റി പൂണൂലിൽ തിരുപ്പിടിച്ച് അയാൾ മന്ത്രങ്ങൾ ചൊല്ലുകയും ക്ഷേത്രഗോപുരത്തെ നോക്കി കൈകൂപ്പുകയും ചെയ്യുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കുന്നതു കണ്ടാകും ഞങ്ങളുടെ അടുത്തേക്കുവന്നത്. നാടും പേരും വിശേഷങ്ങളും ചോദിക്കുന്നതിനിടയിൽ താങ്കൾ ഒരു പാണ്ഡയാണോയെന്നായി ഞങ്ങളുടെ ചോദ്യം. ‘‘അതെ, നിങ്ങൾക്ക് പാണ്ഡകളെ പേടിയാണോ?’’പൊട്ടിച്ചിരിയോടെയുള്ള മറുപടിയിൽ അയാൾക്ക് പരഹൃദയജ്‌ഞാനമുണ്ടോയെന്ന സംശയം മനസ്സിൽ വേരുറച്ചു.പാണ്ഡകളെ പേടിക്കേണ്ടകുറുകി, മേദസ്സുമുറ്റിയ പാണ്ഡകളെ മാത്രം കണ്ടുപരിചയമുള്ള ഞങ്ങൾക്ക് ആ ദീർഘകായെൻറ മറുപടി അദ്‌ഭുതകരമായി തോന്നി.‘‘പാണ്ഡകൾ ഭീകരരൊന്നുമല്ല. എന്നാൽ പാണ്ഡകളില്ലാതെ നിങ്ങൾക്ക് പുരി ക്ഷേത്രത്തിൽ ദർശനമോ പൂജയോ ഒന്നും നിവൃത്തിക്കാൻ കഴിയില്ല.’’ആ മറുപടിയിൽ പാണ്ഡപ്പേടി മെല്ലെ അലിഞ്ഞുപോകവേ, കൃഷ്‌ണാനന്ദശർമ എന്ന ആ യുവാവ് ഞങ്ങളുടെ തീർഥയാത്രയുടെ ഭാഗമായി മാറാൻ തുടങ്ങി. ഇനിയുള്ള വാക്കുകളെല്ലാം അയാളുടേതാണ്.

കൃഷ്‌ണാനന്ദിനൊപ്പം വഴി നടന്ന് ആദ്യം പുരിയിലേക്ക്. ലോകംതന്നെ നിയന്ത്രിക്കുന്ന ജഗന്നാഥന്റെ നഗരമാണു പുരി. വർഷം തോറും 10 ലക്ഷത്തിലേറെപ്പേർ തിങ്ങിത്തിരക്കുന്ന ക്ഷേത്രനഗരി. ശങ്കരാചാര്യർ സ്‌ഥാപിച്ച നാലു മഠങ്ങളിൽ ഏറ്റവും പ്രധാനയിടം. ലോകപ്രശസ്‌തമായ രഥോത്സവത്തിെൻറ പുണ്യഭൂമി. വൈഷ്‌ണവമതക്കാരും ഹരേകൃഷ്‌ണ പ്രസ്‌ഥാനക്കാരും ഹിപ്പികളും അസംഖ്യം സന്ന്യാസസംഘങ്ങളും ഇരച്ചാർത്തെത്തുന്ന കൃഷ്‌ണഭക്‌തി പ്രസ്‌ഥാനത്തിെൻറ തലസ്‌ഥാനം-പുരിയെക്കുറിച്ചുള്ള സാമാന്യധാരണകൾ ഇതൊക്കെയായിരുന്നു. എന്നാൽ പുരിയെ അടുത്തറിയാൻ ഈ അറിവുകളൊന്നും പോരാ. വൈഷ്‌ണവഭക്‌തി പ്രസ്‌ഥാനത്തിെൻറ നടപ്പുമാതൃകകൾക്കൊപ്പം ആദിവാസി സംസ്‌കാരത്തിെൻറ തനത് ശേഷിപ്പുകൾ കൂടി ചേർന്നതാണ് പുരിയുടെ ഉള്ള്. അതാ, പ്രധാന ഗ്രാൻഡ് റോഡിലോ പുരി സ്‌റ്റേഷനെയും ബീച്ചിനെയും ബന്ധപ്പെടുത്തുന്ന തിരക്കാർന്ന നിരത്തുകളിലോനിന്നു ക്ഷേത്രഗോപുരമൊന്നു കാണൂ. മരക്കലം കമഴ്‌ത്തിയതുപോലെയാണു ഗോപുരശിൽപ്പം. ആദിവാസികളുടെ ഗൃഹനിർമാണരീതിയാണത്. ആദിമ നാടൻഭാവങ്ങൾ ഗർഭഗൃഹത്തിലെ പ്രതിഷ്‌ഠകളുടെ രൂപങ്ങൾ ക്ഷേത്രപരിസരത്തെങ്ങും വിൽക്കാനായി വച്ചിട്ടുണ്ട്. ഒന്നു കണ്ണോടിക്കൂ. വലിയ കണ്ണുകളും ആയുധങ്ങളുമായി ഗോത്രവർഗസ്വഭാവത്തോടെ ജഗന്നാഥൻ. സമീപത്ത് സഹോദരങ്ങളായ ബലരാമനും സുഭദ്രയും. വ്യത്യസ്‌തവും ആദിമ നാടൻ ഭാവങ്ങളും പേറുന്ന ഇതുപോലൊരു അമ്പലപ്രതിഷ്‌ഠ അത്യപൂർവമലയിലോ?പുരിയുടെ പ്രത്യേകതകൾ തുടങ്ങുന്നതേയുള്ളൂ.

599912786

ആധ്യാത്മികതയും ഇവിടെ കച്ചവടമാകുന്നു. കബാസും ഭാംഗും, ഹിപ്പികളും ടൂറിസവും, ചിത്രകലയും കവിതയും, നൃത്തവും സംഗീതവും... പുരിയെന്ന മഹാനഗരത്തിൽ ഇല്ലാത്തതൊന്നുമില്ല. ശങ്കരാചാര്യരുടെ ഗോവർധൻ മഠം മുതലുള്ള ആശ്രമങ്ങളുടെ വൻനിരതന്നെ ഇവിടെയുണ്ട്. ഗുരുനാനാക്കും കബീറും രാമാനുജാചാര്യരും മാധ്യാചാര്യരും ചൈതന്യ മഹാപ്രഭുമൊക്കെ പുരിയെ പ്രണയിച്ചവരാണ്. പുരിയുടെ പ്രാന്തങ്ങളിൽ പടർന്നേറിനിൽക്കുന്ന ബകുൾമരങ്ങളുടെ തണലിലെല്ലാം ആശ്രമങ്ങളോ ദേവസ്‌ഥാനങ്ങളോ ഉണ്ടെന്നാണു ചൊല്ല്. ഗീതഗോവിന്ദം രചിച്ച ജയദേവകവി സമീപത്തുള്ള കെന്ദുലിഗ്രാമക്കാരനായിരുന്നു. കബീർദാസ് വന്നതിനുശേഷമാണത്രേ, പുരിയിൽ പിന്നെ കടൽക്ഷോഭങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പുരിയിൽ വന്നാൽ ജഗന്നാഥനെ കാണുംമുൻപു കടലിൽ കുളിക്കണം. തിരിച്ചുപോരുമ്പോൾ പൊതിയും പ്രസാദവുമായി മടങ്ങണം. പൊതിയെന്നാൽ അഷ്‌ടപദിയെന്ന ഗീതഗോവിന്ദം. പ്രസാദമെന്നാൽ ജഗന്നാഥന്റെ പ്രസാദമായ അന്നവും കറികളും.ബീച്ചിലെ കടൽക്കുളിപുരി സ്‌റ്റേഷനിലോ ബസ് സ്ൻഡിലോ ഇറങ്ങി തീർഥാടകർ ആദ്യം ചെയ്യുന്നതു നഗരത്തിെൻറ നാഡിപോലെയുള്ള ഗ്രാൻഡ് റോഡ് വഴി കടൽത്തീരത്തേക്കു പോകുകയാണ്.

പുരുഷാരം നിറയുന്ന റോഡുവഴിയുള്ള യാത്രയ്‌ക്കിരുവശവും നെയ്വറകളും മധുരവുമായി കച്ചവടക്കാരും വഴിയോര വാണിഭക്കാരും നിങ്ങളെ ആകർഷിക്കാൻ ശ്രമിക്കും. ധാരാളം ഹോട്ടലുകളും വിശ്രമമന്ദിരങ്ങളും. രുചിപ്പെരുമ നിറഞ്ഞ റസ്‌റ്ററന്റുകളാണ് പുരി ബീച്ചിലെങ്ങും. കുളിസംഘങ്ങൾക്കും കളിസംഘങ്ങൾക്കുമിടയിൽക്കൂടി നമുക്കും കടലിലൊന്നു കുളിക്കാം. പ്രത്യേക തീർഥഘട്ടങ്ങളും ഇടയ്‌ക്കിടെയുണ്ട്. പൊട്ടിച്ചിതറുന്ന തിരമാലകൾ പേടിപ്പെടുത്തുന്നവയാണെങ്കിലും ലൈഫ്‌ഗാർഡുകളുടെ സദാ ജാഗ്രത സംരക്ഷണവലയം തീർക്കുന്നു. സീസൺ സമയങ്ങളിൽ ബംഗാളി തീർഥാടകരെ കൊണ്ടു നിറയും ഈ കടൽത്തീരം. മത്സ്യവിഭവങ്ങൾക്കു പേരുകേട്ട ഭക്ഷണശാലകളാണു ബംഗാളികളെ ഇവിടേക്കു ആകർഷിക്കുന്ന പ്രധാനഘടകം.കർക്കശമായ സുരക്ഷാ സംവിധാനംകുളി കഴിഞ്ഞെത്തിയാൽ ക്ഷേത്രപ്രാന്തത്തിലുള്ള ക്ലോക്ക്‌റൂമുകളിൽ മൊബൈൽ, ക്യാമറ എന്നിവ ഉൾപ്പെടെ സൂക്ഷിക്കാൻ നൽകിയിട്ടേ അകത്തു കടക്കാനാകൂ. പുരിയിലെ സുരക്ഷാസംവിധാനങ്ങൾ അതികർക്കശമാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കുവരെ പ്രവേശന (പാഴ്‌സി വിവാഹമായതുകൊണ്ട്) നിഷേധിച്ച സ്‌ഥലമാണിത്. വൈദേശിക ആക്രമണങ്ങളിൽ പലതവണ തകർക്കപ്പെട്ടതുകൊണ്ടുകൂടിയാകാം ഈ അതിസുരക്ഷ. 

മാത്രമല്ല, തിരക്കു കുറവാണെങ്കിൽ പോലും ദർശനം കിട്ടാൻ ചിലപ്പോൾ മണിക്കൂറുകളെടുക്കും. ഇടയ്‌ക്കിടെ നിത്യപൂജകൾക്കായി നട അടയ്‌ക്കുന്നതിനാലാണിത്. നാലു ദിഗ്ഗോപുര വഴികളാണു ക്ഷേത്രത്തിനുള്ളത്. ആദ്യദർശനത്തിനെത്തുന്നവരിൽ കൂടുതലും കിഴക്കുഭാഗത്തെ സിംഹദ്വാരം വഴിയാണു പ്രവേശിക്കുക. രഥയാത്രയ്‌ക്കുള്ള മൂന്നു രഥക്കൂട്ടം കണ്ട് 24 അടിയോളം അതിവിശാലമായ പുറംമതിൽ വഴി കടന്നാൽ പിന്നെ അത്രയും ശക്‌തമായ അകംമതിലുമുണ്ട്. ഗ്രാൻഡ് റോഡിലേക്കു തുറക്കുന്ന ഈ കവാടത്തിൽ രണ്ടു കൂറ്റൻ സിംഹങ്ങൾ സ്വാഗതമോതുന്നു. 22 പടികളാണ് ഇവിടെ. രഥയാത്രയ്‌ക്കുള്ള മൂന്നു വിഗ്രഹങ്ങളും ഈ ഗേറ്റിലൂടെയാണു കടന്നുപോകുക. വലതുഭാഗത്തു പ്രശസ്‌തമായ പതിത പാവന ചുമർചിത്രവും ദ്വാരപാലകരുടെ പ്രതിമകളും കാണാം. അയിത്തമുണ്ടായിരുന്ന കാലത്തു പുറത്തുനിന്നുതന്നെ ജഗന്നാഥഭഗവാനെ കാണാനുള്ള സൗകര്യമാണിത്.അരുണഭഗവാെൻറ ഒറ്റക്കൽ മണ്ഡപംതുടക്കത്തിൽ കാണുന്ന വലിയ സൂര്യമണ്ഡപം കൊണാർക്കിൽനിന്നു കൊണ്ടുവന്നു പ്രതിഷ്‌ഠിച്ചതാണ്. 16 വശങ്ങളുള്ള ഒറ്റക്കൽ മണ്ഡപത്തിലെ അരുണഭഗവാനെ പ്രാർഥിക്കാം. വിഗ്രഹങ്ങളാൽ പൊതിഞ്ഞ കവാടങ്ങളെക്കൂടി ആരാധിച്ചാണു ഭക്‌തർ അകത്തേക്കു നോക്കുക. ഗോപുരമുകളിലെ നവഗ്രഹചുമർ ശിൽപ്പങ്ങൾ കണ്ടു 22 പടികൾ കയറുമ്പോൾ ദൂരെ ഒഡീഷയിലെതന്നെ ഏറ്റവും വലിയ ക്ഷേത്രഗോപുരം കാണാം-214 അടിയിൽ തീർത്ത പബരഥ ഗോപുരം. സിംഹപ്രതിഷ്‌ഠയുള്ള ഈ ഗേറ്റ് പോലെതന്നെ അശ്വധാരാ, വ്യാഘ്രദ്വാര, ഹസ്‌തിദ്വാര എന്നീ ദിഗ് ഗോപുരങ്ങൾ ദർശനത്തിനൊടുവിൽ നടന്നുകാണാൻ മറക്കേണ്ട. അകമതിലോടെ ചേർന്ന് 130 ചെറുമന്ദിരങ്ങളും നിത്യപൂജയും വഴിപാടുകളും കൊണ്ടു വലിയൊരു ക്ഷേത്രനഗരം പോലെയാണ് ക്ഷേത്രാന്തർഭാഗം. ഓർക്കുക ലോകത്തേറ്റവും കൂടുതൽ നിത്യപൂജ നടക്കുന്ന, ഇരുപതിനായിരത്തിലേറെ പൂജാരിമാർ ജോലി ചെയ്യുന്ന ഏറ്റവും വലിയ ക്ഷേത്രത്തിലാണു നാമിപ്പോൾ നിൽക്കുന്നത്. 

അതുകൊണ്ടുതന്നെ ആശയക്കുഴപ്പം സ്വാഭാവികം.76 സാമന്തവിഭാഗങ്ങളിലായി 6000 പാണ്ഡകളും അതിെൻറ ഇരട്ടി മറ്റു ജീവനക്കാരും ക്ഷേത്രാന്തർഭാഗത്തു ജോലി ചെയ്യുന്നതായാണ് കണക്ക്. ഗൈഡുകളായും അനധികൃത പൂജാരിമാരായും സേവനം ചെയ്യുന്നവരുടെ എണ്ണം ഇതിൽപെടില്ല. ഓരോ നിമിഷവും ഭഗവത് വിഗ്രഹത്തിൽ മാലകളും അർച്ചനകളും മാറിമാറി പതിഞ്ഞുകൊണ്ടേയിരിക്കും. വൈഷ്‌ണവ സമ്പ്രദായത്തിലുള്ള പൂജകൾ മാത്രമല്ലിവിടെ നടക്കുന്നത്. അർധതത്രി ബലി നൽകി നടത്തുന്ന അതിആദ്രമായ അനുഷ്‌ഠാനങ്ങൾ വരെ അന്തർഗൃഹങ്ങളിലുണ്ട്. വലിയ കൊടുമുടിക്കു താഴെ കാണുന്ന ശിഖരങ്ങൾ പോലെ ക്ഷേത്രനിരകൾ; അതിൽ ഇരുപത്തിനാലു മണിക്കൂറും മുഴുകിനിൽക്കുന്ന അർച്ചകരും പുരോഹിതരും. നമ്മുടെ വഴികാട്ടി കൃഷ്‌ണാനന്ദ് പറഞ്ഞത് എത്ര ശരി. പാണ്ഡകളില്ലാതെ പുരിയിൽ ഭംഗിയായി ദർശനം കഴിഞ്ഞിറങ്ങുക അസാധ്യം. പാണ്ഡകൾ കഴിഞ്ഞാൽ അവസാനവാക്ക് പുരി ശങ്കരാചാര്യർക്കാണ്. അനുഷ്‌ഠാനങ്ങളിലെ അവസാനവാക്കും ശങ്കരാചാര്യരുടേതാണ്.വലതുഭാഗത്ത്, അതായത് ക്ഷേത്രത്തിെൻറ കിഴക്കുതെക്കുഭാഗത്ത് മറ്റൊരു വിസ്‌മയം നമ്മെ കാത്തിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അടുക്കളയും ഹോട്ടലുമാണിത്. ഒരു സമയം പതിനായിരങ്ങൾക്കു ഭക്ഷണം നൽകാവുന്ന മഞ്ഞനിറത്തിലുള്ള ഭോഗമണ്ഡപം. അഗ്നീശ്വർ മഹാദേവെൻറ പ്രതിഷ്‌ഠയുള്ള ഭോജനാലയത്തിൽ മൺപാത്രത്തിലെ പാചകത്തിനുമാത്രം 200 പാചകക്കാരും 400 സഹായികളുമുണ്ട്. പുരിയിലെ കല്യാണങ്ങൾക്കും ചടങ്ങുകൾക്കുമൊക്കെ എത്ര ഭക്ഷണം വേണമെങ്കിലും ഇവിടെനിന്നു നൽകും. ഈ ഭോജനാലയത്തെ ഉപജീവിക്കുന്ന പതിനായിരങ്ങൾ പുരിയിലുണ്ട്. 

വിശേഷാവസരത്തിൽ ഒരു ദിവസം ഒരു ലക്ഷം പേർക്കും സാദാ ദിവസത്തിൽ 25,000 പേർക്കുമാണ് ഇവിടെ നിന്നു പ്രസാദം നൽകുന്നത്.കണ്ടുനടക്കാം കാഴ്‌ചകൾ അഷ്‌ടധാതുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്ന അനവധി തട്ടുകളുള്ള വിമാനഗോപുരമാണ് അടുത്ത കാഴ്‌ച. ഏറ്റവും മുകളിൽ കൊടിമരവും നീലചക്രവും. ഒന്നിനു മുകളിൽ ഒന്നായ തട്ടുകളിൽ സിംഹങ്ങളും ഹിന്ദുപുരാണരൂപങ്ങളും.ഇരുട്ടും വെളിച്ചവും ഇടകലർന്നു കളിക്കുന്ന ഇടനാഴികകളിലൂടെ ജഗത് മോഹിനിയെന്ന ഗർഭഗൃഹത്തിലെത്താം. ഈ ക്ഷേത്രാന്തർഭാഗത്ത് എത്താൻ ചിലപ്പോൾ മണിക്കൂറുകളെടുത്തേക്കാം. ഗർഭഗൃഹത്തിലെ ഉയർന്ന ഭാഗത്തെ രത്നവേദി എന്നാണു പറയുക. സപ്‌തവർണങ്ങളുള്ള പീഠമാണിത്. സുദർശനചക്രത്തിനരികിൽ ബലഭദ്രനും സുഭദ്രയ്‌ക്കുമൊപ്പം സാക്ഷാൽ ജഗന്നാഥഭഗവാെൻറ വലിയ കണ്ണുകളുള്ള, കല്ലിലും ലോഹത്തിലുമല്ലാതെ പ്രത്യേകതരം തടിയാൽ തീർത്ത വിഗ്രഹം. കൂടെ നീലമാധവൻ, ശ്രീദേവി, ഭൂദേവി പ്രതിഷ്‌ഠകളും. ക്ഷേത്രാന്തർഭാഗത്തെ ശ്രീകോവിലിനു മുമ്പിൽ ഉത്സവാരവങ്ങൾ ഒഴിഞ്ഞ നേരമില്ല. പൂജാമന്ത്രങ്ങളും ജയ്വിളികളും ആർപ്പുവിളികളും പരാതികളും ആക്രോശങ്ങളും നിറഞ്ഞ ഇവിടെയാണ് ഒരു പാണ്ഡയുടെ സഹായം വിലയേറിയതാകുന്നത്.

ക്ഷേത്രപൂജകൾക്കൊക്കെ രസീതും പാണ്ഡയുടെ റഫറൻസും വേണ്ടിവരും. പുരുഷനും പുരുഷാരവും കറുകറുത്ത രൂപത്തിൽ വലിയ വെള്ള കണ്ണുകളുള്ള കൈയില്ലാത്ത, എന്നാൽ ആയുധങ്ങളുള്ള രൂപമാണു പ്രതിഷ്‌ഠ. നടുക്കു സുഭദ്രയും ചുറ്റും ജഗന്നാഥനും ബലഭദ്രനും. ഇതിൽ സുഭദ്രയ്‌ക്കു കൈകളുമില്ല ആയുധങ്ങളുമില്ല. ഇത്തരം വിചിത്രവിഗ്രഹങ്ങൾ ഉണ്ടായതിനു പിന്നിൽ ഒട്ടേറെ കഥകളുണ്ട്. ഇന്ദ്രദ്യുമ്‌നൻ പണിതതെന്നു കരുതുന്ന ക്ഷേത്രം 11-ാം നൂറ്റാണ്ടിൽ അനന്തവർമൻ ചോദഗംഗദേവൻ എന്ന രാജാവാണ് പുതുക്കി പണിഞ്ഞത്. 12 വർഷം കൂടുമ്പോൾ ഈ വിഗ്രഹങ്ങൾ മാറ്റി പുതിയതു പണിയും. ഈ വിഗ്രഹങ്ങളുടെ ശവസംസ്‌കാരംതന്നെ വലിയ ഉത്സവമായാണ് നടക്കുക. നവകലവറ ചടങ്ങെന്നാണ് ഇതിനെ പറയുക. ഓരോ സീസണും അനുസരിച്ച് ആഭരണങ്ങളും വസ്‌ത്രങ്ങളും മാറുക പതിവാണ്.ആദിവാസി രാജാവായ വിശ്വവസുവിെൻറ ആരാധനാമൂർത്തിയായിരുന്നത്രേ ജഗന്നാഥൻ. ഈ ആദിവാസി വിഗ്രഹത്തിനോടുള്ള ഭക്‌തിമൂത്ത് ഇന്ദ്രദ്യുമ്‌ന രാജാവ് ഒഴുകുന്ന തടിക്കഷണത്തിൽനിന്നു മൂന്നു രൂപങ്ങൾ ഉണ്ടാക്കാൻ വിശ്വകർമാവിനോട് ആവശ്യപ്പെട്ടു. പ്രതിഷ്‌ഠയുടെ പ്രാധാന്യം കണക്കിലെടുത്ത് വിഷ്‌ണു തന്നെ ശിൽപ്പിയായെത്തി; ഒരു നിബന്ധനയോടെ. 

186127925

പണി നടക്കുമ്പോൾ ആരും നോക്കാൻ വരരുത്. പക്ഷേ, പണി പകുതിയായപ്പോൾ ആഗ്രഹം അടക്കാനാവാതെ രാജാവ് ഒളിഞ്ഞുനോക്കി. അതോടെ വിഷ്‌ണു പണി മതിയാക്കി മടങ്ങി. അങ്ങനെയാണ് അപൂർണമായ വിഗ്രഹങ്ങൾ ഉണ്ടായത്. എന്നാൽ ഈ വിഗ്രഹങ്ങളിൽ ശൈവ, ബൗദ്ധ, ജൈന സങ്കരം കാണുന്നവരും ഉണ്ട്. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിെൻറ നല്ല നാളുകൾക്കായി, കുടുംബഭദ്രതയ്‌ക്കായി സഹോദരസമേതനായ ജഗന്നാഥനെ തൊഴാം. പൂജകളും നടത്താം. ഭഗവാന് ആറുതവണയായി നൽകുന്ന നിവേദ്യത്തിെൻറ ക്രമമനുസരിച്ചാണിവിടുത്തെ പൂജകളും. 50 തരം നിവേദ്യമുണ്ട്. ഉച്ചയ്‌ക്ക് ഒരു മണിക്കാണു മഹാപ്രസാദവിതരണം.നാലു ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രത്തിലെ മറ്റു പ്രധാന മന്ദിരങ്ങളിൽ ഒന്നോട്ടപ്രദക്ഷിണം നടത്താതെ ദർശനം പൂർത്തിയാകില്ല. നാദമന്ദിരമെന്ന നൃത്തമന്ദിരമാണ് കാണേണ്ട മറ്റൊരു നിർമിതി. 1958 വരെ ഈ നാദമന്ദിരത്തിൽ നൂറുകണക്കിനു ദേവദാസികൾ ഇവിടെ മത്സരിച്ചു നൃത്തം വച്ചിരുന്നുവത്രേ. ശ്രീകോവിലുകളിൽ തൊഴുതു കഴിഞ്ഞാൽ ഭോഗമണ്ഡപത്തിലേക്കു പോകാം. വൈഷ്‌ണവ സസ്യാഹാര സമ്പ്രദായത്തിലുള്ള മഹാപ്രസാദവിതരണമാണിവിടെ. 

കൂറ്റൻ അടുക്കളകൾക്കു താഴെ ആയിരങ്ങൾ നിരന്നിരിക്കുന്നു. ചോറിനൊപ്പം ഡാൽമ, പരിപ്പ് തുടങ്ങിയ കറികളും തൈരും. പ്രത്യേകതരം മധുരവും കിട്ടും. മലയാളിയുടെ വൃത്തിശീലങ്ങൾക്ക് അത്ര പന്തിയായി തോന്നില്ല ഇവിടം. എങ്കിലും പ്രസാദ ഊട്ടിൽ പങ്കെടുക്കാതെ ദർശനം പൂർണമാകില്ല.രഥോത്സവത്തിെൻറ നാളുകൾമലയാളി മനസ്സിൽ കൽപ്പാത്തിക്ഷേത്രം രഥോത്സവത്തിെൻറ പര്യായമാകുന്നതുപോലെ അഖിലഭാരത മനസ്സിൽ പുരി രഥോത്സവത്തിെൻറ പര്യായമാണ്. ആഷാഢമാസത്തിലെ ശുക്ലപക്ഷത്തിൽ (ജൂൺ-ജൂലൈ) നടക്കുന്ന മൂന്നു രഥങ്ങളുള്ള ഈ പരിക്രമണം കാണാൻ അഞ്ചു ലക്ഷത്തോളം പേരാണെത്തുക. അതിമനോഹരമായ ഭോഗമണ്ഡപത്തിൽനിന്നു മൂന്നു ഭഗവത് വിഗ്രഹങ്ങളും പെരുമ്പറയുടെ അകമ്പടിയോടെ അലങ്കരിച്ച രഥങ്ങളിലേക്ക് ഉയർത്തും. 33 അടി ഉയരമുള്ള, കണ്ടാൽ ക്ഷേത്രഗോപുരം പോലെ തോന്നിക്കുന്ന ഈ രഥങ്ങൾക്ക് പക്ഷേ, ചക്രങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ജഗന്നാഥന് 10ഉം ബലഭദ്രന് 14ഉം സുഭദ്രയ്‌ക്ക് 12മാണു ചക്രങ്ങൾ. പുരി ക്ഷേത്രത്തിൽനിന്നു ലക്ഷങ്ങളുടെ അകമ്പടിയോടെ കിഴക്കുള്ള സിംഹദ്വാരംവഴി ഗുണ്ഡിച്ച ക്ഷേത്രത്തിലേക്കാണ് എഴുന്നള്ളത്ത്. ഈ സമയം വിശ്വാസികൾ രഥചക്രത്തിനടിയിൽപ്പെട്ട് മരിക്കാൻ വരെ തയാറായാണ് നിൽപ്പ്. മുൻപൊക്കെ നൂറുകണക്കിനാളുകളാണു മോക്ഷം തേടി ഇങ്ങനെ മരണം വരിച്ചിരുന്നത്. ഇന്നതു കർശനമായി തടഞ്ഞിട്ടുണ്ട്. ഗുണ്ഡിച്ച ക്ഷേത്രത്തിലെത്തുന്ന ദേവന്മാർക്ക് 14 ദിവസം ഇരുട്ടറയിൽ വിശ്രമമാണ്. ആ ദിവസങ്ങളിൽ പുരിക്ഷേത്രം അടഞ്ഞുകിടക്കും. വിശ്വാസികൾക്ക് അടുത്തുള്ള ബ്രഹ്‌മഗിരി വിഷ്‌ണുക്ഷേത്രത്തിൽ തൊഴാം. രഥോത്സവവേളയിലെ തണുപ്പിൽ കുളത്തിൽ സ്‌നാനം നടത്തുന്നതിനാൽ ജഗന്നാഥന് പനി വരുന്നതായും സങ്കൽപ്പമുണ്ട്. 14 ദിവസം കഴിഞ്ഞു വീണ്ടും ഘോഷത്തോടെ മടക്കി എഴുന്നള്ളത്ത്. 

പക്ഷേ, ക്ഷേത്രകവാടത്തിലെത്തുമ്പോൾ പ്രശ്‌നമാകും. ലക്ഷ്‌മീദേവിയെ രഥയാത്രയ്‌ക്കു കൊണ്ടുപോകാത്തതിനാൽ ദേവി വഴിതടഞ്ഞു നിൽക്കുകയാണ്. രസഗുള നൽകി ദേവിയെ പ്രസാദിപ്പിച്ചേ പിന്നെ അകത്തുകടക്കാനാകൂ. പുറത്തു നടക്കുന്ന അതേ ഘോഷത്തോടെ പുറംമതിലനകത്തും ഘോഷയാത്ര നടക്കും. അന്നേ ദിവസം ദർശനത്തിനുള്ള ക്യൂ കിലോമീറ്ററുകളോളം നീളും. രഥോത്സവത്തിെൻറ നാളുകളിലൊന്നിൽ ഇങ്ങനെ മണിക്കൂറുകളോളം നീണ്ടുപോയ ക്യൂവിൽ നിൽക്കവേ ഞങ്ങൾ വഴികാട്ടിയായി വന്ന കൃഷ്‌ണാനന്ദശർമയെ തിരഞ്ഞു. തന്ന സഹായങ്ങൾക്ക് ദക്ഷിണ കൊടുക്കണമല്ലോ. പക്ഷേ, എത്ര തിരഞ്ഞിട്ടും കൃഷ്‌ണാനന്ദിനെ കാണാനില്ല. ഞങ്ങളെപ്പോലെ പാണ്ഡകളെ പേടിയുള്ള ഏതെങ്കിലും ഭക്‌തരെ കണ്ടുമുട്ടിക്കാണും. എങ്കിലും പണമൊന്നും വാങ്ങാതെ ഒരു പാണ്ഡ പോകുമോ?അപ്പോൾ ‘നന്ദനം’ സിനിമയിലെ അവസാനരംഗം കൂടെയുള്ള സുഹൃത്ത് ഓർമിപ്പിച്ചു. തിരക്കിനിടയിലൂടെ ശ്രീകോവിലേക്കു നോക്കി. അതെ ജഗന്നാഥന് ഇപ്പോൾ നീണ്ട് മെലിഞ്ഞ്, ഗോതമ്പുനിറമായിരിക്കുന്നു. ശരീരത്തിൽ പറ്റിച്ചേർന്നു കിടന്ന അംഗവസ്‌ത്രം നീക്കി പൂണൂൽ ചുഴറ്റി ഞങ്ങളുടെ നേർക്കു കണ്ണിറുക്കി. ഒരു കള്ളച്ചിരി. അത് സർവവും കാക്കുന്ന ജഗന്നാഥെൻറ ചിരിയായിരുന്നു. പുരിയിലേക്ക് എത്താൻ(ബോക്‌സ്)ഭുവനേശ്വറിൽനിന്ന് 60 കിലോമീറ്ററാണ് പുരിയിലേക്ക്-ഒന്നര മണിക്കൂർ ബസ്യാത്ര. ഈസ്‌റ്റ് കോസ്‌റ്റ് റയിൽവേയിലെ കുർദാ റോഡിൽനിന്നു ബസ് ലഭിക്കും. പുരിയിലും റയിൽവേ സ്‌റ്റേഷനുണ്ട്. പുരി മെയിൻ ബസ്സ്‌റ്റാൻഡിൽ നിന്നു ഭുവനേശ്വർ, കൊണാർക്ക് തുടങ്ങിയ പ്രധാന സ്‌ഥലങ്ങളിലേക്കു ബസ്സുണ്ട്. ഒടിഡിസി(ഒഡീഷ ടൂറിസം കോർപറേഷൻ)യെ സമീപിച്ചാൽ വാഹനങ്ങൾ ശരിപ്പെടുത്തിത്തരും. പുരി നഗരത്തിൽ യാത്ര ചെയ്യാൻ ഫെയർ ഓട്ടോയോ സൈക്കിൾറിക്ഷകളോ ആണു നല്ലത്.

റയിൽവേ സ്‌റ്റേഷൻ ഭാഗത്തും സിടി റോഡിലും ധാരാളം ഹോട്ടലുകൾ ഉണ്ട്. ശങ്കരാചാര്യ ഗോവർധൻ പീഠം, സ്വർഗദാർ (മഹാശ്‌മശാനം), ശ്രീ ലോക്‌നാഥ് ക്ഷേത്രം (ശിവലിംഗം വെള്ളത്തിനടിയിൽ), ചക്രതീർഥം, ശ്രീഗുണ്ഡിച്ച ക്ഷേത്രം, ബേദി ഹനുമാൻ ക്ഷേത്രം എന്നിവ പുരി നഗരത്തിൽ തന്നെയാണ്.പുരിക്കു ചുറ്റും(ബോക്‌സ്)പുരിയിൽനിന്നു 35 കി.മീറ്ററോളം മാത്രം ദൂരമുള്ള കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്കുള്ള കടലോരയാത്ര അവിസ്‌മരണീയമാണ്. ചന്ദ്രഭാഗയിലെ കടൽ തീർഥവും രാംചന്ദി ക്ഷേത്രവും ബലേശ്വരം കണ്ടു കൊണാർക്കിലെത്താം. ക്ഷേത്രം ഇപ്പോൾ പുരാവസ്‌തുവകുപ്പിെൻറ കീഴിലാണ്.ലോകത്തെ ഏറ്റവും വലിയ തടാകമായ ചിൽക്കയാണ് മറ്റൊരു ആകർഷണം. തടാകത്തിലെ സത്‌പാദഭാഗത്തു ഡോൾഫിനുകളും കടലാമകളും തീർക്കുന്ന വിസ്‌മയക്കാഴ്‌ചകളും ബോട്ടിങ്ങും ഉണ്ട്. ഭുവനേശ്വർ റോഡിൽ ചന്ദ്രൻപൂരിനടുത്താണു പട്ടുചിത്രങ്ങൾക്കു പ്രസിദ്ധമായ രഘുരാജ്‌പൂർ. കല്ലിലും തടിയിലും പെയിന്റിങ് തീർക്കുന്നവരുടെ ഗ്രാമമാണിത്. 17 കി.മീ. പോയാൽ ഭംഗിയാർന്ന ശ്രീകൃഷ്‌ണവിഗ്രഹത്താൽ പ്രശസ്‌തമായ സഖി ഗോപാൽ ക്ഷേത്രത്തിൽ പോകാം. ഇതിനടുത്താണു പണ്ഡിതന്മാരുടെ ഗ്രാമമായ വിശ്വനാഥ ഹിൽ. ഇവിടെ ജൈനന്മാരുടെ പാർശ്വനാഥക്ഷേത്രവും ഉണ്ട്. ഭുവനേശ്വർ റോഡിൽ തന്നെയാണു ഭിത്തിച്ചമയങ്ങളുടെ ഗ്രാമമായ പിപ്പിലി. വിലക്കുറിൽ അലങ്കാരങ്ങളും പെയിന്റിങ്ങും കിട്ടുമിവിടെ. ഇതിനടുത്താണ് കലിംഗയുദ്ധം നടന്ന ധൗളി. അശോകചക്രവർത്തി പണിഞ്ഞ ശാന്തിസ്‌തൂപവും ബുദ്ധസങ്കേതവുമാണു പ്രധാന കാഴ്‌ചകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA