ധൂത് കോശിക്കരികിലൂടെ ടെങ്ബോഷെയിലേക്ക്

1Ama-Dablam-on-the-right-side
SHARE

ഒടുവിൽ മലകയറ്റം തുടങ്ങുകയാണ്. ഈ നേരത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ഇത്രയും ദിവസങ്ങൾ പുതുതായ് വാങ്ങിയ നീപാഡും ഷൂസുമെല്ലാം അണിഞ്ഞ്  ഞാൻ താഴെയിറങ്ങി. മറ്റുള്ളവർ ഓരോരുത്തരായി തയ്യാറായി എത്തിയപ്പോളേക്കും മണി 8 കഴിഞ്ഞു’’. ഈ പരിപാടി ഇനി പറ്റില്ല, രാവിലെ 7 മണിക്കു തയ്യാറാകണം എന്നല്ലേ പറഞ്ഞത്. വൈകിപുറപ്പെട്ടാൽ ടെങ്ബോഷെയില്‍ റൂം കിട്ടാൻ ബുദ്ധി മുട്ടാകും’’ പ്രാതലിനിരിക്കുമ്പോൾ ദേവൻ നിഷ്കർഷിച്ചു. ഇനി ഇത് ആവർത്തിക്കില്ല എന്നു പറഞ്ഞ് എല്ലാവരും എളുപ്പം ഭക്ഷണം കഴിച്ചു. 

5Namche-to-Tengboche

പുറത്ത്, ഹാമലിനിലെ മാന്ത്രികനായ കുഴലൂത്തുകാരന്റെ പുറകേപോകുന്ന കുട്ടികളെ പോലെ സഞ്ചാരികൾ എല്ലാവരും വരിവരിയായി യാത്ര തുടങ്ങിക്കഴിഞ്ഞു. താമസിയാതെ അവരെ അനുകരിച്ച ഞങ്ങളും. കാടുകളും മലകളും കയറി ഇറങ്ങേണ്ട യാത്രയ്ക്ക് അങ്ങനെ തുടക്കം കുറിച്ചിരിക്കുന്നു.

ഇന്നലെ സഞ്ചരിച്ച പാതയിലൂടെ വീണ്ടും ഗ്രാമത്തിന്റെ മുകളിലേക്ക്, പിന്നീട് അവിടെ നിന്ന് ടെങ്ബോഷെയിലേക്കുള്ള വഴിയേ ഇടത്തോട്ട്. മലകയറ്റത്തിന്റെ ആദ്യ നിമിഷങ്ങളാണ് എനിക്ക് എപ്പോഴും ബുദ്ധിമുട്ട്. ചെങ്കുത്തായ ഗ്രാമങ്ങളിലെ അനേകം പടികളാണ് അതിനു ഒരു കാരണം. പിന്നീട് ശരീരം പെട്ടെന്ന് അനങ്ങിത്തുടങ്ങിയതിന്റെ ബുദ്ധിമുട്ടും. മലകയറ്റം തുടങ്ങുന്നതിനു മുമ്പു, വിദേശികൾ ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ചെയ്യണം ചെയ്യണം എന്ന് എപ്പോളും ഓർക്കും, പിന്നീട് മറന്നു പോകും! ഏതായാലും ഗ്രാമത്തിന്റെ മുകളിലെത്തിയപ്പോഴേക്കും നന്നേ അണച്ചു. 

എല്ലാവരും തോളിലെ മാറാപ്പുകൾ പോർട്ടർമാരെ ഏൽപ്പിച്ചു നടന്നു തുടങ്ങിയപ്പോൾ ഞാൻ മാത്രം സ്വയം ചുമന്നു പോകു ന്നത് എന്തിനാണെന്നു ആലോചിച്ചു നടക്കുകയാണ്. കൂട്ടത്തിൽ പ്രായം ചെന്ന പോർട്ടർ ഖട്ക. ‘‘തൂ ഠീക് ഹോ?’’ ‘ഹാ മേ ഠീക് ഹൂം’ ‘അച്ചാ’ തൊട്ടടുത്തു വന്നുള്ള ആ ചെറിയ സംഭാഷണത്തിൽ നിന്നു തന്നെ ആളു ഫുള്ളു വെള്ളത്തിലണെന്ന് എനിക്കു ബോധ്യമായി. ആ മണം അടിച്ചിട്ടു തന്നെ എനിക്കും ലഹരി പിടിക്കുന്നു.

താഴ്‍‍‍‍വാരങ്ങളില്‍ മേഘത്തിന്റെ സാന്നിധ്യം ഇന്ന് അധികമില്ല. തൊട്ടരികിലുള്ള മലകളുടെ മുകൾഭാഗമെല്ലാം മഞ്ഞിൽ കുളിച്ചിരിക്കുകയാണ്. ഏതാനും അടികൾ കൂടി നടന്നു, മുന്നിലുള്ള വലിയ വഴി രണ്ടായി പിരിയുകയാണ്. ഏതാനും പേർ ഒരല്പം കൂടി ഉയരത്തിലേക്കുള്ള വഴിയിലൂടെ പിടിച്ച് യാത്ര തുടർന്ന്. ടെങ്ബോഷെയാണ് ഇന്നത്തെ ലക്ഷ്യ സ്ഥാനം അവിടേക്കിനി വേറെ വഴിയുണ്ടോ? അതോ ഇക്കൂട്ടർ ഇനി വേറെ എവിടേക്കെങ്കിലുമാണോ പോകുന്നത്? ചോദിക്കാ മെന്നു വച്ചാൽ ദേവൻ മനുവിനും വിക്രാന്തിനുമൊപ്പം ഒരുപാടു മുന്നിലാണ്. എന്റെ തൊട്ടുപുറകിലായി ഖട്കയുണ്ട്. അജിനും പ്രണവിനുമൊപ്പം. വേണ്ട, അതെങ്ങോട്ടെങ്കിലു മാകട്ടെ!

4Khadka-waiting-for-us

മണ്ണിട്ട് നിരത്തിയ പാതകളിലൂടെയുള്ള മലകയറ്റം വിചാരിച്ചത്ര ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല ഇതുവരെ. ഇടയ്ക്കിടെ ചില പടികൾ വരുമ്പോൾ മാത്രമാണ് പ്രശ്നം. തോളിൽ ഭാരമേറുമ്പോൾ ഇടയ്ക്കൊന്നു ഇരിക്കും. വെള്ളം കുടിച്ചു അല്പം വിശ്രമിച്ച ശേഷം വീണ്ടും നടപ്പു തുടരും. ഉത്സവങ്ങൾക്കു ഉയരമുള്ള കോലുകൾ നാട്ടി ഇരുവശവും തോരണങ്ങൾ കൊണ്ടു അലങ്കരിച്ച വീഥികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മഞ്ഞു തൊപ്പിയണിഞ്ഞ ശ്യംഗങ്ങളാൽ നിറഞ്ഞതാണ് വീതികുറഞ്ഞ താഴ്‍‍വാരത്തിന്റെ ഇരുവശങ്ങളും. അങ്ങ് കണ്ണെത്താവുന്ന ദൂരത്തോളം ഇതു തന്നെയാണ് കാഴ്ച. എവറസ്റ്റ് കഴിഞ്ഞാൽ ഈ പ്രദേശത്ത് എനിക്ക് അറിയാവുന്ന ഏക കൊടുമുടി ‘അമാ ദബലം’ ആണ്. ഇൻസ്റ്റാഗ്രാമിലുള്ള അനേകം ഹിമാലയ സഞ്ചാരികളുടെ ചിത്രങ്ങളിൽ നിന്നു പരിചിതമായ ആ ഹിമശൃംഖം തിരിച്ചറിയാൻ എനിക്കതുകൊണ്ടു തന്നെ ആരുടേയും സഹായം വേണ്ടി വന്നില്ല. വളരെ അകലെയായി വലതു വശത്തായി കാണപ്പെടുന്ന അമാദബലത്തിനു പക്ഷെ ഇവിടെ നിന്നു നോക്കുമ്പോൾ സമീപത്തുള്ള ഏതൊരു കൊടുമുടിയു ടേയും പകിട്ടേയുള്ളു. അവളുടെ സൗന്ദര്യം ഒരു പക്ഷേ ഞാൻ കാണാനിരിക്കുന്നതേയുണ്ടാകൂ.

പകൽ സൂര്യന്റെ ചൂട് കൂടിക്കൂടി വരുന്നുണ്ട് ഇതുവരെയുള്ള അധ്വാനത്താൽ ശരീരം ആകെ വിയര്‍ത്തു. കാലത്തെ അണിഞ്ഞ ജാക്കറ്റ് ഊരി ഒരല്പം വിശ്രമിച്ചപ്പോൾ താഴ്‍‍‍‍വാരത്ത് നിന്നുള്ള കുളിർ കാറ്റേറ്റു വിറച്ചു തുള്ളാൻ തുടങ്ങി. വല്ലാത്തൊരു അവസ്ഥ തന്നെ. മാസങ്ങൾ നീണ്ടു നിന്ന മൺസൂണിന്റെ ഫലമായി മല നിരകളാകെ പച്ച പുതച്ചിരിക്കുകയാണെങ്കിലും ഞങ്ങൾ നടക്കുന്ന വഴിയിൽ അധികം തണൽ മരങ്ങളില്ല. വഴിയരികിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ബുദ്ധ സ്തംഭങ്ങളാണ് തണലിനു ഏക ആശ്രയം.

പ്രഭാതഭക്ഷണത്തിന്റെ ഊർജം തീരാറായി എന്നു കരുതിയപ്പോൾ ഭാഗ്യത്തിനു ഒരു ഗ്രാമമെത്തി. അനിവാര്യമായ വിശ്രമത്തിനു ദേവൻ ഞങ്ങളെ ഒരു ചെറിയ ഭക്ഷണശാലയിലേക്കു നയിച്ചു. ജിഞ്ചർ ടീ, ലെമൺ ടീ, ഹണി ടീ തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളുണ്ട് ചായയിൽ തന്നെ. അഞ്ചു പേർക്കു കുടിക്കാൻ തികയുന്ന ഒരു വലിയ ഫ്ലാസ്ക് ചായയാണ് സാമ്പത്തികമായി ലാഭമെന്ന് മനസ്സിലാക്കി അതു തിരഞ്ഞെടുത്തു. അരമണിക്കൂറോളം നീണ്ടു നിന്ന വിശ്രമത്തിനു ശേഷം വീണ്ടും നടപ്പു തുടങ്ങി.

3Dhudh-Kosi-(1)

വഴിയുടെ ഇരുവശവും പച്ചപ്പ് കൂടി വരികയാണ്. നട്ടുച്ചയാകുന്നതിനു മുൻപേ തണൽ മരങ്ങളാൽ നിറഞ്ഞു പ്രദേശമെത്തിയതു, വളരെ നന്നായി. സമനിരപ്പായ വഴിയിൽ നിന്നും ഇപ്പോൾ നടത്തം താഴോട്ടു താഴോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത് മിക്കവാറും ഒരു പുഴ മറികടക്കുവാനായിരിക്കും.

അടിവാരത്തേക്കു പോകുന്തോറും വെളിച്ചം കുറഞ്ഞുവരികയാണ്. ഒടുവിൽ ഉയരമുള്ള മരങ്ങളാൽ ഉച്ചസൂര്യൻ പാടെ മറയ്ക്കപ്പെട്ടു. ഓരോ അടി വയ്ക്കുന്തോറും അടുത്തെവിടെയോ ഒഴുകുന്ന പുഴയുടെ ആർത്തിരമ്പുന്ന ശബ്ദം ഈർപ്പം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ അലതല്ലി. എന്റെ ഊഹം തെറ്റിയില്ല. തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങള്‍ക്കു പുറകിലായി അവൾ ഒഴുകുന്നുണ്ട്. ഉച്ചഭക്ഷണത്തിനായി ഇറക്കം ഇറങ്ങി കേറിച്ചെന്ന ഭക്ഷണ ശാലയുടെ അകവും പുഴയുടെ കളകളാരവത്താൽ മുഖരിതമാണ്. ഞാൻ ദാൽബട്ടിൽ തന്നെ ഉറച്ചു നിന്നപ്പോൾ മറ്റുള്ളവർക്കായി പാസ്തയും ന്യൂഡിൽസും തീൻമേശയിൽ നിരന്നു.

ഊണിനു ശേഷം ഭക്ഷണശാലയുടെ തൊട്ടു താഴെയായുള്ള തൂക്കു പാലം കയറുവാനായി കാലെടുത്തു വച്ചപ്പോളാണ് ശബ്ദത്തിന്റെ ഉടമയെ ആദ്യമായി കാണുന്നത്. കഴിഞ്ഞ ദിവസം ഹെലികോപ്ടറില്‍ വച്ച് കണ്ട പുഴ തന്നെയാകണം. നുരഞ്ഞു പൊങ്ങുന്ന പതയുമായി ശീഘ്രമൊഴുകുന്ന ഈ പുഴയ്ക്കു തദ്ദേശീയർ ഇട്ടിരിക്കുന്ന പേരാണ് ‘ധൂത് കോശി’ പാലരുവി എന്നർത്ഥം. യാത്രയിലെ ആദ്യത്തെ പാലമാണ് ധൂത്കോശിക്കു കുറുകെയുള്ള ഈ തൂക്കു പാലം. മുതുകത്ത് കെട്ടിവച്ച ചരക്കുകളുമായി പാലം കയറാൻ വെമ്പി നിൽക്കുന്ന യാക്കിൻ കൂട്ടം എതിർദിശയിൽ നിൽക്കുന്നതിനാൽ പാലത്തിനിരുവശങ്ങളി‌ലുമുള്ള കാഴ്ചകൾ കണ്ടാസ്വദിക്കാനാവാതെ ഞങ്ങൾ പെട്ടെന്ന് മറുകരയെത്തി. 

ഇക്കരെയുള്ള മലയുടെ മുകൾഭാഗത്തേക്കുള്ള ചെങ്കുത്തായ കയറ്റമാണ് ഇപ്പോൾ മുന്നിൽ. അത് കയറി ചെന്നാൽ എത്തുന്നതാണ് ‘ടെങ്ബോഷെ’ ഗ്രാമം. കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും വേണം അവിടെയെത്താൻ. നിർദ്ദേശങ്ങൾ നൽകി ദേവൻ വിക്രവുമായി മുന്നിലുണ്ട് പിന്നിലായി ഞങ്ങളും. തണല്‍ മരങ്ങളാൽ നിറഞ്ഞ വഴിയിലൂടെയുള്ള കയറ്റം വിചാരിച്ചത്ര ബുദ്ധിമുട്ടുണ്ടാക്കുന്നില്ല, എന്നിരുന്നാലും മഞ്ഞുമലകളുടെ കഴ്ചയെല്ലാം അവ മറച്ചു എന്നത് തീർത്തും ദൗർഭാഗ്യകരമാണ്.

സമയം ഏകദേശം രണ്ട് മണിക്കൂറിനു മുകളിൽ പിന്നിട്ടു. പാതുടെ ദൂരെയായി മനുവിനെ കാണാം. പക്ഷേ, വിക്രമിന്റെ പൊടിപോലുമില്ല. എനിക്കും പ്രണവിനും അജിനുമൊപ്പം നടക്കുന്ന ഖട്ക പലപ്പോഴും ഞങ്ങൾക്കു മുന്‍പേ വേഗത്തിൽ നടന്നു പോകും. എന്നിട്ട് വഴിയരികിൽ ബാഗും ചാരിവെച്ച് ഒരു ബീഡിയും കത്തിച്ചു ഞങ്ങൾ വരുന്നവരെ വലിച്ചുവിടലാണ് പുള്ളിയുടെ സ്ഥിരം പരിപാടി. ഞാൻ അടുത്തെത്താറാവുമ്പോൾ വലി നിറുത്തി ചോദിക്കും, ‘‘തൂ ഠീക് ഹോ?’’ ഇന്ന് ഇതേവരെ ചുരുങ്ങിയത് ഒരു നൂറുപ്രാവശ്യമെങ്കിലും കക്ഷി ഇതെന്നോടു ചോദിച്ചിട്ടുണ്ട്.

പിന്നാലെ വരുന്ന വിദേശീയർ ഓരോരുത്തരായി, ഒച്ചിഴയുന്ന വേഗത്തിൽ നടക്കുന്ന ഞങ്ങളെ പിന്നിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. തലേന്നേതു പോലെ സൂര്യൻ മലകൾക്കു പുറകെ ഒളിക്കാൻ തുടങ്ങിയപ്പോളേക്കും താഴ്്വാരങ്ങൾ മേഘങ്ങൾ കീഴടക്കി. പിന്നാലെയായി  ഇപ്പോൾ ഒരു ഇസ്രേലിയക്കാരനല്ലാതെ ആരുമില്ല. ‘‘ഇനി അധികമില്ല, ഏറിയാൽ 15 മിനിറ്റ്’’ കയ്യിലുള്ള ഫോണിലെ ‘വിക്കിലോക്ക്’ ആപ്ലിക്കേഷൻ നോക്കിക്കൊണ്ട് അയാള്‍ പ്രവചിച്ചു. ലോകത്തിലെ പല പ്രശസ്തങ്ങളായ ട്രെക്കിങ്ങുകളുടെ മാപ്പും അതിലെ ഓരോ സ്ഥലത്തേയും ഉയരവുമെല്ലാം കൃത്യമായി കാട്ടിത്തരുന്ന വളരെ ഉപകാരപ്രദമായ ആപ്ലിക്കേഷനാണ് ‘വിക്കിലോക്ക്’.

പറഞ്ഞതു പോലെ തന്നെ ഏതാനും നിമിഷങ്ങൾക്കകം ലക്ഷ്യമെത്തി, ടെങ്ബോഷെ ഗ്രാമത്തിന്റെ ചെറിയ കവാടത്തിനു കീഴെയായി നേരത്തേ എത്തിയ ദേവനും വിക്രമും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നാമ്ചി ബസാർ പോലെ കുത്തനെയല്ല ഈ ഗ്രാമം. മലയുടെ ഒത്ത മുകളില്‍ ചെത്തി മിനുക്കിയ സമനിരപ്പിൽ ലോഡ്ജുകളെ കൂടാതെ ഒരു പഴയ ടിബറ്റൻ മൊണാസ്റ്ററിയുണ്ട്. ഏതായാലും ആദ്യം റൂമിൽ പോയി ഒന്നു വിശ്രമിച്ചിട്ടു വരാം, എന്നിട്ടാകാം അവിടേയ്ക്ക്.

‘‘നേരത്തെ എത്താത്തതുകൊണ്ട് ഉദ്ദേശിച്ച ഹോട്ടൽ റൂം കിട്ടിയില്ല’’. ഗ്രാമത്തിലെ ഏറ്റവും പിറകിലായുള്ള ഹോട്ടലിലേ ക്കു നയിക്കുന്നതിനിടയിൽ ദേവൻ പരിതപിച്ചു. ഇന്നലത്തെ ഹോട്ടലിന്റെ പകുതി സുഖസൗകര്യങ്ങളില്ല ഞങ്ങൾക്കു കിട്ടിയ ഹോട്ടലിൽ. രണ്ട് പേർക്കു മാത്രം കിടക്കാവുന്ന കുടുസു മുറികളിൽ‌ എന്തായാലും ചൂടു നിൽക്കും. തലേന്നേതു പോലെ നാല് മടിയന്മാരും ഭക്ഷണമുറിയിൽ തീകാഞ്ഞിരിപ്പു തുടങ്ങിയപ്പോൾ ജാക്കറ്റും ഇട്ട് ഞാൻ മൊണാസ്റ്ററി ലക്ഷ്യമാക്കി നടന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർ ചിത്രങ്ങളാൽ സമ്പന്നമാണ് മൊണാസ്റ്ററിയുടെ അകത്തളം. ഉള്ളിലെ മുറിയിൽ പ്രാർത്ഥന നടക്കുകയാണ്. എന്നാൽ അതിനകത്തേക്ക് പ്രവേശിക്കാൻ ചെരുപ്പൂരണം. ഈ തണുപ്പത്ത് ആ സാഹസത്തിനു മുതിരാതെ പുറത്ത് ചുറ്റിപ്പറ്റി നിന്നപ്പോളാണ് അജിൻ കൂട്ടിനു വന്നത്. പക്ഷെ പ്രാർത്ഥന കഴിഞ്ഞ് ബുദ്ധസന്യാസികൾ എല്ലാവരും പുറത്തിറങ്ങി. മറ്റൊന്നും ചെയ്യാനില്ലാതെ ഞങ്ങൾ തിരിച്ച് നടന്നു. 

ഹിമാലയ യാത്രകളിൽ കൊടുമുടികളുടെ അതിമനോഹരങ്ങളായ കാഴ്ച പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ എനിക്ക് ആവേശം തരുന്ന ഒരു കാര്യമാണ് രാത്രികളിലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശ കാഴ്ച. എന്നാൽ ഇരുട്ട് പരന്ന ഗ്രാമത്തെ മുഴുവൻ മൂടൽ മഞ്ഞ് വരിഞ്ഞു മുറുക്കി കഴിഞ്ഞു. ഇന്ന് അതുകൊണ്ട് തന്നെ അത്തരമൊരു കാഴ്ചയ്ക്കു തരമില്ല.

ഒരുപാട് മാസങ്ങൾക്കു ശേഷം ശരീരം ഒന്നു ഇളകിയതിന്റെ ഫലമായി അത്താഴശേഷം എല്ലാവരും അവരവരുടെ മുറികളിലേക്കു തിരിച്ചു. 

6Milkyway-seen-from-Tengboche

     

കിടക്കുന്നതിനു മുന്‍പു രാത്രി രണ്ടു തവണ മൂത്രമൊഴിക്കാൻ എഴുന്നേറ്റു. വെളുപ്പിനെ 4 മണിക്കു ഇടുങ്ങിയ ടോയ്്ലറ്റിന്റെ അകത്തേക്ക് ചെറിയ ജനാലവഴി വരുന്ന വെളിച്ചം അകലെയുള്ള ലോഡ്ജിൽ നിന്നുള്ള വെട്ടമാണോയെന്ന് നോക്കി. അല്ല, മേഘങ്ങൾ വിടവാങ്ങിയ മലമുകളില്‍ അതാ നക്ഷത്രങ്ങൾ വിരുന്നെത്തിയിരിക്കുന്നു. 

ഗ്ലൗസും തൊപ്പിയുമെല്ലാം അണിഞ്ഞ് ക്യാമറയുമെടുത്ത് ഉടനടി തന്നെ പുറത്തെ പുൽ മൈതാനത്തേക്കു വച്ചു പിടിച്ചു. ദൂരെയായുള്ള ലോഡ്ജിനു പുറത്ത് വന്ന ഒരാൾ മാത്രമേയുള്ളൂ. ‍ആകാശത്തേക്കു നോക്കി. മുകളിൽ കോടാനുകോടി നക്ഷത്രങ്ങൾ ബഹുവർണത്തിൽ തിളങ്ങി നിൽക്കുകയാണ്. ഈയൊരു കാഴ്ചയ്ക്കായാണ് കാഠ്മണ്ഡുവില്‍ എത്തിയതു മുതൽ ഞാൻ കാത്തിരുന്നത്. ഇരുട്ടിൽ ഏതാനും നിമിഷങ്ങൾ നിന്നതോടെ കൃഷ്ണമണി വികസിച്ചു. സൗരയൂഥം ഉൾപ്പെടെ ലക്ഷക്കണക്കിനു നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം അടങ്ങിയ നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ (Milky way)യുടെ വെള്ളി വെളിച്ചം തലയ്ക്കു മുകളിലായി ആകാശത്തെ രണ്ടായി പതിയ്ക്കും വിധം തെളിഞ്ഞു വന്നു. ആകാശഗംഗയുടെ തിളക്കം അളക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച ഒരു വിദ്യയുണ്ട് പ്രകാശ മലിനീകരണം (light pollution) കുറഞ്ഞ ഇത്തരം ഉയർന്ന ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നുള്ള ആകാശ കാഴ്ചയിൽ, നഗരത്തിനുള്ളിൽ നിന്നു കൊണ്ടുതന്നെ വ്യക്തമായി കാണാൻ കഴിയുന്ന ഓറിയന്‍ നക്ഷത്രക്കൂട്ടം കണ്ടു പിടിക്കുവാൻ എളുപ്പമല്ല. ചുറ്റിനുമുള്ള ആയിരക്കണക്കിനു നക്ഷത്രങ്ങളാല്‍ അവ വേർതിരിച്ചു കാണുവാൻ ബുദ്ധിമുട്ടാണ്. എന്നാൽ അവിടെ വളരെ പെട്ടെന്നു തന്നെ ഒറിയൻ ബെൽറ്റ് കണ്ടെത്തി. നേരം വെളുക്കാറായതിനാൽ ആകാശത്തെ നക്ഷത്രങ്ങൾക്കു ഒരു തിളക്കക്കുറവ്. എന്തായാലും ക്യാമറയ്ക്കു എന്റെ കണ്ണിനേക്കാളും കാഴ്ചയുള്ളതുകൊണ്ട് മുൻപിലായി കാണുന്ന കൊടുമുടിയുടെ കുറുകെ കാണുന്ന ആകാശഗംഗയുടെ ഒരു ചിത്രം എടുക്കുവാൻ കഴിഞ്ഞു.

മൊണാസ്റ്ററിയിലെ വെളിച്ചങ്ങൾ തെളിഞ്ഞു. പ്രഭാത പ്രാർത്ഥനയ്ക്കായി സന്യാസികൾ എഴുന്നേറ്റിരിക്കണം. എന്തായാലും സഞ്ചാരികള്‍ക്കു ഇന്നേദിവസം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ കൂടിയുണ്ട്. അതിനകം കുളിരണിഞ്ഞു നിൽക്കുന്ന ഈ താഴ്്വാരത്ത് എനിക്കു ഒന്നുകൂടിയൊന്ന് ഉറങ്ങണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA