sections
MORE

ഇവിടെയുണ്ട് അപൂർവ്വയിനം വെള്ളക്കടുവ

139885340
SHARE

പതിനയ്യായിരത്തിൽ ഒന്നിന് മാത്രം ലഭിക്കുന്ന അപൂർവ ജീനുമായി പിറവിയെടുക്കുന്നതാണ് ഓരോ വെള്ളകടുവയും. വളരെയധികം പ്രത്യേകതയുള്ള ഈ കടുവകളെ ഇന്ത്യയിലെ ചിലയിടങ്ങളിൽ മാത്രമേ കാണുവാൻ കഴിയുകയുള്ളു.  അത്രയൊന്നും പരിചിതമല്ലാത്ത, അപൂർവവർഗത്തിൽപ്പെട്ട അവയെ അടുത്തുകാണാനും അടുത്തറിയാനുമായി ഇന്ത്യയിൽ അഞ്ചിടങ്ങളുണ്ട്. ആ അഞ്ചിടങ്ങൾ സന്ദർശിക്കാൻ ഒരുങ്ങിക്കോളൂ..

മുകുന്ദ്പൂർ, മധ്യപ്രദേശ് 

white tiger
white tiger

ലോകത്തിലെ  ആദ്യത്തെ വെള്ളകടുവകളുടെ സങ്കേതം ഇന്ത്യയിലാണുള്ളത്. മധ്യപ്രദേശിലെ റേവയിൽ നിന്നും ഇരുപതു കിലോമീറ്റർ മാത്രമാണ് മുകുന്ദപൂരിലെ വെള്ളക്കടുവകളെ സംരക്ഷിച്ചിരിക്കുന്ന വന്യജീവി കേന്ദ്രത്തിലേക്കുള്ള ദൂരം. 25 ഹെക്ടറിലാണിത് നിലകൊള്ളുന്നത്. 1951 ലാണ് ഇന്ത്യയിൽ ആദ്യമായി വെള്ളകടുവകളെ കണ്ടെത്തുന്നത്. നാട്ടുരാജ്യമായിരുന്ന റേവയിലെ രാജാവായിരുന്ന മാർത്താണ്ഡ് സിംഗാണ് വനത്തിൽ ആദ്യമായി ഇത്തരത്തിലൊരു  കടുവയെ കാണുന്നത്. രാജ കൊട്ടാരത്തിലെത്തിയ  ആ  വെള്ളക്കടുവക്കു രാജാവ്, മോഹൻ എന്ന് പേരിടുകയും ചെയ്തു. അങ്ങനെ  രാജാ മാർത്താണ്ഡന്റെ ഓമനയായി ഏറെക്കാലം കൊട്ടാരത്തിൽ കഴിഞ്ഞ മോഹനെ പിന്നീട് മൃഗശയിലേക്കു നൽകുകയായിരുന്നു.

എന്നാൽ ഏറെ വൈകാതെ തന്നെ 1976 ൽ വെള്ളകടുവകൾ മൃഗശാലയിൽ  നിന്നും അപ്രത്യക്ഷമായി. അത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. അതിനെ തുടർന്ന് മുകുന്ദ്പൂരിലെ വെള്ളക്കടുവകളെ സംരക്ഷിക്കുന്നതിന്  ഗവണ്‍മെന്റ് നടപടികൾ സ്വീകരിക്കുകയും സപ്തനക്ഷത്ര പദവിയോടെ മുകുന്ദപൂർ വന്യജീവിസങ്കേതം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ലോകത്തു തന്നെ അധികം കാണാൻ കഴിയാത്ത ഈ കടുവകളെ കാണാൻ മുകുന്ദ്പൂരിലിപ്പോൾ സഞ്ചാരികളുടെ വൻതിരക്കാണ്. 

ബാന്ധവ്ഗർ, മധ്യപ്രദേശ് 

മധ്യപ്രദേശിലെ ഈ വനം വെള്ളക്കടുവകളുടെ കേന്ദ്രമാണെന്നാണ് അറിയപ്പെടുന്നത്. ഒരുകാലത്തു ഇവിടെ ഒരു ഡസനിലേറെ കടുവകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 50 വര്‍‍ഷങ്ങളായി ഇവിടെ ഒരു വെള്ളക്കടുവയെ പോലും ആരും കണ്ടിട്ടില്ല. മഹാരാജ മാർത്താണ്ഡൻ ഈ വനമേഖലയിലാണ് ആദ്യമായി  ഒരു വെള്ളക്കടുവയെ കണ്ടതെന്നും  മോഹനെന്നു പേരിട്ടു കൊട്ടാരത്തിലേക്കു പിടിച്ചുകൊണ്ടു പോയതെന്നുമാണ് രാജവംശവുമായി  ബന്ധപ്പെട്ടവർ നൽകുന്ന വിവരങ്ങൾ.

white tiger
white tiger

മനുഷ്യന്റെ കടന്നുകയറ്റവും രാജാക്കൻമാരുടെ നായാട്ടും ബാന്ധവ്ഗറിലെ വെള്ളക്കടുവകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. കാലങ്ങളായി ഈ  വനമേഖലയിൽ വെള്ളകടുവകളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും വന്യജീവികളെ  സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി 1968 ൽ ബാന്ധവ്ഗറിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സുന്ദർബൻസ്, ബംഗാൾ 

സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സുന്ദർബൻസ് ദേശീയോദ്യാനം ബംഗാൾ കടുവകളുടെ സംരക്ഷണ കേന്ദ്രമാണ്.  അത്യപൂർവമായ നിരവധി വന്യജീവികളുടെ അധിവാസമേഖലയാണിത്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഇവിടം 'പ്രൊജക്റ്റ് ടൈഗറി'ൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാണ്.

കണ്ടൽകാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏകപ്രദേശമാണ് സുന്ദർബൻസ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന അനേകം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിവിടം. 

നീലഗിരി മലനിരകൾ, തമിഴ്‌നാട്   

തമിഴ്നാട്ടിലെ നീലഗിരി വനമേഖലയിൽ വെള്ളക്കടുവകളെ കണ്ടെന്നുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിട്ട്  അധികനാളുകളായിട്ടില്ല. വെള്ള നിറത്തിൽ സ്വർണവർണ വരകൾ ഉള്ള കടുവയെയാണ് ഇവിടെ കണ്ടത്. ഇതാദ്യമായാണ് നീലഗിരിയിൽ വെള്ളക്കടുവയെ കാണുന്നത്. ബംഗലൂരുവിൽ നിന്നുള്ള ഒരു വന്യജീവി ഫോട്ടോഗ്രാഫരുടെ ക്യാമറയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ ദൃശ്യമായത്.

കാശിരംഗ, അസം 

ഏറ്റവും കൂടുതൽ കടുവകൾ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ദേശീയോദ്യാനമാണ് കാശിരംഗ. ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ കടുവകളാണ്  ഇവിടെ കൂടുതലായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. കാശിരംഗയിൽ വെള്ളകടുവകളെ കണ്ടതായി എവിടെയും പറയപ്പെടുന്നില്ലെങ്കിലും ഇവിടെ വെള്ളക്കടുവകൾ ഉണ്ടെന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നത്.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA