മധുവിധു ആഘോഷിക്കാനായി സ്വപ്നയിടങ്ങൾ

471446497
SHARE

ഒരു ആയുസ്സിന്റെ ഓർമച്ചെപ്പിൽ ഏറ്റവും അഴകുള്ളതെന്നു  കരുതി സൂക്ഷിക്കുവാൻ കഴിയുന്ന  ചില നല്ല ദിനങ്ങളാണ് വിവാഹിതരായവർക്കു  മധുവിധു നാളുകൾ. പരസ്പരം അറിയുവാനും അടുക്കുവാനും ഏറ്റവും ഉചിതമായ സമയമാണത്. മധുവിധു നാളുകളെ ആഘോഷമാക്കാൻ സുന്ദരമായ ചിലയിടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നത് ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ  ഒരിടത്തുനിന്നു തന്നെയാകണമെന്നാഗ്രഹിക്കുന്നവർക്കിതാ മധുവിധു ആഘോഷിക്കാൻ പറ്റിയ മനോഹരമായ ആറു സ്ഥലങ്ങൾ.

ഗോവ 

487046549

അറബിക്കടലിന്റെ തീരം സമ്മാനിച്ച ഒരു ചെറുകരയാണ് ഗോവ. കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഈ നാടിനോളം പറ്റിയൊരിടം നമ്മുടെ നാട്ടിൽ വേറെയില്ലെന്നു നിസംശയം പറയാം. സഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ  ഇന്ത്യയിലെ ഏറ്റവും വില കൂടിയ കടൽത്തീരങ്ങൾ ഉള്ള ഏറ്റവും ചെറിയ സംസ്ഥാനം എന്ന ബഹുമതി ഈ നാടിനു സ്വന്തമാണ്. പ്രണയികളും മധുവിധു ആഘോഷിക്കുന്ന ദമ്പതികളും ആദ്യം തന്നെ തെരഞ്ഞെടുക്കുന്ന ഒരിടം കൂടിയാണ് ഗോവ. കാരണം അത്രയധികം സുന്ദരമാണ് ഈ നാട്ടിലെ ഓരോ ബീച്ചുകളും പ്രണയിക്കുന്നവർക്കായി മാത്രം കരുതിവെച്ചിരിക്കുന്ന ചിലയിടങ്ങളും. പള്ളികളും ക്ഷേത്രങ്ങളും കോട്ടകളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുമെല്ലാം  നിറഞ്ഞ  ഗോവ എന്ന സുന്ദര നാട് നിങ്ങളുടെ മധുവിധു നാളുകളെ മനോഹരമാക്കുമെന്നു പറയേണ്ടതില്ലല്ലോ..

ആൻഡമാൻ ദ്വീപുകൾ 

ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലെ മനോഹരമായ ചെറു ദ്വീപുകളുടെ സമൂഹമാണ് ആൻഡമാൻ. മനോഹരമായ ബീച്ചുകളും തിളങ്ങുന്ന നീലക്കടലും നിരവധി നവദമ്പതികളെയാണ് മധുവിധു ആഘോഷിക്കാനായി ആ അഴകേറിയ ദ്വീപുകളിലേക്കു ക്ഷണിക്കുന്നത്.

andaman-nicobar

പ്രണയത്തെ ഏറ്റവും മനോഹരമാക്കാനായി  പ്രണയിക്കുന്നവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന നിരവധിയിടങ്ങൾ ആന്ഡമാനിലുണ്ട്‌. അതുകൊണ്ടു തന്നെ മധുവിധു നാളുകളെ ഈ ദ്വീപുകൾ സുന്ദരമാക്കുക തന്നെ ചെയ്യും.

ആലപ്പുഴ 

മനോഹരമായ ഭൂപ്രകൃതിയും കായലുകളും നിറഞ്ഞ നാടാണ് ആലപ്പുഴ. നിലാവുള്ള രാത്രിയിൽ.. ഹൌസ് ബോട്ടിൽ... കായലിലെ തണുത്ത കാറ്റിലലിഞ്ഞ്..സുന്ദരമായ പ്രകൃതിക്കൊപ്പം  മധുവിധു ആഘോഷിക്കണമെന്നു ആഗ്രഹിക്കുന്നവർക്ക് വിരുന്നൊരുക്കുന്നയിടമാണിത്.

house-boat

നിരവധി ഹൌസ്  ബോട്ടുകൾ എല്ലാ സമയത്തും ഇവിടെ സഞ്ചാരികളെ  കാത്തുകിടക്കുന്നുണ്ടാകും. മധുവിധു ദിനങ്ങളെ മധുരതരമാക്കാൻ ആലപ്പുഴയും  ഉചിതമായൊരിടമാണ്.

ആഗ്ര 

ഇന്ത്യയിലെ ഏറ്റവും പ്രണയാതുരമായ നഗരമേതെന്നു ചോദിച്ചാൽ അതിനുള്ള ഏക ഉത്തരം ആഗ്ര എന്നത് തന്നെയായിരിക്കും. അനശ്വരമായ പ്രണയത്തിന്റെ മോഹനമായ കുടീരം എന്നുപേരുള്ള താജ്മഹൽ സ്ഥിതി ചെയ്യുന്നത് ആഗ്രയിലാണ്.

x-default

പ്രണയിക്കുന്നവർക്കും നവദമ്പതികൾക്കും തങ്ങളുടെ ഏറ്റവും സന്തോഷഭരിതമായ ദിനങ്ങൾ ചെലവിടാൻ നിരവധി റിസോർട്ടുകളും ആഡംബരം നിറഞ്ഞ ഹോട്ടലുകളുമൊക്ക ഈ നഗരത്തിലുണ്ട്. പ്രണയം തുളുമ്പുന്ന ഈ നഗരത്തിലെ താമസം നിങ്ങളുടെ മധുവിധുനാളുകളെ അതിസുന്ദരമാക്കുക തന്നെ ചെയ്യും.

ഉദയ്‌പൂർ 

തടാകങ്ങളുടെ നാടാണ് ഉദയ്‌പൂർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നവദമ്പതികൾ സന്ദർശിക്കുന്ന ഒരിടം കൂടിയാണിവിടം. മനുഷ്യ നിർമിതമായ നിരവധി തടാകങ്ങളും കൊട്ടാരങ്ങളും കോട്ടകളും പൂന്തോട്ടങ്ങളുമെല്ലാം നിറഞ്ഞ നാടാണിത്. ഇന്ത്യയിലെ തന്നെ മികച്ചതും കാല്പനികവുമെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആഡംബരം നിറഞ്ഞ ലേക് പാലസ്, ജഗ് നിവാസ് എന്നീ ഹോട്ടലുകൾ  പ്രണയം നിറഞ്ഞ മധുവിധു നാളുകളെ ഏറെ അഴകുള്ളതാക്കും.

ശ്രീനഗർ 

സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്ററോളം ഉയരത്തിൽ മഞ്ഞുപുതച്ചു നിൽക്കുന്ന കാശ്മീർ താഴ്വരകൾക്കു താഴെ സ്ഥിതിചെയ്യുന്ന ശ്രീനഗർ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായയിടങ്ങളിൽ ഒന്നാണ്.

637185350

വേനൽക്കാലങ്ങളിലാണ് ശ്രീനഗർ സന്ദർശിക്കുന്നതിന് ഉചിതമായ സമയം. മുഗൾ പൂന്തോട്ടവും ദാൽ തടാകവും  പിന്നെയും നിരവധി പ്രണയം പൂക്കുന്ന താഴ്വരകളുമൊക്കെ ശ്രീനഗറിലുണ്ട്. നിങ്ങളിലെ പ്രണയത്തെയും മധുവിധു നാളുകളെയും ശ്രീനഗർ യാത്ര  മനോഹരമാക്കുക തന്നെ ചെയ്യും.       

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA