വിസ്കി രുചിച്ചുനോക്കാൻ ഇവിടെക്കെത്താം

Metro-clouds-at-kasali-hills2
SHARE

ഹിമാചൽ പ്രദേശിലെ കസൗലി, അധികമാരും കേട്ടിട്ടില്ലാത്ത ഒരു ഹിൽ സ്റ്റേഷൻ. സോലൻ ജില്ലയിലെ ഒരു കുന്നിൻപ്രദേശം. നഗരത്തിരക്കുകൾക്ക് ഇടവേള നൽകി ശുദ്ധവായു ശ്വസിക്കാൻ പറ്റിയ ഇടം. കസൗലിയിലേക്കു യാത്ര ചെയ്താൽ‌ രണ്ടാണ് കാര്യം. ഒന്നു ശുദ്ധവായു ശ്വസിക്കാം. മറ്റൊന്ന് കൽക–ഷിംല മീറ്റർഗേജ് ട്രെയിൻ യാത്രയും  ആസ്വദിക്കാം. ഡൽഹിയിൽ‌ നിന്ന് ചണ്ഡിഗഡ് വഴിയാണ് കസൗലിയിലേക്ക് എത്തേണ്ടത്. ഡൽഹിയിൽ – കൽക ബ്രോഡ് ഗേജ് ട്രെയിൻ സർവീസ് ഉണ്ട്. തുടർന്നുള്ള യാത്ര ഷിംല മീറ്റർഗേജ് പാതയിൽ. ധരംപുരിൽ ഇറങ്ങി ലോക്കൽ ബസിലോ, ടാക്സിയിലോ 15 കിലോമീറ്റർ പിന്നിട്ടാൽ കസൗലിയായി. ബ്രിട്ടിഷ് ഭരണകാലത്ത് പട്ടാളകേന്ദ്രമായിന്നു കസൗലി. തന്ത്രപ്രധാനമായാണ് ഇന്നും കസൗലിയെ കരുതുന്നത്. അതുകൊണ്ടുതന്നെ കരസേനയുടെ ഒരു വിഭാഗവും വ്യോമസേനയുടെ നിരീക്ഷണ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 

കേന്ദ്ര ഗവേഷണ കേന്ദ്രം 

1904ൽ ആരംഭിച്ച സെൻട്രൽ റിസർ‌ച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് മറ്റൊരു ആകർഷണം. ഈ കേന്ദ്രത്തിന് ബ്രിട്ടിഷുകാർ നൽകിയ പേര് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമാണ് സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിലേക്കു മാറ്റിയത്. ഒട്ടേറെ പ്രതിരോധ മരുന്നുകളുടെ ഗവേഷണവും ഉൽപാദനവും ഇവിടെ നടക്കുന്നുണ്ട്. കസൗലി ടൗൺഷിപ്പിലെ മധ്യഭാഗത്താണ് ഈ കേന്ദ്രവും. മുൻകൂർ അനുമതിയുണ്ടെങ്കിൽ ഗവേഷണ കേന്ദ്രം സന്ദർശിക്കാം. 

കസൗലി ബ്രൂവറി 

വിസ്കി രുചിച്ചുനോക്കാൻ കസൗലിയിൽ എത്താം. പെഗ് കിട്ടണമെന്ന ആക്രാന്തം വേണ്ട, ഒന്നു രുചിച്ചുനോക്കുക മാത്രം ചെയ്യാം. 1820 ലാണ് കസൗലി ബ്രൂവറി തുടങ്ങിയത്. ഇംഗ്ലിഷുകാർക്കു വേണ്ടി തുടങ്ങിയതാണ് വിസ്കി ഡിസ്റ്റിലറി. പിന്നീട് ഇന്ത്യൻ നിയന്ത്രണത്തിലായി. വിസ്കി ഉൾപ്പെടെയുള്ള മദ്യങ്ങളുടെ ഉൽ‌പാദനരീതി കണ്ടുമനസ്സിലാക്കാം; പ്രവേശനം സൗജന്യം. 

Metro-Kasauli1

മങ്കി പോയിന്റ് 

ഹനുമാനെയാണ് ഇന്നാട്ടുകാർ ഇംഗ്ലിഷിൽ മങ്കിയെന്നു വിളിക്കുന്നത്. വ്യോമസേനാ നിരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതിനു മുകളിലാണ് മങ്കി പോയിന്റ്. മങ്കി പോയിന്റിന് ലങ്കയിലെ രാമ–രാവണ യുദ്ധവുമായി ബന്ധമുണ്ട്. ലക്ഷ്മണൻ അമ്പേറ്റു വീണപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ  മൃതസഞ്ജീവനിക്കായുള്ള യാത്രയ്ക്കിടെ ഹനുമാൻ ഒരു കാൽ അമർത്തി വിശ്രമിച്ച സ്ഥലമാണ് മങ്കി പോയിന്റ് എന്നാണു വിശ്വാസം.

കാൽപ്പത്തിയുടെ ആകൃതിയിലാണ് മങ്കി പോയിന്റ്. ഹനുമാൻ ക്ഷേത്രവുമുണ്ട് ഇവിടെ. ഫോട്ടോ, വിഡിയോ എടുക്കുന്നതിന് വ്യോമസേനയുടെ അനുമതി വേണം. ആയിരത്തോളം സ്റ്റെപ്പുകൾ കയറി മങ്കി പോയിന്റിലേക്കുള്ള യാത്ര അൽപം സാഹസികമാണ്. അതിലേറെ ആഹ്ലാദകരവും. 

നഹ്റി ക്ഷേത്രം 

ദുർഗാദേവി, ശിവൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം 19–ാം നൂറ്റാണ്ടിലാണു പണികഴിപ്പിച്ചത്. ജന്തർമന്തർ ക്ഷേത്രം എന്ന പേരും നഹ്റി ക്ഷേത്രത്തിനുണ്ട്. 

പള്ളികൾ 

1853ൽ തുടങ്ങിയ ക്രൈസ്റ്റ് ചർച്ചാണ് മറ്റൊരു ആകർഷണം. കൊളോണിയൽ വാസ്തുകലയുടെ സുന്ദര സ്മാരകമായി ഇന്നും നിലനിൽക്കുന്നു. വിദേശത്തു നിർമിച്ചു ചിത്രരചന നടത്തിയ ഗ്ലാസുകൾ പള്ളിയെ കൂടുതൽ ആകർഷകമാക്കുന്നു.

Metro-christ-church-kasauli3

പകൽസമയത്തു ധ്യാനത്തിനായി ചെലവിടാം. 2008 ലുണ്ടായ അഗ്നിബാധയിൽ പള്ളിയുടെ ഒരു ഭാഗം കത്തിനശിച്ചിരുന്നു. 20–ാം നൂറ്റാണ്ടിൽ നിർമിച്ച ബാപ്റ്റിസ്റ്റ് പള്ളിയും ഇവിടെയുണ്ട്. 

സൺസെറ്റ് പോയിന്റ്

കസൗലിലെ മറ്റൊരു ആകർഷണമാണ് സൺസെറ്റ് പോയിന്റ്. ചുവപ്പുവർണവുമായി അഗാധ ഗർത്തത്തിലേക്കു  മുങ്ങുന്ന സൂര്യനുണ്ട് ഇവിടെ.  വൈകുന്നേരത്തെ നടപ്പിനൊപ്പം ഈ കാഴ്ചയും ആസ്വദിക്കാം. 

ഗിൽബർട്ട് നേച്ചർ ട്രെയിൽ 

പ്രധാന നിരത്തുകൾ വിട്ട് നാട്ടുപാതയിലൂടെ പ്രകൃതിസന്ദര്യം ആസ്വദിച്ചു നടക്കാം. ചെറിയൊരു ട്രക്കിങ്. ഒപ്പം പക്ഷികളെയും മറ്റ് അപൂർവ മൃഗങ്ങളെയും നിരീക്ഷിക്കാം.

സന്ദർശകരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന നാട്ടുകാരാണ് മറ്റൊരു പ്രത്യകത. ആവശ്യമായ വെള്ളവും ഒരുപക്ഷേ ഭക്ഷണവും വരെ തരുന്നവരുണ്ടിവിടെ. കസൗലിയിൽ ഹോംസ്റ്റേ സൗകര്യവുമുണ്ട്. മീറ്റർഗേജ് പാതയിൽ‌ കാൽകയിലേക്ക് രാത്രിയുള്ള മടക്കം അപൂർവ കാഴ്ചകൾ സമ്മാനിക്കും. 

ഡൽഹിയിൽ നിന്ന് കൽക വരെ ട്രെയിനിൽ എത്താം. അവിടെ നിന്ന് ഷിംല മീറ്റർഗേജ് പാതയിൽ ധരംപുർ സ്റ്റേഷനിൽ ഇറങ്ങണം. അവിടെ നിന്ന് ലോക്കൽ ബസ്, ടാക്സി സൗകര്യം പ്രയോജനപ്പെടുത്താം. ട്രെയിനിലോ, ബസിലോ ചണ്ഡിഗഡിലെത്തി അവിടെ നിന്ന് ഷിംല ബസിലും ധരംപുരിലെത്താം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA