ഊട്ടിയും കൊടൈക്കനാലും മടുത്തോ? എങ്കിൽ വരൂ ഷെവറോയ് കുന്നുകളിലേക്ക്

Yercaud
SHARE

ഊട്ടിയിലും കൊടൈക്കനാലിലും പല തവണ യാത്രപോയി  മടുത്തോ? എങ്കിൽ ഷെവറോയ് കുന്നുകൾ എന്നും വിളിപ്പേരുള്ള യേർക്കാടിലെ കുന്നുകളിലേക്ക് സ്വാഗതം. സേലത്തു നിന്ന് 30 കിലോ മീറ്റർ മല കയറ്റം. 20 ഹെയർപിൻ വളവുകൾ താണ്ടിയാൽ കുളിരുന്ന യേർക്കാടിലെത്താം. 

സമുദ്ര നിരപ്പിൽ നിന്നു ഏദേശം 4970 ഫീറ്റ് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ അധിനിവേശ പ്രദേശങ്ങളിലൊന്നാണ്.  യേരി എന്നാൽ തമിഴിൽ തടാകം എന്നർത്ഥം. യേരിയും കാടും ചേർന്ന് യേർക്കാട് എന്ന പേരു വന്നു. തേയിലത്തോട്ടങ്ങൾക്കു  പുറമെ കുരുമുളകും  ഏലവും അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങളും ഒാറഞ്ച്, സിട്രസ്, പീയർ, നേന്ദ്രപ്പഴം, ചക്ക, ഒാറഞ്ച്, കിവി, ശീതപ്പഴം, പേരയ്ക്ക തുടങ്ങിയവയുടെ കൃഷിയും ഷെവറോയ് കുന്നുകളിൽ ഉണ്ട്. ചന്ദനം, തേക്ക്, സിൽവർ ഒാക് എന്നിവയും സമൃദ്ധമായി വളർന്നു.

Yercaud1
സേലത്തു നിന്നുള്ള യേർക്കാടേക്കുള്ള ഹെയർപിൻ വളവു കയറിയുള്ള യാത്ര.

മാൻ, കാട്ടുപോത്ത്, മുയൽ, കുറുക്കൻ, കീരി, അണ്ണാൻ, വിവിധയിനം പാമ്പുകൾ, ബുൾബുൾ പക്ഷി,  കുരുവികൾ, തുടങ്ങിയ സസ്യ ജീവി ജാലങ്ങളുടെ  വലിയൊരു ലോകവും ഇവിടെയുണ്ട്. തമിഴ്നാട്ടിൽ നീലഗിരിക്കുന്നുകളിലേക്കും മറ്റും തേയില കൃഷി വ്യാപിച്ചത് ഷെവറോയ് കുന്നുകളിൽ നിന്നാണ്. ഷെവറോയ് കുന്നുകളിൽ ആനകളുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇവ അപ്രത്യക്ഷമായത്. 

തീവണ്ടി മാർഗം സേലത്തെത്തിയാൽ യേർക്കാടിലേക്ക് ഇഷ്ടംപോലെ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട്  ബസുകളുണ്ട്. വൃത്തിയായി പരിപാലിക്കുന്ന ചുരത്തിലൂടെയുള്ള  ഡ്രൈവിങ് മികച്ച അനുഭവമാണ്. മുകളിലേക്ക് കയറുന്തോറും  കാലാവസ്ഥയും കാഴ്ചയും കൂടുതൽ മനോഹര്യത പകരും. റോഡരികിൽ  നിറയെ കുരങ്ങുകളുടെ വികൃതികൾ കാണാം. യേർ്കകാടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അഞ്ചു കിലോ മീറ്റർ ചുറ്റളവിലാണ്.

∙യേർക്കാട് തടാകവും ഡീർ പാർക്കും

 യേർക്കാടിലെ പ്രധാന ആകർഷണം ഈ തടാകം തന്നെയാണ്. 70 മുതൽ 90 രൂപ വരെയാണ് ബോട്ടിങ് ചാർജ്. പെഡൽ ബോട്ടോ റോ ബോട്ടോ ഇഷ്ടാനുസരണം  തിര‍ഞ്ഞെടുക്കാം. തടാകത്തോടു ചേർന്ന് മനോഹരമായ പാർക്കും  മിനി മൃഗശാലയും ഉണ്ട്. അണ്ണ പാർക്കും സന്ദർശിക്കാൻ  മറക്കരുത്. യേർക്കാട് തടാകത്തോടു  ചേർന്നുള്ള പെട്ടിക്കടകളിൽ നിന്നു രുചികരായ  ബ്രഡ് ഒാംലെറ്റ് ലഭിക്കും. 

∙ലേഡീസ് സീറ്റ്

ടൗണിൽ നിന്നു മൂന്നു കിമീ അകലെയാണ്  ലേഡീസ് സീറ്റ്.  ഇവിടെ നിന്നു സൂര്യാസ്തമയ കാഴ്ചയും സേലത്തു നിന്ന് യേർക്കാടിലേക്കു നീളുന്ന  ഹെയർപിൻ വളവുകളുടെ മനോഹരദൃശ്യവും  കാണാം. മുളകു ബജിയും ചിപ്സും കഴിച്ച് ഇവിടെ സായാഹ്നം  ചെലവഴിക്കാം.

Yercaud6

 ഈ വ്യൂ പോയിന്റ് ആദ്യം കണ്ടെത്തിയത് ഒരു ബ്രിട്ടീഷ് വനിത ആയതിനാലത്രെ ലേഡീസ് സീറ്റ് എന്ന പേര്. 

ലേഡീസ് സീറ്റിനു സമീപത്തു തന്നെ  ജെന്റ്സ് സീറ്റ് വ്യൂ പോയിന്റും ചിൽഡ്രൻസ് സീറ്റ് പോയിന്റുമുണ്ട്. ചിൽഡ്രൻസ് സീറ്റിൽ കുട്ടികൾക്കു കളിക്കാനുള്ള ഉപകരണങ്ങൾക്കു പുറമെ റോസ് ഗാർഡനും സജീകരിച്ചിരിക്കുന്നു. 

Yercaud5
യേർക്കാട് തടാകത്തിൽ ഒരുക്കിയിരിക്കുന്ന ബോട്ടുക

∙സെർവരായൻ  ഗുഹാ ക്ഷേത്രം

 5326 അടി ഉയരത്തിലുള്ള സെർവരായൻ ക്ഷേത്രം യേർക്കാടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്.  ചെറിയ  കെട്ടിടത്തിനുള്ളിലേക്കു  തല നന്നായി കുനിച്ചോ നാലു കാലിൽ ഇഴഞ്ഞു നീങ്ങിയോ മാത്രമേ പ്രവേശിക്കാനാവൂ. അകത്തു കയറിയാൽ ഗുഹയാണ്. 

Yercaud4
സെർവരായൻ ഗുഹാ ക്ഷേത്രത്തിന്റെ പ്രവേശന കവാടം

സെർവരായൻ ദേവപ്രതിഷ്ഠയുള്ള ഗുഹാക്ഷേത്രമാണിത്. കാവേരിയാണ് ദേവി പ്രതിഷ്ഠ. കാവേരി നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണത്രെ. മെയ് മാസത്തിലാണ് ക്ഷേത്രത്തിലെ വാർഷിക ഉത്സവം. ഏഴ് ദിവസം നീളുന്ന ഈ ഉത്സവ സമയത്ത് സന്ദർശകർ കൂടുതലെത്തും. 

∙കിളിയൂർ വെള്ളച്ചാട്ടം

യേർക്കാട് ടൗണിൽ നിന്നു മൂന്നു കിലോ മീറ്റർ ദൂരമാണ് കിളിയൂർ വെള്ളച്ചാട്ടത്തിലേക്ക്. മൺസൂൺ കഴിഞ്ഞുള്ള സമയമാണ് കിളിയൂർ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഉചിതം.

∙പഗോഡ പിരമിഡ്

പഗോഡ പോയിന്റ് അഥവാ പഗോഡ പിരമിഡ്  യേർക്കാടിലെ മറ്റൊരു വ്യു പോയിന്റാണ്. ഗോത്ര സമുദായക്കാർ സജീകരിച്ചതെന്നു കരുതുന്ന പിരമിഡ് മാതൃകയിലുള്ള നാലു പാറകളുടെ ശിൽപമാണിത്. ഗോത്രവർഗക്കാരുടെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് സ്ഥാപിച്ചതെന്നു കരുതുന്ന ഇവിടെ ക്ഷേത്രവുമുണ്ട്.

∙ഗ്രാൻജ്

 യേർക്കാട് കലക്ടറായിരുന്ന സ്കോട്ട്ലൻഡുകാരനായ  ഡേവിഡ് കോക്ക്ബേൺ ആണ് 1820 ൽ പ്രദേശത്താദ്യമായി ഗ്രാൻജ് എസ്റ്റേറ്റിൽ തേയിലക്കൃഷി ആദ്യം ആരംഭിച്ചത്.  ആഫ്രിക്കയിൽ നിന്നായിരുന്നു തേയില എത്തിച്ചത്. പിന്നീട് കൂടുതൽ യൂറോപ്യൻമാർ ഇവിടെയെത്തി കൃഷി തുടങ്ങി.

ചക്ക, ഒാറഞ്ച്,പേരയ്ക്ക എന്നിവയും കുരുമുളകും  ഏലവും അടക്കമുള്ള സുഗന്ധ വ്യഞ്ജനങ്ങളും ഇവിടെ കൃഷി ചെയ്തിരുന്നു. യുറോപ്യൻ കാസിൽ മാതൃകയിലുള്ള കോട്ടയും ഇവിടെ കാണാം. യേർക്കാടിലെ  ഏറ്റവും പഴക്കമേറിയ കെട്ടിടമാണിത്.

∙കരടി ഗുഹ(ബിയേഴ്സ് കേവ്)

300 മീറ്ററോളം നീളമുള്ള ബിയേഴ്സ് കേവിൽ പണ്ടു കരടികൾ താമസിച്ചിരുന്നവെന്നാണ് സങ്കൽപ്പം. ടിപ്പു സുൽത്താൻ ഇവിടെ ഒളിവിൽ താമസിച്ചിരുന്നുവെന്നുവെന്നും  നാട്ടുകാർ പറയുന്നു. ഇന്ന് ഈ സ്ഥലം ഒരു സ്വകാര്യ  കോഫി എസ്റ്റേറ്റിലാണെങ്കിലും  അനുമതി വാങ്ങി ഇവിടെ പ്രവേശനം അനുവദിക്കുന്നുണ്ട്.

∙മോണ്ട്ഫോർട്ട് സ്കൂൾ

ഫ്രഞ്ച് ശിൽപകലാ മാതൃകയിൽ 1917 ൽ നിർമിച്ച സ്കൂൾ. മനോഹരമായ കപ്പേളയും സ്കൂൾ കോംപൗണ്ടിനകത്തുണ്ട്. പൂന്തോട്ടവും  നീന്തൽക്കുളവും കളി സ്ഥലവുമടങ്ങുന്ന സ്കൂൾ മാതൃകാ പരമാണ്. ഞായറാഴ്ചകളിൽ  മാത്രം സന്ദർശകർക്കയി തുറക്കുന്ന മിനി മൃഗശാലയുമുണ്ട്. 

∙ബോട്ടാനിക്കൽ ഗാർഡൻ ആൻഡ് ബെൽ റോക്ക്

 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇവിടെ കാണാം.. പടവുകൾ കയറി മുകളിലേക്ക് ചെന്നാൽ  വ്യുപോയിന്റുണ്ട് . ബെൽ റോക്ക് ആണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പാറക്കല്ലുകൊണ്ട്  ഇടിച്ചാൽ ഈ റോക്കിൽ നിന്നു മണി മുഴങ്ങുന്ന ശബ്ദം കേൾക്കാം.

പ്രാണികളെ ഭക്ഷിക്കുന്ന അസ്പരാഗസ് ചെടിയും  ഗ്രീൻ റോസ് ചെടിയും  വിവിധയിനം ഒാർക്കിഡുകളും  ഇവിടെയുണ്ട്.

∙ആട്ടുകാൽ കിഴങ്ങ്

Yercaud2
വഴിയരികിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്ന ആട്ടുകാൽ കിഴങ്ങും പനിയാരവും

യേർക്കാട് ടൗണിലെ കടകളിലെല്ലാം   ആട്ടുകാൽ കിഴങ്ങ് വിൽപ്പനയുണ്ട്.   ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലും ഇവ ലഭിക്കുമെങ്കിലും  യേർക്കാടിൽ വളരെ വ്യാപകമായി ആട്ടുകാൽ കിഴങ്ങ് വിൽപ്പനയുണ്ട്. സൂപ്പ് ഉണ്ടാക്കിക്കുടിക്കുന്നതിനാണ്  ഉപയോഗിക്കുന്നത്. കിഴങ്ങിനു പുറമെ സൂപ്പാക്കി ഇതു വിൽക്കുന്ന കടകളും യേർക്കാടിലുണ്ട്.

∙കുഴി പനിയാരം

Yercaud3
വഴിയരികിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്ന ആട്ടുകാൽ കിഴങ്ങും പനിയാരവും

പനിയാരം ഇവിടത്തെ തട്ടുകടകളിലെല്ലാം  ലഭിക്കും.  ഇഡ്ഡലിയുടെയും  ഉണ്ണിയപ്പത്തിന്റെയും  ഇടയ്ക്കുള്ള ഒരു പതിപ്പ് എന്ന് പനിയാരത്തെ വിളിക്കാം. പുറമെ ക്രിസ്പിയും അകമെ മൃദുലവും.  ഇഡ്‌ലിയുടെയും ദോശയുടെയും മാവുകൊണ്ട് തന്നെയാണ് കുഴി പനിയാരം ഉണ്ടാക്കുന്നത്. ഉണ്ണിയപ്പം തയാറാക്കുന്ന പാത്രമാണ് പനിയാരം തയാറാക്കുന്നതിനും ഉപയോഗിക്കുന്നത്. തേങ്ങാച്ചമ്മന്തിയോ  തക്കാളി ചമ്മന്തിയോ ചേർത്ത് കഴിക്കാം.

∙യേർക്കാടിലെ  മലയാളികൾ

മലയാളികളും വെള്ളാള വിഭാഗക്കാരുമാണ്  യേർക്കാടിലെ ജനസംഖ്യയുടെ ഭൂരിഭാഗവും. മലയാളി സംഘവും മറ്റും ഇവിടെ സജീവമാണ്. എന്നാൽ കേരളത്തിലെ മലയാളിയുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ഇവിടത്തെ ട്രൈബൽ വിഭാഗമാണ് മലയാളികൾ. മലയാളി എന്നാൽ മലമുകളിൽ താമസിക്കുന്നവർ എന്നർത്ഥം. 

എപ്പോൾ പോകാം?

ജൂലൈ, ഒാഗസ്റ്റ്, സെപ്റ്റംബർ ഒഴികെയുള്ള ഏതു മാസവും യാത്രയ്ക്ക് അനുയോജ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA