പ്ലാൻ ചെയ്യാത്ത സ്വപ്നയാത്രയെക്കുറിച്ച് നടി അനന്യ

ananya
SHARE

പ്ലാന്‍ ചെയ്യാതെ ഒരു ദിവസം രാവിലെ വെളിപാടുണ്ടായ പോലൊരു യാത്ര പോയാല്‍ അതിന്റെ ത്രില്‍ മറ്റെപ്പോഴത്തേക്കാളും കൂടുതലായിരിക്കുമെന്നുറപ്പ്. യാത്ര പോകുന്നിടം ഒട്ടും നിനച്ചിരിക്കാതെ മൂഡു മാറ്റുന്ന കുസൃതി കൂടാരത്തിലേക്കാണെങ്കിലോ? നിഗൂഢ സൗന്ദര്യമുളള മലമുകളിലേക്കോ വനങ്ങളിലേക്കോ ആണെങ്കില്‍ പറയുകയും വേണ്ട. അങ്ങനെ പോയൊരു യാത്രയുടെ ത്രില്ലിലാണ് നടി അനന്യ. അമ്പെയ്ത് മെഡലുകളൊരുപാട് നേടിയെടുത്തിട്ടുള്ള അനന്യ, മത്സരങ്ങളുടെ ഭാഗമായി ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. യാത്രകളോട് അത്രമേല്‍ പ്രിയം.

ananaya-trip

വിവാഹമൊക്കെ കഴിഞ്ഞിട്ടും സിനിമയില്‍ സജീവമായി നിന്ന അനന്യ, ഇപ്പോൾ കരിയറിനു ചെറിയ ബ്രേക്ക് നല്‍കി ജീവിതം നന്നായി ആസ്വദിക്കുന്ന തിരക്കിലാണ്. അങ്ങനെയാണ് ഒരു ദിവസം ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം വീട്ടില്‍ പോലും പറയാതെ, ഒരു സ്വേറ്റര്‍ പോലും കരുതാതെ ഹിമാലയത്തിലെ ബദരീനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത്. ഹിമാലയ യാത്രയെപറ്റി വാചാലയായ അനന്യ, സാഹസികയാത്ര സമ്മാനിച്ച അനുഭവങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.

സ്വപ്നയാത്ര

പണ്ടേയുള്ള സ്വപ്‌നമാണ് ഹിമാലയത്തിലേക്കൊരു യാത്ര. അതിനെ കുറിച്ചൊക്കെ ആലോചിച്ചിരിക്കവേയാണ് ആ ക്ഷേത്രങ്ങളെ കുറിച്ചോര്‍ത്തത്. നമുക്ക് പോയാലോ എന്നു വെറുതെ ചോദിച്ചപ്പോള്‍ ആള് സമ്മതം പറഞ്ഞു, പിന്നെ താമസിച്ചില്ല, ഡല്‍ഹി വഴി  കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കുമുള്ള യാത്ര തുടങ്ങി. ആദ്യം കേദാര്‍നാഥിലേക്കായിരുന്നു യാത്ര. ലോകത്തെ വിറപ്പിച്ച ഹിമാലയത്തിലെ വെള്ളപ്പൊക്കം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞായിരുന്നു യാത്ര.

ananaya-trip3

റോഡ് പലയിടത്തും ഇല്ല. ചിലയിടത്ത് പണി നടക്കുന്നു. അതുകൊണ്ടു തന്നെ കേദാര്‍നാഥിലേക്ക് വാഹനമൊന്നുമില്ല. ക്ഷേത്രത്തിലേക്ക് എത്തിച്ചേരണമെങ്കിൽ  ഹെലികോപ്റ്ററില്‍ പോകണം, അല്ലെങ്കില്‍ ഏഴു മണിക്കൂര്‍ കുതിര സവാരി നടത്തണം. മഞ്ഞു വീഴ്ച കനത്തതു കാരണം ഞങ്ങള്‍ എത്തിയ ദിവസം എന്തായാലും ക്ഷേത്രത്തിലേക്ക് യാത്ര പോകാനാകില്ലായിരുന്നു. അതുകൊണ്ട് അന്നൊരു ദിവസം താഴ്‍‍വാരത്തില്‍ കഴിഞ്ഞു. 

Kedarnath

ഹെലികോപ്റ്റര്‍ യാത്ര സാധ്യമായി

പിറ്റേ ദിവസം ഒമ്പതു മണിക്ക് ഹെലികോപ്റ്റര്‍ യാത്ര സാധ്യമായി. അതും കുറേ നിര്‍ദ്ദേശങ്ങളോടെയായിരുന്നു. രാത്രി ഹെലികോപ്റ്റര്‍ യാത്ര ഇല്ല. മഞ്ഞ് ആണെങ്കില്‍ ക്ഷേത്രത്തിന്റെ താഴ‍‍വാരത്ത് ടെന്റ് അടിച്ച് തങ്ങിയിട്ട് അന്തരീക്ഷം നന്നായിട്ടേ പോകാനാകൂ. എന്തായാലും വന്നില്ലേ. ഇനി വരുന്ന ഇടത്തു വച്ച് കാണാമെന്നു പറഞ്ഞ് ഹെലികോപ്റ്ററില്‍ യാത്ര തിരിച്ചു. അഞ്ചു പേര്‍ക്കുള്ള സ്ഥലമേ അതിലുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തില്‍ എത്തിയിട്ടാണ് ഞാന്‍ എന്റെ അമ്മയോട് ഇവിടേക്കു വന്ന കാര്യം വിളിച്ചു പറഞ്ഞത്. ക്ഷേത്രത്തിലെത്തി മനസ്സു നിറഞ്ഞ് പ്രാര്‍ഥിച്ചു. കഠിനമായ മഞ്ഞായിരുന്നു അവിടെ. പക്ഷേ നമ്മുടെ ശരീരത്ത് ചൂടും. അങ്ങനെ വല്ലാത്തൊരു അവസ്ഥ. കടുത്ത മഞ്ഞിനെ എതിർക്കാൻ ജാക്കറ്റോ സ്വെറ്ററോ കയ്യിലില്ല. ഒട്ടും നിനച്ചിരിക്കാതെ പോന്നതല്ലേ. ഒന്നും എടുക്കാനൊന്നും ആലോചിച്ച് നിന്നില്ല.

ananaya-trip2

മഞ്ഞുമൂടിയ ബദരീനാഥിലേക്ക് 

പിന്നെ പോയത് ബദരീനാഥിലേക്ക്. അതും ഇതുപോലെ തന്നെ കഠിനമായ യാത്രയായിരുന്നു. നല്ല മഴയും മഞ്ഞും കൂടിയായതോടെ മുന്‍പത്തേക്കാള്‍ കഷ്ടമായി. പുഴകള്‍ക്കു മീതെയുള്ള പല പാലങ്ങളും പൊളിഞ്ഞ അവസ്ഥയിലായിരുന്നു. അതൊക്കെ നന്നാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രാര്‍ഥനകള്‍ക്കപ്പുറം ബദരീനാഥില്‍ മാത്രം പൂക്കുന്നൊരു പുഷ്പമുണ്ട്. അതും കൂടി കാണുകയായിരുന്നു ലക്ഷ്യം. പക്ഷേ അതിന്റെ സീസണില്‍ അല്ല, ഞങ്ങള്‍ അവിടെ ചെന്നത്. എന്നിട്ടും ഭാഗ്യമെന്നു പറയട്ടെ ആ പുഷ്പങ്ങള്‍ എനിക്കു കാണാനായി. നാലഞ്ചെണ്ണം കൈയിൽ കിട്ടുകയും ചെയ്തു.  വീട്ടിലേക്ക് കൊണ്ടുപോന്നു. മറ്റൊരു അദ്ഭുതം അവിടുത്തെ തടാകമായിരുന്നു. കൊടും തണുപ്പിലും ഇളം ചൂടുവെള്ളം പേറുന്ന തടാകം. അതിന്റെ വേറൊരു അറ്റത്ത് കൊടും തണുപ്പുള്ള വെള്ളവും. ഒരു രാത്രിയും പകലും ബദരീനാഥില്‍ തങ്ങിയ ശേഷമായിരുന്നു തിരികെ പോന്നത്. മറക്കാനാകില്ല ഈ രണ്ടു യാത്രകളും - അനന്യ പറയുന്നു.

1badrinath-temple3

നല്ല സിനിമകള്‍ ചെയ്യാനായാണ് അനന്യ സിനിമയിലൊരു ചെറിയ ഇടവേള എടുത്തത്. ഇപ്പോഴൊരു നല്ല പ്രോജക്ടിന്റെ ഭാഗമായിക്കഴിഞ്ഞു. ശക്തമായ കഥാപാത്രവുമായി അനന്യ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. യാത്രകളോട് കമ്പമുള്ള താരം ഒട്ടനവധി യാത്രകൾ നടത്തിയിട്ടുണ്ട്. സിങ്കപൂർ,മലേഷ്യ,ദുബായ് അങ്ങനെ  മായാലോകത്തെ കാഴ്ചകളെല്ലാം വിസ്മയിപ്പിക്കുന്നതായിരുന്നു.

ഇനിയുമൊരുപാട് യാത്രകള്‍ മുന്‍പിലങ്ങനെ കൊതിപ്പിച്ചു കാത്തു നില്‍പ്പുണ്ട്. അതിലേക്കുള്ള തയാറെടുപ്പിലാണ്. പറയാറില്ലേ, ജീവിതത്തില്‍ അധികം പ്ലാനിങ്ങുകളൊന്നും പാടില്ലെന്ന്. അങ്ങനെ ജീവിക്കുന്നത് വെല്ലുവിളിയാണെങ്കിലും അത് തരുന്ന അനുഭവങ്ങളും നാം നയിക്കപ്പെടുന്ന വഴികളും തീര്‍ത്തും വ്യത്യസ്തമായിരിക്കും. വിശ്രമ വേളകളില്‍ ഓര്‍ത്തിരിക്കാന്‍ ആ അനുഭവങ്ങളേ നമുക്കൊപ്പമുണ്ടാകൂ. യാത്രകളുടെ കാര്യമാണെങ്കിലും അതുപോലെയാണ്. അനന്യ പറഞ്ഞതുപോലെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA