ബാംഗ്ലൂർ-മൈസൂർ ദേശീയ പാതയിലെ കളിപ്പാട്ട ഗ്രാമം

694426346
SHARE

വയസു തൊണ്ണൂറായാലും കയ്യിലൊരു കളിപ്പാട്ടം  കിട്ടിയാൽ അതൊന്നു തിരിച്ചും മറിച്ചും നോക്കാത്തവർ വിരളമായിരിക്കും. കുട്ടിക്കാലത്തിന്റെ ഓർമകളിലേക്ക് ഒരു മടക്കയാത്ര നടത്തുമ്പോൾ, അവിടെ എത്രയെത്ര കളിപ്പാട്ടങ്ങളാണ്.. ഓലപ്പന്തും, ഓലപ്പീപ്പിയിലും തുടങ്ങി അക്കാലത്തെ ആഡംബരത്തിന്റെ അവസാനവാക്കായ മരത്തിൽ തീർത്ത കുതിരകളും കാറുകളും വരെ പലരുടെയും മനസ്സിൽ ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ടാകും. ബാല്യത്തിൽ ആഗ്രഹിച്ചതെല്ലാമൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് അവയിലേതെങ്കിലുമൊന്നു കാണുമ്പോൾ അറിയാതെ ആ കളിപ്പാട്ടത്തിൽ കണ്ണും മനസും കൈയും ഉടക്കുന്നവരാണ്‌  നമ്മിൽ ഭൂരിപക്ഷവും. ഈ യാത്ര അത്തരത്തിലൊരിടത്തേക്കാണ്.. കളിപ്പാട്ടങ്ങൾ കാണാൻ..വീണ്ടും കയ്യെത്തും ദൂരത്തേക്ക് ഒരു കുട്ടിക്കാലത്തെ ആവാഹിക്കാൻ...

ചെന്നപ്പട്ടണം എന്നാണ് ഈ നാടിന്റെ പേര്. ആദ്യമേ തന്നെ പറയട്ടെ..പേരിൽ മാത്രമേ പട്ടണത്തിന്റെ പ്രൗഢിയുള്ളു. തീർത്തും ഒരു ഗ്രാമം. ബാംഗ്ലൂർ-മൈസൂർ ദേശീയ പാതയരികിലാണ് ഈ കളിപ്പാട്ട ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാതയരികിൽ  നിറയെ കൊച്ചു കൊച്ചു കടകൾ...അവയിലെല്ലാം പലനിറങ്ങൾ വാരിയണിഞ്ഞ കളിപ്പാട്ടങ്ങൾ..പല രൂപത്തിലുള്ളവ, പല വലുപ്പത്തിലുള്ളവ...ആനകളും  സുന്ദരികളും  സുന്ദരന്മാരുമായ ആൾരൂപങ്ങളും  കുതിരകളും കാളയെ പൂട്ടിയ വണ്ടികളും തുടങ്ങി കൗതുകം ജനിപ്പിക്കുന്ന നിരവധി കാഴ്ച്ചകൾ. വിസ്‌മയത്തിന്റെ  മഴവെള്ളപ്പാച്ചിലുകൾ കണ്ണുകളിൽ വിരിയാൻ അധികസമയം വേണ്ടി വരില്ല. 

നെയ്ത്തും മൺപാത്ര നിൺമാണവുമൊക്കെ ഇപ്പോഴും  ചില ഗ്രാമങ്ങളുടെ ഉപജീവനമാർഗമാണ്. അതുപോലെ ചെന്നപ്പട്ടണത്തിന്റെ ഉപജീവന മാർഗമാണ് കളിപ്പാട്ട നിർമാണം. മരത്തിൽ ചെത്തി മിനുക്കിയെടുക്കുന്ന കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും  വരുത്താത്തതുകൊണ്ടു തന്നെ പുറംനാടുകളിലേക്കും ഇവ കയറ്റിഅയക്കുന്നുണ്ടെന്നുള്ളത്  ചെന്നപട്ടണത്തിന് ഖ്യാതിയേറ്റുന്നു. കരവിരുതിനാൽ മരത്തിൽ വിസ്മയിപ്പിക്കുന്ന രൂപങ്ങൾ തെളിയുന്നതിനൊപ്പം പ്രകൃതിജന്യമായ നിറങ്ങൾ യോജിപ്പിച്ച് അവയ്ക്ക് ആരും കൊതിക്കുന്ന മോഹനവർണം  കൂടി നൽകുന്നതോടെ കളിപ്പാട്ട നിർമാണം പൂർത്തിയാകും.

സ്ത്രീകളാണ് കൂടുതലും ഈ തൊഴിലിലേർപ്പെട്ടിരിക്കുന്നത്. അവർക്കിതു കുടിൽവ്യവസായവും വരുമാനമാർഗവും കൂടിയാണ്. കളിപ്പാട്ട നിർമാണങ്ങൾ മരങ്ങൾ കൊണ്ടായതിനാൽ, ധാരാളം ചെറുഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം അഞ്ഞൂറിന് മുകളിൽ ഫാക്ടറികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കളിപ്പാട്ടങ്ങൾ മാത്രമല്ല, മരങ്ങൾ കൊണ്ടുള്ള പേനകളും ട്രേകളും  തുടങ്ങി നിരവധി ഉൽപന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്. 

471605435

ചെന്നപ്പട്ടണത്തിന്റെ കളിപ്പാട്ട നിർമാണത്തിന്റെ പാരമ്പര്യം തുടങ്ങുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ആ നിർമാണകഥയ്ക്ക്. ടിപ്പുവിന്റെ ഭരണക്കാലത്ത്, അദ്ദേഹം പേർഷ്യയിൽ നിന്നും കളിപ്പാട്ട നിർമാണത്തിൽ  വൈദഗ്ധ്യമുള്ളവരെ വിളിച്ചുവരുത്തി, ഗ്രാമീണരെ അത് പഠിപ്പിക്കുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്തായാലും കളിപ്പാട്ട നിർമാണത്തിൽ അന്താരാഷ്ട്രത്തലത്തിൽ വരെ പ്രശസ്തമാകാൻ ഈ നാടിനു കഴിഞ്ഞു എന്നതാണ് പിന്നീടുള്ള കാലം സാക്ഷ്യപ്പെടുത്തുന്നത്. 

കളിപ്പാട്ടങ്ങളിൽ മനസുടക്കി എത്ര നേരം വേണമെങ്കിലും ഈ കടകൾക്കുള്ളിൽ നിന്നുപോകും. കാണുന്നതെല്ലാം സ്വന്തമാക്കണമെന്നുള്ള മോഹം മുളപൊട്ടും..വീണ്ടും ബാല്യത്തിലേക്ക് തിരിഞ്ഞു നടക്കും...വിടർന്ന കണ്ണുകളോടെ ഓരോ കളിപ്പാട്ടങ്ങളുമെടുത്ത് ഭംഗി കാണും...സ്വകാര്യങ്ങളിൽ സൂക്ഷിക്കാൻ ഏറ്റവും കൗതുകം സമ്മാനിച്ച ഒരു കളിപ്പാട്ടവുമായിട്ടായിരിക്കും മടക്കം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA