ബെംഗളൂരുവിലേയ്ക്ക് പോകാം പുതിയ വഴിയിലൂടെ

166468349
SHARE

നഗരത്തിരക്കുകൾക്ക് ഒരിടവേള നൽകി ഗ്രാമങ്ങളിലൂടെ ഒരു ബംഗളൂരു യാത്ര നടത്താൻ താല്പര്യമുള്ളവരാണോ നിങ്ങൾ? എങ്കിൽ മനോഹരമായ ഗ്രാമഭംഗി കണ്ടുകൊണ്ട്, തമിഴ്‌നാട്ടിലെ പ്രശസ്തമായ കോവിലുകളും അണക്കെട്ടുകളും കണ്ടുകൊണ്ട് ഒരു യാത്രക്കിറങ്ങാം. ആ യാത്ര നയനാന്ദകരമായ നിരവധി കാഴ്ചകൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകൾ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂർ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകൾ കയറി, മേട്ടൂർ ഡാമിലെ കാഴ്ചകൾ കണ്ട്...ധർമപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര.

ബെംഗളൂരുവിനോട് മലയാളികൾക്കെന്നും പ്രിയമാണ്. തൊഴിൽ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകൾ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയിൽ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകൾ കാണാനായി യാത്രയ്‌ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കിൽ, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കിൽ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂർ-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം.

തമിഴ്നാടിനെ ഒട്ടൊന്നു വിറപ്പിച്ച വീരപ്പന്റെ നാട്ടിലൂടെയുള്ള യാത്രയിൽ ഹൃദയം കവരുക വഴിയിലുടനീളം തണലുവിരിച്ചു നിൽക്കുന്ന വലിയ വൃക്ഷങ്ങളാണ്. പച്ചപ്പും തണലും നിറഞ്ഞ വലിയ വീതിയില്ലാത്ത നാട്ടുവഴികൾ യാത്രയെ വല്ലാതെയങ്ങു മോഹിപ്പിക്കും. പോകുന്ന വഴികളിലെല്ലാം പാതയരികുചേർന്നുള്ള  ചെറിയ ചെറിയ ക്ഷേത്രങ്ങൾ ആ കാഴ്ചയെ കൂടുതൽ കൂടുതൽ സുഖകരമാക്കും. സത്യമംഗലത്തുനിന്നും 45 കിലോമീറ്റർ ദൂരമുണ്ട് അന്തിയൂരിലേക്ക്. ഭവാനി സാഗർ അണക്കെട്ടും ഭവാനിനദിയും കൂടെ നിരവധി ക്ഷേത്രങ്ങളും  ആ യാത്രയെ കൂടുതൽ  മനോഹരമാക്കും .

അന്തിയൂരിൽ നിന്നും ഇനി യാത്ര നീളേണ്ടത് അമ്മപ്പേട്ട എന്ന പ്രദേശത്തുകൂടിയാണ്. തികച്ചും ഗ്രാമീണമായ അന്തരീക്ഷവും ശാന്തമായ ഗ്രാമവുമാണ് അമ്മപ്പേട്ട. യാത്രാക്ഷീണമകറ്റാൻ ഇതിലും പറ്റിയൊരിടം വേറെയുണ്ടാകില്ല. അല്പസമയത്തെ വിശ്രമത്തിനുശേഷം യാത്ര തുടരാം. ആ യാത്ര മേട്ടൂരിനെ ചുറ്റിയാണ്. മേട്ടൂർ ഡാമിന്റെ മനോഹാരിത കണ്ട് തൊപ്പൂരിലേക്ക്. അവിടെ നിന്നും ധർമപുരി കടന്നു ചെന്നെത്തുന്നത് ഹൊസൂരിലേക്കാണ്. ഹൊസൂരിൽ നിന്ന് നാൽപതു കിലോമീറ്റർ സഞ്ചരിച്ചാൽ  ബംഗളൂരുവിലെത്തി ചേരാം. 

വളരെ വിരസമായി പോകുമായിരുന്ന ഒരു യാത്ര അതീവഹൃദ്യമായി മാറിയ അനുഭവമായിരിക്കും ഈ ബംഗളൂരു യാത്ര നിങ്ങൾക്ക് സമ്മാനിക്കുന്നത്. സ്ഥിരം യാത്രാപാത മാറിയത് കൊണ്ട് യാത്ര കൂടുതൽ രസകരമായി തീർന്നു എന്ന് മാത്രമല്ല, കൂടുതൽ മനോഹരമായ ഇടങ്ങൾ കാണാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പാത സമ്മാനിക്കുന്ന ഏറ്റവും വലിയ നേട്ടം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA