പുതുച്ചേരി പഴയ പോണ്ടി തന്നെ

puducherry
SHARE

റിക്‌ഷകളുടെ ശബ്ദം കേട്ടുണരുന്ന പ്രഭാതങ്ങൾ. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു വിശ്രമമില്ലാതെ പായുന്ന സഞ്ചാരികൾ. ആഘോഷങ്ങളിൽ മുങ്ങി നീരാടുന്ന രാവുകൾ... പുതുച്ചേരിയെന്നു പേരു മാറ്റിയെങ്കിലും പോണ്ടിച്ചേരി ഇപ്പോഴും പഴയ പോണ്ടി തന്നെ. 

പതിനെട്ടു കൊല്ലം മുൻപാണ് ചക്കച്ചാംപറമ്പിൽ ജോയിയെ കാണാൻ അരവിന്ദനും ചന്തുവും കൂടി പോണ്ടിച്ചേരിക്കു പോയത്. സാധാരണക്കാർക്കു ഡാൻസ് ചെയ്യാൻ പറ്റിയ പാട്ടു പാടി അവരന്ന് ബീച്ചുകളിൽ ആടിത്തിമിർത്തത് മറക്കാനാവില്ല. പോണ്ടിച്ചേരിയിലെ ഫ്രണ്ട്സൊക്കെ അങ്ങനെയാണെന്ന് ജോയി പറഞ്ഞതിന്റെ അർഥം കഴിഞ്ഞ ദിവസം അവിടെ പോയപ്പോൾ മനസ്സിലായി. ഫ്രഞ്ച് കാലഘട്ടത്തിന്റെ ഓർമകളുറങ്ങുന്ന വീടുകളും തെരുവുകളും ‘പുതുച്ചേരി’യുടെ യൗവനം തീക്‌ഷണമാക്കുന്നു. ഓരോരുത്തരേയും ഓരോ രീതിയിൽ സ്വീകരിക്കാനുള്ള കഴിവ് ആ നഗരത്തിനുണ്ട്. പുതുച്ചേരിക്ക് വെറും ഇരുപത്തിരണ്ടു കിലോമീറ്റർ വിസ്താരമേയുള്ളൂ. അതിനുള്ളിൽ കടലുണ്ട്, കായലുണ്ട്, കണ്ണെത്താദൂരത്തോളം രസകരമായ കാഴ്ചകളുണ്ട്.

puducherry8

പുതിയ വാനം പുതിയ ഭൂമി

പുതുച്ചേരിയിൽ ആറു മണിക്കു മുൻപേ സൂര്യനുദിക്കും. പുലരിക്കിണ്ണം പൊന്നിൽ മുങ്ങുന്നതു കാണാൻ ആളുകൾ റോക്ക് ബീച്ചിലേക്കാണ് പോകാറുള്ളത്. മഞ്ഞു മൂടിയ പട്ടണത്തിൽ അപ്പോഴേക്കും പ്രഭാത സവാരിക്കാർ നിറഞ്ഞിട്ടുണ്ടായിരുന്നു. ആ തിരക്കിനെ വകഞ്ഞു മാറ്റി കടൽത്തീരത്തേക്ക് നടന്നപ്പോൾ കാലം പുറകിലേക്കു  കുതിച്ചു.

puducherry6

മഞ്ഞയും കാവിയുമായി പെയിന്റിൽ മുങ്ങിയ കെട്ടിടങ്ങൾ. റിക്ഷകളുടെ മണിയടി ശബ്ദം. ആൺ–പെൺ വ്യത്യാസമില്ലാതെ നിക്കറും ഷർട്ടുമണി‍ഞ്ഞ് സൈക്കിളിൽ പായുന്ന നാട്ടുകാർ. പുതുച്ചേരിയെന്നു പേരു മാറ്റിയെങ്കിലും പോണ്ടിച്ചേരി ഇപ്പോഴും പഴയ പോണ്ടി തന്നെ.

ഫ്രാങ്കോയിസ് ഡ്യൂപ്ലെയുടെ ശിൽപ്പത്തിനരികെ ബംഗാൾ സമുദ്രം ആർത്തിരമ്പി. അതു കാണാനെത്തിയ ജനസാഗരത്തിൽ കടൽത്തീരം മുങ്ങി. കിഴക്കേമാനം ചുവന്നു തുടുത്തതിനൊപ്പം പുതുച്ചേരി ഉണർന്നു. തിരമാലകളിലേക്കു വെള്ളം ചീറ്റിയ  മണ്ണുമാന്തിക്കപ്പൽ ആ കാഴ്ചയ്ക്കു ഭംഗി കൂട്ടി.

puducherry2

ഫ്രഞ്ച് ഭരണത്തിന്റെ ശേഷിപ്പായി പുതുച്ചേരിയിൽ രണ്ടു കാലിൽ എഴുന്നേറ്റു നിൽക്കുന്ന ഒരേയൊരു പ്രതീകമേയുള്ളൂ, അതു ഡ്യൂപ്ലെയാണ്. പോണ്ടിക്കു നഗരച്ഛായ നൽകിയ ഭ രണാധികാരിയാണ് ഫ്രാങ്കോയിസ് ഡ്യൂപ്ലെ. ക ടൽക്കാറ്റിന്റെ തലോടലേറ്റു വാങ്ങി നഗരഹൃദയത്തിൽ നിലകൊള്ളുന്ന ഡ്യൂപ്ലെ പ്രതിമയുടെ ഉയരം രണ്ടേ മുക്കാൽ മീറ്ററാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ചരിത്രം ആ ഫ്രഞ്ചുകാരന്റെ പീഠത്തിൽ സുഖമായി ഉറങ്ങുന്നു.

പുതുച്ചേരിയുടെ പരിഷ്കാരങ്ങൾ ബീച്ച് റോഡിനെ വൈറ്റ് ടൗണാക്കി മാറ്റി. ഫ്രഞ്ച് ഭരണത്തിന്റെ നാളുകളിൽ കപ്പൽ അടുത്തിരുന്ന തുറമുഖം അപ്പോഴാണ് വിനോദ സഞ്ചാര കേന്ദ്രമായത്. ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഫ്രഞ്ച് പട്ടാളക്കാരുടെ സ്മൃതികുടീരം ഇ വിടെ ‘വാർ മെമ്മോറിയലാ’യി നിലകൊള്ളുന്നു.

puducherry3

ആശ്രമക്കാഴ്ചകൾ

അരബിന്ദോ ആശ്രമമാണ് പോണ്ടിച്ചേരിയുടെ ലാൻഡ് മാർക്ക്. ജീവിത ലാളിത്യം പ്രചരിപ്പിച്ച അരവിന്ദ ഘോഷിന്റെ സ്മൃതികുടീരമാണ് അവിടെ കാണാനുള്ളത്. അരവിന്ദ ഘോഷിന്റെയും അമ്മയുടെയും മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലം പോണ്ടിയുടെ മുഖബിംബമായി ലോകം മുഴുവൻ അറിയപ്പെടുന്നു.

ആശ്രമത്തിലെ അന്തേവാസിയായ പുരുഷോത്തമൻ എന്ന എഴുപതുകാരനെ പരിചയപ്പെട്ടു. ‘‘ലളിതമായി വസ്ത്രം ധരിക്കാനാണ് ഗുരു പറഞ്ഞിട്ടുള്ളത്. ഞങ്ങൾക്കു മതമില്ല. സമാധാനമാണ് ലക്ഷ്യം. പല രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രമം സന്ദർശിക്കുന്നത് അതു നേടാനാണ്.’’ പതുങ്ങിയ ശബ്ദത്തിൽ പുരുഷോത്തമൻ പറഞ്ഞു.  അരബിന്ദോ ആശ്രമത്തിനു ജീവിതം സമർപ്പിച്ച പതിനയ്യായിരം അംഗങ്ങളിലൊരാളാണ് പുരുഷോത്തമൻ.

ഗ്രാമങ്ങളിലേക്കു നീണ്ടു കിടക്കുകയാണ് ആശ്രമത്തിന്റെ ശാഖകൾ. പെട്രോൾ പമ്പ്, കരകൗശല വിപണന ശാലകൾ, പരമ്പരാഗത ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയെല്ലാം ആശ്രമത്തിന്റെ തണലിൽ വളരുന്നു.

puducherry1

അരവിന്ദ ഘോഷിനെയും അമ്മയെയും വണങ്ങി പുറത്തിറങ്ങിയപ്പോൾ റിച്ചാർഡിനെ കണ്ടു. പത്തു വർഷത്തോളം പോണ്ടിച്ചേരിയിൽ താമസിച്ചതിന്റെ അനുഭവങ്ങൾ ചോദിച്ചപ്പോൾ അമേരിക്കക്കാരനായ റിച്ചാർഡ് മറ്റൊരു കഥയാണ് പറഞ്ഞത്.

‘‘You know, Bill Gates was my school mate. He lives in US. I prefer to live in Pondichery.’’ മൈക്രോസോഫ്റ്റിന്റെ ഉടമയായ ബിൽഗേറ്റ്സിന്റെ സഹപാഠിയാണു റിച്ചാർഡ്. ഇക്കാര്യം തെല്ലൊരു അഭിമാനത്തോടെയാണ് റിച്ചാർഡ് പറഞ്ഞത്. അതേസമയം തന്റെ ആഗ്രഹങ്ങൾക്ക് ആശ്രമത്തിന്റെ മേൽക്കൂരയ്ക്കപ്പുറം വലുപ്പമില്ലെന്നും പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. ജീവിതാന്ത്യം പുതുച്ചേരിയിലാണെന്നു നിശ്ചയിച്ചിരിക്കുകയാണ് അറുപത്തഞ്ചുകാരനായ റിച്ചാർഡ്.

ഫ്രഞ്ചുകാരുടെ ആനവാതിൽ

ക്ഷീണം മാറ്റാൻ ലാ കഫേയിൽ കയറി. ഫ്രഞ്ച് സാന്റ് വിച്ച് വാങ്ങിക്കഴിച്ചു. ബ്രെഡ്ഡും പീത്‌സയുമാണ് ഫ്രഞ്ചുകാർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ. പുതുച്ചേരിയിലെ ഒട്ടുമിക്ക റസ്റ്ററന്റുകളിലും ഇവ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണം കഴിച്ച ശേഷം ഭാരതി പാർക്കിലേക്കു പോയി. നഗരത്തിന്റെ ക്ഷീണം മൊത്തമായും ചില്ലറയായും അവിടെയുള്ള ബെഞ്ചുകളിൽ അഭയം തേടിയിരുന്നു. ഗോപുരവും തണൽമരങ്ങളുമുള്ള പാർക്കിന്റെ കോണുകളിൽ കൗമാര പ്രണയങ്ങൾ പൂത്തുലഞ്ഞു. ആയി മണ്ഡപമെന്നാണ് ഈ പാർക്കിന് നാട്ടുകാർ ഇട്ടിട്ടുള്ള ചെല്ലപ്പേര്. ഫ്രഞ്ചുകാരുടെ ആനവാതിൽ

മദ്യശാലകൾക്കു നിയന്ത്രണം വരുത്തിയ സുപ്രീംകോടതി ഉത്തരവിനു ശേഷം പുതുച്ചേരിയിലെ റോഡരികുകൾ ‘ഡ്രൈ ആയി’. എന്നിട്ടും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഫ്രഞ്ചുകാർ നിർമിച്ച വീടുകൾ കാണാനായി തെരുവിലൂടെ നടന്നപ്പോഴാണ് ഇ ക്കാര്യം മനസ്സിലായത്.

Rue saint Louis, Rue De La Marine, Rue Surcouf, Rue Romain Rolland... തെരുവുകളുടെ പേരുകൾ ഇങ്ങനെയൊക്കെ. ഇന്റർലോക്ക് ഹോളോ ബ്രിക്സ് പതിച്ച് ‘റ്യൂ’കൾ (റോഡ്) പുതുക്കിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് വാസ്തു വിദ്യയിൽ നിർമിച്ച കെട്ടിടങ്ങൾ അതേപടി നിലനിൽക്കുന്നു. ആനയ്ക്ക് കടക്കാവുന്നത്രയും വീതിയും ഉയരവുമുള്ള വാതിലും അതിന്റെ പകുതിയോളം വലുപ്പമുള്ള ജനലുകളുമുള്ള കെട്ടിടങ്ങളെല്ലാം ഫ്രഞ്ചുകാരുടേതാണ്. ടൂറിസം സീസണാകുമ്പോൾ അവർ ഫ്രാൻസിൽ നിന്നു പുതുച്ചേരിയിലെത്തും. ഒക്ടോബർ– ജനുവരി മാസങ്ങളിൽ പുതുച്ചേരിയിൽ ഫ്രഞ്ച് ചാകരയാണ്!

പുതുതായി രൂപീകരിച്ച നഗരം എന്ന പ്രത്യേകതയിൽ ഊന്നിയാണ് പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരി എന്നാക്കിയത്. കേന്ദ്രഭരണ പ്രദേശം എന്ന സവിശേഷതയിൽ പുതുച്ചേരി പുതുമോടിയണിഞ്ഞു.

പുതുച്ചേരിയിൽ സന്ദർശകരെ ആഹ്ലാദിപ്പിക്കുന്ന സ്ഥലമാണ് ബൊട്ടാണിക്കൽ ഗാർഡൻ. കുട്ടികളും കുടുംബങ്ങളുമായി കുറേയാളുകൾ അവിടെയുണ്ടായിരുന്നു.  ജലധാരായന്ത്രം, കുട്ടികൾക്കുള്ള തീവണ്ടി, അലങ്കാരമത്സ്യ പ്രദർശനം, ജാപ്പനീസ് റോക്ക് തുടങ്ങിയവയാണ് ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്ത് തടിയൻ മരങ്ങളും ഔഷധച്ചെടികളും പടർന്നു പന്തലിച്ചു നിൽക്കുന്നു.

puducherry4

ഫ്രഞ്ച് ഭരണകാലം പോണ്ടിച്ചേരിയിൽ ഉപേക്ഷിച്ച ശിൽപ്പങ്ങളാണ് മ്യൂസിയത്തിലെ പ്രധാന കാഴ്ച. അരിക്കമേട്ടിൽ നിന്നു കുഴിച്ചെടുത്ത കരകൗശല വസ്തുക്കൾ, നാണയങ്ങൾ എന്നിവയും അവിടെയുണ്ട്. പുതുച്ചേരിയുടെ ചരിത്രം ചികയുന്നവർക്ക് കൃത്യമായ തെളിവുകൾ നൽകുന്നു ഈ മ്യൂസിയം.

സായാഹ്നത്തിന്റെ തിരക്കിലേക്കു കടന്ന പുതുച്ചേരി നഗരം ഗതാഗതക്കുരുക്കിൽ സ്തംഭിച്ചു. റിക്ഷകളും സൈക്കിളുകളും കാറും ബസുമെല്ലാം ഒപ്പത്തിനൊപ്പം നിരങ്ങി. ഈ തിരക്കിനിടയിലൂടെ ഒസുഡു തടാകം ലക്ഷ്യമാക്കി നീങ്ങി. പട്ടണത്തിൽ നിന്നു പത്തു കിലോമീറ്റർ അകലെയാണ് ഒസുഡു (Ousteri Lake). ദേശാടനപ്പക്ഷികൾ എത്തുന്ന തടാകത്തിൽ ബോട്ട് സവാരിയാണ് ആകർഷണം. വെളുത്തതും കറുത്തതും സ്വർണ നിറമുള്ളതുമായി ആയിരക്കണക്കിന് പക്ഷികൾ കൂട്ടത്തോടെ അവിടെ തമ്പടിച്ചിരുന്നു. പരന്നു കിടക്കുന്ന ചതുപ്പു നിലമാണ് പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എൻജിൻ ഘടിപ്പിച്ച ബോട്ടിന്റെ ഇരമ്പൽ കേൾക്കുമ്പോൾ കൂട്ടത്തോടെ പറന്നുയർന്ന പക്ഷികൾ സന്ദർശകരുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി

വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിൽ തിളങ്ങുന്ന നഗരത്തിൽ തിരിച്ചെത്തി. ഉത്സവപ്പറമ്പു പോലെ ആളുകൾ വർത്തമാനം പറഞ്ഞു നടക്കുന്നു. പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയിൽ റസ്റ്ററന്റുകളും തുണിക്കടകളും അതിഥികളെ തൃപ്തിപ്പെടുത്താൻ മത്സരിക്കുന്നു. തിരക്കിലും ബഹളത്തിലും മയങ്ങാതെ, പ്രായം പുറത്തു കാണിക്കാതെ, മഞ്ഞ നിറമുള്ള വീടുകൾ ഇരുട്ടിന്റെ മടിയിൽ തെളിഞ്ഞു നിന്നു.

puducherry9

സുവർണ ഗ്ലോബ്

ഓറോവിൽ, അതാണ് പോണ്ടിച്ചേരിയിലെ വലിയ കാഴ്ച. സുവർണ ഗ്ലോബും അതിനെ ചുറ്റിയുള്ള ആശ്രമങ്ങളുമാണ് ഓറോവിൽ. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള ഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യത്തിലൊരു ക്രിസ്റ്റൽ ഗ്ലാസുണ്ട്. ഇതിലൂടെ സൂര്യപ്രകാരം നേർരേഖയായി ഗ്ലോബിന്റെ പ്ലാറ്റ് ഫോമിൽ പ്രതിഫലിക്കുന്നു. ഗ്ലോബിനു ചുറ്റുമുള്ള വിശാലമായ മുറ്റത്ത് ആംഫി തിയറ്ററുണ്ട്. ആശ്രമ പരിസരവും കാനനവും ചുറ്റിക്കറങ്ങാൻ രണ്ടു മണിക്കൂർ പോരാ.

അരബിന്ദ ഘോഷിന്റെ അമ്മയുടെ ആഗ്രഹ പ്രകാരം നിർമിച്ച ധ്യാനകേന്ദ്രമാണ് ഓറോവിൽ. പുൽമേടയ്ക്കു നടുവിൽ മനോഹരമായി നിൽക്കുന്ന പൂവു പോലെയുള്ള ഗോളം ഓറോവിലിനെ ലോക പ്രശസ്തമാക്കി. വിദേശത്തു നിന്നുള്ള സഞ്ചാരികൾ മൂന്നോ നാലോ മാസം താമസിച്ച് ധ്യാനിക്കാനായി അവിടെ എ ത്തുന്നു.

puducherry10

പോണ്ടിച്ചേരിയിലെ ആഘോഷങ്ങളുടെ തീരമാണു പാരഡൈസ് ബീച്ച്.  ബീച്ചിലെത്താൻ നീലത്തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യണം. കൂടല്ലൂർ മെയിൻ റോഡിനരികിലുള്ള ചുണ്ണാമ്പർ ബോട്ട് ഹൗസിൽ നിന്നാണ് ബോട്ട് പുറപ്പെടുന്നത്. ബോട്ടുകളിലെത്തുന്ന സഞ്ചാരികളെ ബീച്ചിലെ ഓലക്കുടിലുകളും ഏറുമാടങ്ങളുമാണ് വരവേൽക്കുന്നത്.

മഴനൃത്തം നടത്താനുള്ള റാംപാണ് ബീച്ചിന്റെ ആഘോഷം. ഡപ്പാൻകൂത്തിന്റെ  അകമ്പടിയിൽ നനഞ്ഞൊലിച്ച് ചെറുപ്പക്കാർ‌ സ്വർഗത്തിലെത്തിയ പോലെ നൃത്തം ചെയ്തു.

തിരമാലകളിലേക്ക് പാഞ്ഞു കയറിയും തീരത്ത് ഓടിക്കളിച്ചും വേറെ  കുറേയാളുകൾ ആഘോഷത്തിന്റെ മധുരം ഇരട്ടിയാക്കി.

ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ചവരെ കയറ്റിയ ബോട്ട് കരയിലേക്ക് നീങ്ങി. ബംഗാൾ സമുദ്രത്തിലെ ചൂടുള്ള കാറ്റ് ബോട്ടിനു ചുറ്റും വട്ടമിട്ടു. കായൽപരപ്പിനെ വകഞ്ഞു മാറ്റി ബോട്ട് തീരത്തണഞ്ഞു. ‘സ്വർഗം കാണാൻ’ അക്ഷമയോടെ കാത്തു നിന്നവർ തിക്കിത്തിരക്കി.

പുതുച്ചേരിയുടെ സായാഹ്നം വിളക്കു തെളിച്ച് അണിഞ്ഞൊരുങ്ങി. സൈക്കിളും റിക്ഷകളും ആ തിരക്കിനിടയിൽ ബെല്ലടിച്ചു നീങ്ങി... •

എങ്ങനെ എത്താം

puducherry7

 പുതുച്ചേരിയിലേക്ക് കേരളത്തിൽ നിന്നു നേരിട്ടു ട്രെയിൻ സർവീസ് ഇല്ല. തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അനന്തപുരി എക്സ്പ്രസ് ട്രെയിനിൽ കയറിയാൽ വില്ലുപുരത്ത് ഇറങ്ങാം. രണ്ടാഴ്ച മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുക.

വില്ലുപുരത്തു നിന്നു പുതുച്ചേരിക്ക് 50 കി.മീ. അഞ്ച് മിനിറ്റ് ഇടവേളകളിൽ വില്ലുപുരം–പോണ്ടിച്ചേരി ബസ് സർവീസുണ്ട്.

എറണാകുളത്തു നിന്ന് എല്ലാ ദിവസവും വൈകിട്ട് ബസ് സർവീസുണ്ട്.  വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ബസ് രാവിലെ ഏഴിന് പുതുച്ചേരിയിലെത്തും.

ഒക്ടോബർ – ഫെബ്രുവരിയാണ് പുതുച്ചേരിയിൽ ടൂറിസം സീസൺ. ഈ സമയത്ത് പോകുന്നവർ മുറികൾ നേരത്തേ ബുക്ക് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA