തണുപ്പിൽ ഷൂസിടാതെ ബാബുരാജ് കശ്മീരില്‍ കാലുകുത്തിയപ്പോള്‍

1baburaj-trip
SHARE

സിനിമാ നടൻ ബാബുരാജ് കഴിഞ്ഞ ഒാഗസ്റ്റിൽ കുറച്ചു സുഹൃത്തുക്കളോടൊപ്പം കശ്മീരിൽ പോയി. കർദുങ് ലാ പാസ് വരെ ബുള്ളറ്റിലായിരുന്നു യാത്ര. ചൈനയുമായുള്ള അതിർത്തി തർക്കം കാരണം ഇന്ത്യൻ സൈന്യം കനത്ത ജാഗ്രത പുലർത്തുന്ന റോഡുകളിലൂടെ നടത്തിയ സഞ്ചാരം മറക്കാനാവാത്ത അനുഭവമായെന്ന് ബാബു രാജ് പറയുന്നു. ‘‘A dream come true... അതെ, എന്റെ രണ്ടു മക്കളും പറഞ്ഞു പറഞ്ഞ് ഞാനറിയാതെ എന്റെ മനസ്സിലുണ്ടായ സ്വപ്നം സഫലമായി.’’

ചേട്ടന്റെ മകൻ യുകെയിലുണ്ട്. സുനിൽ എന്നാണു പേര്. കഴിഞ്ഞ തവണ ഞാനും വാണിയും മക്കളോടൊപ്പം യുകെയിൽ പോയ സമയത്ത് സുനിലിന്റെ കുറച്ചു കൂട്ടുകാരെ പരിചയപ്പെട്ടു. ജർമനിയിലും ഇറ്റലിയിലും കാനഡയിലുമൊക്കെ ഉള്ളവരാണ്. അവരെല്ലാം ചേർന്ന് കശ്മീരിലേക്കൊരു ട്രിപ്പിന്റെ പ്ലാനിലായിരുന്നു. എന്റെ മക്കളായ അക്ഷയും അഭയും സാഹ സിക യാത്രകളെക്കുറിച്ചു പറഞ്ഞ് എന്നെ ത്രി ൽ അടിപ്പിച്ചു തുടങ്ങിയിട്ട് കുറേ കാലമായി. കാശ്മീർ  യാത്രയ്ക്ക് ഞാനുമുണ്ടെന്ന് സുനിലിനോടു പറഞ്ഞു. ‘ട്രാൻസ് ഹിമാലയൻ റാലി’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അവർ എന്നെയും ചേർത്തു.

babu-raj-trip7

ഒരു വർഷത്തെ ഒരുക്കത്തിനൊടുവിൽ അവരെല്ലാം കൂടി ഓഗസ്റ്റ് 18ന് യാത്ര പുറപ്പെടാൻ തീരുമാനിച്ചു. യാത്രയുടെ തലേന്നാൾ, അതായത് ഓഗസ്റ്റ് 17ാം തീയതിയാണ് ഞാൻ ഒരുക്കങ്ങളാരംഭിച്ചത്. യാത്രയ്ക്കുള്ള സാധന സാമഗ്രികൾ വാങ്ങാൻ കൊച്ചിയിലേക്കിറങ്ങി. എ ന്തൊക്കെയാണു വാങ്ങേണ്ടതെന്നു ചോദിക്കാ ൻ സുനിലിനെ ഫോൺ വിളിച്ചു. ‘‘ഹെൽമെറ്റ് വാങ്ങിച്ചോ? കോട്ടു വാങ്ങിയോ, ബൂട്ട് വാങ്ങിയോ...?’’ സുനിൽ ഒരു വലിയ ലിസ്റ്റ് പറഞ്ഞു. ഹെൽമെറ്റൊക്കെ എന്റെ കയ്യിലുണ്ടെന്നു പറഞ്ഞപ്പോൾ സുനിൽ ചിരിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് സുനിൽ ചിരിച്ചതിന്റെ കാര്യം പിടികിട്ടിയത്. ഹെൽമറ്റിന് 23000 രൂപ. ജാക്കറ്റിനും ഗാർഡിനുംകൂടി 13000. നീഗാർഡും ബാക്കി സെറ്റപ്പും ചേർത്ത് 8000. ഷൂസ് 16,000. കശ്മീർ യാത്ര വ ലിയ സംഭവമാണെന്ന് എനിക്കു ബോധ്യമായി.

ഡൽഹിയിൽ വച്ചു കണ്ടു മുട്ടാമെന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ തീരുമാനം. സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി ഞാൻ നെടുമ്പാശേരിയിലെത്തി. രണ്ടു മണിക്കാണ് വിമാനം. വിൻഡോ സീറ്റ് കിട്ടുമോ എന്നു നോക്കാൻ ടിക്കറ്റ് കൗണ്ടറിലേൽപ്പിച്ചു. ‘‘അയ്യോ സാറേ, ഈ ഫ്ളൈറ്റ് വെളുപ്പിന് രണ്ടു മണിക്കു പോയല്ലോ...’’ അവിടെയിരുന്ന പെൺകുട്ടിയുടെ മറുപടി. പോകാനുള്ള തിരക്കിനിടെ ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. തിടുക്കത്തിൽ അടുത്ത വിമാനത്തിന് ഡൽഹിയിലേക്കു ടിക്കറ്റുറപ്പിച്ചു.

babu-raj-trip6

രാത്രി 12ന് ഞാൻ ഡൽഹിയിൽ ചെന്നിറങ്ങുമ്പോഴേക്കും യുകെയിൽ നിന്നും കാനഡയിൽ നിന്നുമുള്ളവരൊക്കെ എത്തിക്കഴിഞ്ഞിരുന്നു. ഗ്രൂപ്പിലെ 30 പേരും ആദ്യമായാണ് നേരിൽ കാണുന്നത്. പുലരും വരെ ഞങ്ങൾ ഓരോ കഥകൾ പറഞ്ഞിരുന്നു. രാവിലെ 6.45ന് ഡൽഹിയിൽ നിന്നു കുളുവിലേക്കു വിമാനം കയറി.

30 ബുള്ളറ്റുകൾ

ഒരു റൺവേ മാത്രമുള്ള ചെറിയ ടെർമിനലാണ് കുളുവിലേത്. ലാൻഡ് ചെയ്ത ഉടനെ ബ്രേക്കിട്ടില്ലെങ്കി ൽ വിമാനം നിരങ്ങി അടുത്ത പറമ്പിലെത്തും. മഞ്ഞു മൂടിയ പ്രഭാതത്തിൽ‌ ഞങ്ങൾ അവിടെ ഇറങ്ങി. ഗ്രൂപ്പ് ലീഡർ ടിബറ്റ് വംശജനായ ലളിത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. കുളുവിൽ നിന്നു മണാലിയിലേക്കു കാറിലാണു യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിന് മണാലിയിൽ എത്തിച്ചേർന്നു. അവിടെ ചെന്ന ഉടനെ യാത്രികരെയെല്ലാം നിരത്തിയിരുത്തി ലളിത്തിന്റെ വകയൊരു ക്ലാസ്. No alcohol ഇതായിരുന്നു ആദ്യത്തെ നിർദേശം. പകുതിയാളുകളുടെ മുഖം അടി കിട്ടിയതുപോലെ മ്ലാനമായി.

അന്തരീക്ഷ മർദം കൂടുതലുള്ള സ്ഥലത്തേക്കാണ് പോകുന്നത്. ഓക്സിജന്റെ അളവു കുറയും. മദ്യപിച്ചാൽ ജീവൻ അപകടത്തിലായേക്കാം. ലളിത്ത് വളരെ ഗൗരവത്തോടെ കാര്യം പറഞ്ഞു മനസ്സിലാക്കി.

babu-raj-trip5

മുപ്പതു ബുള്ളറ്റ്, ലഗേജ് കയറ്റാനുള്ള വാൻ, ബുള്ളറ്റിന്റെ പാർട്സ്, നാല് മെക്കാനിക്കുകൾ, ഒരു ആംബുലൻസ്, രണ്ട് ഇന്നോവ, രണ്ട് ജിപ്സി – ഇത്രയും ഉൾപ്പെടുന്നതാണ് ഞങ്ങളുടെ യാത്രാ സംഘം. മൗണ്ടനിയറിങ് തൊഴിലാക്കിയ ലളിത്താണ് അതെല്ലാം ഏർപ്പാടാക്കിയത്.

പതിനെട്ടാം തീയതി വൈകിട്ട് മണാലിയിൽ 15 കി.മീ വണ്ടിയോടിച്ച് ട്രയൽ റൺ നടത്തി. വണ്ടി ഓടിക്കേണ്ട വേഗതയും അപകട സാധ്യതകളും ലളിത്ത് പറഞ്ഞു തന്നു.

രാവിലെ 8.30ന് മണാലിയിൽ നിന്നു പുറപ്പെട്ടു. ജിസ്പ എന്ന സ്ഥലമാണ് ആദ്യത്തെ േസ്റ്റാപ്പിങ് പോയിന്റ്. ഏകദേശം 170 കി.മീ. ഇതിനിടയിലൊരു ചെക് പോസ്റ്റുണ്ട്. അവിടെ നിന്ന് ഹിമാചൽ പ്രദേശിന്റെ പെർമിറ്റ് വാങ്ങി യാത്ര തുടങ്ങി. അൽപ്പ ദൂരം ചെന്നപ്പോഴേക്കും ശ്വാസം മുട്ടുന്ന പോലെ തോന്നി. ‘‘നമ്മളിപ്പോൾ സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലാണ്. പതുക്കെ പോയാൽ മതി. ’’ ലളിത്ത് പറഞ്ഞു.

babu-raj-trip4

അതിർത്തിയിലെ ടെൻഷൻ

റൊത്താൻപാസിലാണ് മണാലിയിൽ നിന്നുള്ള യാത്രികർ ആദ്യം ഒത്തുകൂടുന്നത്. 13058 അടി ഉയരത്തിലാണ് ആ സ്ഥലം. കുളുവിൽ നിന്നു പുറപ്പെട്ട യാത്രികരെല്ലാം അവിടെ നിന്നു ഫോട്ടോ എടുത്തു. അവിടെയൊരു റസ്റ്ററന്റിൽ ഉച്ചഭക്ഷണത്തിനു കയറി. ബ്രെഡ്ഡ്, ഓംലെറ്റ്, പഴം, ജ്യൂസ്, ഗ്ലൂക്കോസ്, ചോക്‌ലെറ്റ് എന്നിവയാണ് വിഭവങ്ങൾ.

വയറു നിറഞ്ഞ ശേഷം പതുക്കെയുള്ള യാത്ര എനിക്കു ബോറടിച്ചു. സുനിലും ഒറ്റപ്പാലത്തുകാരൻ വൈശാഖും ഞാനും ആക്സിലറേറ്ററിൽ പിടി മുറുക്കി. തടഞ്ഞിട്ടു കാര്യമില്ലെന്നു ലളിത്തിനു മനസ്സിലായി. അങ്ങനെ ഓടിപ്പാഞ്ഞ് ജിസ്പയിലുള്ള പദ്മ ലോഡ്ജിലെത്തി. രാത്രി അവിടെയാണ് താമസം. ടിവിയില്ല, വൈഫൈ ഇല്ല, ഫോണില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആദ്യത്തെ ദിവസം.

Ladakh,India - July 20,2015 : Bikers group at Khardungla Pass Wo

 പിറ്റേന്നു രാവിലെ 9ന് അവിടം വിട്ടു. സർച്യൂ എന്ന സ്ഥലമാണ് ലക്ഷ്യം. ജിസ്പ – സർച്യു 70 കി.മീ. ഉച്ചയോടെ ഒരു പട്ടാള ക്യാംപിനടുത്തെത്തി. സിയാചിനിലേക്കുള്ള പട്ടാളക്കാരുടെ ട്രെയിനിങ് ക്യാംപായിരുന്നു അത്. ഞങ്ങൾ ക്യാംപിനടുത്തൊരു റസ്റ്ററന്റിൽ കയറി. ഇന്ത്യയും ചൈനയുമായി അടുത്ത കാലത്തുണ്ടായ തർക്കങ്ങൾ ചായക്കടക്കാരന്റെ വാക്കുകളിൽ ഞങ്ങൾ വായിച്ചെടുത്തു.

വഴി നിറഞ്ഞ് ബുള്ളറ്റുകൾ ഓടുന്നതു രസകരമായ കാഴ്ചയാണ്. അവിടെ ഏതു പെട്ടിക്കടയിൽ ചോദിച്ചാലും ബുള്ളറ്റിന്റെ പാർട്സ് വാങ്ങാൻ കിട്ടും. വൈശാഖിന്റെ വണ്ടി ഇടയ്ക്കു വച്ചൊന്നു മറിഞ്ഞു. അടുത്ത നിമിഷം ബാക്കപ്പ് വാൻ പാഞ്ഞെത്തി പകരം വണ്ടിയിറക്കി.

ഞങ്ങൾ സുരക്ഷിതമായി സർച്യുവിലെത്തി. അവിടെ ടെന്റിലാണ് താമസമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഒരു ടെന്റിൽ രണ്ടു പേർ. കിടക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ്, ക്യാബിൻ –  ഇത്രയുമാണ് ഇന്റീരിയർ. ക്ലോസറ്റും വാഷ് ബേസിനുമൊക്കെ കുത്തി നിറുത്തിയിരിക്കുകയാണ്. വൈദ്യുതിയില്ല. രാത്രി 10 കഴിഞ്ഞാൽ ജനറേറ്റർ ഓഫ് ചെയ്യും. കിടുക്കാമണിപോലെയൊരു സോളാർ ലൈറ്റ് മാത്രമാണ് വെളിച്ചത്തിന് ആശ്രയം. ക്ഷീണത്തിൽ ഒന്നു മയങ്ങി. പക്ഷേ, 12 മണിയായപ്പോഴേക്കും ഞെട്ടിയുണർന്നു. പിന്നെ തിരി‍ഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കട്ടിലിന് എന്റത്രയും വലുപ്പമില്ല. ബെഡ്ഡ് വലിച്ച് നിലത്തിട്ട ശേഷമാണ് കുറച്ചു നേരം ഉറങ്ങിയത്.

പുലർച്ചെ അഞ്ചായപ്പോഴേക്കും പുറത്തു നിന്നു പാട്ടു കേട്ടു. ഞങ്ങളുടെ കൂടെയുള്ള കൃഷും ജോജസ്റ്റുമായിരുന്നു. ഞാനും അവരോടൊപ്പം ചേർന്നു. ശരീരത്തിലേക്ക് സൂചി കുത്തിക്കയറ്റുന്നതുപോലെ തണുപ്പായിരുന്നു. അടുപ്പത്തു തിളച്ചുകൊണ്ടിരുന്ന ചായ കപ്പിലേക്ക് ഒഴിച്ചപ്പോഴേക്കും ഐസു പോലെ തണുക്കുന്നത് ഞാൻ നേരിട്ടു കണ്ടു.

പല നിറമുള്ള മലകൾ

ലേയിലേക്കാണ് ഇനി യാത്ര. 190 കി.മീ. ഡ്രൈവ് ചെയ്യണം. ഈ ട്രിപ്പിലെ ഏറ്റവും ദൈർഘ്യമേറിയ തുടർയാത്ര. 40 കിലോമീറ്ററോളം കിടിലൻ റോഡായിരുന്നു. ഇരു വശത്തും ഭംഗിയുള്ള മലകൾ. ഈ റൂട്ടിലുള്ള നക്കീല എന്ന സ്ഥലം ഞങ്ങൾ ഫോട്ടോ സെഷനുവേണ്ടി തിരഞ്ഞെടുത്തു.

40 കി.മീ കഴിഞ്ഞപ്പോഴേക്കും റോഡിന്റെ സ്ഥിതി മാറി. വർഷത്തിൽ ആറു മാസമേ ആ വഴിക്കു ഗതാഗതമുള്ളൂ. ഒക്ടോബർ കഴിഞ്ഞാൽ മഞ്ഞുമൂടും. വഴിയും പുഴയും കാടുമൊന്നും തിരിച്ചറിയാൻ പറ്റില്ല. തണുപ്പുകാലം കഴിഞ്ഞാൽ കല്ലും മണ്ണുമായി റോഡ് തെളിയും. ആ റോഡിലൂടെ സ‍ഞ്ചരിച്ച് ഞങ്ങൾ തങ്ലാംഗ്ലയിലെത്തി. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗത യോഗ്യമായ റോഡുകളിൽ ലോകത്ത് രണ്ടാം സ്ഥാനം ഈ സ്ഥലത്തിനാണ്.

കൂടുതൽ വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA