കുറഞ്ഞ വിലക്ക് ഷോപ്പിങ് നടത്താം

508408184
SHARE

ചിലർക്കൊക്കെ ഷോപ്പിങ് ഏറെ ഹരം പകരുന്ന കാര്യമാണ്. കണ്ണിൽ കൗതുകം ജനിപ്പിക്കുന്നവയെല്ലാം വാങ്ങിക്കൂട്ടുന്നവരുണ്ട്. വളരെ അപൂർവമായ വസ്തുക്കൾ, കാഴ്ചയ്ക്ക് ഏറെ സുന്ദരമായവ എന്നിങ്ങനെ തങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളുമറിഞ്ഞ് വാങ്ങിക്കുന്നവരും കുറവല്ല. ഷോപ്പിങ്ങിനു താൽപര്യമുള്ളവർക്ക് ഏറെ ഇഷ്ടപ്പെടും രാജസ്ഥാനിലെ മാർക്കറ്റുകൾ. നിറങ്ങളുടെ സംഗമസ്ഥലമാണത്. കുറഞ്ഞ വിലയിൽ, വ്യത്യസ്തങ്ങളായ, കൗതുകം പകരുന്ന നിരവധി വസ്തുക്കൾ ഇവിടെ നിന്നു വാങ്ങാൻ കഴിയും.

കളിക്കോപ്പുകളും തുകലിൽ ഉണ്ടാക്കിയ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും രാജഭരണകാലത്തെ ശൈലിയിലുള്ള ആഭരങ്ങളുമൊക്കെയാണ് രാജസ്ഥാനിലെ മാർക്കറ്റുകളിൽ നിന്നും പ്രധാനമായും ലഭിക്കുക. ഇന്ത്യയുടെ ചരിത്രം മുഴുവൻ പറയുന്ന പൗരാണിക നിർമിതികൾ  പേറിനിൽക്കുന്ന ആ മണ്ണിലെ  രാജകൊട്ടാരങ്ങളും കോട്ടകൊത്തളങ്ങളും കണ്ടുമടങ്ങുമ്പോൾ കയ്യിലവശേഷിക്കുക, നിറങ്ങൾ വാരിചൂടിയ അവിടുത്തെ കളിക്കോപ്പുകളും ആഭരണങ്ങളുമൊക്കെയായിരിക്കും. കാണുമ്പോൾ വാങ്ങാതെ പിന്മാറാൻ മനസുസമ്മതിക്കാത്ത ആ വസ്തുക്കൾ നമ്മുടെ ബാഗിന്റെ വലുപ്പം രണ്ടിരട്ടിയാക്കുമെന്നുറപ്പാണ്.

936560140

ജയ്‌പൂരിലെ ഷോപ്പിങ് 

ഇന്ത്യയുടെ പിങ്ക്സിറ്റി ആണ് ജയ്‌പൂർ. കാഴ്ചകൾക്ക് ഇവിടെ ഒരു പഞ്ഞവുമില്ലെന്നതാണ് സത്യം. ഷോപ്പിങ്ങിനു പേരുകേട്ട ഇന്ത്യൻ നഗരങ്ങളിൽ ജയ്‌പൂരിനും വലിയ സ്ഥാനമുണ്ട്. ആ നാടിന്റെ പരമ്പരാഗതമായ പല നിർമിതികളും വാങ്ങാൻ കഴിയുന്നവയാണ് അവിടുത്തെ മാർക്കറ്റുകൾ. അവിടങ്ങളിൽ തന്നെ നിർമിക്കുന്ന കൈത്തറിയുത്പന്നങ്ങൾക്കും  കരകൗശല വസ്തുക്കൾക്കും   കലാശില്പങ്ങൾക്കുമൊക്കെയാണ് ആവശ്യക്കാരേറെയുള്ളത്. ജയ്‌പൂരിലെ പ്രധാന ബസാറുകൾ ഇവയാണ്.

* ജോഹാരി ബസാർ 

ആഭരണപ്രേമികൾക്കേറെയിഷ്ടപ്പെടും ഇവിടം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച, കാഴ്ചയിലേറെ മനോഹരമായതെന്നു വിലയിരുത്തപ്പെടുന്ന ആഭരണങ്ങൾ സ്വന്തമായുള്ള നാടാണിത്. സ്വർണത്തിൽ തീർത്തവ മാത്രമല്ല, രത്നങ്ങളും കല്ലുകളും പതിച്ച, ഒറ്റകാഴ്ചയിൽ തന്നെ മനസുകീഴടക്കുന്ന ആഭരണങ്ങൾ ധാരാളമുണ്ട് ജോഹാരി ബസാറിൽ, അതും യന്ത്രസഹായത്താലല്ലാതെ, കൈകൾകൊണ്ട് നിർമിച്ചവ. വിലകൂടിയ രത്നങ്ങളും കല്ലുകളും പതിച്ച ആഭരണങ്ങൾക്ക് അധികപണം നല്കാൻ താല്പര്യമില്ലാത്തവർക്ക് വാറന്റിയുള്ള ആഭരണങ്ങൾ കുറഞ്ഞ തുക നൽകി വാങ്ങാവുന്നതുമാണ്. 

91741225

* ബാപു ബസാർ 

രാജസ്ഥാനി തുണിത്തരങ്ങളുടെയും കൈത്തറിവസ്ത്രങ്ങളുടെയുമൊക്കെ പ്രധാനകേന്ദ്രമാണ് ബാപു ബസാർ. പല വസ്തുക്കൾക്കും വളരെ ന്യായമായ തുകയെ ഈടാക്കുന്നുള്ളു. അതുകൊണ്ടു തന്നെ പോക്കറ്റ്  കാലിയാകില്ല എന്ന മെച്ചമുണ്ട്. തുണിത്തരങ്ങൾ വിൽക്കുന്ന ബസാറായതു കൊണ്ട് തന്നെ പല നിറങ്ങൾ നിറഞ്ഞ ഇവിടം കാണാനേറെ സുന്ദരമാണ്. അതുമാത്രമല്ല പിങ്ക് സിറ്റി എന്ന നാമം അര്ഥവത്താക്കുന്ന രീതിയിൽ ഇവിടുത്തെ കെട്ടിടങ്ങൾക്കളെല്ലാം നൽകിയിരിക്കുന്നത്  പിങ്ക് നിറം തന്നെയാണ്. വർണങ്ങൾ നിറഞ്ഞ ബാപു  ബസാറും ഇവിടുത്തെ കാഴ്ചകളുമൊക്കെ സഞ്ചാരികളുടെ ഹൃദയം കീഴടക്കും.

ജോധ്പൂരിലെ ബസാറുകൾ 

രാജസ്ഥാനിലെ നീലനഗരമാണ് ജോധ്പൂർ. നിരവധി പൗരാണിക സ്മാരകങ്ങൾ നിറഞ്ഞ, നമ്മുടെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ ധാരാളമുള്ള  ഒരു നാടുകൂടിയാണിത്. വളരെ വൈവിധ്യമുള്ള ഒരു സംസ്കാരം പിന്തുടരുന്ന ഒരു ജനവിഭാഗമാണ് ഇവിടെയുള്ളത്. പൗരാണികമായ വസ്തുക്കൾ വാങ്ങുന്നതിനു നിരവധി മാർക്കറ്റുകൾ ജോധ്പൂരിലുണ്ട്. ക്ലോക്ക് ടവർ മാർക്കറ്റും നയി സാരക് മാർക്കറ്റുമാണ് ജോധ്പൂരിലെ പ്രധാനപ്പെട്ട ബസാറുകൾ. 

* ക്ലോക്ക് ടവർ മാർക്കറ്റ് 

രാജസ്ഥാൻ എന്ന നാടിന്റെ മുഴുവൻ സവിശേഷതകളും ഉൾക്കൊള്ളുന്ന, എല്ലാ വസ്തുക്കളും ലഭ്യമാകുന്ന ഒരു മാർക്കറ്റാണ് ക്ലോക്ക് ടവർ. സുഗന്ധവ്യഞ്ജനങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധ സ്വാദുകൾ നിറഞ്ഞ ചായകൾ, പൗരാണിക വസ്തുക്കൾ തുടങ്ങി കാണുന്നവരെ വശീകരിക്കുന്ന, ആ നാടിന്റെ പാരമ്പര്യം പേറുന്ന നിരവധിയുല്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ഈടാക്കുന്ന തുക വലിയ കൂടുതലല്ലെങ്കിലും വിലപേശാൻ തയ്യാറാകുന്നവർക്ക് കുറച്ചുകൂടി കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാൻ കഴിയുന്നതാണ്. 

512390335

* നയി സാരക്

പല വർണങ്ങളിലുള്ള നിറങ്ങൾ നിറഞ്ഞ വസ്ത്രങ്ങൾ രാജസ്ഥാന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.  അത്തരത്തിലുള്ള വസ്ത്രങ്ങളുടെ വലിയ ശേഖരമുള്ള ഒരു ഒരു മാർക്കറ്റാണിത്. രാജസ്ഥാന്റെ കയ്യൊപ്പുപതിഞ്ഞ  വസ്ത്രങ്ങൾ അറിയപ്പെടുന്നത് ബന്ദാനി എന്നാണ്. ഈ തുണിത്തരങ്ങൾ ധാരാളമുണ്ട് നയി സാരകിൽ. നിരവധി തുകൽ ഉല്പന്നങ്ങളും ഇവിടെ വില്പനക്കായുണ്ട്.

ഉദയ്പ്പൂരും ഷോപ്പിങും 

ഇന്ത്യയിലെ അതിമനോഹര സ്ഥലങ്ങളിൽ ഒന്നാണ് ഉദയ്പ്പൂർ. സുന്ദരിയായ പ്രകൃതിയും തടാകങ്ങളും രാജകൊട്ടാരങ്ങളുമൊക്കെ നിറഞ്ഞ ഇവിടം, ഷോപ്പിംഗ് പ്രിയരെ ആകർഷിക്കും. ഉദയ്‌പൂരിലെ പ്രധാനയിടങ്ങൾ താഴെ പറയുന്നവയാണ്. 

*ബഡാ ബസാർ 

പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഈ മാർക്കറ്റ് 'ബഡാ' ബസാർ തന്നെയാണ്. എല്ലാതരം സന്ദര്ശകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വസ്തുക്കൾ നിറഞ്ഞ ബസാർ. വസ്ത്രങ്ങളും കരകൗശലവസ്തുക്കളും തുകലിൽ  നിർമിച്ച ചെരുപ്പുകളും പരമ്പരാഗത ആഭരണങ്ങളുമെല്ലാം വളരെ ന്യായമായ വിലയിൽ ഇവിടെ നിന്നും ലഭിക്കും. 

*ഹാത്തി പോൽ ബസാർ 

കരകൗശല വസ്തുക്കൾ കൊണ്ട് സമ്പന്നമാണ് ഈ ബസാർ. വീട് മോടികൂട്ടാൻ തക്ക ആകർഷക വസ്തുക്കളും അകത്തളങ്ങൾ മനോഹരമാക്കാൻ തക്ക പെയിന്റിങ്ങുകളും സുലഭമായി ലഭിക്കുമിവിടെ. തുച്ഛമായ വിലയ്ക്ക് മനോഹരമായ വസ്തുക്കൾ ലഭിക്കുന്നതുകൊണ്ടു തന്നെ ഇവിടം സന്ദർശിക്കാതെ മടങ്ങുന്ന സഞ്ചാരികൾ വളരെ കുറവാണ്. അല്പം വിലപേശാൻ നിന്നാൽ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് ഇഷ്ടപ്പെട്ടവ സ്വന്തമാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA